ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശിന്മേല്‍ മരിച്ച ആരാധനയ്ക്കു യോഗ്യനായ കര്‍ത്താവും രക്ഷിതാവുമായ ഈശോമിശിഹായേ! ഓ! എന്റെ ഈശോയുടെ ശുദ്ധമാകപ്പെട്ട കുരിശേ! അപകടമുള്ള സകല ആയുധങ്ങളില്‍ നിന്നും എന്നെ കാത്തുകൊള്ളണമെ. ഓ! മിശിഹായുടെ വിശുദ്ധ കുരിശേ! തിന്മയുള്ള ഏല്ലാ കൂട്ടങ്ങളും എന്നെ ബാധിക്കാതെ കാത്തുകൊള്ളണമേ. ഓ! മിശിഹായുടെ വിശുദ്ധ കുരിശേ! എന്റെ ശത്രുക്കളില്‍ നിന്ന് എന്നെ കാത്തുരക്ഷിക്കേണമേ. ഓ! വിശുദ്ധ കുരിശേ! അപകടമരണത്തില്‍ നിന്ന് എന്നെ കാത്തു രക്ഷിക്കേണമേ. എല്ലായ്പ്പോഴും ഓ! സ്ലീവാമേല്‍ തൂങ്ങപ്പെട്ട നസറായക്കാരന്‍ ഈശോയേ! എപ്പോഴും എന്നന്നേയ്ക്കും എന്റെമേല്‍ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ പുജിത ബഹുമാനത്തിനായിട്ടും തന്റെ ദിവ്യപങ്കപ്പാടിന്റെ മാഹാത്മ്യതയെക്കുറിച്ചും, തന്റെ പരിശുദ്ധ പുനരുദ്ധാനത്തിന്റെയും ദൈവത്തോടൊത്ത ആരോഹണത്തിന്റെയും മഹിമയെക്കുറിച്ചും എന്നെ നേരെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുചെല്ലുവാന്‍ തിരുമനസ്സായല്ലോ. നത്താള്‍ദിവസത്തില്‍ ഈശോമിശിഹാ സത്യമായിട്ടും തൊഴുക്കൂട്ടില്‍ പിറന്നതിനെക്കുറിച്ചും പതിമൂന്നാം ദിവസത്തില്‍ മൂന്നു പൂജരാജാക്കള്‍ സത്യമായിട്ടു കാണിക്ക അണച്ചതിനെക്കൊണ്ടും, ദുഃഖവെള്ളിയാഴ്ച ഈശോമിശിഹാ സത്യമായിട്ടു ഗാഗുല്‍ത്താ മലപ്പുറത്തു കുരിശിന്മേല്‍ തൂങ്ങപ്പെട്ടതിനെക്കുറിച്ചും താന്‍ സത്യമായിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്തതിനെക്കൊണ്ടു കാണാവുന്നതും കാണ്മാന്‍ വഹിയാത്തതുമായ എന്റെ ശത്രുക്കളില്‍ നിന്നു ഈശോമിശിഹായുടെ യോഗ്യതകളാല്‍ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും എന്നെ കാത്തുരക്ഷിച്ചുകൊള്ളണമേ. ഓ! ദിവ്യകര്‍ത്താവീശോമിശിഹായേ, എന്നെ അനുഗ്രഹിക്കേണമേ. ശുദ്ധമറിയമേ, യൗസേപ്പേ, എനിക്കു വേണ്ടി അപേക്ഷിക്കേണമേ. നിക്കോദിമോസും യൗസേപ്പും നമ്മുടെ കര്‍ത്താവിന്റെ തിരുശരീരം സ്ലീവായില്‍ നിന്നെടുത്തു കബറടക്കം ചെയ്തുവല്ലോ. ഓ! എന്റെ ദിവ്യകര്‍ത്താവീശോമിശിഹായെ താന്‍ ഏറ്റ പീഡകള്‍ കൊണ്ടു പാപം നിറഞ്ഞ ഈ ഭൂമിയില്‍ നിന്നു സത്യമായിട്ടു തന്റെ തിരുവാത്മാവു വേര്‍പിരിഞ്ഞിരിക്കുന്നു. എന്നാല്‍ എന്റെ കുരിശു ക്ഷമയോടുകൂടി ചുമക്കുവാനും എന്റെ സങ്കടം ഞെരുക്കത്തോടും ഭയത്തോടും സഹിക്കുവാനും അതില്‍ ആവലാതിപ്പെടാതെ ഇരിക്കുവാനും തന്റെ ദുഃഖപീഡകളെക്കുറിച്ചു സകല ആപത്തുകളില്‍ നിന്നും ഇപ്പോഴും എപ്പോഴും എന്നന്നേയ്ക്കും ഞാന്‍ രക്ഷപ്പെടുമാറാകട്ടെ.
ആമ്മേന്‍
No comments:
Post a Comment