അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday 20 November 2012

ഉത്ഥിതന്‍ നല്‍ക്കുന്ന മാറ്റങ്ങള്‍



യേശുക്രിസ്തുവിനോടൊപ്പം മരിച്ചവര്‍ അവനോടുകൂടി ഉയിര്‍ക്കുമെന്ന് റോമാ 6:4 ല്‍ നാം വായിക്കുന്നു. യേശുവിന്റെ ഉയിര്‍പ്പ് ഒരു ചരിത്രസത്യമായി നമ്മുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ അവനെ അനുഭവിച്ചറിഞ്ഞവരില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. അവന്റെ സാന്നിധ്യം അനുഭവിച്ചവരും ആ സാമീപ്യത്തില്‍ കടന്നുനില്‍ക്കുവാന്‍ ഭാഗ്യം ലഭിച്ചവരും മാറ്റം വന്ന വ്യക്തികളായി.

യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത് മഗ്ദലനമറിയത്തിനാണല്ലോ. ഉറച്ച മനസും ക്ഷമാപൂര്‍വമായ കാത്തുനില്‍പ്പും നിരന്തരമായ അന്വേഷണവും നാം ഇവളില്‍ കാണുന്നു. കാറ്റത്താടുന്ന ഞാങ്ങണകള്‍ പോലുള്ളവര്‍ക്ക് ഉറപ്പുള്ള ദൈവത്തെ അനുഭവിക്കുവാന്‍ കഴിയില്ല. ദൈവാനുഭവം ആഗ്രഹിക്കുന്നവരെല്ലാം ക്ഷമാപൂര്‍വം കാത്തിരിക്കണമെന്ന് രക്ഷാകരചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. അബ്രാഹവും മോശയും സഖറിയായുമെല്ലാം ഈ കാത്തിരിപ്പിലൂടെ കടന്നുപോയവരാണ്. ഇരുണ്ടും വെളുത്തും കടന്നുപോകുന്ന ദിനരാത്രങ്ങള്‍ക്കിടയില്‍ ദൈവസാന്നിധ്യം കടന്നുവരുമെന്ന് നാം ഉറച്ചുവിശ്വസിക്കണം. അന്വേഷണകണ്ണോടെ യാത്ര തുടരുന്നവര്‍ക്ക് ദൈവം തീര്‍ച്ചയായും തന്റെ തിരുസാന്നിധ്യം സമ്മാനിക്കും.

ഉത്ഥിതനുമായി അടുത്തിടപെടുന്ന മറ്റൊരു വ്യക്തി തോമാശ്ലീഹായാണ്. ക്രിസ്തുസാന്നിധ്യത്തിനായുള്ള അടങ്ങാത്ത ആഗ്രഹം അദ്ദേഹം ഉള്ളില്‍ സൂക്ഷിച്ചു. ഗുരുവിന്റെ വിലാപ്പുറത്തെ മുറിവുകളില്‍ വിരലിടുവാന്‍ കൊതിച്ച തോമാശ്ലീഹായെ വിശുദ്ധഗ്രന്ഥം നമുക്ക് പരിചയപ്പെടുത്തുന്നു. ആ വലിയ ആഗ്രഹത്തിന്റെ മുമ്പില്‍ വഴങ്ങി കൊടുക്കുന്ന ഗുരുവിനെയാണ് നാം കാണുന്നത്. തൊട്ടുവിശ്വസിക്കുവാനാഗ്രഹിച്ചവന്റെ ഹൃദയത്തെ തൊട്ടുകൊണ്ട് യേശു കടന്നുവരുന്നു. സംശയത്തിന്റെ ഹിമബിന്ദുക്കള്‍ ആ നിമിഷം ഉരുകി വീണു. ''കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍'' എന്ന ''ഒമ്പതാമത്തെ സുവിശേഷഭാഗ്യം'' ശ്രവിക്കുവാന്‍ തക്കവണ്ണം തോമാശ്ലീഹാ ഭാഗ്യമുള്ളവനായി മാറി. ''എന്റെ കര്‍ത്താവേ, എന്റെ ദൈവമേ'' എന്നു പറയുന്ന സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ മനുഷ്യനായി മാര്‍ തോമാശ്ലീഹാ ഇവിടെ മാറുന്നു. ക്രിസ്തുസാന്നിധ്യത്തിന്റെ വിശുദ്ധ നിശബ്ദതയില്‍ ആത്മസമര്‍പ്പണത്തിന്റെ ധന്യനിമിഷങ്ങളുയര്‍ന്നുപൊങ്ങി.


ഗലീലിയായിലെ നിരക്ഷരനായ ശിമയോന്‍ പത്രോസ് ഉത്ഥിതനെ കണ്ടുമുട്ടുന്നത് തിബേരിയൂസ് നദിയുടെ തീരത്തുവച്ചാണ്. ലോകത്തിലുള്ളവരെക്കാളും ലോകത്തിലുള്ളവയെക്കാളും അധികമായി യേശുവിനെ സ്‌നേഹിക്കുന്നവനേ അവന്റെ അജഗണത്തെ ആനയിക്കാനാവൂ എന്ന വലിയ പാഠം പത്രോസ് ഇവിടെവച്ചാണ് പഠിച്ചത്. ഉറച്ചവന്‍ എന്നര്‍ത്ഥം വരുന്ന കേപ്പയായി തിബേരിയൂസ് തീരത്ത് പത്രോസ് രൂപാന്തരപ്പെടുന്നു. വള്ളത്തേക്കാള്‍ അമരക്കാരനെ ആശ്രയിക്കുവാന്‍ പത്രോസ് തീരുമാനിക്കുന്നു. 


യോഹന്നാന്‍ കര്‍ത്താവിന്റെ കല്ലറയിലിറങ്ങി നോക്കി അന്വേഷിച്ചവനാണ് (യോഹ.20:5-6). കച്ച ചുരുട്ടിവച്ചിരിക്കുന്നതും അങ്കി മടക്കി വച്ചിരിക്കുന്നതും അവന്‍ കണ്ടു. തേജോമയമായ ദൈവദൂതരെ ശ്രവിക്കുവാനും യോഹന്നാനു ഭാഗ്യം ലഭിച്ചു. അന്ത്യഅത്താഴസമയത്ത് യേശുവിന്റെ മാറില്‍ ശിരസു ചേര്‍ത്തവനും യേശു അധികം സ്‌നേഹിച്ചവനുമായ യോഹന്നാന് ദൈവം സ്‌നേഹമാണ് എന്ന വലിയ പാഠം ഉത്ഥിതന്‍ പകര്‍ന്നു നല്‍കി.



സാവൂള്‍ ഉത്ഥിതനെ കണ്ടുമുട്ടിയത് ഡമാസ്‌ക്കസിന്റെ തെരുവീഥിയില്‍ വച്ചാണ്. തന്റെ അഹങ്കാരമെന്ന അശ്വത്തിന്റെ മുകളില്‍നിന്നും അദ്ദേഹം നിലംപതിച്ചു. ബന്ധനത്തിന്റെ ഒരു പിടി ചെതുമ്പലുകള്‍ സാവൂളില്‍നിന്നും അടര്‍ന്നുവീണു. ഒരു ഈറ്റുനോവിലൂടെ കടന്നുപോയ സാവൂള്‍ പൗലോസായി പുനര്‍ജനിച്ചു. ഉത്ഥിതനെ കണ്ടുമുട്ടിയവരിലെല്ലാം വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ അനുദിനജീവിതത്തിലനുഭവിക്കുവാന്‍ നമുക്കും കഴിയട്ടെ. ആത്മാര്‍ത്ഥമായ ആഗ്രഹവും അക്ഷീണമായ അന്വേഷണവും തീവ്രമായ സമര്‍പ്പണവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാം. ഉത്ഥാനം ചെയ്തവന്റെ ദിവ്യസാമീപ്യം നമ്മെ പുതുജീവിതത്തിലേക്കു നയിക്കട്ടെ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22