`ഒന്നിച്ചുപ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചുനിലനില്‌ക്കും' എന്നും `പ്രാര്‍ത്ഥനയുള്ള ലോകം സമാധാനമുള്ള ലോകം' എന്നും മുദ്രാവാക്യമായി സ്വീകരിച്ച ദൈവദാസന്‍ ഫാ. പാട്രിക് പേയ്‌ടണ്‍ പ്രാര്‍ത്ഥനയെ ജീവിതത്തിന്റെ ഹൃദയതാളമായി കൊണ്ടുനടന്നിരുന്ന വ്യക്തിയായിരുന്നു. വിശ്വാസത്തിന്റെയും ദൈവശരണത്തിന്റെയും മാതൃകയാണ് അദ്ദേഹം ലോകത്തിന് സമ്മാനിച്ചത്.
മടിയന്‍.. നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല..
പ്രധാനാധ്യാപകന്‍ ആ വിദ്യാര്‍ത്ഥിയുടെ ശിരസില്‍ ശക്തമായി ഇടിച്ചുകൊണ്ടാണ് അത്തരമൊരു വിധിപ്രസ്‌താവം നടത്തിയത്. അതവനെ എന്തുമാത്രം വേദനിപ്പിച്ചുവെന്ന് അദ്ദേഹം ഒരിക്കലും അറിഞ്ഞില്ല. അധ്യാപകന്‍ അങ്ങനെ വിധിയെഴുതിയ ആ പയ്യന്‍ ഇന്ന് അള്‍ത്താരവണക്കത്തിലേക്ക് പ്രവേശിക്കാന്‍ അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു `ധന്യ'പുരുഷനാണെന്നതാണ് സത്യം. അതിലേക്ക് അവനെ നയിച്ചതിന് പിന്നില്‍ തീര്‍ച്ചയായും ഒന്നേയുള്ളൂ. ആത്മാവിന്റെ സ്‌പന്ദനവും ഹൃദയത്തിന്റെ തുടിപ്പുമായി പരിശുദ്ധ മറിയത്തെയും ജപമാല പ്രാര്‍ത്ഥനയെയും ജീവിതത്തില്‍ സ്വീകരിച്ചുവെന്ന് മാത്രം. `ജപമാല വൈദികന്‍' (rosary priest) എന്ന് അപരനാമത്തില്‍ അറിയപ്പെടുന്ന ഫാ. പാട്രിക് പെയ്‌ടണിന്റെ ജീവിതത്തെ അപഗ്രഥിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന സത്യമാണത്. ഫാ. പാട്രിക്കിന്റെ മാധ്യസ്ഥതയിലുള്ള അത്ഭുതരോഗശാന്തി വത്തിക്കാന്‍ അടുത്തയിടെയാണ് (ജൂലൈ 2011) അംഗീകരിച്ചത്.
പ്രതിസന്ധികളും പ്രതിബന്ധങ്ങളും നിറഞ്ഞ ഒരു ജീവിതപശ്ചാത്തലമായിരുന്നു പാട്രിക്കിന്റേത്. ജോണ്‍ പെയ്‌ടണ്‍ എന്ന ചെറിയൊരു ഫാം ഉടമയുടെയും മേരി ഗില്ലാര്‍ഡിന്റെയും ഒമ്പതുമക്കളില്‍ ആറാമനായി 1909 ജനുവരി 9 ന് അയര്‍ലണ്ടിലെ കാരാകാസ്റ്റിലായിരുന്നു ജനനം. ജോണ്‍പെയ്‌ടണിന്റെ അനാരോഗ്യം മൂലം പലപ്പോഴും ഭാര്യയ്‌ക്കും മക്കള്‍ക്കുമായിരുന്നു ഫാമിലെ ജോലികള്‍ മുഴുവന്‍ ചെയ്‌തുതീര്‍ക്കേണ്ട ഉത്തരവാദിത്തം.
ഏതുക്ഷീണത്തിനിടയിലും തിരക്കുകള്‍ക്കിടയിലും കുടുംബാംഗങ്ങളൊരുമിച്ച് സന്ധ്യാപ്രാര്‍ത്ഥന നടത്തണമെന്ന കാര്യത്തില്‍ ജോണിന് നിര്‍ബന്ധമുണ്ടായിരുന്നു. ഒന്നിച്ചുപ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചുനില്‌ക്കും എന്ന മുദ്രാവാക്യം പിന്നീട് ഫാ. പാട്രിക് രൂപപ്പെടുത്തിയത് വീട്ടില്‍ നിന്ന് സ്വാംശീകരിച്ചെടുത്ത ഇത്തരം അനുഭവങ്ങളില്‍ നിന്നായിരുന്നു. സന്ധ്യാപ്രാര്‍ത്ഥനകളില്‍ ഒഴിവാക്കാനാവാത്തതായിരുന്നു ജപമാല. കുരിശില്‍വച്ച് ലോകത്തിന് മുഴുവന്‍ അമ്മയായി ക്രിസ്‌തു സമ്മാനിച്ച പരിശുദ്ധ മറിയത്തെ ജീവിതത്തിന്റെ നാഥയും കേന്ദ്രവുമായി പ്രതിഷ്‌ഠിക്കാനുള്ള പ്രേരണ പാട്രിക്കിനുണ്ടായതും ഇതേതുടര്‍ന്നാണ്.
വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും കൂടെയായിരുന്നു പാട്രിക്കിന്റെ വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടം. കാരണം വല്യപ്പനായ റോബര്‍ട്ട് ഭാഗികമായി അന്ധനായിരുന്നു. അവര്‍ക്ക് സഹായമായിട്ടാണ് പാട്രിക് അവിടെ എത്തിയത്. എന്നാല്‍ അവിടെ ഏറെക്കാലം തുടരാന്‍ പാട്രിക്കിന് കഴിഞ്ഞില്ല. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് സംഭവിച്ച ഒരു ദുരനുഭവമായിരുന്നു അതിലേക്ക് നയിച്ചത്. പതിനഞ്ചാം പിറന്നാളിന്റെ ഏതാനും നാളുകള്‍ക്ക് മുമ്പ് കയ്‌പുള്ള ഒരു പിറന്നാള്‍ സമ്മാനമെന്നോണമാണ് അത് സംഭവിച്ചത്. തുടക്കത്തില്‍ വായിച്ചതായിരുന്നു ആ സംഭവം. പ്രിന്‍സിപ്പല്‍ ആഡ്‌ഹങ് ഒ ലിയറി ഒരുനാള്‍ പാട്രിക്കിന്റെ ശിരസില്‍ ശക്തമായി ഇടിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: മടിയന്‍, നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല. ഈ സംഭവം കൗമാരക്കാരനായ പാട്രിക്കിന് സഹിക്കാനായില്ല. അവന്‍ പിതാവിനോട് കാര്യം പറഞ്ഞു. ഇനി ആ സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും. പേയ്‌ടണ്‍ കുടുംബത്തില്‍ നിന്ന് ഏറെ അകലെയുള്ള ഒരു സ്‌കൂളില്‍ ചേരാനാണ് പാട്രിക്കും പിതാവും പദ്ധതിയിട്ടത്. പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ആഡ്‌ഹങ് ഒ ലിയറിയുടെ സുഹൃത്തായിരുന്നു ആ സ്‌കൂളിലെ പ്രിന്‍സിപ്പല്‍. തന്മൂലം പാട്രിക്കിന് അഡ്‌മിഷന്‍ നല്‌കാന്‍ അയാള്‍ വിസമ്മതിച്ചു. ഇത്തരം വിപരീതാനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ നിയമത്തിന്റെ വഴിയെ പോകുമെന്ന ജോണിന്റെ ഭീഷണിയാണ് ഒടുവില്‍ പാട്രിക്കിന് അഡ്‌മിഷന്‍ ലഭിക്കാന്‍ കാരണമായത്. പാട്രിക്കിന്റെ ആ വര്‍ഷത്തെ സ്‌കൂള്‍ രേഖകള്‍ പ്രകാരം വെറും അമ്പത്തിരണ്ടു ദിവസം മാത്രമേ അവന്‍ ക്ലാസില്‍ ഹാജരായിരുന്നുള്ളൂ. കൃഷിയിടത്തിലും വീടുകളിലുമുള്ള ജോലികളാണ് സുഗമമായ വിദ്യാഭ്യാസത്തിന് അവന് വിഘാതം സൃഷ്‌ടിച്ചത്.
ചെറുപ്പം മുതല്‌ക്കേ പാട്രിക്കിന് ഒന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. വൈദികനാകുക. എല്ലാ ഞായറാഴ്‌ചയും വീട്ടില്‍ നിന്ന് വളരെ ദൂരെയുള്ള ഇടവകപ്പളളിയിലെ വിശുദ്ധ കുര്‍ബാനയില്‍ അള്‍ത്താരബാലനായി ശുശ്രൂഷ ചെയ്യുന്നതിന് ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ് അവന്‍ എത്തിയിരുന്നത്. ആദ്യത്തെ ദിവ്യബലിക്ക് ശേഷം അടുത്ത കുര്‍ബാന വരെയുള്ള ഇടവേളയില്‍ പള്ളിയ്‌ക്കകത്ത് മുട്ടുകുത്തിപ്രാര്‍ത്ഥനയിലായിരിക്കുന്ന പാട്രിക് ഒരു പതിവ് കാഴ്‌ചയായിരുന്നു. വികാരി ഫാ. റോജര്‍ ഒ ഡോണല്‍ വലിയൊരു സ്വാധീനമാണ് അവനില്‍ ചെലുത്തിയത്. സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷനറീസിലേക്ക് വൈദികാര്‍ത്ഥിയായി പരിഗണിക്കണമെന്ന അവന്റെ അപേക്ഷ നിരസിക്കപ്പെട്ടു. ഗണിതശാസ്‌ത്രത്തിലുള്ള അവന്റെ അടിസ്ഥാനമില്ലായ്‌മയാണ് കാരണമായി അവര്‍ പറഞ്ഞത്.
ജീവിതം നല്‌കിയ പ്രതികൂലങ്ങള്‍ക്ക് മുമ്പില്‍ തോറ്റുമടങ്ങാതെ ഒരു സമ്പന്നനായി മടങ്ങിവരണമെന്ന ആഗ്രഹം ഒരുവേള പാട്രിക്കിനെ ബാധിച്ചു. അതിന് അവന്‍ കണ്ടെത്തിയ മാര്‍ഗ്ഗം അമേരിക്കയിലേക്ക് കുടിയേറുക എന്നതായിരുന്നു. പാട്രിക്കിനൊപ്പം സഹോദരന്‍ ടോമും കുടിയേറ്റത്തിന് സന്നദ്ധത കാട്ടി. അമേരിക്കയിലേക്ക് കുടിയേറുന്നതിനുള്ള അനുവാദം കിട്ടാന്‍ പിതാവിനെ അവര്‍ക്ക് ഏറെ നിര്‍ബന്ധിക്കേണ്ടിവന്നു. സഹോദരിമാരായ ബിയാട്രീസും നെല്ലിയും മേരിയും നേരത്തെതന്നെ അമേരിക്കയിലെത്തിയിരുന്നു. കുടിയേറ്റത്തിന് അനുവാദം നല്‌കിയെങ്കിലും ക്രിസ്‌തുവില്‍ വിശ്വസിച്ചുകൊണ്ടുള്ള ഒരു ജീവിതമായിരിക്കണം അമേരിക്കയിലും നയിക്കേണ്ടതെന്ന് പിതാവ് മക്കളോട് ആവശ്യപ്പെട്ടു. അത് അപ്രകാരം തന്നെയായിരിക്കുമെന്ന് വാക്ക് നല്‌കിയതിന് ശേഷമാണ് അവര്‍ യാത്രപുറപ്പെട്ടത്. പാട്രിക്കും ടോമും അവസാനമായി പിതാവിനെ ജീവനോടെ കണ്ടത് അന്ന് യാത്രപറയും നേരത്ത് രോഗക്കിടക്കയില്‍വച്ചായിരുന്നു. പാട്രിക്കും ടോമും അവസാനമായി മാതാവിനെ കണ്ടതും അന്ന് യാത്രപറയും നേരത്തായിരുന്നു. ട്രെയിന്‍ പുറപ്പെട്ട ബാലിനാ സ്റ്റേഷനില്‍വച്ച്.. നിവര്‍ത്തിപിടിച്ച കൈകളുമായി മക്കള്‍ക്ക് യാത്രാമംഗളങ്ങള്‍ നേരുകയായിരുന്നു ആ അമ്മ. പിതാവിന്റെ രോഗമാകട്ടെ അദ്ദേഹത്തെ റെയില്‍വേസ്റ്റേഷനിലുമെത്തിച്ചില്ല. പിന്നീട് 1948 ല്‍ വൈദികരായി ജന്മദേശത്ത് തിരിച്ചെത്തിയ ആ സഹോദരങ്ങള്‍ക്ക് മാതാപിതാക്കളുടെ ശവകുടീരത്തില്‍ പോയി പ്രാര്‍ത്ഥിക്കാനേ കഴിഞ്ഞുള്ളൂ.
സഹോദരി നെല്ലിയുടെ കൂടെയാണ് ആ സഹോദരന്മാര്‍ താമസിച്ചത്. ടോമിന് ഒരു ഖനിയില്‍ ജോലികിട്ടി. പാട്രിക്കിനാവട്ടെ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ കപ്യാരായും. വൈകാതെ പാട്രിക്കിന് ഒരിക്കല്‍ക്കൂടി തന്റെ ദൈവവിളിയെക്കുറിച്ച് ഉറച്ച ബോധ്യം കിട്ടി. അദ്ദേഹം തോന്നലുകള്‍ സെന്റ് പീറ്റേഴ്‌സിലെ മോണ്‍. കെല്ലിയുമായി പങ്കുവച്ചു. അതിന്റെ ഫലമായി പാട്രിക്ക് സെന്റ് തോമസ് ക്രിസ്റ്റന്‍ ബ്രദേഴ്‌സ് സ്‌കൂളിലെത്തി. പഠനച്ചെലവുകള്‍ മോണ്‍. കെല്ലിയുടേതായിരുന്നു. പാട്രിക്ക് കപ്യാര്‍ ജോലിയുപേക്ഷിച്ചപ്പോള്‍, ടോം ഖനിജോലി ഉപേക്ഷിച്ച് കപ്യാര്‍ ജോലിയില്‍ പ്രവേശിച്ചു. ഒരു വൈദികനാകണമെന്ന ആഗ്രഹം പാട്രിക്കില്‍ ശക്തമായിക്കൊണ്ടിരുന്നു. 1929 ലെ വസന്തകാലത്ത് നോട്രഡാമില്‍ നിന്ന് കുറെ ഹോളിക്രോസ് വൈദികര്‍ പ്രത്യേക ദൗത്യവുമായി സെന്റ് പീറ്റേഴ്‌സിലെത്തി. അവര്‍ക്കൊപ്പം ചേരാന്‍ ആ സഹോദരന്മാര്‍ തീരുമാനിച്ചു. 1929 ഓഗസ്റ്റില്‍ ടോമുംപാട്രിക്കും ഹോളിക്രോസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1937 നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കി അവര്‍ പുറത്തിറങ്ങി. വിദേശമിഷനാണ് പാട്രിക്ക് തിരഞ്ഞെടുത്തത്. വാഷിങ്‌ടണ്‍ ഡിസിയിലെ സെമിനാരിയിലേക്ക് പാട്രിക് യാത്രയായി. വാഷിങ്‌ടണിലെ തന്നെ മറ്റൊരു സെമിനാരിയാണ് ടോം തിരഞ്ഞെടുത്തത്.
പൗരോഹിത്യസ്വീകരണത്തിന് ഒരു വര്‍ഷം ഉള്ളപ്പോഴാണ് പാട്രിക് ക്ഷയരോഗബാധിതനായത്. ചികിത്സിച്ചു ഭേദപ്പെടുത്താനാവാത്ത അസുഖം എന്നായിരുന്നു ക്ഷയം അക്കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. പാട്രിക്കിന്റെ ദിവസങ്ങള്‍ മുഴുവന്‍ ആശുപത്രി അപഹരിച്ചു. പരിശുദ്ധ കന്യാമറിയത്തില്‍ മാത്രമായി പാട്രിക്കിന്റെ മുഴുവന്‍ പ്രതീക്ഷയും. ബാല്യകാലത്ത് ഹൃദയത്തില്‍ അങ്കുരിച്ചിരുന്ന വിശ്വാസത്തിന്റെ നാളങ്ങളെ പാട്രിക് വീണ്ടും ആ നിമിഷങ്ങളില്‍ അനുസ്‌മരിച്ചു. മാതാവിനോടുള്ള നിരന്തരമായ പ്രാര്‍ത്ഥനകളില്‍ പാട്രിക് മുഴുകി. ആരോഗ്യം പുന:സ്ഥാപിച്ചുതരണേ.. അതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന. ഒരുദിവസം തന്റെ ആരോഗ്യസ്ഥിതി ഭേദപ്പെട്ടതുപോലെ പാട്രിക്കിന് തോന്നി. ഡോക്‌ടര്‍മാരുടെ വിദഗ്‌ധപരിശോധനയില്‍ അവര്‍ പോലും അത്ഭുതപ്പെട്ടു. പാട്രിക്കില്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. 1940 ല്‍ പൂര്‍ണ്ണാരോഗ്യവാനായി പാട്രിക് ആശുപത്രിയില്‍ നിന്ന് പുറത്തുവന്നു. പരിശുദ്ധ മറിയമാണ് തന്നെ സൗഖ്യപ്പെടുത്തിയതെന്ന് ഉറച്ചു വിശ്വസിച്ച പാട്രിക് രോഗക്കിടക്കയില്‍വച്ച് മാതാവിന് ഒരു വാക്ക് നല്‌കിയിരുന്നു. ആരോഗ്യം തനിക്ക് വീണ്ടെടുക്കാനായാല്‍ തന്റെ ജീവിതവും പൗരോഹിത്യവും മുഴുവന്‍ പരിശുദ്ധ മറിയത്തിന് സമര്‍പ്പിച്ചുകൊള്ളാമെന്ന്.. പാട്രിക്കിന്റെ പിന്നീടുള്ള ജീവിതം മുഴുവന്‍ മാതാവിനോടുള്ള നന്ദിയര്‍പ്പണമായി മാറുകയായിരുന്നു.
അസുഖങ്ങള്‍ പാട്രിക്കിന്റെ അധ്യയനദിവസങ്ങളെ തടസ്സപ്പെടുത്തിയതിനാല്‍ സഹോദരന്‍ ടോമിന്റെ വൈദികസ്വീകരണമാണ് ആദ്യം നടക്കേണ്ടിയിരുന്നത്. അയര്‍ലണ്ടില്‍ നിന്ന് കുടിയേറിയതും പഠിച്ചതും എല്ലാം സഹോദരനുമൊരുമിച്ചായിരുന്നതിനാല്‍ പൗരോഹിത്യസ്വീകരണവും ഒരുമിച്ചായിരിക്കണമെന്ന ആഗ്രഹം പാട്രിക്കിനുണ്ടായിരുന്നു. പക്ഷേ അത് സാധിക്കാതെ വന്ന സാഹചര്യത്തില്‍ ദൈവം വീണ്ടും അത്ഭുതകരമായി പാട്രിക്കിന്റെ ജീവിതത്തില്‍ ഇടപെട്ടു. 1941 മെയ് മാസത്തില്‍ അതായത് ടോമിന്റെ പൗരോഹിത്യസ്വീകരണത്തിന് ഒരു മാസം മുമ്പ് റോമില്‍ നിന്ന് ഒരു സന്ദേശമെത്തി. ``പ്രത്യേകമായ ദൈവഹിതപ്രകാരം സെമിനാരിയന്‍ പാട്രിക്ക് പേയ്‌ടണിന് എത്രയും പെട്ടെന്ന് പൗരോഹിത്യം നല്‌കേണ്ടതാണ്..''
1941 ജൂണ്‍ 15 ന് നോട്രഡാമിലെ തിരുഹൃദയപള്ളിയില്‍ വച്ച് ആ സഹോദരന്മാര്‍ ദൈവത്തിന്റെ അഭിഷിക്തരായി ഉയര്‍ത്തപ്പെട്ടു. അയര്‍ലണ്ടിലെ കാരാകാസ്റ്റില്‍ നിന്ന് തുടങ്ങിയ ഒരു നീണ്ടയാത്രയുടെ ശുഭകരമായ അന്ത്യമായിരുന്നു നോട്രഡാമിലെ തിരുഹൃദയപ്പള്ളിയില്‍ സംഭവിച്ചത്. അതിന് മുഴുവന്‍ ഹൃദയത്തോടെ ഫാ. പാട്രിക് നന്ദി പറഞ്ഞത് പരിശുദ്ധ മറിയത്തിനായിരുന്നു. `` നോട്രഡാമിലെ ആ ദിവസം എന്റെ ഹൃദയത്തിലെയും ആത്മാവിലെയും മുഴുവന്‍ സ്‌നേഹവും ഞാന്‍ മേരിക്ക് നല്‌കി. എന്റെ മരണം വെരയുള്ള പൗരോഹിത്യത്തിന്റെ മുഴുവന്‍ നന്മകളും ഞാന്‍ അമ്മയ്‌ക്ക് വാഗ്‌ദാനം ചെയ്‌തു. എന്റെ എല്ലാ പ്രവൃത്തികളുടെയും നന്മയും മഹത്വവും എല്ലാം അവള്‍ക്കുള്ളതാണ്, അവള്‍ക്ക് മാത്രം..'' `എല്ലാം അവള്‍ക്കു വേണ്ടി' എന്ന ആത്മകഥയില്‍ ഫാ. പാട്രിക് എഴുതി.
പൗരോഹിത്യസ്വീകരണം കഴിഞ്ഞുവെങ്കിലും കുറെക്കാലം കൂടി ഫാ. പാട്രിക്കിന് വിദ്യാഭ്യാസം നടത്തേണ്ടിവന്നു. രോഗം മൂലം മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു അത്. ന്യൂയോര്‍ക്കിലെ അല്‍ബനിയിലെ ഹോളിക്രോസ് ബ്രദേഴ്‌സിന്റെ ചാപ്ലയിനായിട്ടായിരുന്നു ഫാ. പാട്രിക്കിന്റെ ആദ്യനിയമനം. രോഗം കണക്കിലെടുത്ത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹത്തെ അയ്‌ക്കുന്നതിന് മേലധികാരികള്‍ വിസമ്മതിച്ചു. കുടുംബജപമാല എന്ന ആശയം അപ്പോഴാണ് ഫാ.പാട്രിക്കിന്റെ മനസ്സിലേക്ക് വന്നത്. മേലധികാരികളാവട്ടെ അതിന് പൂര്‍ണ്ണ പിന്തുണയും നല്‌കി. മെത്രാന്മാര്‍, കത്തോലിക്കാ സംഘടനകള്‍ എന്നിവരെല്ലാം കുടുംബജപമാല എന്ന ആശയത്തെ പിന്തുണച്ചു. അമേരിക്കയിലെ സ്‌കൂളുകള്‍, പള്ളികള്‍ എന്നിവിടങ്ങളിലും ഫാ. പാട്രിക് തന്റെ ആശയം പങ്കുവച്ചു. അമേരിക്കയിലെങ്ങും ആവേശവും ആനന്ദവുമായി മാറിയ ജപമാല തരംഗം മറ്റ് ഭൂഖണ്‌ഡങ്ങളിലേക്കും വ്യാപിച്ചതോടെ ആധുനികമാധ്യമങ്ങളെയും ഇതിന്റെ പ്രചാരത്തിന് വേണ്ടി അദ്ദേഹം ഉപയോഗിച്ചു. റേഡിയോയിലൂടെയുള്ള ആദ്യ ജപമാല പ്രോഗ്രാമിന് 1945 ല്‍ മദേഴ്‌സ് ഡേ ദിനമായ മെയ് 13 ന് അദ്ദേഹം തുടക്കമിട്ടു. മാധ്യമങ്ങളുടെ സജീവമായ ശ്രദ്ധ ലഭിച്ചതോടെ ഫാ. പാട്രിക്കിന്റെ ശ്രദ്ധ ഹോളിവുഡിലേക്ക് തിരിഞ്ഞു. ഹോളിവുഡ് പ്രവര്‍ത്തകരോട് ആശയം പങ്കുവച്ചെങ്കിലും ആദ്യം അതിന് സ്വീകരണം ലഭിച്ചില്ല. പക്ഷേ രണ്ടാം തവണ അദ്ദേഹത്തിന്റെ പ്രയത്‌നം ഫലം കണ്ടു. ഫാമിലി തീയറ്റര്‍ എന്ന ആശയത്തിന്റെ തുടക്കമായിരുന്നുവത്. 1937 ഫെബ്രുവരി 13 ന് ആയിരുന്നു ഫാമിലി തിയറ്റര്‍ ശ്രോതാക്കളിലെത്തിയത്. കഥകളും സന്മാര്‍ഗ്ഗികോപദേശങ്ങളുമായിരുന്നു അതിന്റെ ഉള്ളടക്കം. മതാത്മകപ്രോഗ്രാം എന്ന നിലയില്‍ ദേശീയവും അന്തര്‍ദ്ദേശീയവുമായ ശ്രദ്ധ അതിന് ലഭിച്ചു. `ദ ജോയ്‌ഫുള്‍ അവര്‍' എന്ന പേരില്‍ അടുത്ത ക്രിസ്‌മസ് കാലത്ത് ഒരു ലൈവ് പ്രോഗാമും അദ്ദേഹം അവതരിപ്പിച്ചു. 1948 ല്‍ പ്രോഗ്രാമിന് വേണ്ടി ഒരു ഭവനം ഹോളിവുഡില്‍ ഫാ പെയ്‌ടണിന് ലഭിച്ചു. അത് പില്‌ക്കാലത്ത് അഡ്‌മിനിസ്‌ട്രേഷന്‍ ഓഫീസായി പരിണമിച്ചു. പന്ത്രണ്ടുവര്‍ഷക്കാലത്തോളം റേഡിയോ പ്രോഗ്രാം തുടര്‍ച്ചയായി അവതരിപ്പിക്കപ്പെട്ടു. പ്രഗത്ഭരായ നടീനടന്മാരാണ് ഓരോ തവണയും അത് അവതരിപ്പിച്ചത്. മതാത്മകനാടകങ്ങള്‍ റേഡിയോയിലൂടെ അവതരിപ്പിക്കുക എന്ന പദ്ധതി പിന്നീട് ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മ്മാണത്തിലേക്ക് വഴിമാറി. ഇക്കാലം കൊണ്ട് ഹോളിവുഡ് ചാപ്ലയിന്‍ എന്ന് ഫാ. പാട്രിക് അറിയപ്പെട്ടിരുന്നു. ജപമാല രഹസ്യങ്ങളുടെ ചിത്രീകരണം ഉള്‍പ്പെടെ പതിനഞ്ചോളം ചിത്രങ്ങള്‍ അദ്ദേഹം ഹോളിവുഡ് വിദഗ്‌ദരുടെ സഹായത്തോടെ നിര്‍മ്മിച്ചു. സുഹൃത്തുക്കളായ സമ്പന്നരാണ് നിര്‍മ്മാണച്ചെലവുകള്‍ വഹിച്ചിരുന്നത്. ഇന്നും അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകരിലെത്തുന്നു.
ഫാമിലി തീയറ്ററിന് കിട്ടിയ പ്രചാരമാണ് റോസറി ക്രൂസേഡിലേക്ക് ഫാ.പാട്രിക്കിനെ നയിച്ചത്. 1948 ഫെബ്രുവരി മുതല്‍ മെയ് വരെയായിരുന്നു ആദ്യ റോസറി ക്രൂസേഡ്. ജപമാല റാലികളും ജപമാല പ്രതിജ്ഞ അച്ചടിച്ച പ്രെയര്‍ കാര്‍ഡുകളും റോസറി ക്രൂസേഡിന്റെ ഭാഗമായിരുന്നു. `ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങള്‍ ഒന്നിച്ചുനിലനില്‌ക്കും' എന്നതായിരുന്നു ഫാ. പാട്രിക്കിന്റെ മുദ്രാവാക്യം. റോസറി ക്രൂസേഡുകളുടെയെല്ലാം ലക്ഷ്യം ഫാമിലി റോസറി (കുടുംബ ജപമാല) പ്രോത്സാഹിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു. 1951-52 കാലത്ത് ബ്രിട്ടനിലെ വെബ്ലി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച റോസറി ക്രൂസേഡില്‍ അനേകായിരങ്ങളാണ് പങ്കെടുത്തത്. നാല്‌പതുജപമാല റാലികള്‍ ഇംഗ്ലണ്ടില്‍ അരങ്ങേറി. ആറുഭൂഖണ്‌ഡങ്ങളിലും നാല്‌പതുരാജ്യങ്ങളിലുമായി മില്യന്‍കണക്കിന് ജനങ്ങളെയാണ് ഫാ. പാട്രിക് സുവിശേഷവല്‍ക്കരിച്ചത്.
ഫാ. പാട്രിക്കിന്റെ പൗരോഹിത്യസുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ജന്മനാട്ടിലാണ് അരങ്ങേറിയത്. വര്‍ണ്ണശബളമായ ഘോഷയാത്രയും ബാന്റ്‌മേളങ്ങളും അതിന്റെ പ്രത്യേകതകളായിരുന്നു. അതവസാനിച്ചതാവട്ടെ ഫാ. പാട്രിക്കിന്റെ മാതാപിതാക്കളുടെ ശവകുടീരത്തിന് മുന്നിലായിരുന്നു. പൗരോഹിത്യജൂബിലിയോടനുബന്ധിച്ചുള്ള ആ സന്ദര്‍ശനമായിരുന്നു ഫാ. പാട്രിക്കിന്റെ ജന്മനാട്ടിലേക്കുള്ള അവസാനയാത്ര. കാലിഫോര്‍ണിയായിലേക്കാണ് അദ്ദേഹം മടങ്ങിപ്പോയത്. ഒരുവര്‍ഷത്തിന് ശേഷം 83-ാം വയസിലായിരുന്നു അന്ത്യം. വളരെ ചെറിയൊരു മുറിയില്‍ ജപമാല കരങ്ങളേന്തിക്കൊണ്ടായിരുന്നു ശാന്തതയോടെയുള്ള അദ്ദേഹത്തിന്റെ കടന്നുപോകല്‍. ``മേരീ എന്റെ രാജ്ഞീ, എന്റെ അമ്മേ..'' അതായിരുന്നു ഫാ. പാട്രിക്കിന്റെ അന്ത്യമൊഴികള്‍. ശവസംസ്‌കാര കുര്‍ബാന ആരംഭിക്കുംവരെ അദ്ദേഹത്തിന്റെ മൃതശരീരത്തിന് ചുറ്റിലും നിന്ന് അനേകഭാഷകളിലുള്ള ജപമാലകള്‍ മുഴങ്ങിക്കേട്ടിരുന്നു. 2001 ല്‍ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു.
മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയിലറാകുന്ന രോഗത്തിന് അടിപ്പെട്ട ഒരു വ്യക്തിക്ക് ഫാ. പാട്രിക്കിന്റെ മാധ്യസ്ഥതയിലൂടയും ജപമാലപ്രാര്‍ത്ഥനയിലൂടെയും കിട്ടിയ അത്ഭുതകരമായ രോഗസൗഖ്യം അടുത്തയിടെ സ്ഥിരീകരിക്കപ്പെട്ടതോടെ ഫാ. പാട്രിക്കിന്റെ നാമകരണച്ചടങ്ങുകള്‍ വളരെ വേഗം പുരോഗമിക്കുമെന്ന പ്രാര്‍ത്ഥനയിലും പ്രതീക്ഷയിലുമാണ് വിശ്വാസികളും ഹോളിക്രോസ് സമൂഹാംഗങ്ങളും.
ഫാ. പാട്രിക് അള്‍ത്താരയില്‍ വണങ്ങപ്പെടുന്ന കാലം അനതിവിദൂരത്തല്ല എന്ന് നമുക്കും കരുതാം. അതോടെ ജപമാലഭക്തനായിരുന്ന ഒരു വ്യക്തികൂടി വിശുദ്ധപദവിയിലെത്തിച്ചേര്‍ന്നതില്‍ നമുക്ക് കൂടുതല്‍ സന്തോഷിക്കുകയും ചെയ്യാം. `ഒന്നിച്ചുപ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചുനിലനില്‌ക്കും' എന്നും `പ്രാര്‍ത്ഥനയുള്ള ലോകം സമാധാനമുള്ള ലോകം' എന്നും മുദ്രാവാക്യമായി സ്വീകരിച്ച ദൈവദാസന്‍ ഫാ. പാട്രിക് പേയ്‌ടണ്‍, പ്രാര്‍ത്ഥനയെ ജീവിതത്തിന്റെ ഹൃദയതാളമായി കൊണ്ടുനടന്നിരുന്ന വ്യക്തിയായിരുന്നു. ക്രിസ്‌തുവിലെത്താനുള്ള മാര്‍ഗ്ഗമായി പരിശുദ്ധ മറിയത്തെ സ്വീകരിച്ചതുകൊണ്ടാണ് മറിയത്തെ അത്ര അഗാധമായി സ്‌നേഹിക്കാന്‍ ഫാ. പാട്രിക്കിന് കഴിഞ്ഞത്.
No comments:
Post a Comment