അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday, 6 November 2012

വിശുദ്ധ മേരി മസാറെല്ലോ


ഇറ്റലിയിലെ മൊണേസിലെ ഒരു വയലില്‍ തദ്ദേശീയരായ കുറച്ചുപേര്‍ ജോലി ചെയ്യുകയാണ്. കഠിനമായ വെയിലില്‍ എല്ലാവരും തളര്‍ന്നു. കുറെനേരം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി തണല്‍തേടി നീങ്ങാന്‍ തുടങ്ങി, ഒടുവില്‍ ഒരു പെണ്‍കുട്ടി മാത്രം ബാക്കിയായി, മേരിയായിരുന്നു അത്. പ്രഥമദിവ്യകാരുണ്യസ്വീകരണത്തിനുശേഷം അവള്‍ക്ക് ആത്മീയനിയന്താവായി ലഭിച്ച വൈദികന്‍ പെസ്താറിനോയു ടെ വാക്കുകളാണ് ആ ത്യാഗത്തിന് അവളെ പ്രേരിപ്പിച്ചത്. അവളുടെ പ്രായത്തിലുള്ള അനേകം പെണ്‍ കുട്ടികള്‍ തെറ്റായ സന്തോഷങ്ങളില്‍ മുഴുകി ജീവിക്കുന്നുണ്ട്, അവരുടെ ആത്മരക്ഷക്കുവേണ്ടി മേരി യുടെ ത്യാഗങ്ങള്‍ കര്‍ത്താവിന് വേണം എന്ന് ഫാദര്‍ പെസ്താറിനോ ഒരിക്കല്‍ പറഞ്ഞിരുന്നു. ആത്മാര്‍ത്ഥമായ അധ്വാനവും ഒപ്പം ആത്മാക്കളുടെ രക്ഷയ്ക്കാ യുള്ള ഒരു ത്യാഗവും, രണ്ടും ആ പെണ്‍കുട്ടി ഭംഗിയായി ചെയ്തു. പ്രാര്‍ത്ഥനയും ധ്യാനവും വഴി ലഭിക്കുന്ന വെളിപാടുകള്‍ക്കനുസരിച്ച് അവളെക്കുറിച്ചുള്ള ദൈവഹിതം ഫാ. പെസ്താറിനോ അവളെ അറിയിക്കുമായിരുന്നു. അവളാകട്ടെ അതനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

അപ്പന്റെയും അമ്മയുടെയും പ്രിയമകളായിരുന്നു അവള്‍. ഒരു വീട്ടമ്മയാവുക എന്നതിനെക്കാള്‍ കൂടുതലായി മറ്റൊരു വിളി മേരിക്കുണ്ടെന്ന് ആ അമ്മ മനസിലാക്കിയിരുന്നെന്ന് തോന്നുന്നു. കാരണം, മറ്റുള്ള വരോട് ഇടപെടാനും അവരില്‍നിന്ന് പഠിക്കാനും അമ്മ അവളെ അനുവദിച്ചിരുന്നു. പക്ഷേ, വലിയ വിദ്യാഭ്യാസമൊന്നും നേടാന്‍ മേരിക്കായില്ല. പതിനെട്ടാം വയസിലെത്തിയിട്ടും മേരി വിവാഹത്തോട് താത്പര്യം പ്രകടിപ്പിച്ചില്ല. ദൈവത്തിന് അവളെക്കുറിച്ചുളള പദ്ധതി മറ്റൊന്നാണെന്നതായിരുന്നിരിക്കാം അതിനു കാരണം. വേറൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു മേരിക്ക്. അവള്‍ എവിടെപ്പോയാലും കഥകള്‍ കേള്‍ക്കാനും സംശയങ്ങള്‍ ചോദിക്കാനും കുട്ടികള്‍ ചുറ്റും കൂടുമായിരുന്നു. അവള്‍ക്ക് 23 വയസുള്ളപ്പോള്‍ ഗ്രാമത്തില്‍ ടൈഫോയ്ഡ് പടര്‍ന്നുപിടിച്ചു. ആ സമയത്ത്, കഴിയാവുന്നവരെയെല്ലാം സഹായിക്കാന്‍ അവള്‍ ശ്രമിച്ചു. പ്രത്യേകിച്ച്, രോഗം പിടിപെട്ട അമ്മാവനെയും അമ്മായിയെയും അവരുടെ മക്കളെയും ശുശ്രൂഷിക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചു. കുറച്ചു ദിവസങ്ങള്‍ക്കകം അവര്‍ സുഖം പ്രാപിച്ചെങ്കിലും അപ്പോഴേക്കും മേരിക്ക് ടൈഫോയ്ഡ് പക ര്‍ന്നിരുന്നു. രോഗം കലശലായി. അന്ത്യകൂദാശകളൊക്കെ സ്വീകരിച്ച് അവള്‍ മരണത്തിനായി ഒരുങ്ങിയെങ്കിലും പിന്നീട് സുഖം പ്രാപിക്കുകയാണുണ്ടായത്. പക്ഷേ, ആ രോഗം അവളെ ശാരീരികമായി ദുര്‍ബലയാക്കിത്തീര്‍ത്തു.

അതിനുശേഷമുള്ള ഒരു ഒക്‌ടോബര്‍മാസം. മേരി ഗ്രാമത്തിലൂടെ നടക്കുകയായിരുന്നു, തന്റെ മുന്നില്‍ ഒരു മുറ്റവും അവിടെ കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളും ദൃശ്യമായി. ഒരു സ്വരം ഇങ്ങനെ പറയുന്നതായും അവള്‍ കേട്ടു, ''ഞാനവരെ നിന്റെ കരങ്ങളില്‍ ഭരമേല്പിക്കുന്നു'' ആദ്യം അവള്‍ക്കൊന്നും മനസിലായില്ല. ആശ്ചര്യകരമായൊരു സംഭവം കൂടിയുണ്ടായി, ഏതാണ്ട് ഇതേ സമയത്തുതന്നെ ഒരു മുറ്റത്ത് അവഗണിക്കപ്പെട്ടതായി തോ ന്നുന്ന പെണ്‍കുട്ടികളുടെ ഒരു സമൂഹത്തിന്റെ ദര്‍ശനം വിശുദ്ധ ജോണ്‍ ബോസ്‌കോക്ക് ലഭിച്ചു. ഒരു സ്വരം അദ്ദേഹത്തോട് ഇങ്ങനെ സംസാരിച്ചു, ''ഇവരെന്റെ പെണ്‍മക്കളാണ്, ഇവരെ സംരക്ഷിക്കുക.''

എന്തായാലും മേരി സന്യാസിനികളെപ്പോലെ ജീ വിക്കുന്ന, 15 പേരടങ്ങുന്ന ഒരു സമൂഹത്തിന് രൂപം കൊടുത്തു. ഫാ. പെസ്താറിനോ അവര്‍ക്ക് ആവശ്യമായ പരിശീലനം നല്കി. പിന്നീട് വിശുദ്ധ ജോണ്‍ ബോസ്‌കോയില്‍നിന്ന് ഒരു സലേഷ്യനാകാനുള്ള പരിശീലനം നേടിക്കൊണ്ടിരുന്ന ഫാ. പെസ്താറിനോ വഴി മേരിയുടെ ഈ സമൂഹത്തെക്കുറിച്ചറിഞ്ഞ വിശുദ്ധന്‍ അവരെ കാണാന്‍ തീരുമാനിച്ചു. അതൊരു നിര്‍ണായകമായ കണ്ടുമുട്ടലായിരുന്നു. സലേഷ്യന്‍ സന്യാസിനി സമൂഹത്തിന്റെ രൂപംകൊള്ളലിന് അത് കാരണമായി. ആ സമൂഹത്തിന്റെ സുപ്പീരിയറാകാന്‍ ഏറ്റവും യോഗ്യതയുള്ള വ്യക്തി മേരി മസാറെല്ലോ ആണെന്നുകണ്ട വിശുദ്ധ ജോണ്‍ ബോസ്‌കോ ആ സ്ഥാനം ഏറ്റെടുക്കാന്‍ മേരിയെ ക്ഷണിച്ചെങ്കിലും അവള്‍ക്ക് അതിനു താല്പര്യമില്ലായിരുന്നു. ഒടുവില്‍ അനുസരണത്തിന്റെ പേരില്‍മാത്രം അവള്‍ സ്ഥാനം ഏറ്റെടുത്തു. പിന്നീട് നാളുകള്‍ കഴിഞ്ഞ് 1872 ഏപ്രിലില്‍ ഡോ ട്ടേഴ്‌സ് ഓഫ് അവര്‍ ലേഡി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ് എന്ന പേരില്‍ സലേഷ്യന്‍ സന്യാസിനികളുടെ സമൂഹം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. അങ്ങനെ മേരി സിസ്റ്റര്‍ മേരി മസാറെല്ലോ ആയി അറിയപ്പെടാന്‍ തുടങ്ങി.
മദര്‍ സുപ്പീരിയര്‍ എന്ന സ്ഥാനത്തിനുമപ്പുറം എല്ലാവര്‍ ക്കും അവള്‍ ഒരു അമ്മയായി. ആയിടയ്ക്ക് മേരിക്ക് കടുത്ത പനി തുടങ്ങി. രോഗം വകവയ്ക്കാതെ മറ്റ് സന്യാസിനികള്‍ക്കൊപ്പം സെയ്ന്റ് സിറിലുള്ള അനാഥമന്ദിരത്തിലേക്കു പോയി. അവിടെവച്ച് വീണ്ടും അവള്‍ രോഗബാധിതയായി. കടുത്ത ശ്വാസകോശരോഗമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. തന്റെ സമൂഹത്തിന്റെകൂടെയായിരിക്കുമ്പോള്‍ മരിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതനുസരിച്ച് സ്വന്തം സ്ഥലത്തേക്ക് യത്രയായി. യാത്ര ക്കിടയ്ക്ക് അവസാനമായി അവള്‍ക്ക് വിശുദ്ധ ജോണ്‍ ബോസ്‌കോയെ കാണാന്‍ സാധിച്ചു.

തിരികെ മൊണേസിലെത്തിയ അവള്‍ക്ക് ആരോഗ്യം വീണ്ടുകിട്ടി. സമൂഹത്തിന്റെ സമയനിഷ്ഠകള്‍ക്കനുസരിച്ച് ജീവിക്കാനും തന്റെ പതിവുജോലികള്‍ ചെയ്യാനും തുടങ്ങി. എന്നാല്‍, അതുതന്നെ അവള്‍ക്ക് അധികമായിരുന്നു. ആരോഗ്യം തീര്‍ത്തും ക്ഷയിച്ചുവന്നു. അന്ത്യകൂദാശകള്‍ സ്വീകരിച്ച് ഒരുക്കത്തോടെ അവള്‍ കാത്തിരുന്നു. 1881 ഏപ്രില്‍ മെയ് 14 ന് സന്ധ്യാസമയത്ത് മരണം അടുത്തെ ത്തിയപ്പോള്‍, ''ഗുഡ് ബൈ, ഞാനിപ്പോള്‍ പോവുകയാണ്. നിങ്ങളെ ഞാന്‍ വീണ്ടും സ്വര്‍ഗത്തില്‍വച്ച് കാണും'' ഇങ്ങനെ പറഞ്ഞുകൊണ്ട് നിത്യസൗഭാഗ്യത്തിലേക്ക് പോ കാനായി അവള്‍ കണ്ണുകളടച്ചു. 44 വര്‍ഷംകൊണ്ട് നേടാവുന്ന പുണ്യങ്ങളെല്ലാം സ്വന്തമാക്കിക്കൊണ്ടായിരുന്നു ആ യാത്ര എന്ന് പിന്നീട് കാലം തെളിയിച്ചു. അവളുടെ മാധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ട് സഭ 1951-ല്‍ അവളെ പുണ്യവതിയായി അംഗീകരിച്ചു. ഇറ്റലിയിലെ ടൂറിനിലുള്ള, ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ ബസിലിക്കയില്‍ അഴുകാത്ത ആ ശരീരം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22