അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Monday 10 December 2012

ഫീനിക്‌സ് പക്ഷിയെപ്പോലെ ഒരുവന്‍



ഈജിപ്ഷ്യന്‍ ഇതിഹാസങ്ങളില്‍ ഫീനിക്‌സ പക്ഷിയെ ്പറ്റി ധാരാളം പറയുന്നു. പരുന്തിനോളം വലുപ്പം. സ്വര്‍ണത്തൂവലുകള്‍, അതിമനോഹരമായ മൃദുലനാദം - അതാണത്രെ ഫീനിക്‌സിന്റെ അടയാളം.
തന്റെ അന്ത്യമടുക്കുമ്പോള്‍ പക്ഷി ഒരു അഗ്നികുണ്ഠമുണ്ടാക്കും. സ്വമേധയാ അതില്‍ ചാടി ചിറകുകള്‍ കത്തിക്കരിഞ്ഞ് ചാമ്പലാകും. ആ ചാരത്തരികളില്‍നിന്ന് ഒരു പുതിയ ഫീനിക്‌സ് ചിറകടിച്ചുയരും. അത് അതിവേഗം ഹെലിയോപോളീസ് നഗരത്തിലെ സൂര്യദേവന്റെ ബലിപീഠത്തിലേക്ക് നീങ്ങും. അവിടെ, താന്‍ വളരെ ശ്രദ്ധാപൂര്‍വം ശേഖരിച്ചെടുത്ത പഴയ ഫീനിക്‌സിന്റെ ഭൗതികാവശിഷ്ടം പ്രതിഷ്ഠിക്കും- മരിച്ചുപോയവരെ പുനര്‍ജ്ജീവിപ്പിക്കുവാന്‍ കഴിയുന്ന ചിതാഭസ്മം! അതിപ്രാചീനമായ ഈ സങ്കല്പകഥയെപ്പറ്റി ഗ്രീക്കുകവിയായ ഹെസിയോടും പരാമര്‍ശിച്ചുകാണുന്നു.

അപഗ്രഥിച്ചു പഠിച്ച്, ചികഞ്ഞു ചികഞ്ഞു ചെന്നാല്‍ എല്ലാ ഇതിഹാസകഥകളിലും തന്നെ ഒരു നേരിയ ചരിത്രാംശം കാണാതിരിക്കുകയില്ല. എന്തായിരിക്കാം ഇത്ര അര്‍ത്ഥസംപുഷ്ടമായ ഈ കവിഭാവനയുടെ ഉറവക്കണ്ണി? ചരിത്രാതീതകാലം മുതല്‍ മനുഷ്യമനസുകളില്‍ ഉറഞ്ഞു കിടക്കുന്ന വല്ല പ്രതീക്ഷകളുടെയും നിഴലോട്ടമാകുമോ ഈ അത്ഭുതസൃഷ്ടി?
വരാനിരുന്ന ഒരുവന്റെ ഹോമബലിയും ഉത്ഥാനവും മാനവകുലത്തിന്റെ വീണ്ടെടുപ്പും അവ്യക്തമായി സൂചിപ്പിക്കുന്ന ഒരു പ്രവാചക ഭാവന ഇതിനുള്ളിലില്ലേ?
യേശുവിനപ്പറ്റി വിശുദ്ധ പൗലോസ് പറയുകയാണ് (ഫിലി. 2:7-10) : ദൈവമായിരുന്നിട്ടും അവന്‍ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചു. മരണംവരെ അനുസരണയുള്ളവനായി. അതുകൊണ്ടുതന്നെ അത്യധികം ഉയര്‍ത്തപ്പെട്ടു. ചുടുചാരമായി ഒന്നുമല്ലാതായിത്തീര്‍ന്ന ഫീനിക്‌സിനെപ്പോലെ അവനും ശൂന്യനായി. അതു ഫീനിക്‌സിനെപ്പോലെ സ്വമേധയാ സ്വീകരിച്ചതാണെന്ന കാര്യവും ശ്രദ്ധേയമാണ്! അവിടെനിന്നായിരുന്നു ഉയര്‍ത്തെഴുന്നേല്പ്പ്.


അവന്‍ സര്‍വതും പരിത്യജിച്ചു; സര്‍വരാലും പരിത്യക്തനായി (ഐസയാസ് 52, 53)- എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ കൈവിട്ടു (''ഏലോയ് ഏലോയ് ലാമാ സബക്ത്താനീ'') എന്നുവരെ പറയുമാറ് (മര്‍ക്കോ.15:34). അവിടെ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല- ശൂന്യതയുടെ പരകോടി പ്രാപിച്ച രംഗം. വീണ്ടും അവിടെനിന്നും ഇറങ്ങുന്നു- പാതാളം വരെ. അതിനുശേഷമാണ് ദൈവശാസ്ത്രഞ്ജനായ റാനര്‍ പറയുന്നതുപോലുള്ള ഉയര്‍ത്തെഴുന്നേല്പ്.

അവന്‍ മരിച്ചതു ജീവിക്കുവാനായിരുന്നു- എന്നേക്കും ജീവിക്കുവാന്‍. ഇനി ഒരിക്കലും അവന്‍ മരിക്കുകയില്ല (1 കോറി.15), അവന്‍ മാത്രമല്ല അവനില്‍ വിശ്വസിക്കുന്നവരും (യോഹ.11:25-26).
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നേരെ പിതാവിന്റെ സന്നിധിയിലേക്കാണ് പോയത്. അവിടെ എത്തി കുരിശുമരണത്തിന്റെയും പരിത്രാണ പൂര്‍ത്തീകരണത്തിന്റെയും (യോഹ. 19:30) റിപ്പോര്‍ട്ട് സമര്‍പ്പിച്ചു-മൃതസഞ്ജീവനിയായ തന്റെ തന്നെ ചിതാഭസ്മവുമേന്തി ഹെലിയോപോളീസിലേക്കു കുതിച്ച ഫീനിക്‌സ് പക്ഷിയെപ്പോലെ.

ഇടയ്ക്കുവച്ചു കണ്ട മറിയം മഗ്ദലേനയോട് യേശു പറയുന്നത് ശ്രദ്ധിക്കുക (യോഹ.20:17): നീ എന്നെ തടയരുത്- മാറി നില്‍ക്കുക. ആദ്യമായി ഞാന്‍ പറന്നെത്തേണ്ടത് പിതാവിന്റെ പക്കലാണ്. ആ സന്നിധാനത്തില്‍ സമ്പൂര്‍ണസമര്‍പ്പണം നടത്തിയിട്ടല്ലാതെ മറ്റൊരിടത്തും തങ്ങുന്ന വിഷയമില്ല.

ഫീനിക്‌സിന്റെ ചിതാഭസ്മമാണല്ലോ മരണമടഞ്ഞ മനുഷ്യര്‍ക്കു ജീവന്‍ നല്‍കുക. അതുപോലെ നാം ജീവന്‍ നേടേണ്ടത്, പാപത്തിനു പരിഹാരം കണ്ടെത്തേണ്ടത് കാല്‍വരി മലമുകളില്‍ നിന്നും അവിടുത്തെ കല്ലറയില്‍ നിന്നുമാണ്. മനുഷ്യകുലത്തിന്റെ മുഴുവന്‍ ഉയിര്‍പ്പും അവിടെയാണ് - വസന്തം സസ്യലതാദികള്‍ക്കെന്നപോലെ.

ഒരിക്കല്‍ മാര്‍ട്ടിന്‍ ലൂഥര്‍ പറഞ്ഞു: ഉത്ഥാനത്തിന്റെ വാഗ്ദാനം നമ്മുടെ കര്‍ത്താവ് എഴുതിച്ചേര്‍ത്തിരിക്കുന്നത് വസന്തകാലത്തിലെ ഓരോ ഇലകളിലും ദര്‍ശിക്കാന്‍ സാധിക്കും- ഗ്രന്ഥങ്ങളില്‍ മാത്രമല്ല.
വസന്തം കടന്നുപോകുമ്പോള്‍ ഉണങ്ങിവരണ്ടപോലെ കാണപ്പെടുന്ന ചില്ലകളിലൊക്കെ ഇലയും പൂവും പ്രത്യക്ഷപ്പെടുക പാശ്ചാത്യരാജ്യങ്ങളിലെ സാധാരണ പ്രതിഭാസമാണ്. അതുപോലെയാണ് ഉത്ഥിതനായ ക്രിസ്തുവിന്റെ സാന്നിധ്യവും. വാസ്തവത്തില്‍, വസന്താരംഭത്തില്‍ പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതിനുശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്ററെന്നതും ഇത്തരുണത്തില്‍ പ്രത്യേകം സ്മര്‍ത്തവ്യമാണ്.

ചാമ്പല്‍പടലങ്ങളില്‍നിന്നു ഫീനിക്‌സ് പുതുജീവന്‍ പ്രാപിക്കുന്നതുപോലെ വസന്താരംഭത്തില്‍ തരുലതാദികള്‍ക്കു പുത്തന്‍ ജീവിതം കൈവരുന്നതുപോലെ തിരുവുത്ഥാനം നമുക്കും ഉണര്‍വും ഉയര്‍പ്പും പ്രദാനം ചെയ്യുമാറാകട്ടെ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22