പുതിയ പന്തക്കുസ്താ
എന്താണ്പന്തക്കുസ്താ ? അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2:1-47 വചനങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സംഭവിച്ച ദിവസം. യോഹന്നാന്‍ 16:8 ല്‍ യേശു നടത്തിയ വാഗ്ദാനം -
ഞാന്‍ പോയാല്‍ അവനെ (പരിശുദ്ധാത്മാവിനെ) നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയക്കും - ആദ്യമായി നിറവേറ്റപ്പെട്ട ദിവസം. യോഹന്നാന്‍ 16:7 ല്‍ യേശു പറയുന്നു:
നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക്ക് വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ പക്കലേക്ക് അയക്കും.
പരിശുദ്ധാത്മാവിനെ അപ്പസ്‌തോലന്മാരിലേക്കും മറ്റു വിശ്വാസികളിലേക്കും അയക്കും എന്നായിരുന്നു യേശുവിന്റെ വാഗ്ദാനം. പരിശുദ്ധാത്മാവിന് ഒരു വിശേഷണം യേശു പറഞ്ഞു: സഹായകന്‍. സഹായങ്ങള്‍ ചെയ്യുന്ന ആളാണല്ലോ സഹായകന്‍. പരിശുദ്ധാത്മാവിനെ മനുഷ്യരുടെ സഹായകനായിട്ടാണ് യേശു പറയുന്നത്. അതിനര്‍ത്ഥം, പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന സകല വ്യക്തികള്‍ക്കും പരിശുദ്ധാത്മാവ് പലവിധ സഹായങ്ങള്‍ ചെയ്തുകൊടുക്കും എന്നാണ്. ഈ സഹായങ്ങള്‍ ഏതൊക്കെയാണ് എന്നറിയുകയും അത് വിശ്വസിക്കുകയും അവ ലഭിക്കാന്‍ ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന വ്യക്തികളിലേക്ക് പരിശുദ്ധാത്മാവ് വരും. അവരില്‍ പരിശുദ്ധാത്മാവ് വസിക്കും. അവര്‍ക്ക് പലവിധത്തിലുള്ള സഹായങ്ങള്‍ പരിശുദ്ധാത്മാവ് നല്‍കും. ഈ സഹായങ്ങള്‍ ആ വ്യക്തിയുടെ ജീവിതത്തിന്റെ ഭാരങ്ങള്‍ കുറയ്ക്കുകയും ജീവിതത്തെ കൂടുതല്‍ സന്തോഷമുള്ളതും അനുഗ്രഹം നിറഞ്ഞതാക്കുകയും ഇത്തരം വ്യക്തികള്‍ മറ്റുള്ളവര്‍ക്ക് വലിയൊരു അനുഗ്രഹമായി മാറുകയും ചെയ്യും. നമ്മള്‍ എല്ലാവരുംതന്നെ ധാരാളം അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരാണ്. ഭാരങ്ങള്‍ വഹിക്കുന്നവരാണ്. ശരീരത്തിലും മനസിലും ബുദ്ധിയിലും ആത്മാവിലും ഭാരം അനുഭവപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ലഭ്യമായ നന്മകള്‍ പോലും ആസ്വദിക്കാന്‍ പലപ്പോഴും നമുക്ക് കഴിയുന്നില്ല. അപൂര്‍വമായി സ്വസ്ഥത അനുഭവിക്കാന്‍ മറ്റുള്ളവരെ നാം അനുവദിക്കാറുമില്ല. സാഹചര്യങ്ങള്‍ അനുകൂലമായാല്‍, മറ്റുള്ളവര്‍ കുറേക്കൂടി നല്ലവരായാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം ലഭിക്കുമായിരുന്നു എന്ന് നാം ചിന്തിക്കുന്നു. അതിനായി പലപ്പോഴും നമ്മള്‍ പ്രാര്‍ത്ഥിക്കാറുമുണ്ട്.
എന്നാലും, സാഹചര്യങ്ങള്‍ എപ്പോഴും അനുകൂലവും മറ്റുള്ളവരുടെ പെരുമാറ്റങ്ങള്‍ എപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന വിധവും ആകുകയില്ല. അതിനാല്‍, സാഹചര്യങ്ങള്‍ പ്രതികൂലമായിരിക്കുമ്പോഴും മറ്റുള്ളവരുടെ സ്വഭാവം നമുക്ക് മനസിനിണങ്ങാത്തവിധം ആയിരിക്കുമ്പോഴും നമ്മില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകവും സാന്നിധ്യവും ഉണ്ടായിരുന്നാല്‍ നമുക്ക് ജീവിതം കൂടുതല്‍ മനോഹരമാകും. ആദ്യത്തെ പന്തക്കുസ്ത ദിവസം സംഭവിച്ച കാര്യങ്ങള്‍ തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.
യഹൂദന്മാരെ ഭയന്ന്, പുറത്തിറങ്ങാതെ, കതകടച്ച് പത്തു ദിവസത്തോളം സെഹിയോന്‍ മാളികയില്‍ അപ്പസ്‌തോലന്മാര്‍ കഴിഞ്ഞുകൂടി. യഹൂദര്‍ അവരെ ജീവിക്കാന്‍ അനുവദിക്കുകയില്ല എന്നവര്‍ കരുതിയിരുന്നു. ഭാവിയെപ്പറ്റി ഒരു ചിത്രവും അവര്‍ക്കില്ലായിരുന്നു. ഈ അവസ്ഥയിലാണ് അവര്‍ക്ക് പരിശുദ്ധാത്മാവിന്റെ അഭിഷേകവും ആ അഭിഷേകഫലമായി പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളും ലഭിക്കുന്നത്. അതോടെ അവര്‍ പുതിയ വ്യക്തികളായി. ആന്തരികസംഘര്‍ഷങ്ങള്‍ അവരെ വിട്ടുപോയി. അനേകം സിദ്ധികള്‍ അവര്‍ക്ക് കിട്ടി. പ്രസംഗിക്കാന്‍ പാടവം, ഏത് പ്രതിസന്ധികളെയും അഭിമുഖീകരിക്കാനുള്ള ശക്തി, ഏത് സഹനത്തിലൂടെയും ക്ഷമയോടെ കടന്നുപോകാനുള്ള ശക്തി, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കൃപ, രോഗശാന്തിവരം, ദുഷ്ടാരൂപികളെ തിരിച്ചറിയാനും ബന്ധിക്കാനുമുള്ള ശക്തി, വലിയ ജ്ഞാനം, ബുദ്ധി, അറിവ്, തെറ്റുപറ്റാത്ത തീരുമാനം എടുക്കാനുള്ള കൃപ, സഹനങ്ങളെ ധീരമായും പരാതിയില്ലാതെയും സ്വീകരിക്കാനുള്ള കൃപ തുടങ്ങി അനേക നന്മകള്‍. ഈ നന്മകള്‍ ലഭിച്ച അവര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ചുറ്റും കൂടിയിരുന്ന മൂവായിരത്തിലധികം യഹൂദന്മാരോട് യേശുവിനെപ്പറ്റി പ്രസംഗിച്ചു. മാനസാന്തരപ്പെടുവാനും യേശുവില്‍ വിശ്വസിക്കാനും പ്രചോദിപ്പിച്ചു. അപ്പോള്‍ പരിശുദ്ധാത്മാവ് കേള്‍വിക്കാരിലും പ്രവര്‍ത്തിച്ച് അവരിലും മാറ്റങ്ങള്‍ വരുത്തി. അവരില്‍ മൂവായിരം പേര്‍ അപ്പോള്‍ത്തന്നെ യേശുവില്‍ വിശ്വസിച്ചു. പിറകേ മറ്റനേകരും. അങ്ങനെ സഭയ്ക്ക് തുടക്കം കുറിച്ചു. ആദ്യ പന്തക്കുസ്താദിവസം അഗ്നിരൂപത്തിലാണ് പരിശുദ്ധാത്മാവ് അപ്പസ്‌തോലന്മാരിലേക്ക് എഴുന്നള്ളിവന്നത്. അഗ്നിക്ക് പല പ്രത്യേകതകളുണ്ട്. അത് ദഹിപ്പിക്കും, അത് ശുദ്ധീകരിക്കും, അത് ചൂടു പിടിപ്പിക്കും, അത് ആളിക്കത്തിക്കും, അത് വസ്തുവിനെ രൂപഭേദം വരുത്തും. അഗ്നിരൂപത്തില്‍ വന്നിറങ്ങിയ പരിശുദ്ധാത്മാവ് ഇത്തരം നിരവധി മാറ്റങ്ങളാണ് അപ്പസ്‌തോലന്മാരിലും മറ്റുള്ളവരിലും വരുത്തിയത്.
കരിസ്മാറ്റിക് പ്രാര്‍ത്ഥനാനുഭവത്തിലേക്ക് വന്നവരുടെയിടയില്‍ പ്രത്യേകിച്ച് യുവജനങ്ങളുടെയിടയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രചരിച്ച ഒരു ടി-ഷര്‍ട്ട് ഉണ്ടായിരുന്നു. ആ ഷര്‍ട്ടിന്റെ പ്രത്യേകത അതില്‍ എഴുതിവച്ചിരുന്ന മൂന്നു വാക്കുകളാണ് - ഫയര്‍ ഫ്രം എബൗവ് (ഉന്നതത്തില്‍നിന്നുള്ള ശക്തി). പരിശുദ്ധാത്മാവിനെയാണ് ഈ വാക്കുകളിലൂടെ ഉദ്ദേശിച്ചത്. സങ്കീര്‍ത്തനത്തില്‍ പറയുന്നുണ്ട്, കര്‍ത്താവേ, അങ്ങയുടെ ആത്മാവിനെ അയക്കേണമേ, അപ്പോള്‍ സകലതും സൃഷ്ടിക്കപ്പെടും, ഭൂമുഖം പുതുതാകുകയും ചെയ്യും. സകലത്തെയും നവീകരിക്കാനും പുതുക്കി പണിയാനും കഴിവുള്ള ഉന്നതത്തില്‍ നിന്നുള്ള അഗ്നിയാണ് പരിശുദ്ധാത്മാവ്. സകലത്തിലും പെട്ടവരാണ് നമ്മള്‍ ഓരോരുത്തരും മറ്റുള്ളവരും എല്ലാ സാഹചര്യങ്ങളും. അതിനാല്‍ ഉന്നതത്തില്‍ നിന്നുള്ള ഈ അഗ്നി ആരിലേക്ക്, എവിടേക്ക് വരുന്നുവോ അവിടെ വലിയ മാറ്റങ്ങളുണ്ടാകും.
സഹായകന്‍ എന്നാണ് യേശു പരിശുദ്ധാത്മാവിനെപ്പറ്റി പറയുന്നത്. പരിശുദ്ധാത്മാവായ സഹായകന്‍ അഗ്നിയായി നമ്മിലേക്ക് വന്നാല്‍ വലിയ മാറ്റങ്ങള്‍ക്ക് നാം വിധേയപ്പെടും. ആ അഗ്നി നമ്മിലുള്ള രോഗങ്ങളും ആന്തരികമുറിവുകളും സുഖപ്പെടുത്തും. ജ്ഞാനം, ബുദ്ധി, അറിവ്, ആലോചന, ആത്മശക്തി, ദൈവഭക്തി, ദൈവഭയം എന്നിവയില്‍ വളര്‍ത്തും. സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, നന്മ, ദയ, വിശ്വസ്തത, ആത്മസംയമനം തുടങ്ങിയവ നമ്മില്‍ നിറയ്ക്കും. രോഗികളെ സുഖപ്പെടുത്താനും പിശാചുക്കളെ തിരിച്ചറിഞ്ഞ് ബന്ധിക്കാനും ശക്തി കിട്ടും. വരാനിരിക്കുന്ന കാര്യങ്ങള്‍ പോലും വെളിപ്പെട്ടു കിട്ടും (പ്രവചനവരം). നിലവിലുള്ള പല കാര്യങ്ങളുടെയും സത്യാവസ്ഥ മനസിലാകും (അറിവിന്റെ വരം). ഏറ്റവും ഉചിതമായ തീരുമാനം എടുക്കാനുള്ള കൃപ (ആലോചന, ജ്ഞാനം) കിട്ടും. പ്രതികൂല സാഹചര്യങ്ങളെ ശാന്തമായി നേരിടാനുള്ള ശക്തി കിട്ടും. ചുരുക്കിപ്പറഞ്ഞാല്‍, ശരീരം, മനസ്, ബുദ്ധി, ആത്മാവ് എന്നിവയ്‌ക്കെല്ലാം നന്മകള്‍ ലഭിക്കും. ശരീരം, മനസ്, ബുദ്ധി, ആത്മാവ് എന്നിവയുടെ സുഖമാണല്ലോ മനുഷ്യന്റെ സുഖം. അതിനാല്‍, നമ്മുടെ ദൈനംദിന ജീവിതത്തിന് നാനാവിധത്തില്‍ ഉപകരിക്കുന്ന വലിയൊരു സാന്നിധ്യവും വരദാനഫലങ്ങളുമാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെ കിട്ടുക. അതിനാല്‍ ഈ പുതു വര്‍ഷത്തില്‍ യേശു വാഗ്ദാനം ചെയ്ത സഹായകനാകുന്ന അഗ്നി നമ്മിലും നിറയാന്‍ പ്രാര്‍ത്ഥിക്കാം. ആ അഗ്നി നമ്മിലുള്ള നന്മകളെ ജ്വലിപ്പിക്കട്ടെ! തിന്മകളെ ദഹിപ്പിക്കട്ടെ; തണുത്തുപോയതിനെ ചൂട് പിടിപ്പിക്കട്ടെ.
പരിശുദ്ധത്മാവേ,എഴുന്നള്ളി വരണമേ.
അങ്ങയുടെ പ്രകാശത്തിന്‍റെ കതിര്‍
സ്വര്‍ഗ്ഗത്തില്‍ നിന്ന് അയക്കണമേ.
അഗതികളുടെ പിതാവേ,
ദാനങ്ങള്‍ കൊടുക്കുന്നവനേ,
ഹൃദയത്തിന്‍റെ പ്രകാശമേ എഴുന്നള്ളിവരേണമേ.
ആശ്വാസ ദായകാ
ആത്മാവിന്‍റെ മാധുര്യമേ
ഉഷ്ണത്തില്‍ തണുപ്പേ,
അവശതയില്‍ ആലംബമേ
എഴുന്നള്ളിവരണമേ.
ആന ന്ദ പൂര്‍ണ്ണമായ പ്രകാശമേ,
അങ്ങേ വിശ്വാസികളുടെ
ഹൃദയങ്ങളെ നിറയ്ക്കണമേ.
അങ്ങയുടെ അനുഗ്രഹം കൂടാതെ
മനുഷ്യരില്‍ പാപമല്ലാതെ മറ്റൊന്നുമില്ല.
മാലിന്യമുള്ളത് കഴുകണമേ.
വാടിപ്പോയത് നനക്കണമേ.
രോഗമുള്ളത് സുഖപ്പെടുതണമേ.
കടുപ്പമുള്ളത് മയപ്പെടുത്തണമേ.
ആറിപ്പോയത് ചൂടാക്കണമേ.
വഴിതെറ്റി പ്പോയതു നെര്‍വഴിക്കാക്കണമേ.
അങ്ങില്‍ ആശ്രയിക്കുന്ന വിശ്വാസികള്‍ക്ക്
അവിടുത്തെ ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കണമെ.
പുണ്യയോഗ്യതയും നിത്യാനന്ദവും ഞങ്ങള്‍ക്ക് നല്‍കണമേ.
ആമ്മേന്‍ .