അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Wednesday 26 December 2012

ആത്മീയദാനങ്ങള്‍








 മാര്‍ക്കോസ് 16.14-19

സ്വര്‍ഗാരോഹണത്തിന് മുമ്പ് യേശു അപ്പസ്‌തോലന്മാരോട് അവസാനമായി സംസാരിക്കുന്ന കാര്യങ്ങളാണ് ഈ സുവിശേഷഭാഗത്ത് ഉള്ളത്. മൂന്ന് പ്രധാന കാര്യങ്ങളാണ് യേശു പറയുന്നത്.

ഒന്ന്, അപ്പസ്‌തോലന്മാര്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കണം.

രണ്ട്, പ്രസംഗിക്കപ്പെടുന്ന സുവിശേഷം കേട്ട് വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടും.

മൂന്ന്, വിശ്വസിക്കുന്നവര്‍ക്ക് പ്രത്യേക സിദ്ധികള്‍ ലഭിക്കും.

 അവര്‍ക്ക് യേശുവിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കാന്‍ കഴിവ് കിട്ടും. അവര്‍ക്ക് ഭാഷാവരം കിട്ടും. സര്‍പ്പങ്ങളെ കൈയിലെടുക്കുവാന്‍ ധൈര്യം കിട്ടും; കൈയിലെടുത്താലും സര്‍പ്പങ്ങള്‍ അവരെ ഉപദ്രവിക്കുകയില്ല. മരണകാരണമാകാവുന്ന പാനീയങ്ങള്‍ കുടിച്ചാല്‍ പോലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ കൈവച്ച് പ്രാര്‍ത്ഥിക്കുന്ന രോഗികള്‍ക്ക് സൗഖ്യം ലഭിക്കും.

പ്രേഷിതദൗത്യം

ഈ വചനങ്ങളില്‍ ഒന്നാമത്തേത്, പ്രേഷിതദൗത്യം ഏല്‍പിക്കല്‍ ആണ്. സകല സൃഷ്ടികളോടും സുവിശേഷം പറയണം. ആരെങ്കിലും അയക്കപ്പെടുകയും പോവുകയും പറയുകയും ചെയ്‌തെങ്കില്‍ മാത്രമേ ആര്‍ക്കെങ്കിലുമൊക്കെ സുവിശേഷം കേള്‍ക്കാനും വിശ്വസിക്കാനും കഴിയൂ. അങ്ങനെ സുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ആണ് നിത്യരക്ഷ നേടുക. ഇക്കാരണത്താല്‍, സുവിശേഷം പറയാന്‍ ആരെങ്കിലും എല്ലാക്കാലത്തും അയക്കപ്പെടണം. സുവിശേഷപ്രഘോഷണത്തിന് പോകാനും സുവിശേഷം പ്രസംഗിക്കാനും ആളുകള്‍ വേണം. റോമാക്കാര്‍ക്കുള്ള ലേഖനം 10:9-15 വചനങ്ങള്‍ ശ്രദ്ധിക്കുക: ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷ പ്രാപിക്കുകയും ചെയ്യുന്നു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരുകയില്ല എന്നാണല്ലോ വിശുദ്ധ ഗ്രന്ഥം പറയുന്നത്. യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേല്‍ അവിടുന്ന് തന്റെ സമ്പത്ത് വര്‍ഷിക്കുന്നു. എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും. എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? അയക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും?
സ്വന്തം കുഞ്ഞിന് യേശുവിനെ പരിചയപ്പെടുത്തുന്ന അമ്മ സുവിശേഷപ്രസംഗകയാണ്. വേദപാഠം പഠിപ്പിക്കുന്ന അധ്യാപകരും വൈദികരും സിസ്റ്റര്‍മാരും ഭക്തസംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നവരും നല്ല ക്രൈസ്തവജീവിതം നയിക്കുകയും ക്രിസ്തുവിനെപ്പറ്റി മക്കളോട് പറയുകയും ചെയ്യുന്ന അപ്പനുമെല്ലാം സുവിശേഷപ്രഘോഷകരാണ്. അങ്ങനെയുള്ളവരുടെയെല്ലാം പാദങ്ങള്‍ പൗലോസ് ശ്ലീഹായുടെ ഭാഷയില്‍ സുന്ദരങ്ങള്‍ ആണ്.

വിശ്വസിക്കുന്നവര്‍ 
യേശു പറഞ്ഞ രണ്ടാമത്തെ കാര്യം ഇതാണ്: സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ രക്ഷപെടും. അങ്ങനെയാണെങ്കില്‍ ഓരോ അപ്പനും അമ്മയും വലിയ സുവിശേഷപ്രസംഗകര്‍ ആകണം. കാരണം, അവരിലൂടെയാണ് അവരുടെ മക്കള്‍ ആദ്യമേ സുവിശേഷം കേട്ട് വിശ്വസിക്കേണ്ടത്. വളര്‍ന്നു വരുമ്പോഴും സുവിശേഷത്തിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനും മാതാപിതാക്കളുടെ പങ്ക് പ്രധാനമാണ്. വൈദികര്‍, സിസ്റ്റര്‍മാര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ക്കും കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരെ വിശ്വാസത്തില്‍ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്.

ആത്മീയദാനങ്ങള്‍

യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് യേശു നല്‍കുന്ന വാഗ്ദാനങ്ങള്‍ ആണ് മൂന്നാമത്തേത്. പിശാചിനെ പുറത്താക്കാനുള്ള ശക്തി, സര്‍പ്പത്തെ കൈയിലെടുത്താല്‍ പോലും അത് കടിക്കാത്ത സ്ഥിതി, മരണകാരണമാകാവുന്ന പാനീയങ്ങള്‍ കുടിച്ചാല്‍ പോലും ആപത്ത് സംഭവിക്കാത്ത അവസ്ഥ, കൈവപ്പ് പ്രാര്‍ത്ഥനയിലൂടെ രോഗികളെ സുഖപ്പെടുത്താനുള്ള കൃപ... ഈ കൃപകളില്‍ ഒന്നുംതന്നെ മഹാഭൂരിപക്ഷം വിശ്വാസികള്‍ക്കും ഇല്ല എന്നതാണ് സത്യം. പ്രാര്‍ത്ഥനയിലൂടെ രോഗികളെ സുഖപ്പെടുത്താനുള്ള കൃപ കുറച്ചു പേരിലൂടെ പ്രവര്‍ത്തിക്കുന്നത് നാം കാണുന്നു. ആ കൃപയുള്ളവരുടെ പ്രാര്‍ത്ഥനയിലൂടെ അനേകം രോഗികള്‍ സൗഖ്യം പ്രാപിക്കുന്നത് നാം കാണുന്നുമുണ്ട്. പിശാചുക്കളെ ബന്ധിക്കാനും പുറത്താക്കാനുമുള്ള കൃപയും കുറച്ചു പേരിലൂടെ പ്രവര്‍ത്തിക്കുന്നതായി നമുക്ക് അറിയാം.

ഈ പശ്ചാത്തലത്തില്‍ നമുക്ക് സ്വയം ചോദിക്കാവുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. യേശു പല ഉന്നതമായ കൃപകളും സിദ്ധികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്കിലും അവയില്‍ പലതും മഹാഭൂരിപക്ഷം വിശ്വാസികളിലും കാണാത്തത് എന്തുകൊണ്ട്? യേശു അവ നല്‍കാന്‍ തയാറാകാത്തതാണോ അഥവാ അവ ഏറ്റുവാങ്ങാന്‍ നമുക്ക് കരുത്ത് ഇല്ലാത്തതാണോ പ്രശ്‌നം? വിശ്വസിക്കുന്നവര്‍ക്ക് യേശു ഇവ വാഗ്ദാനം ചെയ്ത സ്ഥിതിക്ക് അത് തരാതിരിക്കാനുള്ള നിലപാട് യേശു എടുക്കുകയില്ല. അതിനാല്‍ ദൈവം തരാന്‍ ആഗ്രഹിക്കുന്നത് ഏറ്റുവാങ്ങാനുള്ള നമ്മുടെ യോഗ്യതക്കുറവ് ആയിരിക്കണം കാരണം. അതായത്, സുവിശേഷവചനങ്ങളിലും യേശുവിന്റെ ശക്തിയിലുമുള്ള നമ്മുടെ വിശ്വാസം ഇനിയും ആഴപ്പെടേണ്ടിയിരിക്കുന്നു. യേശുവിന്റെയും ദൈവവചനത്തിന്റെയും ശക്തിയില്‍ ഉള്ള വിശ്വാസത്തില്‍ ആഴപ്പെടുന്നതനുസരിച്ച് പലര്‍ക്കും ഈ സിദ്ധികളില്‍ ചിലത് ലഭിക്കുന്നതായി നാം കാണുന്നുണ്ട്. ഉദാഹരണത്തിന് വിശ്വാസം ഇല്ലാതെ ജീവിച്ചവരും നാമമാത്രമായ വിശ്വാസംകൊണ്ട് ജീവിച്ചിരുന്നവരുമായ പലരും ധ്യാനാനുഭവങ്ങളുടെ ഫലമായി വചനത്തിലും യേശുവിലുമുള്ള വിശ്വാസത്തില്‍ വളരെയധികം ആഴപ്പെട്ടിട്ടുണ്ട്. തല്‍ഫലമായി രോഗശാന്തിവരം, ആത്മാക്കളെ തിരിച്ചറിയാനുള്ള വരം, ഭാഷാവരം, പിശാചുക്കളെ ബന്ധിക്കാനുള്ള വരം ഇങ്ങനെ പലതും അവര്‍ക്ക് ലഭിക്കുന്നതായും നാം കാണുന്നുണ്ട്. യേശു വാഗ്ദാനം ചെയ്തതും പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്ന ഉല്‍ക്കൃഷ്ട ആത്മീയദാനങ്ങള്‍ക്കുവേണ്ടി നമ്മള്‍ അധികമൊന്നും ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറില്ല.

ഇത്തരം ആത്മീയ സിദ്ധികള്‍ നമുക്ക് ഉണ്ടെങ്കില്‍ നമ്മുടെ ജീവിതം കൂടുതല്‍ മനോഹരമാകും എന്നത് ഓര്‍ക്കാം. തന്നെയുമല്ല, ഇത്തരം സിദ്ധികള്‍ ഉള്ളവര്‍ക്ക് മറ്റുള്ളവരുടെ ജീവിതക്ലേശങ്ങള്‍ കുറയ്ക്കാനും അവരുടെ ജീവിതം കൂടുതല്‍ മനോഹരമാക്കാനും കഴിയും. ഉദാഹരണത്തിന്, രോഗശാന്തി വരമുള്ള ഒരു വൈദികനും ഒരു സിസ്റ്ററിനും ഒരു അല്മായനും ഒരു കുടുംബനാഥനും ഒരു കുടുംബനാഥയ്ക്കും എത്രയോ പേരുടെ ജീവിതത്തിന്റെ പ്രയാസങ്ങള്‍ കുറയ്ക്കാനും ജീവിതം കൂടുതല്‍ നല്ലതാക്കാനും കഴിയും. സത്യത്തില്‍, അങ്ങനെയുള്ള സിദ്ധികളുള്ള വൈദികരും സിസ്റ്റര്‍മാരും അല്മായ ശുശ്രൂഷകരും കുടുംബനാഥന്മാരും കുടുംബനാഥമാരുമെല്ലാം നമ്മുടെയിടയില്‍ എണ്ണത്തില്‍ എത്രയോ കുറവാണ്. ഇങ്ങനെയുള്ള ആത്മീയ സിദ്ധികള്‍ ഉണ്ടെന്ന് നാം അറിയണം. അത് ദൈവം നല്‍കുന്ന ദാനമാണെന്ന് വിശ്വസിക്കണം. അത്തരം ആത്മീയദാനങ്ങള്‍ ലഭിക്കുന്നതിന് ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ചില ആത്മീയ കൃപകള്‍ എങ്കിലും ഓരോരുത്തര്‍ക്കും ദൈവം നല്‍കും.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22