അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday 6 November 2012

ഒരു സെമിനാരിയന്റെ ഡയറിക്കുറിപ്പ്‌




ഏതാനും ദിവസങ്ങളേ ഇനിയീ ഭൂമിയില്‍ നിങ്ങള്‍ക്കുള്ളൂ എന്നറിയുമ്പോള്‍ എന്താകും നിങ്ങളെഴുതുക? മരണം കാത്തു നില്‍ക്കുന്ന ബ്രദര്‍ ആന്‍ഡ്രൂസ്‌ മരണത്തെയും ജീവിതത്തെയും വായിക്കുന്നത്‌ ഇങ്ങനെയാണ്‌....

ആന്‍ഡ്രൂ റോബിന്‍സന്‍ കേംബ്രിഡ്‌ജില്‍ ഡിഗ്രി പഠനം കഴിഞ്ഞ്‌ ജീവിതത്തിന്റെ വിശാലവഴികളിലെ കണക്കുകൂട്ടലിലായിരുന്നു ആ ദിവസങ്ങളില്‍. എന്‍ജിനീയറിങ്‌ കഴിഞ്ഞ്‌ ജോലി ഏതാണ്ട്‌ സുരക്ഷിതം. ഭാവിവധു കളിക്കൂട്ടുകാരി കൂടിയായ അയല്‍വാസി. ഇരുപത്തിയാറ്‌ വയസ്സിനിടയില്‍ സ്വന്തമായ അധ്വാനം കൊണ്ട്‌ ഒരു വീടും വാങ്ങി. ഇംഗ്ലണ്ടിലെ ബര്‍മിങ്‌ഹാമില്‍ താമസിക്കുന്ന ആന്‍ഡ്രൂ കത്തോലിക്ക വിശ്വാസത്തില്‍ ആഴപ്പെട്ട കുടുംബത്തിലെ അംഗമാണ്‌. റോബിന്‍സണ്‍-സ്റ്റെല്ല ദമ്പതികളുടെ ഇളയ സന്താനം. അങ്ങനെയിരിക്കെ, ഈ ചെറുപ്പക്കാരന്‍ ക്രിസ്‌തുവിനെ കണ്ടുമുട്ടുന്നു. അതിസ്വാഭാവികമായൊന്നും അവനില്‍ സംഭവിക്കുന്നില്ല. പക്ഷേ, ജീവിതം, അതിന്റെ ദര്‍ശനം, സ്വപ്‌നങ്ങള്‍ ഇവയൊക്കെ കീഴ്‌മേല്‍ മറിഞ്ഞു. `ക്രിസ്‌തുവിനേക്കാള്‍' ആകര്‍ഷണീയമായ ഒന്നും ഇനി ജീവിതത്തില്‍ വേണ്ട എന്ന ഉറച്ച തീരുമാനത്തില്‍ അതുകൊണ്ടെത്തിച്ചു. കരുത്തുറ്റ ശരീരവും മികവുറ്റ പഠനവും നല്ല ഒരു സ്‌പോര്‍ട്‌സ്‌ താരത്തെയും പ്രൊഫഷണലിനെയും ആന്‍ഡ്രൂവില്‍ രൂപപ്പെടുത്തിയെങ്കിലും ക്രിസ്‌തു അവന്‌ മതിയായവനായി. അങ്ങനെ 1997 ഒക്ടോബറില്‍ ബിര്‍മിങ്‌ഹാമിലെ സെന്റ്‌ മേരീസ്‌ സെമിനാരിയില്‍ പ്രവേശിച്ചു. പ്രാര്‍ത്ഥനയും ധ്യാനവും പഠനവുമായി കര്‍ത്താവിന്റെ പുരോഹിതനെന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തി ആന്‍ഡ്രൂ കുതിച്ചുപാഞ്ഞു. എന്നാല്‍ ദൈവത്തിന്റെ വഴികള്‍ ആരുകാണുന്നു? അവിടുത്തെ സ്വപ്‌നങ്ങള്‍ ആര്‌ മനസ്സിലാക്കുന്നു?

2000 ജൂലൈയിലാണ്‌ അത്‌ നടന്നത്‌. ചില ശാരീരിക അസ്വസ്ഥതകള്‍ തോന്നിയതുകൊണ്ട്‌ പരിശോധനയ്‌ക്ക്‌ പോയതാണ്‌. ചെറുപ്പക്കാരില്‍ വിരളമായി മാത്രം കാണുന്ന പ്രത്യേകതതരം കാന്‍സര്‍! എണ്ണപ്പെട്ട ആഴ്‌ചകളേ മുന്നിലുള്ളൂ എന്ന്‌ ഡോക്ടര്‍മാര്‍. കാന്‍സര്‍ അതിന്റെ അവസാനഘട്ടത്തിലാണ്‌. ഏതൊരു വ്യക്തിയെയും കുടുംബത്തെയും എന്ന പോലെ ആന്‍ഡ്രൂവിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും ഈ വാര്‍ത്ത ഒട്ടേറെ വേദനിപ്പിച്ചു. രോഗം ഒറ്റപ്പെടുത്തുന്നവനെ ആര്‍ക്ക്‌ ആശ്വസിപ്പിക്കാനാകും? ആശുപത്രികള്‍ ഒന്നൊന്നായി കയറിയിറങ്ങുന്നു. സ്‌കാനിങ്‌, റേഡിയേഷന്‍ സെന്ററുകള്‍ വേറെയും. കീമോതെറാപ്പിയുടെ അസ്വസ്ഥതയും ക്ഷീണവും അസഹനീയം തന്നെ. ആശ്വാസവാക്കുകളൊന്നും കാന്‍സര്‍ ഒറ്റപ്പെടുത്തുന്നവന്റെ ജീവിതത്തില്‍ ഒരാശ്വാസവും നല്‍കാറില്ല എന്ന്‌ ആന്‍ഡ്രൂസും മനസ്സിലാക്കി. ഇനി രണ്ട്‌ സാധ്യതകള്‍ അവന്‌ മുമ്പിലുണ്ട്‌. ശിഷ്ടജീവിതം ശപിച്ചുതള്ളി വേദനയുടെ കയത്തില്‍ മനസ്സുടക്കി ജീവിതത്തിന്റെ എക്‌സിറ്റ്‌ കടക്കാം. അല്ലെങ്കില്‍ ഇനിയുള്ള നാളുകള്‍ ദാനങ്ങളെ ധ്യാനിച്ച്‌ കൂദാശകളും സ്വീകരിച്ച്‌ മരണത്തിനൊരുങ്ങാം. രോഗം അനാഥമാക്കുന്ന ജീവിതങ്ങളെ ദൈവം സനാഥമാക്കുന്നതു കാണാറുണ്ട്‌. വേദന ഒറ്റപ്പെടുത്തിയ ജീവിതങ്ങളെ കൃപയുടെ ആശീര്‍വാദം ആഞ്ഞ്‌ പുല്‍കുന്നത്‌ കണ്ടിട്ടുണ്ട്‌. ഇത്‌ വായിക്കുന്ന നിങ്ങളും ഒരു രോഗിയാകാം, പീഡിതനാകാം, ഒറ്റപ്പെട്ടവനാകാം. ആന്‍ഡ്രൂസിന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ വിന്‍സന്റ്‌ നിക്കോളാസ്‌ കൊടുത്ത ഉപദേശമേ നമുക്കും നല്‍കപ്പെടുന്നുള്ളൂ. ജീവിതത്തിന്റെ നാള്‍വഴികള്‍ എഴുതുക. വേദനയുടെ രാവില്‍, ഏകാന്തതയുടെ നിശബ്ദതയില്‍, ഉപേക്ഷയുടെ ഒറ്റപ്പെടലില്‍, മെഡിക്കല്‍ സയന്‍സിന്റെ നിസഹായതയില്‍ നിങ്ങള്‍ വിശ്വാസത്തിന്റെ യാത്ര നിര്‍ത്തരുത്‌. അതെഴുതണം; പ്രാര്‍ത്ഥനയാക്കണം. ശിഷ്ടദിനങ്ങളെ ആന്‍ഡ്രൂസ്‌ ഡയറിയില്‍ പകര്‍ത്തിയത്‌ പങ്കിടുകയാണിവിടെ. ഏതാനും ദിവസങ്ങളേ ഇനിയീ ഭൂമിയില്‍ നിങ്ങള്‍ക്കുള്ളൂ എന്നറിയുമ്പോള്‍ എന്താകും നിങ്ങളെഴുതുക? 


ആന്‍ഡ്രൂസിന്റെ ഡയറിയിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍...

(17 ജനുവരി 2001): 

എന്റെ രോഗത്തെക്കുറിച്ച്‌ ഞാനെന്റെ സഹോദരസെമിനാരിക്കാരനോട്‌ പങ്കിട്ടു. വയറില്‍ ശക്തമായ വേദനയുണ്ടായിരുന്നു. കുത്തിക്കുത്തിയുള്ള നോവ്‌. മറ്റുള്ളവരുടെ മുമ്പില്‍ കരയാന്‍ ആവില്ലല്ലോ. ഞാന്‍ ചിരിച്ചുകൊണ്ട്‌ എന്റെ വിശേഷങ്ങള്‍ പറഞ്ഞു. ഞാന്‍ ചിരിക്കുമ്പോള്‍, അവരില്‍ ചിലര്‍ അടക്കിപ്പിടിച്ച്‌ കരയുന്നത്‌ ഞാന്‍ കണ്ടിരുന്നു. എന്റെ ഉള്ളം കരയുന്നത്‌ അവര്‍ അറിഞ്ഞിരിക്കണം. ചര്‍ച്ച കഴിഞ്ഞപ്പോള്‍ സായാഹ്നപ്രാര്‍ത്ഥനയ്‌ക്ക്‌ പോയി. ഇരുപത്തിയൊന്‍പതാം സങ്കീര്‍ത്തനം ഏറ്റുപാടി. `നീ എന്നെ രക്ഷിച്ചു; അതുകൊണ്ട്‌ ഞാന്‍ ചിരിച്ചു, ചിരിച്ചുകൊണ്ടേയിരുന്നു.' വലിയൊരാശ്വാസം പോലെ. എനിക്ക്‌ കാന്‍സറാണെന്ന്‌ അറിഞ്ഞദിവസം മുതല്‍ ഞാന്‍ ഈ സങ്കീര്‍ത്തനം ആലപിക്കാറുണ്ട്‌. എന്റെ ദൈവത്തിന്‌ എന്നെ ആവശ്യമുണ്ട്‌. അതുകൊണ്ട്‌ എന്റെ പ്രതീക്ഷയും നിരാശതയും ഇച്ഛയും ഇച്ഛാഭംഗങ്ങളും സന്തോഷവും ദുഃഖവും അവന്‌ നല്‍കുന്നു. രോഗസൗഖ്യത്തിനായി എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്‌. പക്ഷേ അതിലേറെ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌ ദൈവമേ നിന്റെ ഇഷ്ടം എന്നില്‍ നിറവേറ്റണമേ എന്നാണ്‌; എന്റെ കുരിശ്‌ സന്തോഷത്തോടെ വഹിക്കാന്‍ എന്നെ ബലപ്പെടുത്തണേ എന്നാണ്‌. ശരീരത്തില്‍ വേദനയ്‌ക്ക്‌ വലിയ ആശ്വാസം തോന്നുന്നുണ്ട്‌, ഇപ്പോള്‍.

(20 ജനുവരി): 

കഴിഞ്ഞ ചില ദിവസങ്ങളില്‍ ഡയറി എഴുതാനേ കഴിഞ്ഞില്ല. പുതുവര്‍ഷത്തിന്റെ ചിന്ത ഇന്നും എനിക്കുണ്ടായി. ദൈവം ഈ പുതിയവര്‍ഷത്തില്‍ നല്‍കുന്ന സമ്മാനമെന്താണ്‌? ഒരുപക്ഷേ രോഗത്തെ സ്വീകരിക്കുക എന്ന സമ്മാനമാകാം. എന്തായാലും ദൈവം എന്നെ ഉപേക്ഷിക്കില്ല. അതെനിക്കുറപ്പാണ്‌. എങ്കിലും കീമോതെറാപ്പിയുടെ വിഷമങ്ങളുമായി അഡ്‌ജസ്റ്റ്‌ ചെയ്യാന്‍ എനിക്കാവുന്നില്ല. ചീട്ടുകളിക്കാമെന്ന്‌ പറഞ്ഞ്‌ ഭക്ഷണത്തിനുശേഷം കൂട്ടുകാര്‍ വന്നു. എന്നെ സന്തോഷിപ്പിക്കാനാവണം. അവര്‍ക്കൊപ്പം കളിച്ചു. കുറേസമയം വിശ്രമിച്ചു. എന്റെ അനുജന്‍ റിച്ചാര്‍ഡിന്റെ ജന്മദിനമാണിന്ന്‌. അവനുമൊപ്പം ബലിയര്‍പ്പിക്കാന്‍ പോയി. എന്തെന്നറിയില്ല, പതിവില്ലാത്ത വേദന അപ്പോഴുണ്ടായിരുന്നു. ജനങ്ങള്‍ക്കൊപ്പം ഇരിക്കാന്‍ കഴിയാത്തതുകൊണ്ട്‌ ഒരല്‌പം മാറി ദേവാലയത്തിന്റെ വലതുഭാഗത്തിരുന്നു. ആരെല്ലാം എന്നെ നോക്കുന്നുണ്ടോ, അവരെയൊക്കെ നോക്കി പുഞ്ചിരിച്ചു. എന്റെ വേദന ഞാനും എന്റെ ദൈവവും മാത്രം അറിഞ്ഞാല്‍ മതി. ഇന്ന്‌ കുര്‍ബാനയ്‌ക്കിടയിലെ ഓശാനഗാനം പാടുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. ഇരുപത്തിയെട്ട്‌ വയസ്സുള്ള ഞാന്‍ കാന്‍സറിന്റെ പിടിയിലാണെന്നറിഞ്ഞിട്ട്‌ ആറ്‌ മാസം കഴിഞ്ഞു. ഏറിയാല്‍ ഇനി ഒരാറുമാസം കൂടി. രാത്രിയില്‍ ഞാനറിയാതെ കണ്ണീരില്‍ കിടക്ക നനയുമ്പോഴും പ്രഭാതത്തില്‍ ആനന്ദത്തോടെ എന്റെ ദൈവത്തെ സ്‌തുതിക്കാന്‍ മറന്നിട്ടില്ല. സഹനമാണ്‌ ദൈവത്തിനിഷ്ടമായ ബലികളിലൊന്ന്‌. ക്രിസ്‌തുവിനൊപ്പം ഞാനും കുരിശിലാണെന്ന്‌ എനിക്ക്‌ തോന്നി. ദൈവത്തിന്റെ കരുണയും സ്‌നേഹവും എനിക്കിനിയും ആവശ്യമുണ്ട്‌. ഉറക്കംവരുന്നു.

(28 ജനുവരി) 

എന്റെ ശവസംസ്‌കാരത്തെക്കുറിച്ച്‌ ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്‌. നല്‌കപ്പെട്ടിരിക്കുന്ന നന്മകളെക്കുറിച്ച്‌ ഇനിയും നന്ദി പറഞ്ഞാല്‍ മതിവരില്ല. വിശ്വാസത്തില്‍ ആഴപ്പെട്ട കുടുംബം, മാതാപിതാക്കള്‍, നല്ലൊരു ദൈവവിളി ഇവയൊക്കെ എല്ലാവര്‍ക്കും ലഭിക്കുന്നതല്ലല്ലോ. എന്റെ സഹനം നിര്‍ഭാഗ്യകരമല്ല. എനിക്കിഷ്‌ടമായ സഹനത്തിന്റെ ഹീറോ പാദ്രെപിയോ ആണ്‌. ആ പുണ്യമനുഷ്യന്‍ ജീവിച്ചിടത്ത്‌ പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍. കാന്‍സര്‍ എന്റെ ചെസ്റ്റിലും ബാധിച്ചതായി എനിക്ക്‌ തോന്നി. ഈ രോഗത്തിന്റെ ഏറ്റവും ദുരന്തമായ അവസ്ഥയിലൂടെപ്പോലും കടത്തിവിടാന്‍ ഈശോ ആഗ്രഹിക്കുന്നുണ്ടോ, ആവോ. ശാരീരികമായ സുഖത്തില്‍ ഒരു രാത്രിപോലും സ്വസ്ഥമായുറങ്ങാന്‍ ആവില്ലെന്ന അറിവ്‌ എന്നെ ചെറിയ നിരാശയ്‌ക്ക്‌ തള്ളിവിടുന്നുണ്ട്‌. അതേ സമയം ഈശോയ്‌ക്കൊപ്പം മരിച്ച്‌ അവനില്‍ ഒന്നാകാമെന്ന ചിന്ത ആശ്വാസവും നല്‌കുന്നുണ്ട്‌. ഞാന്‍ സ്‌നേഹിക്കുന്നവയെ ക്രിസ്‌തുവിനെപ്രതി മാറ്റിവയ്‌ക്കാനാവാത്തതാണ്‌ എന്റെ നിരാശയുടെ കാരണം. അതെനിക്കറിയാം. എനിക്കിഷ്‌ടമായ വിനോദങ്ങള്‍, കൂട്ടുകാര്‍, മാതാപിതാക്കള്‍ ഇവരെയൊക്കെ എന്നില്‍ നിന്ന്‌ അകറ്റി അവിടുന്നെന്നെ വിളിക്കുമ്പോഴുള്ള വേദനയാണിത്‌. വിലകൊടുക്കാത്ത സ്‌നേഹമില്ല. ദൈവത്തിന്റെ സ്‌നേഹത്തിനായി അവിടുന്ന്‌ ചോദിക്കുന്ന വില ഞാന്‍ കൊടുത്തേ തീരു. പലവിധ ചിന്തകള്‍ എനിക്ക്‌ ഉണ്ടായി. ഈ രോഗം ദൈവം അനുവദിക്കുന്നതാണെങ്കില്‍ ഞാന്‍ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണമോ? ഞാന്‍ കൂടുതല്‍ ഈശോയെ നിര്‍ബന്ധിച്ച്‌ സൗഖ്യം സ്വീകരിക്കാന്‍ നോക്കുന്നത്‌ എന്റെ തന്നിഷ്‌ടമല്ലേ? അല്ല, എന്തായാലും ഞാന്‍ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണം. കാരണം, സൗഖ്യം ശാന്തിയും സമാധാനവും നല്‌കുമെനിക്ക്‌. ശാരീരികസൗഖ്യം സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യട്ടെ. ഇന്നു ഞാന്‍ മാലാഖമാരും വിശുദ്ധന്മാര്‍ക്കുമൊപ്പം ദൈവത്തെ വാഴ്‌ത്തുന്നു. കാരണം, അവന്‍ എനിക്ക്‌ സൗഖ്യം തന്നു.

(4 ഫെബ്രുവരി) 

കാന്‍സര്‍ വാര്‍ഡിലായിരുന്നു ഇന്നു മുഴുവന്‍. ഇന്നലെവരെയുള്ള സമാധാനമൊക്കെ ഇന്ന്‌ പൊയ്‌മറഞ്ഞതുപോലെ. കീമോ നേരെ ചൊവ്വേ എടുക്കാന്‍ പറ്റുന്നില്ല. എന്റെ നമ്പര്‍ പതിഞ്ഞ `ഹണിമൂണ്‍' കുപ്പായം ഞാന്‍ ഇട്ടു. ഈ വാര്‍ഡിലെ എല്ലാവര്‍ക്കുമുണ്ട്‌ ഈ വിധമുള്ള ഒരു കുപ്പായം. രണ്ട്‌ ബഡ്ഡിനിടയിലാണ്‌ എന്റേത്‌. ഒരു വശത്ത്‌ ഇന്ന്‌ രാത്രിയില്‍ തന്നെ മരിച്ചേക്കുമോ എന്ന്‌ ഭയപ്പെട്ടു കഴിയുന്ന ഒരു ജപ്പാന്‍കാരന്‍. അപ്പുറത്ത്‌ വശത്ത്‌ കുഴല്‍കൊണ്ട്‌ ശരീരം മുഴുവന്‍ നിറഞ്ഞിട്ടുള്ള ഏതോ ഒരു സാധു മനുഷ്യന്‍. അയാളെ നോക്കാനും കൂടെ നില്‍ക്കാനും പോലും ആളില്ല. ചുമയ്‌ക്കുന്നതും കരയുന്നതും ഞരങ്ങുന്നതുമൊക്കെ കേള്‍ക്കാം. ഈ കൂട്ടത്തില്‍ കിടന്ന്‌ ഞാനെന്റെ `നൈറ്റ്‌ വിജില്‍' നടത്തി. ശ്വാസോച്ഛാസത്തിനു തടസ്സമുണ്ടായതുകൊണ്ട്‌ എനിക്കും ഓക്‌സിജന്‍ തന്നു. അവിടെ നിന്നു പുറത്ത്‌ കടന്നപ്പോള്‍ കോണ്‍സെന്റേഷന്‍ ക്യാമ്പ്‌ വിട്ട പ്രതീതിയായിരുന്നു. പാദ്രെ പിയോയെ ധ്യാനിച്ച്‌ ആ ആശുപത്രി ഞാന്‍ വിട്ടു. ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ``ദൈവമേ, എനിക്ക്‌ തന്ന നിരാശയ്‌ക്കും സ്‌നേഹത്തിനും ഒത്തിരി നന്ദി. സഹനത്തെ സ്വീകരിക്കാന്‍ കഴിഞ്ഞതിന്‌ നന്ദി. എനിക്കൊപ്പം വാര്‍ഡില്‍ കഴിയുന്നവര്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിന്റെ സ്‌നേഹത്തെ എനിക്കു ചുറ്റും കഴിയുന്ന ഈ രോഗികള്‍ക്ക്‌ നീ മനസ്സിലാക്കി കൊടുക്കണമേ. യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച്‌ എന്നെ നോക്കുന്ന ഡോക്‌ടര്‍മാരോടും നഴ്‌സുമാരോടും പറയാന്‍ കഴിഞ്ഞതിന്‌ നന്ദി. വിശുദ്ധ പാദ്രെ പിയോ ഞാന്‍ നിനക്കൊപ്പം വരുന്നു, സ്‌നേഹിക്കാനും മറ്റുള്ളവരെ അനുഗ്രഹിക്കാനും. ദൈവമേ നീ വലിയവനാണ്‌.

(5 ഫെബ്രുവരി): 

അങ്ങനെ പാദ്രെ പിയോ എന്ന പുണ്യമനുഷ്യന്‍ ജീവിച്ച വസതിയില്‍ ഞാനിന്ന്‌ കാലുകുത്തി. ഞാന്‍ രോഗിയല്ലായിരുന്നെങ്കില്‍ എനിക്കിവിടെ എത്തിപ്പെടാന്‍ ആകുമായിരുന്നില്ല. മനോഹരമായ ദൈവാനുഭവത്തില്‍ നീന്തിത്തുടിക്കാന്‍ കഴിയുമായിരുന്നില്ല. ഒന്നും കാണാതെ ദൈവം എന്നെ രോഗിയാക്കില്ല. പാദ്രെ പിയോ ബലി അര്‍പ്പിച്ചിടത്ത്‌ ഞങ്ങളും ബലിയര്‍പ്പിച്ചു. എന്തൊരു സൗഭാഗ്യം. ആദ്യവായന ഞാന്‍ നടത്തി, ബലിക്കിടയില്‍. തുടര്‍ന്ന്‌ ഒരു ജപമാലയും ചൊല്ലി. പരിശുദ്ധ അമ്മയുടെ മുഖം ക്ഷീണിതമായിരിക്കുന്നതുപോലെ എനിക്ക്‌ തോന്നി. എന്റെ വേദനയില്‍ അവളും പങ്കുചേരുന്നതായി എനിക്ക്‌ അനുഭവപ്പെട്ടു. പാദ്രെ പിയോ പഞ്ചക്ഷതങ്ങള്‍ സ്വീകരിച്ച കുരിശിന്‌ കീഴെയിരുന്ന്‌ ഞാനും പ്രാര്‍ത്ഥിച്ചു. ഇനി ഒരല്‌പം വിശ്രമം. കുരിശിന്റെ അര്‍ത്ഥം നാം ഗ്രഹിച്ചില്ലെങ്കില്‍ ക്രിസ്‌തുവിനെ നമുക്കു മനസ്സിലാക്കാനാകില്ല. നമ്മുടെ സഹനങ്ങളുടെ അര്‍ത്ഥവും പിടികിട്ടില്ല. പാദ്രെ പിയോ സഹനത്തെ മാനിച്ചു. ഇന്നിതാ അദ്ദേഹത്തിന്റെ സഹനം ഒരുപാട്‌ പേര്‍ക്ക്‌ ക്രിസ്‌തുവിന്റെ സനഹത്തിലെ പങ്കുപറ്റലാകുന്നു. പാദ്രെ പിയോയുടെ മധ്യസ്ഥത്താല്‍ ഞാന്‍ സൗഖ്യപ്പെട്ടാല്‍ ക്രിസ്‌തുവിനെ മഹത്വപ്പെടുത്തും. ഇനി സൗഖ്യപ്പെട്ടില്ലെങ്കിലും മഹത്വപ്പെടുത്തും. കാരണം ദൈവത്തിന്റെ ഇഷ്‌ടം എന്നില്‍ നിറവേറ്റുക മാത്രമാണ്‌ എന്റെ ഇഷ്‌ടം. എനിക്ക്‌ മറ്റൊന്നും വേണ്ട. ഈ ദിവസത്തിന്റെ ക്ലൈമാക്‌സ്‌ മനോഹരമായിരുന്നു. ഫാ. എമിലിന്റോ ഞങ്ങളെ ആശീര്‍വദിക്കാനെത്തി. ഒരു വലിയ അലമാരയുടെ വലിപ്പ്‌ തുറന്ന്‌ അതില്‍ നിന്നും കൊച്ചു ചെപ്പെടുത്തു. പാദ്രെ പിയോയുടെ പഞ്ചക്ഷതങ്ങള്‍ പതിഞ്ഞ കൈയുറയാണിത്‌. അദ്ദേഹം അതെടുത്ത്‌ ഞങ്ങളെ ആശീര്‍വദിച്ചു. സ്വര്‍ഗ്ഗീയ ആനന്ദത്താല്‍ ഞാന്‍ നിറഞ്ഞു.

പാദ്രെ പിയോയുടെ ശവകുടീരത്തിനടുത്ത്‌ ഇരുന്ന്‌ പ്രാര്‍ത്ഥിച്ചപ്പോള്‍ ശാരീരികസൗഖ്യം ലഭിച്ചതുപോലെ തോന്നി. ശരീരത്തില്‍ വേദനയുള്ളിടത്ത്‌ ശക്തിയില്‍ അമര്‍ത്തി. എന്റെ കാന്‍സര്‍ മാറിയോ? ഇല്ല കാന്‍സര്‍ ഇപ്പോഴുമുണ്ട്‌. പക്ഷേ, ഈ രോഗത്തിന്റെ ദൈവനിയോഗം ഞാനിന്ന്‌ അറിയുന്നു.

(17 മാര്‍ച്ച്‌) 

എന്റെ അവസാന കുമ്പസാരത്തിനൊരുങ്ങി. എന്റെ വിശുദ്ധി എനിക്ക്‌ കൈമോശം വന്നിട്ടുണ്ട്‌. ഒരു വൈദിക വിദ്യാര്‍ത്ഥിക്കടുത്ത ദൈവസ്‌നേഹം എനിക്കില്ലാതെപോയി. എന്റെ മനോവികാരങ്ങളെ നിയന്ത്രിക്കാന്‍ പലപ്പോഴും എനിക്കായിട്ടില്ല. എന്റെ ആത്മീയ ഗുരുവിന്റെ മുമ്പില്‍ തലകുനിച്ചു. ദൈവത്തിന്‌ പൊറുക്കാനാവാത്ത പാപങ്ങളില്ല. ഇനി ഒന്നുണ്ടെങ്കില്‍ തന്നെ ദൈവത്തിന്റെ ക്ഷമ സ്വീകരിക്കാത്തത്‌ എന്ന പാപമാകും അത്‌. ദൈവത്തിന്റെ കരുണയില്‍ ഞാന്‍ എല്ലാം അര്‍പ്പിച്ചു. ഞാന്‍ കരഞ്ഞു. പാപത്തിന്റെ നോവ്‌ അറിയാവുന്നവര്‍ ശാരീരിക നോവിനെക്കുറിച്ചാകില്ല കൂടുതല്‍ കരയുന്നത്‌. എനിക്കെന്റെ ദൈവത്തെ ഇനിയും സ്‌നേഹിക്കണം.

(31 മാര്‍ച്ച്‌) 

നിങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക എളുപ്പമല്ല. ഞാന്‍ കണക്കുകൂട്ടിയതിനെക്കാള്‍ മരണമെന്റെ സമീപത്തുണ്ട്‌. സ്വാഭാവികമായി മലമൂത്രവിസര്‍ജ്ജനം നടത്താനാകുന്നില്ല. അവര്‍ പ്രത്യേകം പൈപ്പുകളിട്ടു. പലപ്രാവശ്യം ശ്രമിച്ചിട്ടും പൈപ്പുകള്‍ ശരിയാകുന്നില്ല. നല്ല വേദന. കരയാന്‍ തോന്നി. പെട്ടെന്ന്‌ ഒരു ഓപ്പറേഷന്‍ വേണമെന്ന്‌ പറഞ്ഞു. എന്റെ മനസ്സ്‌ അതിന്‌ ഒരുങ്ങിയിരുന്നില്ല. ഒരുങ്ങാന്‍ എല്ലാത്തിനും സമയം നല്‌കപ്പെട്ടു എന്ന്‌ വരില്ല. പ്രത്യേകിച്ചും കാന്‍സര്‍ രോഗിയായ എനിക്ക്‌. ഞാനാകെ തളര്‍ന്നു വീഴുന്നതുപോലെ. മമ്മി മാറിയിരുന്ന്‌ ഏങ്ങിയേങ്ങി കരയുന്നത്‌ കാണാമായിരുന്നു. ഇനി പ്രതീക്ഷയുടെ വാക്കുകള്‍ക്കൊണ്ട്‌ ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാനാകില്ല. സാഹചര്യങ്ങള്‍ പൊടുന്നനെ കൂടുതല്‍ വഷളാകുന്നതായി എനിക്ക്‌ തോന്നി. നിരാശ എന്നെയും കീഴ്‌പ്പെടുത്തുന്നതുപോലെ. ഒന്നും കഴിക്കാന്‍ തോന്നുന്നില്ല. കഴിക്കുന്നതൊക്കെ ഛര്‍ദ്ദിക്കും. വിസര്‍ജനം നടത്താന്‍ സുഖമായ വഴിയുമില്ല. എന്റെ ദൈവമേ എന്നെ തളര്‍ത്തരുതേ.. എന്റെ വേദന മറച്ചുവയ്‌ക്കാന്‍ ഞാന്‍ ഏറെ കഷ്‌ടപ്പെട്ടു, ഈ ദിവസം. ഇക്കഴിഞ്ഞ ദിവസം ബഹുമാന്യനായ ആര്‍ച്ച്‌ ബിഷപ്‌ വിന്‍സെന്റ്‌ നിക്കോളാസ്‌ എന്നെ കണ്ടപ്പോള്‍ തിരുപ്പട്ടത്തിന്റെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. എങ്ങനെ എവിടെ വച്ച്‌ എന്ന്‌ എന്നൊക്കെ ഞങ്ങള്‍ സംസാരിച്ചു. ഞാന്‍ പെട്ടെന്നുതന്നെ തിരുപ്പട്ടം സ്വീകരിക്കുമെന്നവര്‍ കരുതി. എന്റെ സ്വപ്‌നം മുഴുവന്‍ അതിലായിരുന്നു. ഏതൊരു വൈദികവിദ്യാര്‍ത്ഥിയുടെ പോലെ തന്നെ. എന്റെ മരണത്തിന്റെ കാലൊച്ച ഇന്നെന്റെ സ്വപ്‌നങ്ങള്‍ക്ക്‌ മുകളിലാണ്‌. എങ്ങനെ ശാന്തമായി മരിക്കാം എന്നായി പിന്നെ എന്റെ ചിന്ത. മമ്മിയുടെയും ഡാഡിയുടെയും കരച്ചില്‍ ഏറെ വിഷമിപ്പിച്ചു ഇന്നെന്നെ. ഞാന്‍ എങ്ങനെ ആശ്വസിപ്പിക്കും. മകന്റെ തിരുപ്പട്ടം കാത്തിരിക്കുകയായിരുന്നല്ലോ അവര്‍. ഒരാള്‍ക്കും മറ്റൊരാളെ പൂര്‍ണ്ണമായും ആശ്വസിപ്പിക്കാനാകില്ല. കുരിശുയാത്രയിലെ നാലാം സ്ഥലം ഓര്‍മ്മ വന്നു. അമ്മയും മകനും കണ്ടുമുട്ടുന്നത്‌. ആര്‌ ആരെ ആശ്വസിപ്പിക്കും. ഞാന്‍ ഏതാണ്ട്‌ മരിച്ചു കഴിഞ്ഞുവോ. എനിക്കെന്റെ ചിന്തകളെ ക്രമപ്പെടുത്തുവാന്‍ കഴിയുന്നില്ല. ഞാന്‍ ദൈവപരിപാലനയില്‍ തന്നെ ആശ്രയിച്ചു. ദൈവമാണെന്നെ പുരോഹിതവേലയ്‌ക്ക്‌ വിളിച്ചത്‌. അവിടുന്നെന്നെ കുറെക്കൂടി സ്‌നേഹത്തോടെ വളരെ നേരത്തെ തന്നെ അവിടുത്തെ സ്‌നേഹത്തിലേക്ക്‌ ക്ഷണിക്കുന്നു. സ്‌നേഹിക്കാനാണ്‌ പുരോഹിതനാകുന്നതെങ്കില്‍ കൂടുതല്‍ സ്‌നേഹിക്കാനാണ്‌ ദൈവമെന്നെ നേരത്തെ വിളിക്കുന്നത്‌. ഞാന്‍ തിരുപ്പട്ടം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്‌തേക്കാം. പക്ഷേ എന്റെ മനസ്സ്‌ ദൈവത്തിലുണ്ട്‌. ഇന്നിപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കട്ടെ ദൈവമേ, നീയെന്നെ രക്ഷിച്ചു. നിന്നെ ഞാന്‍ മഹത്വപ്പെടുത്തട്ടെ. എന്റെ ആത്മാവ്‌ നിന്നില്‍ ആഹ്ലാദിക്കട്ടെ.

25,26 ഏപ്രില്‍

 ദിവസങ്ങളിലെ ഡയറി എഴുതുന്നത്‌ ബ്രദര്‍ ആന്‍ഡ്രൂസിന്റെ അമ്മ സ്റ്റെല്ലയാണ്‌. ആന്‍ഡ്രൂസ്‌ അന്ത്യനിമിഷങ്ങളിലേക്ക്‌ കടന്നു കഴിഞ്ഞു. കുറേശ്ശേ നനവുള്ള തുണിയില്‍ കൊടുക്കുന്ന വെള്ളം കുടിക്കാനേ ഇന്ന്‌ പറ്റുന്നുള്ളൂ. രോഗീിലേപനത്തിന്‌ വൈദികനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. ഫാ. മെര്‍വിന്‍ ഓടിയെത്തി. നമസ്‌കാരത്തിന്റെ പുസ്‌തകം കൊണ്ടുവരാന്‍ ആംഗ്യം കാട്ടി. വിശ്വാസപ്രഘോഷണത്തിന്റെ ആ ഇഷ്‌ടസങ്കീര്‍ത്തനം പാടാന്‍ മനസ്‌ കൊതിക്കുന്നു. മോര്‍ഫിന്‍ കഴിച്ച്‌ ശരീരമാകെ തളര്‍ന്നു പോയതുകൊണ്ട്‌ വാക്കുകള്‍ ഉച്ചരിക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും അവശേഷിച്ച ശക്തിയാര്‍ജ്ജിച്ച്‌ സങ്കീര്‍ത്തനം വായിക്കാന്‍ തുടങ്ങി. ചിലപ്പോള്‍ ഒരു വാചകം തന്നെ പല പ്രാവശ്യം ആവര്‍ത്തിച്ചു. സഹോദരി മരിയ സമീപത്തിരുന്ന്‌ വാവിട്ട്‌ കരഞ്ഞു. എന്റെ കാവല്‍മാലാഖേ എന്ന്‌ ആന്‍ഡ്രൂസ.്‌ അല്ല, നീയാണ്‌ ഞങ്ങളുടെ മാലാഖയെന്ന്‌ മരിയ. ആന്‍ഡ്രൂസിന്റെ ഇഷ്‌ടസങ്കീര്‍ത്തനം മരിയ ഏറ്റു പാടി.

കര്‍ത്താവേ ഞാനങ്ങയെ പാടിപ്പുകഴത്തും. അവിടുന്ന്‌ എന്നെ രക്ഷിച്ചു. എന്റെ ദൈവമായ കര്‍ത്താവേ, ഞാനങ്ങയോട്‌ നിലവിളിച്ച്‌ അപേക്ഷിച്ചു. അവിടുന്ന്‌ എന്നെ സുഖപ്പെടുത്തുകയും ചെയ്‌തു. മരണഗര്‍ത്തത്തില്‍ പതിച്ചവരുടെ ഇടയില്‍ നിന്ന്‌ എന്നെ ജീവനിലേക്ക്‌ ആനയിച്ചു. രാത്രിയില്‍ വിലാപമുണ്ടായേക്കാം; എന്നാല്‍ പ്രഭാതത്തില്‍ സന്തോഷത്തിന്റെ വരവായി.

ആന്‍ഡ്രൂസിന്റെ അവസാനത്തെ ദിവസം: ശരീരം അനക്കാന്‍ കഴിയാത്ത അവസ്ഥയിലായി. അവന്‍ എന്നോടു പറഞ്ഞു. വസ്‌ത്രം ഉരിഞ്ഞുമാറ്റിയ ഈശോയെ ഞാന്‍ കാണുന്നു. അവിടുത്തെ കുരിശിന്റെ വേദന ഞാനിപ്പോള്‍ അറിയുന്നു. വീട്ടിലേക്കു കൊണ്ടുപോകാമെന്നു അധികാരികളും ആശുപത്രി അധികൃതരും അറിയിച്ചു. ആന്‍ഡ്രൂസിനെ സ്വീകരിക്കാന്‍ കൊടിയും ബാനറുകളുമായി യൂത്ത്‌ സുഹൃത്തുക്കള്‍ അണിനിരന്നിരുന്നു. അതൊന്നും ആസ്വദിക്കാന്‍ അവന്‌ കഴിയുമായിരുന്നില്ല. രാത്രി പത്ത്‌ മണി ആയപ്പോള്‍ കുര്‍ബാന വേണമെന്ന്‌ അവന്‍ പറഞ്ഞു. ഫാ. മാര്‍ക്ക്‌ ഓടിയെത്തി. ആന്‍ഡ്രൂസിന്റെ ശ്വസനം ക്രമംതെറ്റിക്കഴിഞ്ഞിരിക്കുന്നു. മൂന്നു വൈദികര്‍ ചേര്‍ന്ന്‌ ബലിയര്‍പ്പിച്ചു. ബലിയര്‍പ്പകനാകാന്‍ കഴിഞ്ഞില്ലെങ്കിലും ആന്‍ഡ്രൂസ്‌ അവിടെ ബലി വസ്‌തുവായി. `ആമേന്‍' എന്ന്‌ ആ ചുണ്ടുകള്‍ അപ്പോഴും പറയുന്നുണ്ടായിരുന്നു. ഒരു കുടുംബം മുഴുവന്‍ മരണത്തിനായി കാത്തുകിടക്കുന്ന മകനായി പ്രാര്‍ത്ഥിക്കുന്നത്‌ ആദ്യമായി കാണുന്നതാണെന്ന്‌ അവിടെയെത്തിയ ഹിന്ദുവായ ആ ഡോക്‌ടര്‍ പറഞ്ഞു. ആന്‍ഡ്രൂ പുഞ്ചിരിച്ചു. ഭൂമിയിലെ അള്‍ത്താരയില്‍ ബലിയര്‍പ്പിക്കാനായില്ലെങ്കിലും നന്നേ ചെറുപ്പത്തിലേ സ്വര്‍ഗീയ അള്‍ത്താരയിലെ ബലിയര്‍പ്പകനായ ആനന്ദത്തില്‍. ജീവിതം കൈയിലെടുത്തു വാഴ്‌ത്തി അതിന്റെ അവസാന തുള്ളിയും സഹിച്ച്‌ സ്വീകരിച്ച ആന്‍ഡ്രൂവിനെ കാത്തുനില്‍ക്കുകയാകണം മാലാഖവൃന്ദം മുഴുവന്‍. ഈ മരണം കണ്ടവരൊക്കെ ദൈവത്തിന്‌ മഹത്വം പാടി. ആന്‍ഡ്രൂസിന്റെ ഇഷ്‌ടസങ്കീര്‍ത്തനം ആ ചുണ്ടുകളിലെ വിലാപഗാനത്തിനു കൂടുതല്‍ ഈണം പകര്‍ന്നു. കാന്‍സറിന്റെ ഇരുട്ടില്‍ അവനൊരുക്കിയ കണ്ണീര്‍ സ്വര്‍ഗ്ഗത്തിന്റെ വെളിച്ചത്തില്‍ അവന്‍ നേടിയ ആനന്ദമായി.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22