അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Monday, 3 July 2017

രമ്യത

എന്റെ ജീവിതത്തിലെ ഏറ്റവും ചേതോഹരമായ അനുഭവമാണ് ഇവിടെ കുറിക്കുന്നത്. 1982-ൽ ഞാൻ പത്താംക്ലാസ് പരീക്ഷയെഴുതി. ആ വർഷം ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഒരു കൂട്ടുകാരൻ ഞാനുമായി പിണങ്ങി. പരസ്പരം സംസാരം ഇല്ലാതായി. കൂട്ടുകാർ തമ്മിലുള്ള വഴക്ക് പിന്നീട് വീട്ടുകാർ തമ്മിലായി. പരസ്പരം സംസാരിക്കില്ല. അന്ന് അതൊന്നും ഒരു വിഷയമല്ലായിരുന്നു. വഴക്കിന് വഴക്ക്, വെറുപ്പിന് വെറുപ്പ്, അത്രയേ ചിന്തിച്ചുള്ളൂ. ആ വർഷം അതായത് 1982 ജൂൺ 15-ന് വൈദികനാകാനുള്ള ആഗ്രഹത്താൽ ഞാൻ സെമിനാരിയിൽ ചേർന്നു.
സെമിനാരി ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ദിനവുമുള്ള പ്രഭാത ധ്യാനം. ഒരു ദിവസം ധ്യാനിക്കാനായി കിട്ടിയത് മത്തായി 5:21-26 വചനങ്ങളായിരുന്നു. സഹോദരനുമായി രമ്യതപ്പെടുക എന്നാണ് ആ ഖണ്ഡികയുടെ ശീർഷകം. സഹോദരനുമായി സ്‌നേഹത്തിലായിരിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. ഞാൻ ചിന്തിച്ചു, ‘എന്റെ കൂട്ടുകാരനുമായി ഞാൻ വഴക്കിലാണ്. ഈ വഴക്കോടുകൂടി എനിക്കൊരു നല്ല വൈദികനാകാൻ പറ്റില്ല.’ എനിക്കാകെ വിഷമമായി. ഇനി എന്തു ചെയ്യും?
അന്നുതന്നെ തീരുമാനമെടുത്തു, ക്രിസ്മസിന് അവധിക്കു പോകുമ്പോൾ എല്ലാം ക്ഷമിച്ച് അവരുടെ വീട്ടിൽ പോകും, സംസാരിക്കും എന്ന്. 1982-ലെ ക്രിസ്മസ് അവധിക്ക് വീട്ടിൽ പോയി. പോയപോലെതന്നെ തിരിച്ചുവന്നു, ക്ഷമിച്ചില്ല, സംസാരിച്ചില്ല. എന്റെ ഇളയപ്പന്റെ കുഞ്ഞുമകൾ എന്നോട് പറഞ്ഞു, ”ചേട്ടാ, അച്ചനാകാൻ പോയിട്ട് വഴക്കു കൂടി നടക്കുന്നത് ശരിയല്ല.” അതെനിക്കുമറിയാം. എന്നിട്ടും എനിക്ക് ക്ഷമിക്കാൻ പറ്റിയില്ല.
എന്റെ തീരുമാനമെല്ലാം അതേപോലെ പോയി. അവധി കഴിഞ്ഞ് സെമിനാരിയിൽ വന്നു. പണ്ടത്തെക്കാൾ കൂടുതലായി എന്റെ ഹൃദയം അസ്വസ്ഥമാകാൻ തുടങ്ങി. കൂട്ടുകാരനോട് ക്ഷമിച്ച് സ്‌നേഹിക്കാതെ എനിക്ക് നല്ല അച്ചനാകാൻ പറ്റില്ല എന്ന ചിന്ത എന്നെ വിഷമിപ്പിച്ചു. എനിക്കൊരു നല്ല അച്ചനാകുകയും വേണം. ഇനി എന്തുചെയ്യും?
ചോദ്യം ഈശോയോടായപ്പോൾ
ഒരു ദിവസം ഞാൻ ഈശോയോട് പ്രാർത്ഥിച്ചു. ഈശോയേ, ഞാൻ എന്തു ചെയ്യണം? അവിടുന്ന് എനിക്കൊരു വചനഭാഗം തന്നു. ലൂക്കാ 6:27-36. അതിലെ ഒരു വചനം എന്നെ സ്പർശിച്ചു. ”അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” (6:28). അന്നുമുതൽ എന്റെ കൂട്ടുകാരനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി. ”എന്റെ ഈശോയേ, എന്റെ കൂട്ടുകാരനെ അനുഗ്രഹിക്കണമേ” ഇതായിരുന്നു എന്റെ പ്രാർത്ഥന. ഇത് ഞാൻ എന്നും പ്രാർത്ഥിച്ചു.
ഈസ്റ്റർ അവധിയുടെ സമയമായപ്പോൾ മനസിൽ തോന്നി ഇപ്രാവശ്യം കൂട്ടുകാരനോട് ക്ഷമിക്കണമെന്ന്. അവധിക്ക് വീട്ടിൽ ചെന്നു. പോയി സംസാരിക്കാൻ പറ്റുന്നില്ല. വല്ലാത്ത തടസം. അവസാനം വിചാരിച്ചു, പെസഹാവ്യാഴാഴ്ച അവരുടെ വീട്ടിൽ അപ്പവും പാലും കഴിക്കാൻ പോകാം. അങ്ങനെ വഴക്ക് മാറുമല്ലോ. ചുറ്റുമുള്ള എല്ലാ വീട്ടിലും പോയി. അവിടെമാത്രം പോയില്ല. ഉള്ളിൽ വേദനയും വിഷമവും കൂടി.
പിറ്റേന്ന് ദുഃഖവെള്ളി. ആ ദുഃഖവെള്ളി എന്നെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതായിരുന്നു. ഞാൻ അൾത്താര ബാലൻ അല്ലാതിരുന്നതിനാൽ സെമിനാരിയിൽ പോകുന്നതിനുമുമ്പ് ഞാൻ അൾത്താരയിൽ കയറിയിട്ടേയില്ലായിരുന്നു. എന്നാൽ സെമിനാരിയിൽനിന്ന് അവധിക്ക് ചെന്നപ്പോൾ, വികാരിയച്ചൻ എന്നോട് പറഞ്ഞു: ”പീഡാനുഭവ ചരിത്രത്തിലെ ചില ഭാഗങ്ങൾ ബ്രദർ വായിച്ചോ.” എനിക്ക് വളരെ സന്തോഷമായി. അൾത്താരയിൽ കയറാൻ പറ്റുമല്ലോ. നേരത്തേ തന്നെ അച്ചന്റെ കൈയിൽനിന്ന് പുസ്തകം വാങ്ങി, ഭാഗങ്ങൾ അടയാളപ്പെടുത്തി വായിച്ച് പരിശീലിച്ചു. പീഡാനുഭവ തിരുക്കർമങ്ങളിലെല്ലാം പങ്കെടുത്തു. ദേവാലയത്തിലെ ശുശ്രൂഷകൾ കഴിഞ്ഞ് എല്ലാവരും പോയിട്ടും ഞാൻ അല്പനേരംകൂടി ദേവാലയത്തിലിരുന്ന് ഈശോയ്ക്ക് നന്ദി പറഞ്ഞു.
പെട്ടെന്ന് എന്റെ കൂട്ടുകാരന്റെ ഓർമവന്നു. അതോടൊപ്പം ഈശോ എന്നോട് പറയുന്നതുപോലെ എനിക്ക് തോന്നി: ”ക്ഷമിക്കുക.” ഈശോയുടെ കുരിശിലെ പ്രാർത്ഥന എന്റെ ചെവിയിൽ മുഴങ്ങി. ”പിതാവേ, അവരോട് ക്ഷമിക്കണമേ, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല” (ലൂക്കാ 23:34). ഞാൻ ഈശോയോട് പ്രാർത്ഥിച്ചു: ”ഈശോയേ, ക്ഷമിക്കാൻ എന്നെ സഹായിക്കണമേ.” എന്തോ ഒരു ശക്തി എനിക്ക് ലഭിച്ചു. ഞാൻ സാവധാനം പുറത്തിറങ്ങി. കൂട്ടുകാരന്റെ വീട്ടിൽ പോകണം, സംസാരിക്കണം. ഈ ഒരൊറ്റ വിചാരമേ മനസിൽ ഉള്ളൂ.
യുദ്ധക്കളത്തിൽ
ഞാൻ ഈ തീരുമാനത്തോടെ പുറത്തിറങ്ങിയ ഉടനെ എന്റെ ഹൃദയം രണ്ടു ഭാഗമായി തിരിഞ്ഞതുപോലെ എനിക്ക് തോന്നി. എന്നിൽ ശക്തമായി യുദ്ധം ആരംഭിച്ചു. എന്റെ ഹൃദയത്തിന്റെ വലതുവശത്തുനിന്ന് ഒരു ശബ്ദം എന്നോട് പറയുകയാണ്: ”നീ അവരുടെ വീട്ടിൽ പോകണം, ക്ഷമിക്കണം, സംസാരിക്കണം” എന്ന്.
ഉടൻ ഇടതുഭാഗത്തുനിന്ന്: ”നീ എന്തിനാണ് പോകുന്നത്? എന്തിനാ ക്ഷമിക്കുന്നത്? നീ തെറ്റൊന്നും ചെയ്തില്ലല്ലോ?”
ഉടൻ വലതുഭാഗം: ”ഈശോ തെറ്റൊന്നും ചെയ്യാഞ്ഞിട്ടും ക്ഷമിച്ചില്ലേ? നീയും ക്ഷമിക്കണം, സ്‌നേഹിക്കണം.”
ഇടതുഭാഗം: ”നീ ചെന്നാൽ അവർ നിന്നെ അടിച്ചിറക്കും. നോക്കിക്കോ, അവർക്ക് നിന്നെ കാണണ്ട.”
ഈ യുദ്ധത്തിനിടയിൽ ഞാൻ നടന്ന് അവരുടെ വീടടുക്കാറായി. ഞാൻ വീട്ടിൽ പോകുന്ന വഴിയാണ് അവരുടെ വീട്. റോഡരികിൽത്തന്നെ. ആ വീടിന്റെ മുൻപിൽ എത്തിയപ്പോൾ ”പോകരുത്” എന്ന ശബ്ദം കൂടിവന്നു. എവിടെനിന്ന് ശക്തി കിട്ടിയെന്ന് എനിക്കറിയില്ല. ഞാൻ അവരുടെ മുറ്റത്തേക്ക് കയറി. ഉടൻതന്നെ എന്റെ ഹൃദയത്തിന്റെ ഇടതുവശത്തെ ശബ്ദം ഇല്ലാതായി. വലിയ സമാധാനവും ശാന്തിയും എന്നിൽ നിറഞ്ഞു.
ഞാൻ അവരുടെ വാതിലിൽ മുട്ടി. അകത്തുനിന്ന് ആരാണെന്ന് ചോദിച്ചു. ഞാൻ പേരു പറഞ്ഞു. അവർ ഏറെ സ്‌നേഹത്തോടെ, സന്തോഷത്തോടെ എന്നെ വീട്ടിൽ സ്വീകരിച്ചു. ഒരുപാട് സംസാരിച്ചു. ചായ കഴിച്ചു. ക്ഷമ ചോദിക്കുകയോ പറയുകയോ ചെയ്തില്ല. എന്നാൽ എല്ലാം സംഭവിച്ചു. ഹൃദയത്തിൽ വീണ്ടും സ്‌നേഹം പൂത്തു.
ഇത്രയും വർഷങ്ങൾക്കുശേഷവും മധുരിമ നഷ്ടമാ കാതെ എന്നിൽ നിറഞ്ഞുനില്ക്കുന്ന സന്തോഷത്തിന്റെ ദുഃഖവെള്ളിയുടെ ഓർമയാണിത്. എന്റെ സന്യാസ, പൗരോഹിത്യ, മിഷനറി ജീവിതത്തിന്റെ ശക്തിയാണിത്. എന്റെ ഈശോ കാൽവരിക്കുരിശിൽനിന്ന് എനിക്ക് തന്ന സമ്മാനം. ആദ്യമായി അൾത്താരയോട് ചേർന്നുനിന്ന ദിവസം, ഈശോ എന്നെ പഠിപ്പിച്ചു – അൾത്താര ക്ഷമയുടെ ഇടമാണെന്ന്. ഒത്തിരി പേരുടെ ജീവിതങ്ങളിൽ ക്ഷമയുടെ കതിരു വീശുവാൻ ഈ ക്ഷമാനുഭവം എനിക്ക് ശക്തി തന്നിട്ടുണ്ട്. ഇതൊരു ദൈവികസന്ദേശമാണ്. ഇതാണ് വെറുപ്പിന്റെ, പകയുടെ ഇടങ്ങളിൽ ക്രിസ്ത്യാനി ജീവിതത്തിലൂടെ നല്‌കേണ്ട സന്ദേശം.
ഫാ. ജോർജ് ആലുക്ക സി.എസ്.റ്റി

Sunday, 2 July 2017

സ്ഥൈര്യലേപനം




സ്ഥൈര്യലേപനം : എപ്പോള്‍? എങ്ങനെ സ്ഥാപിക്കപ്പെട്ടു? നമ്മുടെ കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനു മുമ്പായി അവിടുന്നു ശിഷ്യന്‍മാ‍രുടെ മേല്‍ നിശ്വസിച്ചുകൊണ്ട്‌ അവരോട്‌ അരുള്‍ ചെയ്തു. " നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ " (യോഹ. 20:22).


ലേപനം എന്തിനെക്കുറിക്കുന്നു ? അത്‌ എപ്രകാരം? സ്ഥൈര്യലേപനം മനുഷ്യനു സിദ്ധിക്കുന്ന സന്തോഷത്തെയും ബലത്തേയും സൂചിപ്പിക്കുന്നു‍. തൈലം, സ്വഭാവത്താലെ പൂശപ്പെടുന്ന ശരീരത്തില്‍ വ്യാപിച്ച്‌ അതിനെ ലാഘവപ്പെടുത്തി ചൈതന്യം കൊടുക്കുന്നതുപോലെ, പരിശുദ്ധാരൂപിയുടെ വരപ്രസാദങ്ങള്‍ ആത്മാവില്‍ വ്യാപിച്ച്‌ അതിനു ശക്തിയും വീര്യവും നല്‍കുന്നു‍.


"സ്ഥൈര്യപ്പെടുത്തുന്നു‍" എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ത്‌? ശരീരത്തില്‍ പൂശുന്ന തൈലം ശരീരത്തിനു ചൈതന്യം കൊടുക്കുന്നതുപോലെ, സ്ഥൈര്യലേപന കൂദാശ ജ്ഞാനവും ദൈവീകശക്തിയും നല്‍കി ദൈവരാജ്യ സാക്ഷിയാകുവാന്‍ ഒരുക്കുന്നു‍വെന്നര്‍ത്ഥമാകുന്നു‍.


സ്ഥൈര്യലേപനത്തിന്‍റെ ശുശ്രൂഷകര്‍ ആര്‌? സാധാരണ ശുശ്രൂഷകര്‍ മെത്രാന്‍മാരും അസാധാരണമായി പ്രത്യേകം അനുവാദം ലഭിച്ച വൈദികരും ആകുന്നു‍.


സ്ഥൈര്യലേപനം രണ്ടാമതും സ്വീകരിക്കാന്‍ പാടില്ലാത്തതെന്ത്‌? സ്ഥൈര്യലേപനം സ്വീകരിക്കുന്നയാളില്‍ അക്ഷയവും ശാശ്വതവുമായ അഴിയാത്ത മുദ്ര പതിയുന്നതുകൊണ്ട്‌.


സ്ഥൈര്യലേപനം വീണ്ടും കൈക്കൊണ്ടാല്‍ കുറ്റമുണ്ടോ? അതെന്തുകൊണ്ട്‌? അറിഞ്ഞുകൊണ്ട്‌ സ്ഥൈര്യലേപനം വീണ്ടും കൈക്കൊണ്ടാല്‍ ഗൗരവമായ പാപത്തില്‍ വീഴുന്നു‍. കാരണം ഈ കൂദാശയുടെ സ്വീകരണത്തിലൂടെ ശാശ്വതഫലം പുറപ്പെടുത്താന്‍ കഴിയില്ലെന്നൊ, പുറപ്പെടുത്തിയ ഫലം ക്ഷയിച്ചു പോയെന്നൊ കാണിക്കുന്നതുകൊണ്ട്‌. തന്‍മൂ‍ലം ദൈവത്തിനും ദിവ്യകൂദാശക്കും ആക്ഷേപവും അപമാനവും വരുത്തി വയ്ക്കുന്നു‍. അതിനാലത്രെ ദൈവദോഷത്തില്‍ വീഴുന്നത്‌.


സ്ഥൈര്യലേപനം ആര്‍ക്കൊക്കെ സ്വീകരിച്ചുകൂടാ? മഹറോന്‍ ശിക്ഷമൂലം തിരുസ്സഭയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റിനിറുത്തപ്പെട്ടവര്‍, ഇന്റര്‍ഡിക്ട്‌ എന്ന സഭാ മുടക്കില്‍ ഉള്‍പ്പെട്ടവര്‍,പരസ്യമായി പാപത്തില്‍ ജീവിക്കുന്നവര്‍, പെസഹാ കടമ നിറവേറ്റിയിട്ടില്ലാത്തവര്‍ മുതലായവര്‍ക്ക്‌ സ്ഥൈര്യലേപനം സ്വീകരിച്ചുകൂടാ.


സ്ഥൈര്യലേപന സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ ഏവ? മുന്നൊരുക്കം, താല്‍ക്കാലിക ഒരുക്കം എന്നു‍ രണ്ടുവിധം:


മുന്നൊരുക്കം

(1) പരിശുദ്ധമായ ജീവിതം നയിക്കണം.

(2) സ്ഥൈര്യലേപനത്തെക്കുറിച്ചും ക്രിസ്തു രഹസ്യത്തെക്കുറിച്ചും സഭാരഹസ്യത്തെക്കുറിച്ചുമുള്ള ആഴമായ അറിവ്‌ ഉണ്ടാകണം.

വിശുദ്ധ തൈലം പൂശുമ്പോള്‍ നമ്മുടെ ചിന്ത എന്തായിരിക്കണം? പരിശുദ്ധാരൂപി തന്‍റെ ഏഴു ദാനങ്ങള്‍കൊണ്ടും മറ്റു ദൈവിക നന്‍മകള്‍കൊണ്ടും നമ്മെ സമ്പൂര്‍ണ്ണരാക്കുന്നുവെന്നും, നമ്മുടെ ഹൃദയത്തെ തന്‍റെ പ്രത്യേക ഭവനമായി തെരഞ്ഞെടുത്ത്‌ പിതാവിനോടും പുത്രനോടും കൂടി വിശേഷ വിധമായി അതില്‍ വാസം ചെയ്യുവാന്‍ തുടങ്ങുന്നുവെന്നും വിചാരിക്കണം.

വിശുദ്ധതൈലം പൂശുമ്പോള്‍ നാം എന്താണ്‌ പ്രാര്‍ത്ഥിക്കേണ്ടത്‌? ഒന്നാമതായി ദൈവം നല്‍കുന്ന ഈ കൃപയെക്കുറിച്ചു ദൈവത്തെ സ്തുതിക്കണം, നന്ദിപറയണം. അതിനുശേഷം ഇപ്പോള്‍ കൈക്കൊണ്ട ഈ വിശേഷനന്‍മകളെ ഒരിക്കലും നഷ്ടമാക്കിക്കളയാതെ മരണംവരെ അവയെ കാത്തു കൊള്ളുന്നതിന്‌ പരിശുദ്ധാരൂപിയുടെ പ്രേരണയ്ക്കനുസരിച്ച്‌ ജീവിക്കാനുള്ള അനുഗ്രഹവും സഹായവും ലഭിക്കണമെന്നു പ്രാര്‍ത്ഥിക്കണം.

സ്ഥൈര്യലേപനത്തിന്‍റെ ഫലം എന്ത്‌? സമ്പൂര്‍ണ്ണമായ ദൈവവരപ്രസാദവും അക്ഷയമായ ജ്ഞാനമുദ്രയും പരിശുദ്ധാരൂപിയുടെ ദാനങ്ങളും ദൈവരാജ്യപ്രഘോഷണത്തിന്‌ വേണ്ട ധൈര്യവും ലഭ്യമാകുന്നു.

സ്ഥൈര്യലേപനം സ്വീകരിക്കണമെന്ന കടമയുണ്ടോ? ഉണ്ട്‌. ദൈവരാജ്യത്തെയും അവിടുത്തെ നീതിയെയും ജീവിക്കുവാനും പ്രഘോഷിക്കുവാനും അതുവഴി പുണ്യ പൂര്‍ണ്ണത പ്രാപിക്കുന്നതിനും സ്ഥൈര്യലേപനം എന്ന കൂദാശ ആവശ്യമാണ്‌ (മത്താ 6:33;5:48).

സ്ഥൈര്യലേപനം സ്വീകരിച്ചയാളുടെ കടമ ഈശോ ലോകരക്ഷകനാണെന്ന്‌‌ ജീവിതം വഴി കാണിച്ചു കൊടുക്കുകയും, പ്രഘോഷിക്കുകയും ചെയ്യുക. ദൈവരാജ്യത്തിന്‍റെ വരവിനെ തടസ്സപ്പെടുത്തുന്ന പ്രലോഭനങ്ങളെ സധൈര്യം നേരിടുക. സ്വജീവനെ ബലികഴിച്ചുപോലും ദൈവരാജ്യം ഇന്നി‍ന്‍റെ യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

ഒരാൾ നിങ്ങൾക്കായി കാത്തിരിക്കുന്നു


വിശുദ്ധ കുര്‍ബാനയില്‍ ജീവന്റെ സാന്നിധ്യമുണ്ടേണ്ടാ? ജീവനില്ലാത്ത അപ്പത്തില്‍ ജീവനുള്ള ദൈവം സന്നിഹിതനാണെന്ന് പറയുന്നത് ശരിയാണോ? ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാനായി കയറുമ്പോള്‍ ആദ്യമായി കാണുന്നത് സക്രാരിയാണ്. അപ്പോള്‍ ഒരു വ്യക്തിയുടെ മനസില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരാം.
അന്ത്യ അത്താഴത്തിന്റെ പശ്ചാത്തലത്തിലാണ് യേശു വിശുദ്ധ കുര്‍ബാന സ്ഥാപിക്കുന്നത്. താന്‍ ഏറെ സ്നേഹിച്ചിരുന്ന പ്രിയപ്പെട്ട ശിഷ്യരോടൊത്ത് അവിടുന്ന് അവസാനമായി ഈ ലോകത്തില്‍ ഭക്ഷണത്തിനിരിക്കുകയാണ്. അവരെ ഉപേക്ഷിച്ചു പോകുവാന്‍ യേശുവിന്റെ മനസ് അനുവദിക്കുന്നില്ല. അവരോടുകൂടെ എന്നെന്നും ജീവിക്കുവാന്‍ - അവരോടുകൂടെ മാത്രമല്ല അവരുടെ വചനത്തിലൂടെ യേശുവില്‍ വിശ്വസിക്കുന്നവരുടെ കൂടെയും - അവിടുന്ന് തീവ്രമായി ആഗ്രഹിച്ചു.

സ്നേഹതീരുമാനത്തിന്റെ അടയാളം

'എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയില്ല' (യോഹന്നാന്‍ 6:37) എന്ന് അവിടുന്ന് പറഞ്ഞത് ഒരു പൊള്ളയായ പ്രസ്താവന ആയിരുന്നില്ല. അത് യേശുവിന്റെ ഹൃദയത്തിന്റെ മാറ്റമില്ലാത്ത ഒരു ഭാവമായിരുന്നു. 'യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും' (മത്തായി 28:20) എന്ന തന്റെ വാഗ്ദാനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുവാന്‍ അവിടുന്ന് തീരുമാനിച്ചതിന്റെ പ്രകടമായ അടയാളമാണ് വിശുദ്ധ കുര്‍ബാന.

തന്റെ ജീവന്‍ മനുഷ്യമക്കളുടെ വിമോചനത്തിനായി സമര്‍പ്പിച്ചതുകൊണ്ടുമാത്രം അവിടുന്ന് തൃപ്തനായില്ല. അവര്‍ക്ക് തുടര്‍ന്നും പോഷണം നല്കി വളര്‍ത്തുവാന്‍ അവിടുന്ന് തീവ്രമായി അഭിലഷിച്ചു. നാം യാത്ര പോകുമ്പോള്‍ ഭക്ഷണം കരുതാറുണ്ടല്ലോ. ഇതുപോലെ മനുഷ്യന്റെ ആത്മീയ യാത്രയില്‍ അവന് ശക്തി പകരുവാന്‍ അവിടുന്ന് തന്നെ ഭക്ഷണമായിത്തീര്‍ന്നു. 'എന്റെ അടുത്തുവരുന്നവന് ഒരിക്കലും വിശക്കുകയില്ല' (യോഹന്നാന്‍ 6:35) എന്ന അവിടുത്തെ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ് വിശുദ്ധ കുര്‍ബാന.
യേശു ചെയ്ത ഏറ്റവും വലിയ അത്ഭുതമായി വേണം വിശുദ്ധ കുര്‍ബാനയെ കാണുവാന്‍. കാരണം ആ അത്ഭുതം ഇന്നും അനുസ്യൂതം തുടര്‍ന്നുപോകുന്നു. അന്ത്യ അത്താഴ സമയത്ത് അപ്പമെടുത്ത് വാഴ്ത്തിക്കൊണ്ട് അവിടുന്ന് അരുള്‍ചെയ്തു. 'ഇത് നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്.' അവിടുന്ന് കൂട്ടിച്ചേര്‍ത്തു, 'എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍.' വൈദികര്‍ ഇന്നും ദൈവാലയത്തില്‍ അപ്പമെടുത്ത് കൂദാശാവചനം ഉച്ചരിക്കുമ്പോള്‍ വെറും ഓസ്തി തിരുവോസ്തിയാകുന്നു. അപ്പം യേശുവിന്റെ ജീവനുള്ള ശരീരമായി രൂപാന്തരപ്പെടുന്നു.
വിശുദ്ധ കുര്‍ബാനയിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിന്റെ ഏറ്റവും വലിയ തെളിവ് യേശുവിന്റെ വാക്കുകള്‍ തന്നെയാണ്. ആകാശവും ഭൂമിയും കടന്നുപോയാലും തന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ. യേശു സത്യമാണ്. അതിനാല്‍ അവിടുത്തെ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള വാക്കുകള്‍ നാം സത്യമായിത്തന്നെ സ്വീകരിക്കണം. യേശു വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്. അവിടുന്ന് പറഞ്ഞതെല്ലാം പ്രാവര്‍ത്തികമാക്കി. എങ്കില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള തന്റെ വാഗ്ദാനവും നിറവേറ്റപ്പെട്ടതായി നാം നിശ്ചയമായും ബോധ്യപ്പെടണം. യേശുവിന്റെ മറ്റ് വാഗ്ദാനങ്ങളെല്ലാം നാം വിശ്വസിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു. എന്നാല്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള അവിടുത്തെ വാഗ്ദാനങ്ങള്‍ വിശ്വസിക്കാത്തത് ഒരു വൈരുദ്ധ്യമല്ലേ?

ഒരു അനുഭവത്തിലേക്ക്

വിശുദ്ധ കുര്‍ബാന ജീവിക്കുന്ന ദൈവപുത്രന്‍ തന്നെയാണ്. വൈദികന്‍ തിരുവോസ്തി ഉയര്‍ത്തി ആശീര്‍വദിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ യേശു തന്നെയാണ് കരങ്ങളുയര്‍ത്തി അനുഗ്രഹിക്കുന്നത്, രോഗസൗഖ്യം നല്കുന്നത് എന്ന ബോധ്യം നല്കുവാന്‍ ഒരു അനുഭവം നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ഈ സംഭവം ഒരു വ്യക്തിയുടെ ജീവിതത്തെ സമൂലം മാറ്റിമറിച്ചതാണ്. അദ്ദേഹത്തിന്റെ മുന്‍ഗണനാക്രമങ്ങളെ തിരുത്തിയ ഒന്നാണ്. അദ്ദേഹത്തിന്റെ പേര് പെദ്രോ അരൂപ്പെ. 1965 മുതല്‍ 1983 വരെ ദീര്‍ഘകാലം ഈശോസഭയുടെ സുപ്പീരിയര്‍ ജനറലായിരുന്നു അരൂപ്പെ അച്ചന്‍. ഈശോസഭാംഗങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട സുപ്പീരിയര്‍. അവരുടെ പല ഭവനങ്ങളും അദ്ദേഹത്തോടുള്ള ആദരവിനാല്‍ 'അരൂപ്പെ ഭവനം' എന്നത്രേ വിളിക്കപ്പെടുന്നത്. ഈശോസഭയുടെ രണ്ടാം സ്ഥാപകന്‍ എന്ന് അദ്ദേഹത്തെ പലരും കരുതുന്നുണ്ട്. അത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വാധീനം.

അദ്ദേഹം വൈദികനായതിന്റെ പിന്നില്‍ ഒരു ദിവ്യകാരുണ്യ ഇടപെടലുണ്ട്. 1907-ല്‍ സ്പെയിനിലാണ് അദ്ദേഹം ജനിച്ചത്. മാതാപിതാക്കള്‍ ഭക്തരായ കത്തോലിക്കരായിരുന്നു. എന്നാല്‍ ചെറുപ്പത്തില്‍ ഒരു വൈദികനാകുവാനല്ല അദ്ദേഹം ആഗ്രഹിച്ചത്. പ്രത്യുത ഒരു ഡോക്ടറാകുവാനായിരുന്നു. തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി അദ്ദേഹം സ്പെയിനിലെ പ്രസിദ്ധമായ മാഡ്രിഡ് മെഡിക്കല്‍ സ്‌കൂളില്‍ ചേര്‍ന്നു. തന്റെ നിയോഗം ഒരു ഡോക്ടറാകുവാനുള്ളതാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ മാറ്റിയ ഒരു യാത്ര നടത്തുവാന്‍ ഇടയായി. അത് പരിശുദ്ധ അമ്മയുടെ വളരെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമായ ഫ്രാന്‍സിലെ ലൂര്‍ദ്ദിലേക്കായിരുന്നു. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ കണ്ണുകളിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ കണ്ടിരുന്നത്. വൈദ്യശാസ്ത്രം ഉപേക്ഷിച്ച അനേക രോഗികള്‍ ലൂര്‍ദ്ദില്‍ വച്ച് സുഖപ്പെടാറുണ്ട്. അത് പ്രധാനമായും സംഭവിക്കുന്നത് ദിവ്യകാരുണ്യപ്രദക്ഷിണ സമയത്താണ്.

അരൂപ്പെയുടെ ഹൃദയത്തെ തൊടുവാന്‍ ഒരു പ്രകൃത്യാതീതമായ അത്ഭുതം ആവശ്യമായിരുന്നു. കണ്ട് വിശ്വസിക്കുവാന്‍ ദൈവം അദ്ദേഹത്തിന് അവസരമൊരുക്കി. അതും അദ്ദേഹത്തിന്റെ തൊട്ട് അടുത്തുതന്നെ. അദ്ദേഹം നിന്നിരുന്നതിന്റെ അടുത്ത് പോളിയോ ബാധിച്ച് ഇരു കാലുകളും തളര്‍ന്ന ഒരു ബാലനെ അവന്റെ മാതാപിതാക്കള്‍ കിടത്തിയിരുന്നു. വൈദികന്‍ വിശുദ്ധ കുര്‍ബാന ഉയര്‍ത്തി ആശീര്‍വദിക്കുന്ന നിമിഷം അത് സംഭവിച്ചു. അരൂപ്പെയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതുവരെ തളര്‍ന്നിരുന്ന ആ ബാലന്‍ കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റു. യേശു ഇന്നും ജീവിക്കുന്ന ദൈവമാണെന്നും രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പലസ്തീനായില്‍ ചെയ്ത അത്ഭുതങ്ങള്‍ ഇന്നും അവിടുന്ന് തുടര്‍ന്ന് ചെയ്യുന്നുവെന്നും മാത്രമല്ല വിശുദ്ധ കുര്‍ബാനയില്‍ യേശു സത്യമായും സന്നിഹിതനാണെന്നും വിശ്വസിക്കുവാന്‍ അരൂപ്പെയ്ക്ക് ഇനി വേറെ തെളിവ് ആവശ്യമില്ലല്ലോ.

ലോകം ചെറുതാവുമ്പോള്‍

ആ വിസ്മയകരമായ അനുഭവത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്. ''യേശുവിന്റെ തൊട്ടടുത്ത് ഞാന്‍ നില്‍ക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അവിടുത്തെ സര്‍വ്വശക്തി ഞാന്‍ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അപ്പോള്‍ എന്റെ ചുറ്റിലുമുള്ള ലോകം വളരെ ചെറുതായി എനിക്ക് തോന്നി.'' അദ്ദേഹം ലൂര്‍ദ്ദില്‍ നിന്ന് മാഡ്രിഡിലേക്ക് മടങ്ങി. പക്ഷേ തന്റെ മെഡിക്കല്‍ പഠനം തുടരുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അദ്ദേഹം ഇപ്രകാരം അക്കാലം ഓര്‍മ്മിച്ചെടുക്കുന്നു. ''മെഡിക്കല്‍ പുസ്തകങ്ങള്‍ എന്റെ കൈയില്‍ നിന്ന് താഴെ വീഴുന്നതുപോലെ എനിക്ക് തോന്നി. അവയെക്കുറിച്ച്, ഞാന്‍ മനുഷ്യ ശരീരത്തില്‍ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ച്, ഒക്കെ മുമ്പ് ഞാന്‍ വളരെ ആവേശത്തോടെ സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവയൊക്കെ അര്‍ത്ഥരഹിതമായി എനിക്ക് തോന്നി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ ഒരു ചിത്രം മാത്രമേയുള്ളൂ. വൈദികന്‍ വിശുദ്ധ കുര്‍ബാന ഉയര്‍ത്തി ആശീര്‍വദിക്കുന്നതും ആ ബാലന്‍ ചാടിയെഴുന്നേല്‍ക്കുന്നതും. (Ref. James Martin SJ: My Life with the Saints. P. 104)
യേശു അരൂപ്പെയുടെ മനസിനെ കീഴടക്കിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് മുമ്പില്‍ ഒറ്റ വഴി മാത്രം. അത് ജീവിക്കുന്ന ദൈവത്തിന്റെ ഒരു പുരോഹിതനാകുക. അവിടുത്തെ കരങ്ങളില്‍ ഉയര്‍ത്തുവാനുള്ള മഹാഭാഗ്യത്തിനായി സ്വജീവിതം സമര്‍പ്പിക്കുക. അങ്ങനെയാണ് അദ്ദേഹം തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ഈശോസഭയില്‍ ചേര്‍ന്നത്.

പ്രിയപ്പെട്ടവരേ, യേശു നിങ്ങളെ അത്യധികമായി സ്നേഹിക്കുന്നു. ജീവന്റെ ഉടയവനായ അവിടുന്ന് നിങ്ങളോടുള്ള അനന്തസ്നേഹത്തെപ്രതി ജീവന്‍ വെടിഞ്ഞ് ഒരു അപ്പത്തിന്റെ രൂപത്തില്‍ ദൈവാലയത്തില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. നീ ഇപ്പോള്‍ നിരാശനാണെങ്കില്‍ നിന്നെ ആശ്വസിപ്പിക്കുവാന്‍ യേശു ആഗ്രഹിക്കുന്നു. നീ തളര്‍ന്നവനാണെങ്കില്‍ നിന്നെ ബലപ്പെടുത്തുവാന്‍ അവിടുന്ന് തയ്യാറാണ്. എല്ലാവരും, നിന്റെ ഉറ്റവര്‍ പോലും നിന്നെ ഉപേക്ഷിച്ചുവെന്ന് നീ ചിന്തിക്കുന്നു. പക്ഷേ ഒരു നാളും ഉപേക്ഷിക്കാത്തവന്‍ ഇവിടെ ഉണ്ട്. അവിടുത്തെ വാക്കുകള്‍ക്ക് മാറ്റമില്ല. നീ പാപത്തിന്റെ വഴികളില്‍ അനേക കാതം സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും നിന്റെ മനസ് അസ്വസ്ഥമാണ്. സാരമില്ല, അവിടുത്തെ പക്കലേക്കു ചെല്ലൂ, അവിടുന്ന് ഇന്നും ഇങ്ങനെ പറയുന്നുണ്ട്. ''എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല'' (യോഹന്നാന്‍ 6:35). അവിടുത്തെ സന്നിധിയില്‍ ശാന്തമായി ഇരിക്കുക. അവിടുന്ന് ചൊരിയുന്ന സമാധാനം നിന്നെ മൂടുന്നത് നിശ്ചയമായും അനുഭവിച്ചറിയുവാന്‍ സാധിക്കും.

ദിവ്യകാരുണ്യത്തില്‍ സത്യമായും സന്നിഹിതനായിരിക്കുന്ന ദൈവപുത്രാ, ഞാന്‍ അങ്ങയില്‍ വിശ്വസിക്കുന്നു. അങ്ങയെ ആരാധിക്കുന്നു. അങ്ങയെ കാണുവാനായി എന്റെ വിശ്വാസത്തിന്റെ കണ്ണുകള്‍ തുറന്നാലും. എന്റെ കൂടെ വസിക്കുവാന്‍ സ്വജീവന്‍ വെടിഞ്ഞ അങ്ങയുടെ അനന്തസ്നേഹത്താല്‍ എന്റെ മനസിനെ നിറക്കണമേ. എന്റെ എല്ലാ ദാഹങ്ങളും അങ്ങനെ ശമിക്കട്ടെ. ഞാന്‍ എന്നും അങ്ങയുടേതായി മാറട്ടെ. പരിശുദ്ധ അമ്മേ, ദിവ്യകാരുണ്യ നാഥേ, എനിക്കായി പ്രാര്‍ത്ഥിച്ചാലും. വിശുദ്ധ യൗസേപ്പിതാവേ എനിക്കായി പ്രാര്‍ത്ഥിക്കണമേ. ആമേന്‍




Tuesday, 31 January 2017

നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്'




ജോലിക്ക് പോകാന്‍ തിരക്ക് പിടിച്ചൊരുങ്ങുന്ന ആ പ്രഭാതത്തില്‍ പരിഭവം നിറഞ്ഞ മുഖവുമായി അമ്മ മുന്നിലെത്തി. ''എന്റെ മോളേ, നീ ആ ജാതകം ഇങ്ങനെ ഒളിപ്പിച്ചു വയ്ക്കാതെ ഒന്നെടുത്തു താ. ക്രിസ്തുവില്‍ വിശ്വസിക്കുന്നുവെങ്കിലും നാം ഇപ്പോഴും ഹൈന്ദവര്‍തന്നെയായതിനാല്‍ ഹൈന്ദവക്രമങ്ങള്‍ പിന്‍തുടര്‍ന്നാലേ നിന്റെ വിവാഹം നടക്കൂ.
അതൊന്ന് നടന്ന് കണ്ടാല്‍ എനിക്കും നിന്റെ അച്ഛനും എത്ര സമാധാനമാകുമെന്ന് എന്റെ മോളെന്താ ഓര്‍ക്കാത്തേ?''

അക്രൈസ്തവരായ ഞങ്ങളുടെ കുടുംബം ഈശോയെ കണ്ടുമുട്ടി സ്നേഹിക്കുകയും ജീവിതത്തിന്റെ നാഥനായി സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞതാണ്. പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഒന്നും ഞങ്ങളനുഭവിച്ചറിഞ്ഞ കര്‍ത്താവിന്റെ സ്നേഹത്തില്‍നിന്ന് ഞങ്ങളെ പിന്‍മാറ്റിയില്ല. മറിച്ച് കടുത്ത അഗ്‌നിപരീക്ഷണങ്ങള്‍ വേദനകളില്‍ വിട്ടകലാതെ ചേര്‍ത്തുപിടിച്ച് ഒപ്പം നടക്കുന്ന ആ വാത്സല്യസാന്നിധ്യം അനുഭവിച്ചറിയാനുള്ള അവസരങ്ങളായി പരിണമിച്ചു. കഴിഞ്ഞുപോയ ചുരുങ്ങിയ വര്‍ഷങ്ങളിലൂടെ ദൈവവും കര്‍ത്താവുമെന്നതിലുപരി ഈശോ എനിക്ക് വാത്സല്യനിധിയായ പിതാവും കരുതുന്ന സഹോദരനും ഒരു നിമിഷംപോലും വേര്‍പിരിയാതെ എന്നോടൊപ്പം നടക്കുന്ന ഏറ്റവും പ്രിയസുഹൃത്തും ഒക്കെയായി തീര്‍ന്നു.

ഓരോ മനുഷ്യനെയും ദൈവം നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചുവെന്നും തന്റെ നിശ്ചയം ഓരോ ജീവിതത്തിലും അവിടുന്ന് കൃത്യമായി നിറവേറ്റുമെന്നും കര്‍ത്താവ് ബോധ്യം തന്ന നാളുകളില്‍ ഞാനെടുത്തു മാറ്റിയതാണ് 'ജാതകം'. വിശുദ്ധ ഗ്രന്ഥത്തിലെ ഈ വചനങ്ങളായിരുന്നു അതിനെനിക്ക് പ്രചോദനമായത്: ''എനിക്ക് രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു'' (സങ്കീ. 139:16).


അച്ഛനമ്മമാരെ ഞാന്‍ ഒത്തിരിയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, മുന്നോട്ട് നോക്കാന്‍ ഇനി ഒന്നുമില്ലെന്ന വിധത്തില്‍ തകര്‍ന്നുപോയ ഞങ്ങളുടെ ജീവിതത്തിന് പുതിയ അര്‍ത്ഥവും പ്രത്യാശയും നല്കി വഴി നടത്തുന്ന, അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിന് മുന്‍പേ എന്നെ അറിഞ്ഞ് സ്നേഹിച്ചു തുടങ്ങിയ എന്റെ കര്‍ത്താവിനെ മനുഷ്യബുദ്ധിയില്‍ എഴുതിവച്ച ഒരു ജാതകക്കുറിപ്പിലാശ്രയിച്ച് വേദനിപ്പിക്കാന്‍ എനിക്കത്രപോലുമാവില്ല.

പ്രശ്നപരിഹാരം

ഇങ്ങനെ ജാതകപ്രശ്നം അസ്വസ്ഥതയായപ്പോള്‍, ഞാന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ത്തന്നെ അഭയംതേടി. ''എന്റെ ഈശോ, ഈ വിഷയം ഞാനങ്ങയുടെ കരങ്ങളില്‍ വിട്ടുതരുന്നു. ജാതകം അമ്മയ്ക്ക് എടുത്തു കൊടുത്തേക്കാം. പക്ഷേ, എന്റെ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും എല്ലാം അങ്ങ് അറിയുന്നുണ്ട്. എന്റെ വിവാഹം നടത്താന്‍ അങ്ങ് തീരുമാനിച്ചാല്‍പ്പിന്നെ ഇതൊന്നും വേണ്ടെന്നും എനിക്കറിയാം. അങ്ങയുടെ ഹിതമല്ലാത്ത ഒന്നും എന്റെ ജീവിതത്തില്‍ കടന്നുവരരുതേ...'
ഇങ്ങനെ പ്രാര്‍ത്ഥിച്ച് അമ്മയ്ക്ക് ഞാന്‍ ജാതകം എടുത്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് ആര്‍ക്കോ കൊടുക്കാന്‍ ജാതകത്തിനായി അമ്മ അലമാര തുറക്കുമ്പോള്‍ ഞാനും വീട്ടിലുണ്ടായിരുന്നു. ''എന്റെ കര്‍ത്താവേ...!'' എന്ന അമ്മയുടെ അമ്പരന്നുള്ള വിളികേട്ട് അങ്ങോട്ട് കടന്നുചെന്ന ഞാന്‍ കണ്ടത് വളരെ വിചിത്രമായ ഒരു കാഴ്ചയാണ്. നീല നിറത്തിലുള്ള പ്ലാസ്റ്റിക് പുറംചട്ടയുള്ള ആ കൊച്ചുപുസ്തകത്തിന്റെ പുറംചട്ടയൊഴികെ എല്ലാ താളുകളും ചിതലരിച്ചപോലെ പൊടിഞ്ഞിരിക്കുന്നു. ഒരു വരിപോലും അതില്‍നിന്ന് വായിച്ചെടുക്കാനാവില്ല. ചുറ്റിനും ഇരുന്ന തുണികള്‍ക്ക് ഒരു കുഴപ്പവുമില്ല താനും.

ഈ സംഭവത്തിനുശേഷം ഒരു വര്‍ഷം തികയുന്നതിനുമുന്‍പ് കര്‍ത്താവ് എന്റെ വിവാഹം നടത്തി. ഹൈന്ദവനായി ജനിച്ചുവളര്‍ന്ന, എന്നാല്‍ ജീവിതത്തിന്റെ ഇരുള്‍വീണ ഒരു വഴിത്താരയില്‍വച്ച് യേശു എന്ന സത്യപ്രകാശത്തെ അനുഭവിച്ചറിയാനും സ്നേഹിക്കാനും അനുഗ്രഹം ലഭിച്ച ഒരാളെ കര്‍ത്താവ് എനിക്ക് ജീവിതപങ്കാളിയായി നല്കി. ഈശോയിലുള്ള ഉറച്ച വിശ്വാസം എന്ന ഒറ്റ പൊരുത്തത്തില്‍ ഞങ്ങള്‍ ഒന്നിച്ചു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മാമോദീസ സ്വീകരിക്കാനുള്ള അനുഗ്രഹവും കര്‍ത്താവ് നല്കി. അവിടുന്ന് സമ്മാനിച്ച രണ്ട് കുഞ്ഞുങ്ങളുമൊത്ത് ദൈവകൃപയാല്‍ ഞങ്ങള്‍ സന്തോഷമായി ജീവിക്കുന്നു.

കര്‍ത്താവിന്റെ ഉള്ളംകൈയില്‍

ഇന്ന് ക്രൈസ്തവരായ പലരും വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കുന്നതും വാരഫലത്തിലൂടെയും കൈനോട്ടത്തിലൂടെയും മറ്റും ഭാവി അറിയാന്‍ താല്പര്യം കാണിക്കുന്നതും കാണുമ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍ക്കാറുണ്ട്. പെറ്റമ്മയെക്കാള്‍ നമ്മെ സ്നേഹിക്കുന്ന കര്‍ത്താവിന്റെ പരിപാലനയിലുള്ള അവിശ്വാസമല്ലേ ഇത്തരം കുറുക്കു വഴികളിലൂടെ ഭാവി അറിയാനും ആസൂത്രണം ചെയ്യാനുമൊക്കെ പ്രേരിപ്പിക്കുന്നത്?

സ്വന്തം ഭാവിയും ഭൂതകാലവുമൊക്കെ വിവരിച്ചു കേള്‍ക്കാന്‍ മറ്റൊരാള്‍ക്ക് മുന്‍പില്‍ കൈ നിവര്‍ത്തി നില്ക്കുമ്പോള്‍ ഒന്നോര്‍ക്കണം - നമ്മുടെതന്നെ ഹസ്തരേഖകളില്‍ നമ്മുടെ ജീവിതം കുറിച്ചിടുകയല്ല, സ്വന്തം കൈവെള്ളയില്‍ നാം ഓരോരുത്തരെയും രേഖപ്പെടുത്തി വ്യക്തിപരമായി കരുതുകയാണ് അവിടുന്ന് ചെയ്യുന്നത്. ''ഇതാ നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു'' (ഏശ. 49:16).

ആകാശത്തിലെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം അടിസ്ഥാനപ്പെടുത്തിയുള്ള ഭാവിപ്രവചനങ്ങളുടെ പിറകെ ഓടുമ്പോള്‍ ഓരോ ക്രിസ്ത്യാനിയും മറന്നുപോകുന്ന സത്യമിതാണ് - മനുഷ്യരുടെ ശാസ്ത്രവും കണക്കുകളും ഒക്കെ തെറ്റിപ്പോകാം. എന്നാല്‍, ഈ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയുമെല്ലാം സൃഷ്ടിച്ച പ്രപഞ്ച നാഥനായ കര്‍ത്താവിന്റെ കണക്കുകള്‍ അണുവിടപോലും പിഴക്കില്ല.






എനിക്കായുള്ള പദ്ധതി

നമ്മെക്കുറിച്ച് വ്യക്തവും മനോഹരവുമായ പദ്ധതി ഒരുക്കി നമ്മുടെ ജീവിതം ക്രമപ്പെടുത്തുന്നവനാണ് അവിടുന്ന്. ''നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്'' (ജറെ. 29:11). ഈ പദ്ധതി വെളിപ്പെട്ടു കിട്ടാന്‍ ഹൃദയം തുറന്നൊന്ന് വിളിച്ചാല്‍ മാത്രം മതി. കര്‍ത്താവ് പറയുന്നു: ''എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്കും. നിന്റെ ബുദ്ധിയ്ക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്ക് വെളിപ്പെടുത്തും'' (ജറെ. 33:3).

വിശ്വാസത്തോടെ, പ്രാര്‍ത്ഥനയോടെ നമ്മളന്വേഷിക്കുന്ന ഏത് ചോദ്യത്തിനും ഉത്തരമരുളുന്നവനാണ് കര്‍ത്താവ്. ഈ ഉത്തരങ്ങള്‍ മുഖ്യമായും നാം കണ്ടെത്തുക വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ ഹൃദയത്തില്‍ ശക്തമായി ഉയരുന്ന പരിശുദ്ധാത്മാവിന്റെ തോന്നലുകളായും അതുമല്ലെങ്കില്‍ ദൈവത്തോട് ചേര്‍ന്നു ജീവിക്കുന്ന മറ്റ് സഹോദരങ്ങളിലൂടെയുമൊക്കെ ദൈവഹിതം വെളിപ്പെട്ട് കിട്ടാറുണ്ട്. അതിനാല്‍ പരിമിതമായ നമ്മുടെ കഴിവുകളിലും സമ്പത്തിലും ആശ്രയിച്ച് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്തും അതിനായി കഠിനപ്രയത്നം ചെയ്തും നമ്മള്‍ സമയം പാഴാക്കുന്നതെന്തിന്?

സര്‍വശക്തനും നമ്മുടെ പിതാവുമായ കര്‍ത്താവിന്റെ കരങ്ങളില്‍ നമ്മുടെ ജീവിതങ്ങളെ വിട്ടുകൊടുക്കാം. ദൈവപരിപാലനയില്‍ പരിപൂര്‍ണ വിശ്വാസത്തോടെ ആശ്രയിച്ച് ജീവിക്കുന്ന യഥാര്‍ത്ഥ ദൈവമക്കളാകാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് കൂട്ടായിരിക്കട്ടെ.

സുഗന്ധി മരിയ വിജയ്




Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22