ന്യൂറന്‍ബേര്‍ഗിലെ ഒരു സ്വര്‍ണപ്പണിക്കാരന്റെ രണ്ടാമത്തെ മകനായിരുന്നു ആല്‍ബ്രക്റ്റ് ഡ്യൂറര്‍. പിതാവില്‍നിന്നു സ്വര്‍ണപ്പണി പഠിച്ചെങ്കിലും ആല്‍ബ്രക്റ്റിന് താല്പര്യം ചിത്രരചനയായിരുന്നു. അതുതന്നെയായിരുന്നു ജ്യേഷ്ഠന്‍ ആല്‍ബര്‍ ട്ടിന്റെ മോഹവും. 18 മക്കളുണ്ടായിരുന്ന പിതാവി ന്റെ കഴിവിനപ്പുറമായിരുന്നു അവരുടെ ഉപരിപഠ നം. ഒടുവില്‍ ജ്യേഷ്ഠനും അനുജനും കൂടി ഒരു തീരുമാനത്തിലെത്തി. ഒരാള്‍ അടുത്തുള്ള ഖനിയില്‍ പോയി പണിയെടുത്തു പണമുണ്ടാക്കി അപരന്റെ പഠനച്ചിലവു നിര്‍വഹിക്കട്ടെ. പഠനം കഴിഞ്ഞു മടങ്ങിയെത്തുന്നയാള്‍ മറ്റേ സഹോദരനെ സഹായിക്കണം. ആരാണ് ആദ്യം പഠിക്കാന്‍ പോകേണ്ടതെന്ന് നാണയം കറക്കി നിശ്ചയിച്ചു. വിധി അനുജന് അനുകൂലമായിരുന്നു. ജ്യേഷ്ഠന് വിഷമമായി. എങ്കിലും, മനസില്ലാമനസോടെ അവന്‍ ഖനിയിലേക്ക് തിരിച്ചു; അനുജന്‍ പഠിക്കാനും. അക്കാലത്തെ ഏറ്റവും വലിയ ഗുരുവായ മൈക്കള്‍ വോള്‍ഗെമൂട്ടിന്റെ കീഴിലായിരുന്നു ആല്‍ബ്രക്റ്റിന്റെ പഠനം. നാലുകൊല്ലത്തെ പരിശീലനം പൂര്‍ത്തിയായപ്പോഴേക്കും അവന്‍ പ്രഗത്ഭചിത്രകാരനായി മാറി. ഇതിനകം മൈനില്‍ പണിയെടുത്ത് ജ്യേഷ്ഠന്റെ കൈകള്‍ തഴമ്പിച്ചു മെലിഞ്ഞിരുന്നു. ''വിറയാര്‍ന്ന ഈ കൈകള്‍കൊണ്ട് എനിക്കു വരയ്ക്കാനാവില്ല. അതുകൊണ്ട് ഞാന്‍ ഇനി പഠിക്കാന്‍ പോകുന്നില്ല...'' കണ്ണുനീരോടെ ജ്യേഷ്ഠന്‍ പറഞ്ഞു. വലിയ കലാകാരനായി തീര്‍ന്നെങ്കിലും ഒരു ദുഃഖം ആല്‍ബ്രക്റ്റിന്റെ മനസില്‍ തളംകെട്ടിനിന്നു: കഷ്ടം! എന്റെ ജ്യേഷ്ഠന്റെ ഭാവി കൂമ്പിപ്പോയല്ലോ! അവന്‍ എനിക്കുവേണ്ടി ബലിയായി. എനിക്കായി സമര്‍പ്പിക്കപ്പെട്ട ആ കൈകള്‍! ഒരു ചിത്രം വരയ്ക്കാന്‍ അത് അവനു പ്രേരണ നല്‍കി. അങ്ങനെ അവന്‍ വരച്ച ചിത്രമാണ് 'കൈകള്‍!' കൂപ്പി നില്‍ക്കുന്ന കൈകള്‍... ഞരമ്പുയര്‍ന്നു മെലിഞ്ഞുണങ്ങിയ ആ കൈകള്‍, തനിക്കുവേണ്ടി പണിയെടുത്തു തളര്‍ന്ന ജേഷ്ഠന്റെ തന്നെ കൈകളായിരുന്നു. അന്തരീക്ഷത്തിലേക്കുയര്‍ന്നു കൂപ്പിനില്‍ക്കുന്ന ആ കൈകള്‍ക്ക് ആളുകള്‍ പിന്നീട് പേരിട്ടു: പ്രാര്‍ത്ഥിച്ചു നില്‍ക്കുന്ന കൈകള്‍!
നമ്മുടെയൊക്കെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും പിന്നില്‍ ഇതുപോലെ എത്രയോ നിസ്വാര്‍ത്ഥകൈകളുണ്ടാകും- സ്‌നേഹം നിറഞ്ഞ സഹോദരങ്ങളുടെ, മാതാപിതാക്കളുടെ, ഗുരുഭൂതരുടെ... ടീച്ചര്‍പോലും മണ്ടനെന്നു പറഞ്ഞു പുറംതള്ളിയ തോമസ് ആല്‍വാ എഡിസണെ പഠിപ്പിച്ചുയര്‍ത്തിയത്, ലോകപ്രസിദ്ധ ശാസ്ത്രജ്ഞനാക്കിയത് അമ്മയുടെ കൈകളാണ്. എങ്കിലും ആ സാധ്വീ അറിയപ്പെടാത്തവളായി. തന്റെ 'Elegy' യില്‍, തോമസ് ഗ്രേ വിലപിക്കുന്നതുപോലെ, പ്രഗത്ഭരാകേണ്ട ഒത്തിരി വ്യക്തികള്‍ ഈ ഗ്രാമീണ ശവക്കല്ലറകളില്‍ അറിയപ്പെടാതെ കിടപ്പുണ്ട്. അവരെ ഉയര്‍ത്താനും ഉദ്ധരിക്കാനും ആരുമുണ്ടായില്ല-സാഹചര്യങ്ങളും ഒത്തുവന്നില്ല. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഉന്നതരായി അറിയപ്പെടുന്ന പലരുമുണ്ട്. അവരുടെയൊക്കെ പൂര്‍വികര്‍ ഒരു കാലയളവില്‍ തെക്കന്‍ കേരളത്തില്‍ നിന്നു കുടിയേറിയവരാണ്- എഴുത്തും വായനയും അഭ്യസിക്കുവാന്‍ തരപ്പെടാതിരുന്നവര്‍. സന്തോഷമെന്താണെന്ന്, സുഖമെന്താണെന്ന് ചിന്തിക്കാന്‍പോലും കഴിയാതെ പോയവര്‍... തങ്ങള്‍ക്കുവേണ്ടി ജീവിക്കാന്‍ മറന്നുപോയവര്‍! അവരുടെ വലിയ മോഹമായിരുന്നു, തങ്ങളുടെ മക്കളെങ്കിലും പഠിച്ചുയരണമെന്നത്. മക്കളെ മനസില്‍ കണ്ട് മണ്ണിനോടും മരക്കാടിനോടും മല്ലിട്ടു തളര്‍ന്ന കൈകള്‍! തഴമ്പു പിടിച്ചു കൂമ്പിപ്പോയ ആ പാവന കരങ്ങളെ കൂപ്പുകൈകളോടെ പിന്തിരിഞ്ഞു നോക്കാന്‍ ഇന്ന് വലിയവരെന്ന് അഭിമാനിക്കുന്നവര്‍ക്കു കഴിയുന്നുണ്ടാകുമോ?
ഐക്യതിരുവിതാംകൂര്‍ കെട്ടിപ്പടുക്കുന്നതിന് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനോടൊപ്പം നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് രാമയ്യന്‍ ദളവാ (1706-1756)- തിരുവനന്തപുരം രാജകൊട്ടാരത്തിലെ അടുക്കളക്കാരികളുടെ ആശ്രിതയായിക്കഴിഞ്ഞവളുടെ മകന്‍. പാത്രങ്ങളൊക്കെ കഴുകി, പരിസരം വൃത്തിയാക്കുന്നതിന്റെ പേരില്‍ ആ തിരുനല്‍വേലിക്കാരി തമിഴത്തിക്ക് പാരിതോഷികമായി ലഭിച്ചിരുന്നത് ഇത്തിരി 'പഴേംകഞ്ഞി'യായിരുന്നു. അമ്മയോടു പറ്റിച്ചേര്‍ന്നുനിന്ന്, അതിലെ 'വറ്റു' തിന്നു വളര്‍ന്ന രാമയ്യന്‍ പിന്നീടു മഹാരാജാവിന്റെ പ്രീതിക്കു പാത്രീഭവിക്കുകയും കൊട്ടാരം ജീവനക്കാരനായി നിയമിക്കപ്പെടുകയും ചെയ്തു. അചിരേണ വളര്‍ന്നുയര്‍ന്നവന്‍ രാജ്യത്തിലെ ദളവാ സ്ഥാനത്തെത്തി. തനിക്കു 'പഴേംചോറ്' വാരിത്തന്നു വളര്‍ത്തിയ കൈകളെ പിന്നീട് അവന്‍ കൃതജ്ഞതയോടെ അനുസ്മരിച്ചിട്ടുണ്ടോ? സംശയമാണ്. രോഗിണിയായിക്കിടന്ന് ആ വിധവ അകാല ചരമമടഞ്ഞതായിട്ടാണ് പറയപ്പെടുന്നത്. ആല്‍ബ്രക്റ്റ് ഡ്യൂററുടെ ആകുലതകളൊന്നും അവനെ അലട്ടിയില്ല.
1873 ല്‍ മൊളോക്കോയിലെത്തിയ ജോസഫ് ഡി വൂസ്റ്റര്‍ എന്ന സുന്ദരനായ ബല്‍ജിയന്‍ യുവാവാണ് ഫാ. ഡാമിയനായി മാറിയത്. സ്ഥലത്തെ മെത്രാനായിരുന്ന ബിഷപ് മൈഗ്രിറ്റില്‍നിന്ന് മൊളോക്കോയിലെ കുഷ്ഠരോഗികള്‍ക്കു ലഭിച്ച സമ്മാനമായിരുന്നു അദ്ദേഹം. ഫാ. ഡാമിയന്‍ തങ്ങളോടൊപ്പം ജീവിക്കാനും തങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെടാനും തയാറായി വന്ന വ്യക്തിയാണെന്ന് ക്രമേണ കുഷ്ഠരോഗികള്‍ക്കു മനസിലായി. അദ്ദേഹം അവര്‍ക്കുവേണ്ടി അകലങ്ങളില്‍നിന്നു ശുദ്ധജലം ഒഴുക്കിക്കൊണ്ടുവന്നു. അവരെ കുളിപ്പിച്ചു, വസ്ത്രങ്ങള്‍ അലക്കിക്കൊടുത്തു, ചീഞ്ഞുനാറിയ വ്രണങ്ങള്‍ കഴുകി. കൈകള്‍ പഴുത്തുപോയവര്‍ക്കു സ്വന്തം കൈകൊണ്ടു ഭക്ഷണം വാരിക്കൊടുത്തു, അവരെ താങ്ങിയെടുത്ത് കിടക്കയില്‍ കിടത്തി. എങ്കിലും ഫാ. ഡാമിയന്‍ കിടന്നതു തറയിലാണ്- തൊട്ടടുത്തുള്ള ഒരു മരച്ചുവട്ടില്‍...! 1834-ല്‍ ബലിയര്‍പ്പിച്ചുകൊണ്ടിരുന്ന ഫാ. ഡാമിയന്‍ തന്റെ രണ്ടു കൈകളും അടുത്തു നിന്നവരെ കാണിച്ചു- പഴുത്തു തുടങ്ങിയ കൈകള്‍! അദ്ദേഹം കുഷ്ഠരോഗിയായി മാറി. റോസപ്പൂപോലിരുന്ന ആ ബല്‍ജിയന്‍ കൈകള്‍ക്ക് ഒരു വ്യാഴവട്ടം കൊണ്ടു വന്ന രൂപാന്തരം. ഡാമിയനെപ്പോലെ അപരര്‍ക്കുവേണ്ടി നല്‍കപ്പെട്ട ഒത്തിരി സമര്‍പ്പിത കരങ്ങളുണ്ട്. യേശുവിന്റെ സംഭാവനയാണത്; യേശുവിനുള്ള സംഭാവനയും.
എപ്പോഴും കൂപ്പുകൈകളോടെ നില്‍ക്കുന്ന മദര്‍ തെരേസയുടെ ചിത്രം ശ്രദ്ധിച്ചിട്ടുണ്ടോ? ചുക്കിച്ചുളിഞ്ഞു വരവീണ കൈകള്‍. ഏതാണ്ട് അതുപോലുള്ള മുഖവും. 1948 ല്‍ കല്‍ക്കട്ടയില്‍ വന്നിറങ്ങിയ ആ അല്‍ബേനിയന്‍ യുവതിയുടെ കൈകള്‍ എന്തേ ഇങ്ങനെയായത്? എല്ലാം മറന്ന്, തന്നെത്തന്നെ മറന്ന് നഗരത്തിലെ മാലിന്യങ്ങളിലേക്കു കൂപ്പുകുത്തി ഇറങ്ങിയവളുടെ കൈകളാണ്, തെരുവോരങ്ങളിലുള്ള പഴുത്തവരുടെയും പുഴുത്തവരുടെയും വ്രണങ്ങള്‍ കഴുകിക്കെട്ടിയവളുടെ കൈകളാണ് കാലാന്തരത്തില്‍ അങ്ങനെയായത്. എല്ലില്‍ പൊതിഞ്ഞ തൊലികള്‍പോലെ വരണ്ടുണങ്ങിയത്. എല്ലാം അടിയറവു വച്ച് താന്‍ ആരാധിച്ചവനു വേണ്ടി കൂപ്പിയ കൈകള്‍!..
അമേരിക്കന്‍ ആഭ്യന്തര സമരത്തിനു (1861-65) വഴിമരുന്നിട്ട ഗ്രന്ഥമാണ് പാരിയറ്റ് ബീച്ചര്‍ സ്റ്റോ യുടെ 'Uncle Toms Cabin.' അങ്കിള്‍ ടോം എന്നു വിളിക്കപ്പെട്ടിരുന്ന ടോം എന്ന വിശ്വസ്തനായ അടിമയുടെ ജീവിതകഥയാണത്. ടോം താമസിച്ചിരുന്ന മരക്കുടിലിനെ ചുറ്റിപ്പറ്റിയാണ് കഥ അവസാനിക്കുക. നിവൃത്തികേടിന്റെ പേരിലാണ് തന്നോടൊപ്പമുണ്ടായിരുന്ന ആ മനുഷ്യസ്‌നേഹിയെ വില്‍ക്കാന്‍ യജമാനന്‍ ഷേര്‍ബി നിര്‍ബന്ധിതനാകുന്നത്. എങ്കിലും, കൂറും സ്‌നേഹവുമുള്ള ആ മനുഷ്യനും അയാള്‍ പാര്‍ത്തിരുന്ന മരക്കുടിലും സദാ യജമാനന്റെയും മകന്റെയും മനസില്‍ നിറഞ്ഞുനിന്നു. പിന്നീട് അയാളെ വീണ്ടെടുക്കാന്‍ യജമാനന്റെ മകന്‍ ജോര്‍ജ് ഷേര്‍ബി ഇറങ്ങിപ്പുറപ്പെടുന്നു. അയാളെ കണ്ടെത്തുമ്പോഴേക്കും പീഡനങ്ങളും മര്‍ദ്ദനങ്ങളുമേറ്റ് ആ സാധു ഏതാണ്ട് മരിച്ചു കഴിഞ്ഞിരുന്നു. അയാളും അയാള്‍ താമസിച്ച മരക്കുടിലും ദുഃഖം ഘനീഭവിച്ചതുപോലെ ജോര്‍ജ് ഷേര്‍ബിയുടെ മനസില്‍ ഉയര്‍ന്നുപൊങ്ങി. ആ മരക്കുടിലിനെ പ്രതി, അവിടെ താമസിച്ചിരുന്ന സ്‌നേഹം നിറഞ്ഞ മനുഷ്യനെപ്രതി ജോര്‍ജ് തന്റെ സര്‍വ അടിമകളെയും മോചിപ്പിച്ചു. മോചിതരായ അടിമകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ആ മരക്കുടിലിലേക്ക് ഇടയ്ക്കിടെ നോക്കും. ആ മരക്കുടിലാണ് ഞങ്ങള്‍ക്കു രക്ഷയായത്. അവിടെ കഴിഞ്ഞ മനുഷ്യസ്‌നേഹിയാണ്, അവന്‍ സഹിച്ച വേദനകളാണ് ഞങ്ങള്‍ക്കു മോചനമൊരുക്കിയത്. അതുപോലെ, ഉയര്‍ന്നുനില്‍ക്കുന്ന ഒരു മരക്കുരിശാണ് നമുക്കും രക്ഷയായത്. അവിടെ തൂങ്ങിനിന്ന മനുഷ്യസ്‌നേഹിയാണ് നമുക്കും മോചനദ്രവ്യമായത്. ദൈവത്തിനു മനുഷ്യരോടുള്ള അനന്തസ്‌നേഹം അനാവരണം ചെയ്യപ്പെടുന്നത് അവിടെയാണ്.
ലോകമൊട്ടാകെയുള്ള നൂറുനൂറു മ്യൂസിയങ്ങളില്‍ തന്റെ കലാശില്പമെത്തിച്ചുകൊടുത്ത ആല്‍ബ്രക്റ്റ് ഡ്യൂറര്‍ തന്റെ മുറിയില്‍ തൂങ്ങിക്കിടക്കുന്ന കൈകളിലേക്ക്, കൂപ്പിയ കൈകളിലേക്ക് കണ്ണെറിഞ്ഞു നില്‍ക്കുമായിരുന്നു. അത് അദ്ദേഹത്തിന്റെ കണ്ണുകളെ ഈറനണിയിക്കുമായിരുന്നു. ആ കൈകളാണ് അദ്ദേഹത്തിന് രക്ഷയായത്. അതുപോലൊരു ദൃശ്യമാണ് കാല്‍വരിയിലെ മരക്കുരിശും. അവിടെ തൂങ്ങി കിടക്കുന്ന തുളയ്ക്കപ്പെട്ട കൈകള്‍ നമ്മുടെ കണ്ണുകളെയും ഈറനണിയിക്കട്ടെ!
ദി സ്‌ട്രെങ്ത് റ്റു ലൗ (1963) എന്ന ഗ്രന്ഥത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കുരിശിനെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്: 'The telescope of the Divine Love.' അനന്തതയുടെ ആഴങ്ങളില്‍, അഗാധനീലിമയില്‍ നടക്കുന്നവയൊന്നും നമ്മുടെ നഗ്‌ന നേത്രങ്ങള്‍കൊണ്ടു നോക്കിയാല്‍ മനസിലാവുകയില്ല. നീലവിശാലതയുടെ അന്തഃപുരങ്ങളില്‍ ക്ഷീരപഥം പോലുള്ള അനേകലക്ഷം താരാവൃന്ദങ്ങളുണ്ട്. അതു നാം കണ്ടറിയുന്നത് ടെലസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ മാത്രമാണ്. അതുപോലെ അനന്തസ്‌നേഹത്തിന്റെ അപാരതയിലേക്ക് നമ്മുടെ നോട്ടമെത്തിക്കുന്നതു മരക്കുരിശില്‍ തറയ്ക്കപ്പെട്ട ആ കൈകളാണ്. അതിലെ ആണിപ്പഴുതുകളിലൂടെ നോക്കിനില്‍ക്കുമ്പോള്‍ മാത്രമാണ് അനന്തസ്‌നേഹത്തിന്റെ ആഴം അനുഭവവേദ്യമാവുക. തന്നെത്തന്നെ നമുക്ക് നല്‍കിക്കൊണ്ട്, സമ്പൂര്‍ണഹോമബലിയായിത്തീര്‍ന്ന കര്‍ത്താവിനെ കാണാന്‍ കഴിയുക.
Very Good.
ReplyDelete