അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Wednesday 19 December 2012

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ അന്ത്യദിനങ്ങള്‍



ലാളിത്യപൂര്‍ണമായ വ്യക്തിബന്ധമായിരുന്നു പാപ്പായുമായി റെനാത്തോ ബുത്‌സൊനേത്തിക്കുണ്ടായിരുന്നത്‌. എപ്പോഴും പിതാവിന്റെ സമീപത്ത്‌ അദ്ദേഹം സന്നിഹിതനായിരുന്നു. മെയ്‌ 13, 1981 ലെ പാപ്പായുടെ നേര്‍ക്കുണ്ടായ വധോദ്യമത്തെക്കുറിച്ച്‌ ബുത്‌സൊനേത്തി അനുസ്‌മരിക്കുന്നു. വെടിയേറ്റ പാപ്പായെ ഡോക്‌ടര്‍ ജെമേല്ലി ആശുപത്രിയിലേക്ക്‌ ആംബുലന്‍സില്‍ അനുയാത്ര ചെയ്‌തു. പോളിഷ്‌ ഭാഷയില്‍ പാപ്പാ ``യേശുവേ, എന്റെ മാതാവേ'' എന്നുരുവിട്ടുകൊണ്ടിരുന്നു. തീവ്രപരിചരണ യൂണിറ്റില്‍നിന്ന്‌ അടുത്ത ഞായറാഴ്‌ച പിതാവ്‌ വി. പത്രോസിന്റെ ദൈവാലയാങ്കണത്തില്‍ തടിച്ചുകൂടിയിരുന്ന ജനങ്ങളോട്‌ വളരെ ബുദ്ധിമുട്ടി ``കര്‍ത്താവിന്റെ മാലാഖ'' പ്രക്ഷേപണം ചെയ്‌തു. തന്റെ നേരെ നിറയൊഴിച്ചവനെ സഹോദരനെന്നാണ്‌ അഭിസംബോധന ചെയ്‌തത്‌. അവന്‌ മാപ്പ്‌ നല്‍കിയതായി പ്രഖ്യാപിച്ചു. പിന്നീട്‌ ആ ദിവസങ്ങളെപ്പറ്റി ഡോക്‌ടര്‍ പാപ്പായോട്‌ ചോദിച്ചപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു, മൂന്നാമത്തെ ഫാത്തിമാ രഹ സ്യം അറിയുവാന്‍ ശ്രമിക്കുകയായിരുന്നുവെന്ന്‌. അഞ്ചുമണിക്കൂര്‍ സമയത്തെ ഓപ്പറേഷനുശേഷം ഓര്‍മ്മ വന്നപ്പോള്‍ പാപ്പാ ``ബച്ചെലെറ്റിനെപ്പോലെ'' എന്നുച്ചരിച്ചു. തലേവര്‍ഷം ഭീകരരാല്‍ കൊല്ലപ്പെട്ട ഇറ്റാലിയന്‍ ന്യായാധിപനായിരുന്നു ബച്ചെലെറ്റ്‌. ഒരു മാതൃകാ കത്തോലിക്കനായിരുന്ന അദ്ദേഹത്തെ പാപ്പായ്‌ക്ക്‌ നല്ല പരിചയമുണ്ടായിരുന്നു.

രോഗാതുരനായ പാപ്പാ

``ദൈവത്തിന്റെ കായികാഭ്യാസി'' എന്നറിയപ്പെട്ടിരുന്ന പാപ്പാ അതോടെ ``സഹിക്കുന്ന പാപ്പാ''യായിത്തീര്‍ന്നു. രോഗങ്ങളും ക്ലേശങ്ങളും ജീവിതത്തിലുടനീളം ജോണ്‍ പോള്‍ രണ്ടാമനെ ഗ്രസിക്കുകയായി. തന്റെ വേദനാനുഭവത്തില്‍നിന്നാണ്‌ പാപ്പാ ""SaIvifici Doloris'', "Dolentium Hominum'' എന്നീ ലിഖിതങ്ങള്‍ എഴുതിയത്‌. സഹനത്തിന്റെ ക്രിസ്‌ തീയ ദര്‍ശനം അവയില്‍ അവതരിപ്പിച്ചിരിക്കുന്നു. അതുപോലെ ലൂര്‍ദ്ദിലെ മാതാവിന്റെ തിരുനാളായ ഫെബ്രുവരി 11 ``രോഗികളുടെ ലോകദിന'' മായി പ്രഖ്യാപിച്ചു. 1991 ലാണ്‌ പാപ്പായില്‍ പാര്‍ക്കിന്‍സ ണ്‍ രോഗത്തിന്റെ ലാഞ്‌ഛനകള്‍ കണ്ടെത്തിയത്‌. അതോടെ പിതാവിന്റെ ആരോഗ്യം അധോഗതിയിലായി. നേരെ നില്‍ക്കുവാനുള്ള കഴിവ്‌ നഷ്‌ടപ്പെട്ടു. നടക്കുവാന്‍ വടിയും ഇരിക്കുവാന്‍ പ്രത്യേകതരം കസേരകളും ഉപയോഗിക്കേണ്ടിവന്നു. പലപ്പോഴും കാസ്റ്റല്‍ ഗൊണ്ടോള്‍ഫോയില്‍ വിശ്രമിക്കുവാന്‍ നിര്‍ബന്ധിതനായി. ആ വിശ്രമസ്ഥലത്തെ പാപ്പാ ``മൂന്നാം വത്തിക്കാന്‍'' എന്ന്‌ ഫലിതരൂപത്തില്‍ വിളിച്ചിരുന്നു.

രോഗം മൂര്‍ച്ഛിക്കുന്നു

പലതരം ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായെങ്കിലും പാപ്പാ വേദനകള്‍ക്ക്‌ അടിപ്പെടുകയുണ്ടായില്ല. 2005 മാര്‍ച്ചിലെ സ്‌തോഭജനകമായ ഒരു സന്ദര്‍ഭം ഡോക്‌ടര്‍ ഓര്‍ക്കുന്നു. ട്രക്കെയോഗ്രമി ശസ്‌ത്രക്രിയയ്‌ക്കുശേഷം പാപ്പാ ഉണര്‍ന്നപ്പോള്‍ സംസാരിക്കുവാന്‍ കഴിയാതെയായി. തദവസരത്തില്‍ പാപ്പാ എന്തു ചെയ്‌തുവെ ന്നോ? ഒരു കടലാസില്‍ വിറയ്‌ക്കുന്ന കരങ്ങളോടെ പോളിഷ്‌ ഭാഷയില്‍ എഴുതി, ``തോത്തുസ്‌ തുവുസ്‌'' (സര്‍വവും നിന്റേത്‌). പിതാവ്‌ കന്യകാമറിയത്തിന്‌ സര്‍വതും ഭരമേല്‌പിക്കുകയായിരുന്നു.

അവസാനദിനങ്ങള്‍

ആ ദിവസങ്ങളോരോന്നും ഡോക്‌ടറുടെ മനസില്‍ മായാത്ത മുദ്ര പതിപ്പിക്കുകയുണ്ടായി. പാപ്പായോടൊപ്പം സമയം മുഴുവനും അദ്ദേഹം ചെലവഴിച്ചു. ചികിത്സാവിദ്യകള്‍ മുറയ്‌ക്കു നടന്നു. പക്ഷേ വേദനയുടെ ആ മണിക്കൂറുകളില്‍ തീവ്രപരിചരണം നിഷ്‌ഫലമായിക്കൊണ്ടിരുന്നു.



2005 മാര്‍ച്ച്‌ 31, വ്യാഴാഴ്‌ച

11 മണിക്ക്‌ പാപ്പാ തന്റെ പ്രൈവറ്റ്‌ ചാപ്പലില്‍ കുര്‍ ബാന അര്‍പ്പിക്കുകയായിരുന്നു. പെട്ടെന്ന്‌ ശക്തമായ വിറയലുണ്ടായി. താപനില ഉയര്‍ന്നു. അത്യുഗ്രമായ ആഘാതം അനുഭവപ്പെട്ടു. മെഡിക്കല്‍ സ്റ്റാ ഫ്‌ മുഴുവനും പ്രവര്‍ത്തനസന്നദ്ധമായി. ഒരു കണക്കിന്‌ സ്ഥിതിഗതി നിയന്ത്രിക്കുവാന്‍ കഴിഞ്ഞു.

``അവസാനമായി''

വൈകുന്നേരം അഞ്ചുമണിക്ക്‌ പാപ്പായുടെ കിടക്കയ്‌ക്കടുത്ത്‌ കര്‍ദ്ദിനാള്‍ ജവോര്‍സ്‌കിയും ഡോണ്‍ സ്റ്റനിസ്ലാവോയും ഫാ. മിയജെക്കു മോണ്‍. റൈല്‍ കോയും കുര്‍ബാന ചൊല്ലി. ആ സമയത്ത്‌ കണ്ണുകള്‍ അടച്ചു കിടക്കുകയായിരുന്നു പാപ്പാ. ദിവ്യബലിയുടെ അവസാനത്തില്‍ അവിടെ സന്നിഹിതരായിരുന്നവരെല്ലാം പിതാവിന്റെ കരങ്ങള്‍ ചുംബിച്ചു. അപ്പോള്‍ പാപ്പാ കണ്ണുകള്‍ തുറന്ന്‌ സിസ്റ്റേഴ്‌സിനെയെല്ലാം പേരുകള്‍ ചൊല്ലി വിളിച്ചു. അതിനുശേഷം പറഞ്ഞു, ``അവസാനമായി.'' അനന്തരം യാമപ്രാര്‍ത്ഥന ചൊല്ലുവാന്‍ പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചു. സിസ്റ്റര്‍ തൊബിയാനയുടെ നേതൃത്വത്തില്‍ സങ്കീര്‍ത്തനങ്ങള്‍ വായിക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്‌തു.

2005 ഏപ്രില്‍ 1, വെള്ളി

മറ്റുള്ളവരോടൊന്നിച്ച്‌ കുര്‍ബാന അര്‍പ്പിച്ചശേഷം ``കുരിശിന്റെ വഴി'' നടത്തുവാന്‍ പാപ്പാ നിര്‍ദ്ദേശിച്ചു. മൂന്നാം മണിക്കൂറിലെ യാമപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. രാത്രി 8.30 ന്‌ ബൈബിള്‍ വായിക്കുവാന്‍ ആവശ്യപ്പെട്ടു. ഫാ. തദേവൂസാണ്‌ വായിച്ചത്‌.

2005 ഏപ്രില്‍ 2, ശനി

തന്റെ കിടക്കയ്‌ക്കടുത്ത്‌ ചൊല്ലിയ കുര്‍ബാനയില്‍ പാപ്പാ ശ്രദ്ധാപൂര്‍വം പങ്കെടുത്തു. അതിനുശേഷം ദുര്‍ബലമായ സ്വരത്തില്‍ പാപ്പാ മന്ത്രിച്ചു, വി. യോ ഹന്നാന്റെ സുവിശേഷം വായിക്കുവാന്‍. ഫാ. തദേവൂസ്‌ ഒമ്പത്‌ അധ്യായങ്ങള്‍ ഭക്തിപൂര്‍വം വായിച്ചു. തുടര്‍ന്ന്‌ ദിവസത്തെ യാമപ്രാര്‍ത്ഥന നടന്നു. ജോണ്‍ പോള്‍ അതിലും സംബന്ധിക്കുവാന്‍ ആയാസപ്പെടുകയുണ്ടായി.

``ഞാന്‍ പോകട്ടെ''

2005 ഏപ്രില്‍ രണ്ട്‌, ഉച്ചതിരിഞ്ഞ്‌ 3.30 ഓടെ പരിശുദ്ധ പിതാവ്‌ സിസ്റ്റര്‍ തൊബിയാനയോട്‌ പോളിഷ്‌ ഭാഷയില്‍ കഷ്‌ടിച്ച്‌ പറയുകയുണ്ടായി, ``കര്‍ത്താവിന്റെ പക്കലേക്ക്‌ ഞാന്‍ പോകട്ടെ.'' ഡോണ്‍ സ്റ്റനിസ്ലാവോ ഏതാനും നിമിഷങ്ങള്‍ക്കുശേഷം ഈ വാക്കുകള്‍ എനിക്ക്‌ വിവര്‍ത്തനം ചെയ്‌തുതന്നു. യോഹ.19:30 ലെ ``എല്ലാം പൂര്‍ത്തിയായി'' എന്ന യേശുവിന്റെ വാക്കുകളുടെ ഭാഷ്യമായിരുന്നു അത്‌. തന്റെ രോഗത്തോടുള്ള അടിയറ പറയലോ വേദനയില്‍നിന്ന്‌ ഓടിയൊളിക്കലോ ആയി ആ പ്രസ്‌താവനയെ കാണരുത്‌. ദൈവം തനിക്ക്‌ നിശ്ചയിച്ച കാല്‍വരിയെ അംഗീകരിച്ചുകൊണ്ടുള്ള അഗാധമായ അവബോധത്തില്‍നിന്ന്‌ ഉരുത്തിരിഞ്ഞ പ്രകരണമെന്ന്‌ വ്യാഖ്യാനിക്കാം. ആ ക്രിസ്‌തീയസഹനത്തിന്റെ അന്ത്യവിനാഴിക ആഗതമായിരിക്കുന്നു. ഇതാ കര്‍ത്താവുമായി സന്ധിക്കുവാനുള്ള മുഹൂര്‍ത്തം! അതിനെ നീട്ടിവയ്‌ക്കുവാനോ തടയുവാനോ വിനീതദാസന്‍ ആഗ്രഹിച്ചില്ല. ചെറുപ്പംമുതല്‍ ആ വിനാഴികക്കായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു. ദൈവപിതാവിന്റെ കരങ്ങളില്‍ സ്വയം അര്‍പ്പിക്കുകയാണ്‌ പാപ്പാ. അപ്പോള്‍ എനിക്കും സഹപ്രവര്‍ത്തകര്‍ക്കും കാര്യം മനസിലായി. രോഗത്തിനെതിരായുള്ള ഞങ്ങളുടെ പോരാട്ടം അവസാനിക്കുകയാണ്‌. തോല്‍ക്കുമെന്ന അറിവോടെയായിരുന്നു ഞങ്ങള്‍ ക്ഷമയോടും വിവേകത്തോടും വിനയത്തോടുംകൂടി അടരാടിയിരുന്നത്‌. പാപ്പായുടെ വേര്‍പാടിനെ ദീര്‍ഘിപ്പിക്കുവാന്‍ യാതൊരു ശ്രമവും ഞങ്ങള്‍ നടത്തിയില്ല.

`തെ ദേവും'

നാലു മണിക്കുശേഷം പാപ്പാ നീണ്ട മയക്കത്തിലായി. ബോധം നഷ്‌ടപ്പെട്ടുകൊണ്ടിരുന്നു. ഏഴുമണിയോടെ തിരിച്ചെടുക്കാനാകാത്ത മോഹാലസ്യത്തിലേക്ക്‌ വീണു. ശരീരം സാവധാനം നിശ്ചലമായിക്കൊണ്ടിരുന്നു. മോണ്‍. ഡിസിവിസും കര്‍ദ്ദിനാള്‍ ജവോര്‍സ്‌കിയും ഫാ. മിയറ്റെക്കും മോണ്‍. റൈല്‍ ക്കേയും മരിച്ചുകൊണ്ടിരിക്കുന്ന പാപ്പായുടെ കിടക്കയുടെ അരികെ കുര്‍ബാന അര്‍പ്പിച്ചു. വി. പത്രോസിന്റെ അങ്കണത്തില്‍ ജനാവലി തടിച്ചുകൂടിയിരുന്നു. പ്രാര്‍ത്ഥനാഗാനങ്ങള്‍ ആലപിക്കുകയായിരുന്നു അവര്‍. പാപ്പായുടെ ചുറ്റും നിന്നിരുന്നവര്‍ പോളിഷ്‌ ഗീതങ്ങള്‍ നേര്‍ത്ത സ്വരത്തില്‍ പാടിക്കൊണ്ടിരുന്നു. ഒരു കൊച്ചു മെഴുകുതിരി പാപ്പായുടെ കിടക്കയെ ദീപ്‌തമാക്കി. രാത്രി 9.37 ന്‌ ആ പാവനാത്മാവ്‌ ഇഹലോകം വിട്ടുപിരിഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്കുശേഷം സഭയുടെ കൃതജ്ഞതാസ്‌തോത്രമായ `തെ ദേവും' പോളിഷ്‌ ഭാഷയില്‍ ആലപിച്ചു. പാപ്പായുടെ മുറിയുടെ ജനലില്‍ ഒരു ദീപം കൊളുത്തി.

സഹനദാസന്‍

പാപ്പായുടെ ഡോക്‌ടര്‍ ആ വിയോഗത്തില്‍ കര്‍ ത്താവിന്റെ മരണം തന്നെയാണ്‌ ദര്‍ശിച്ചത്‌. മുറിവേറ്റ്‌, മുള്‍മുടി ചൂടി, സര്‍വരാലും പരിത്യക്തനായ ക്രിസ്‌തുവിന്റെ ദയനീയ രൂപത്തിന്റെ അരികെ നിന്നപ്പോള്‍ ആ ഭിഷഗ്വരന്റെ കണ്ണുകള്‍ നിറഞ്ഞു. ആയുരാരോഗ്യവാനായവന്‍ തീരാരോഗിയായി; മറ്റുള്ളവരെ പരിചരിച്ചവന്‍ പരിചരണവിധേയനായി. രാജാധിരാജന്റെ പ്രതിനിധി ഒന്നുമില്ലാത്തവനായിത്തീര്‍ ന്നു. ആ ദൃശ്യം ഓര്‍മ്മയില്‍നിന്ന്‌ ഒരിക്കലും മങ്ങുകയില്ല. തന്നെ ഭരമേല്‍പ്പിച്ച ദൈവരാജ്യത്തിന്റെ താക്കോല്‍ കര്‍ത്താവിന്‌ തിരിച്ചു കൊടുത്തു ആ പുതിയ പത്രോസ്‌.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22