അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday 21 August 2012

കുരിശടയാളം നിങ്ങളുടെ സംരക്ഷണവും കാവലും


വിശുദ്ധ ഗ്രിഗറി നസ്സിയാൻസെൻ വിശ്വാസത്യാഗിയായ ജൂലിയനെക്കുറിച്ച് പഠിപ്പിക്കുമ്പോൾ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. ഭാവിയുടെ രഹസ്യങ്ങളറിയാൻ ആഗ്രഹിച്ച ചക്രവർത്തി ഗ്രീസിലെ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും സമീപിച്ചു. പക്ഷേ, തന്റെ ആകാംക്ഷയെ ശമിപ്പിക്കാൻ തക്ക അനുഭവങ്ങളൊന്നും ലഭ്യമായില്ല. അങ്ങനെയിരിക്കെ ഒരു മന്ത്രവാദി ജൂലിയന്റെ പക്കലെത്തി തന്റെ മാന്ത്രിക ശക്തിയെക്കുറിച്ചും പ്രേതാത്മാക്കളുമായി ബന്ധപ്പെടാനുള്ള കഴിവിനെക്കുറിച്ചും അറിയിച്ചു. ജൂലിയന് സന്തോഷമായി. അദ്ദേഹം മന്ത്രവാദിയോടൊന്നിച്ച് പുറപ്പെട്ടു. 


രാത്രി ഒരു ക്ഷേത്രാങ്കണത്തിൽ അവർ എത്തിയപ്പോൾ ദുഷ്ടാരൂപികളെ വിളിച്ചുവരുത്തുന്ന മന്ത്രങ്ങളും ആഭിചാരകർമങ്ങളും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. നിരവധി പൈശാചികാരൂപികൾ അവിടെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഭയംകൊണ്ട് ജൂലിയൻ അറിയാതെ കുരിശുവരച്ചുപോയി. കുരിശു വരച്ചയുടനെ പ്രേതാത്മാക്കളെല്ലാം അപ്രത്യക്ഷരായി. മന്ത്രവാദി ജൂലിയനെ ശാസിച്ചു. നസ്രായന്റെ അടയാളം വരച്ചാൽ പ്രേതാത്മാക്കൾക്ക് അവിടെ നില് ക്കാൻ കഴിയില്ലെന്നും അതിനാൽ ഇനി അങ്ങനെ ചെയ്യരുതെന്നും പറഞ്ഞു. വീണ്ടും അയാൾ പൂജകൾ ചെയ്ത് പ്രേതാത്മാക്കളെ വിളിച്ചു വരുത്താൻ തുടങ്ങി. എന്നാൽ ഭയം നിറഞ്ഞപ്പോൾ ജൂലിയൻ വീണ്ടും അറിയാതെ കുരിശുവരച്ചു. പ്രേതാരൂപികളെല്ലാം പിന്നെയും അപ്രത്യക്ഷരായി. 

ഈ സംഭവത്തിൽനിന്ന് കുരിശടയാളത്തിന്റെ ശക്തി മനസിലാകുമല്ലോ. ഇനി, വിശുദ്ധ ജോൺ ക്രിസോസ്റ്റം ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക: 

''
കുരിശടയാളം നിങ്ങളുടെ വിമോചനത്തിന്റെ അടയാളമാണ്. അത് വരയ്ക്കുമ്പോൾ നിങ്ങളുടെ മോചനദ്രവ്യമായി എന്താണ് നല്കിയതെന്ന് ഓർമിക്കുക. അപ്പോൾ നിങ്ങൾ മറ്റാരുടെയും അടിമയാകില്ല. അതിനാൽ നിങ്ങളുടെ വിരലുകൊണ്ടു മാത്രമല്ല, വിശ്വാസംകൊണ്ടും കുരിശുവരയ്ക്കുക. നിങ്ങളുടെ നെറ്റിയിൽ ഈ അടയാളം പതിച്ചാൽ അശുദ്ധമായ അരൂപികൾക്ക് നിങ്ങളുടെ മുൻപിൽ നില്ക്കാൻ ധൈര്യമുണ്ടാവുകയില്ല. തന്നെ മുറിവേൽപ്പിച്ച ആയുധവും തനിക്കു മരണശിക്ഷ വിധിച്ച വാളും പിശാച് ആ കുരിശിൽ കാണുന്നുണ്ട്.''

യഥാർത്ഥ ശത്രു
നിരന്തരമായ ഒരു പോരാട്ടത്തിന്റെ ജീവിതമാണ് ആത്മീയജീവിതം. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും വ്യവസ്ഥിതികളെയും എതിരാളികളായി കാണാൻ കഴിയുന്ന നമുക്ക് പലപ്പോഴും അവയുടെ പിന്നിലുള്ള ദുഷ്ടാരൂപികളെ തിരിച്ചറിയാൻ സാധിക്കാറില്ല. പൗലോസ് ശ്ലീഹാ പറയുന്നു: 

''കർത്താവിലും അവിടുത്തെ ശക്തി യുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിൻ. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്തുനില്ക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. എന്തെന്നാൽ, നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാർക്കും സ്വർഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കുമെതിരായിട്ടാണ് പടവെട്ടുന്നത്. അതിനാൽ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. തിന്മയുടെ ദിനത്തിൽ ചെറുത്തുനില്ക്കാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്ക്കാനും അങ്ങനെ നിങ്ങൾക്കു സാധിക്കും'' (എഫേ. 6:10-13).

നമ്മുടെ പോരാട്ടത്തിൽ പക്ഷേ, നാം കുരിശെന്ന ആയുധം ഉപയോഗിക്കാറില്ല. പലർക്കും പിശാചുണ്ടെന്ന ബോധ്യമില്ല എന്നതാണ് അതിന്റെ ഒന്നാമത്തെ കാരണം.

1 യോഹന്നാൻ 3:8 ൽ ഇങ്ങനെ പറയുന്നു: പിശാചിന്റെ പ്രവൃത്തികളെ അഴിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്.
ചിലർക്ക് പിശാചുണ്ടെന്നറിയാം. പക്ഷേ, നിത്യജീവിതത്തിൽ അവന്റെ സാന്നിധ്യമുണ്ടെന്ന ബോധ്യമില്ല. വേറെ ചിലർക്കാകട്ടെ തങ്ങൾ യുദ്ധമുഖത്തിലാണെന്ന ബോധ്യം ഇല്ല. അതിനാൽ ആയുധമുണ്ടെങ്കിലും അതിന്റെ ശക്തി അറിയാമെങ്കിലും ഉപയോഗിക്കാറില്ല.

ആരാണ് സാത്താൻ?
'ഡയബോളോസ്' എന്ന ഗ്രീക്കു പദത്തിൽ നിന്നും രൂപംകൊണ്ടതാണ് പിശാ ച് എന്നർത്ഥമുള്ള 'ഡെവിൾ'.  'മാർഗതടസം ഉണ്ടാക്കുക' എന്നാണ് ഈ മൂലപദത്തിന്റെ ശരിയായ അർത്ഥം. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ തടസം നില്ക്കുന്നവൻ. നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികളെ തകിടം മറിക്കുന്നവൻ. യേശു പറഞ്ഞു: ''അവൻ ആദിമുതലേ കൊലപാതകിയും നുണയനും നുണയരുടെ പിതാവുമാണ്'' (യോഹ. 8:44).
സാത്താന്റെ അടിമത്തത്തിൽനിന്നും മനുഷ്യന് രക്ഷ നല്കാനാണ് ക്രിസ്തു കുരിശിൽ മരിച്ചത്. 

ദൈവപുത്രന്റെ ജീവനെടുത്താൽ താൻ എന്നേക്കുമായി വിജയിക്കുമെന്ന് സാത്താൻ കരുതി. എന്നാൽ, പാപമില്ലാത്തവനായ ക്രിസ്തുവിന്റെമേൽ തനിക്കവകാശമില്ല എന്ന സത്യം പിശാച് മറന്നു. യേശുവിന്റെ കുരിശുമരണം വഴി തന്റെ കീഴിലുള്ള പാപികളായ മനുഷ്യരുടെ കടം വീട്ടപ്പെടുമെന്നും താൻ പരാജിതനായിത്തീരുമെന്നും അറിയാതിരുന്നതിനാ ലാണ് സാത്താൻ യഹൂദ അധികാരികളെയും റോമൻ പടയാളികളെയും കൂടുതൽ പ്രകോപിപ്പിച്ച് യേശുവിന്റെ അതിദാരുണമായ മരണത്തിന് പശ്ചാത്തലമൊരുക്കിയത്.

അങ്ങനെ 2000 ത്തിൽപരം വർഷങ്ങൾക്കുമുൻപ് കുരിശ് സാത്താന്റെ തകർച്ചയ്ക്ക് കാരണമായിത്തീർന്നു. അന്നുമുതൽ കുരിശും ക്രൂശിതരൂപവും അവനെ തളർ ത്തിക്കളയുകയാണ്.
''ക്രൂശിൽ യേശു സാത്താനെ കീഴടക്കുകയും അവന്റെ പരാജയത്തെ വിളംബരം ചെയ്യുകയും ചെയ്തു. അതിനാൽ കുരിശ് വിശ്വാസികളുടെ അടയാളവും പിശാചുക്കളുടെ ഭീതികാരണവുമാണ്'' (ജറുസലേമിലെ വിശുദ്ധ സിറിൾ).
കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന വിശുദ്ധ ജോൺ ക്രിസോസ്റ്റം (എ.ഡി. 347-407) പഠിപ്പിക്കുന്നതിങ്ങനെയാണ്:


''കുരിശടയാളം വരയ്ക്കാതെ ഒരിക്കലും നിങ്ങളുടെ ഭവനം വിട്ടിറങ്ങരുത്. അത് നിങ്ങൾക്കൊരു വടിയും ആയുധവും ആർക്കും കീഴടക്കാനാകാത്ത കോട്ടയും ആയിരിക്കും. ഈ വിധം ശക്തമായ ആയുധം ധരിച്ചിരിക്കുന്നത് കാണുമ്പോൾ മനുഷ്യരോ പിശാചുക്കളോ നി ങ്ങളെ ആക്രമിക്കാൻ ധൈര്യപ്പെടുകയില്ല. പൈശാചികശക്തികൾക്കെതിരെ പോരാടാനും നീതിയുടെ കിരീടത്തിനായി യുദ്ധം ചെയ്യാനും തയാറായി നില്ക്കുന്ന ഒരു പോരാളിയാണ് നിങ്ങളെന്ന് ഈ അടയാളം നിങ്ങളെ പഠിപ്പിക്കട്ടെ.'' 

''കുരിശ് എന്താണ് ചെയ്തതെന്ന കാര്യത്തിൽ നിങ്ങൾ അജ്ഞരാണോ? കുരിശ് മരണത്തെ പൂർണമായും കീഴടക്കുകയും പാപത്തെ തകർക്കുകയും നരകത്തെ ശൂന്യമാക്കുകയും സാത്താനെ ബഹിഷ്‌ക്കരിക്കുകയും പ്രപഞ്ചത്തെ വീണ്ടെടുക്കുകയും ചെയ്തു. അതിന്റെ ശക്തിയെ ഇനിയും നിങ്ങൾ സംശയിക്കേണ്ടതുണ്ടോ?'' 

സഭാപിതാക്കന്മാരും ആദിമ ക്രൈസ്തവരും കണ്ടെത്തിയ കുരിശിന്റെ ശക്തിയെ നാമെത്രയോ നിസ്സാരമായിട്ടാണ് കാണുക! യൂറോപ്പിലെയും അമേരിക്കയിലെയും കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ക്ലാസ് മുറികളിൽനിന്നും ക്രൂശിതരൂപങ്ങൾ നീക്കംചെയ്യാൻ ശക്തമായ പ്ര ക്ഷോഭണങ്ങൾ നടന്നുവരികയാണ്. സെമിത്തേരിയുടെ മധ്യത്തിൽ ഉയർന്നുനില് ക്കുന്ന ക്രൂശിതരൂപങ്ങൾ മറ്റു മതസ്ഥർക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നാരോപിച്ച് നീക്കം ചെയ്യാൻ കേസുകൾ കൊടുക്കുന്നതും നാം വായിച്ചറിയുന്നു. ചില രാജ്യങ്ങളിൽ ക്രൂശിതരൂപം പരസ്യമായി പ്രകടിപ്പിക്കുവാനുള്ള അനുവാദവും നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് മറ്റു മതങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ ചിഹ്നങ്ങളോട് തോന്നാത്ത അസഹിഷ്ണത കുരിശിനോടുമാത്രം തോന്നുന്നു? സാത്താന്റെ പരാജയചിഹ്നവും ക്രിസ്തുവിന്റെ വിജയചിഹ്നവുമായ കുരിശിനെ സാത്താൻ ഭയപ്പെടുന്നു എന്നതാണ് കാരണം. കുരിശിനെ മറയ്ക്കാനുള്ള സാത്താന്യ പ്രേര ണ കുരിശുവിരോധികളിൽ ഉണ്ടായിരിക്കുമെന്നതിൽ സംശയമില്ല.

ഭവനങ്ങളുടെ വെഞ്ചരിപ്പ്
തിന്മയുടെ സ്വാധീനങ്ങളും സാന്നിധ്യവും പലവിധത്തിൽ ഭവനങ്ങളിലേ ക്കും സ്ഥലങ്ങളിലേക്കും കടന്നുവരാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ പാ പങ്ങളും പാപത്താൽ ബന്ധിക്കപ്പെട്ടവരുടെ സമ്പർക്കങ്ങളും ദുഷ്ടാരൂപികൾക്ക് കടന്നുവരാൻ വാതിലുകൾ തുറന്നു കൊടുക്കും. ദൈവകല്പനയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഒരു സ്ഥലത്തു നടക്കുമ്പോൾ അവിടെ ദൈവികസാന്നിധ്യവും ദൈവത്തിന്റെ സംരക്ഷണവും നഷ്ടമാകാം. അങ്ങനെയുള്ള ഇടങ്ങളിൽ തിന്മയുടെ സാന്നിധ്യം സ്വാഭാവികമായും വർധിക്കും. അതുപോലെതന്നെ അന്ധകാരശക്തികളുടെ നേരിട്ടുള്ള ആക്രമണങ്ങളും ദുഷ്ടമനുഷ്യരിലൂടെയുള്ള പ്രവർ ത്തനങ്ങളും എവിടെയും എപ്പോഴും ഉണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സഭയിലൂടെ വിശ്വാസികൾക്ക് ലഭിക്കുന്ന വലിയൊരു അനുഗ്രഹമാണ് വെഞ്ചരിപ്പ്. 

വെഞ്ചരിപ്പിലൂടെ ഭവനങ്ങളും സ്ഥലങ്ങളും വസ്തുക്കളും വിശുദ്ധീകരിക്കപ്പെടുകയും ദൈവിക സാന്നിധ്യവും ശക്തി യുംകൊണ്ട് നിറയപ്പെടുകയും ചെയ്യും. ഒരു പുരോഹിതന്റെ വെഞ്ചരിപ്പുവഴി ലഭിക്കുന്ന അനുഗ്രഹങ്ങൾ വിവരണാതീതമാണ്. ഭവനങ്ങൾ വെഞ്ചരിക്കുമ്പോൾ രോഗപീഡകൾ വിട്ടുപോകുന്നതും കലഹത്തിന്റെ അരൂപി അപ്രത്യക്ഷമാകുന്നതും അനേകരുടെ ജീവിതാനുഭവമാണ്. കൃഷിനാശം, ബിസിനസിലെ തകർച്ചകൾ ഇവയൊക്കെ പൗരോഹിത്യത്തിന്റെ അധികാരശക്തിയാൽ വെഞ്ചരിപ്പിലൂടെ മാറിപ്പോകുന്നുണ്ട്. പലപ്പോഴും വീട് വെഞ്ചരിപ്പ് വെറുമൊരു ചടങ്ങായിട്ടാണ് അറിവില്ലാത്ത വിശ്വാസികൾ കാണുന്നത്. സഭയുടെ അധികാരവും ശക്തിയും മുഖേന ദൈവത്തിന്റെ അഭിക്ഷിക്തനിലൂടെ ലഭിക്കുന്ന ഈ വലിയ അവസരം വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കിൽ തിന്മയുടെ എത്രയോ പ്രവർത്തനങ്ങൾ നിർവീര്യമാക്കപ്പെടുമായിരുന്നു!

എല്ലാ വെഞ്ചരിപ്പു കർമങ്ങളും അനുഷ്ഠിക്കപ്പെടുന്നത് വിശുദ്ധ കുരിശിന്റെ അടയാളം ഉപയോഗിച്ചുകൊണ്ടാണ്. കുരിശടയാളത്തിലൂടെ ക്രിസ്തുവിന്റെ മുദ്രകുത്തപ്പെടുന്ന ഭവനങ്ങളും സ്ഥലങ്ങളും തികച്ചും സുരക്ഷിതമാണ്.
കുരിശെന്ന കോട്ട

ഞാന്‍ വായിച്ചിട്ടുള്ള ഒരു വൈദികന്റെ അനുഭവമാണിത്: പലപ്പോഴായി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള ഒരു പെൺകുട്ടിയുടെ ഭവനം അദ്ദേഹം സന്ദർശിക്കാനിടയായി. അച്ചൻ ആ പെൺകുട്ടിക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ അവൾ പറഞ്ഞതിങ്ങനെയാണ്: രാത്രി കിടന്നുറങ്ങുമ്പോൾ ഒരു പുരുഷശബ്ദം അവളെ പേരുചൊല്ലി വിളിക്കുന്നതായി അനുഭവപ്പെടുന്നു. 'വാ, നമുക്കൊരുമിച്ചുപോയി ആത്മഹത്യ ചെയ്യാം' എന്ന ശബ്ദം നിരന്തരം ചെവിയിൽ മുഴങ്ങും. അപ്പോൾ അതിനെ എതിരിടാൻ കഴിയാതെ അവൾ യാന്ത്രികമായി ആത്മഹത്യയ്ക്ക് ശ്രമിക്കും. അച്ചൻ അവളുടെമേൽ വിശുദ്ധജലം തളിച്ച് വിശുദ്ധ കുരിശിനാൽ മുദ്രകുത്തി പ്രാ ർത്ഥിച്ചു. പോരാൻനേരം ഭവനത്തിന്റെ പ്രധാനവാതിലിൽ കുരിശടയാളം വരച്ച് മുദ്രകുത്തി തിന്മയുടെ ശക്തികളെ നിരോധിക്കാനായി നിശ്ശബ്ദമായി പ്രാർത്ഥിച്ചു. അത് ആ പെൺകുട്ടി കാണുകയോ അറിയുകയോ ചെ യ്തിട്ടുമില്ലായിരുന്നു. ഒന്നു രണ്ടാഴ്ചകൾക്കുശേഷം ആ വൈദികൻ വീണ്ടും ആ ഭവനത്തിലെത്തി. പെൺകുട്ടിയുടെ വിശേഷങ്ങൾ അന്വേഷിച്ചു. അപ്പോൾ അവൾ പറഞ്ഞതിപ്രകാരമാണ്: 

''ഇപ്പോൾ എനിക്ക് സുഖമായി കിടന്നുറങ്ങാൻ പറ്റുന്നുണ്ട്. ബെഡ്‌റൂമിൽ യാതൊരു അസ്വസ്ഥതയുമില്ല. പക്ഷേ, ചിലപ്പൊഴൊക്കെ വീടിന്റെ പുറത്തുനിന്നും ആ ശബ്ദം കേട്ടിട്ടുണ്ട്. അത് എന്നോട് വീടിന്റെ പുറത്തേക്കിറങ്ങി വരാനാണ് പറയുന്നത്. ഇന്നാള് വന്ന അച്ചൻ വീടിന്റെ വാതിലിൽ കുരിശുവരച്ചുപോയതുകൊണ്ട് എനിക്ക് അകത്തേക്ക് വരാൻ കഴിയുന്നില്ല. നീ പുറത്തേക്കു വാ'', എന്ന് പറയുന്നത് ഒന്നുരണ്ട് പ്രാവശ്യം കേട്ടു. നോക്കുക, ഒരു വൈദികന്റെ കരങ്ങൾകൊണ്ട് വാതിലിന്റെ കട്ടിളക്കാലുകളിൽ പതിപ്പിച്ച കുരിശടയാളത്തിന്റെ ശക്തി!

പക്ഷേ, എന്തുകൊണ്ട് നമ്മുടെ വെഞ്ചരിപ്പുകൾ പലപ്പോഴും ഫലദായകമാകുന്നില്ല? ഒന്നാമത്തെ കാരണം വിശ്വാസത്തിന്റെ കുറവാണ്. രണ്ടാമത്തെ പ്രശ്‌നം ശരിയായ ഒരുക്കം കൂടാതെയുള്ള വെഞ്ചരിപ്പാണ്. വെഞ്ചരിപ്പിന്റെ ഒരു തലം വിശുദ്ധീകരണമാണ്. വീട്ടിലെ മുറികളൊക്കെ വെഞ്ചരിച്ചാലും വീട്ടിൽ താമസിക്കുന്നവരുടെ ഹൃദയം വെഞ്ചരിക്കപ്പെടുന്നില്ലെങ്കിൽ എന്തു പ്രയോജനം? വീടും സ്ഥാപനങ്ങളും വെഞ്ചരിക്കുമ്പോൾ അതിനുമുമ്പായി കുടുംബങ്ങളും സ്ഥാപനത്തിലെ അംഗങ്ങളും അനുതപിച്ച് പാപങ്ങളുപേക്ഷിക്കണം. അനുരഞ്ജനമില്ലാതെയും പാപങ്ങളുപേക്ഷിക്കാതെയും വെഞ്ചരിപ്പ് നടത്തുമ്പോൾ അതിന്റെ ഫലദായകത്വം അപൂർണമാകും.

വെഞ്ചരിപ്പുവഴി വിശുദ്ധീകരണം മാത്രമല്ല, വിശുദ്ധീകരിക്കപ്പെട്ടവ ക്രിസ്തുവിനായി സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായവയിൽ മാത്രമാണ് നാം നമ്മുടെ മുദ്ര അല്ലെങ്കിൽ അടയാളം പതിപ്പിക്കാറുള്ളത്. അതിനാൽ വെഞ്ചരിപ്പുവഴി പവിത്രീകരിക്കപ്പെടുകയും കുരിശടയാളത്താൽ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവ ദൈവമഹത്വത്തിനായി ഉപയോഗിക്കപ്പെടണം. വെഞ്ചരിച്ച കെട്ടിടങ്ങളും വസ്തുക്കളും സ്ഥലവും ദൈവമഹത്വത്തിനായി ദൈവത്തിന്റേതുപോലെ ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ വെഞ്ചരിപ്പിന്റെ ശക്തി അവിടെ വെളിപ്പെടണമെന്നില്ല. 

മോഷ്ടിക്കാൻ പോകുന്നവൻ പിടിക്കപ്പെടാതിരിക്കുന്നതിനുവേണ്ടി കുരിശുവരച്ച് സംരക്ഷണം തേടുന്നതുപോലെ പരിഹാസ്യമാണ് ദൈവഹിതത്തിനു വിരുദ്ധമായ പ്രവൃത്തികൾ നടക്കുന്ന സ്ഥലം പുരോഹിതനെ വിളിച്ചു വെഞ്ചരിപ്പിക്കുന്നത്. ജപമാലയും ക്രൂശിതരൂപങ്ങളുമെല്ലാം വെഞ്ചരിച്ച് ഉപയോഗിക്കുമ്പോഴും സ്വന്തം ജീവിതത്തെ വിശുദ്ധീകരിക്കപ്പെടാൻ ക്രിസ്തുവിനു വിട്ടുകൊടുക്കാതിരുന്നാൽ അർത്ഥശൂന്യമാകും എല്ലാം.

പ്രാർത്ഥന
രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശേ, എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ സമൂഹത്തെയും എന്റെ നാ ടിനെയും അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു. പൈശാചികബന്ധനത്തിൽനിന്നും അതിന്റെ ശക്തിയിൽനിന്നും മോചനം തരണമേ. ജോലിയിലും അധ്വാനത്തിലും കഴിയുന്ന എല്ലാവർക്കും വിജയം കൊടുക്കണമേ.
പെട്ടെന്നുണ്ടാകുന്ന അപകടങ്ങൾ, ദുർമരണങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ, രോഗങ്ങൾ, ഇടിമിന്നൽ ഇവയിൽനിന്നും സംരക്ഷണം തരണമേ. വിശുദ്ധ കുരിശിന്റെ സന്നിധിയിൽ പ്രാർത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ.
''കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം.'' (3 പ്രാവശ്യം) 1 സ്വർഗ. 1 നന്മ. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22