ദൈവം ധ്യാനിച്ചതിനെക്കുറിച്ച് ഉല്‍പത്തി പുസ്‌തകത്തില്‍ വായിക്കുന്നുണ്ട്. ആറുദിനങ്ങള്‍ നീണ്ട സൃഷ്‌ടികര്‍മത്തിനുശേഷം സൃഷ്‌ടജാലങ്ങളെ നോക്കി വിശ്രമം കൊള്ളുന്ന സ്രഷ്‌ടാവ്.അതായിരുന്നു അവിടുത്തെ ധ്യാനം. തന്റെ ആറു ദിനങ്ങളിലെ കര്‍മങ്ങള്‍ എപ്രകാരമുള്ളതാണ് എന്ന വിലയിരുത്തല്‍. ഞാനും നീയും അടങ്ങുന്ന വിശ്വാസലോകം നടത്തേണ്ടതും ഇത്തരം ഒരു ധ്യാനംതന്നെയല്ലേ...?
കുറഞ്ഞത് ഒരു വാര്‍ഷിക ധ്യാനമെങ്കിലും കൂടുന്നവരാണ് മലയാളി ക്രിസ്‌ത്യാനികള്‍. അത് ഇടവക ദേവാലയത്തിലോ ഏതെങ്കിലും ധ്യാനമന്ദിരത്തിലോ ഒക്കെ ആവും. പക്ഷേ, എന്തിനാണ് ധ്യാനത്തില്‍ സംബന്ധിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിന് പലര്‍ക്കും പലതായിരിക്കും ഉത്തരം. വചനം കേള്‍ക്കാനും ആ വചനം ആവശ്യപ്പെടുന്നതിനനുസരിച്ച് ജീവിതത്തെ വിശകലനം ചെയ്യാനും വേണ്ടിടത്ത് തിരുത്തലുകള്‍ വരുത്തി, മണ്ണിലെ ഈ ജീവിതം തന്ന ദൈവപിതാവിനോട് ഏറ്റവും വിധേയത്വത്തില്‍ കഴിയാനുമായി സ്വജീവിതത്തെ പ്രാപ്‌തമാക്കാനുമാണ് ധ്യാനം എന്ന് എത്രപേര്‍ക്ക് പറയാന്‍ സാധിക്കും എന്ന് ചിന്തിക്കുന്നതും നന്നായിരിക്കും.
ദൈവം ധ്യാനിച്ചതിനെക്കുറിച്ച് ഉല്‍പത്തി പുസ്‌തകത്തില്‍ നാം വായിക്കുന്നുണ്ട്. ആറുദിനങ്ങള്‍ നീണ്ട സൃഷ്‌ടികര്‍മത്തിനുശേഷം സൃഷ്‌ടജാലങ്ങളെ നോക്കി വിശ്രമം കൊള്ളുന്ന സ്രഷ്‌ടാവ്. അതായിരുന്നു അവിടുത്തെ ധ്യാനം. തന്റെ ആറു ദിനങ്ങളിലെ കര്‍മങ്ങള്‍ എപ്രകാരമുള്ളതാണ് എന്ന വിലയിരുത്തല്‍. ഞാനും നീയും അടങ്ങുന്ന വിശ്വാസലോകം നടത്തേണ്ടതും ഇത്തരം ഒരു ധ്യാനംതന്നെയല്ലേ...? 365 ദിനങ്ങള്‍ കൂടിച്ചേരുന്ന വര്‍ഷത്തിലെ കുറച്ചു ദിനങ്ങള്‍ ആത്മവിശകലനത്തിനായി നീക്കിവയ്‌ക്കുന്ന ദിനങ്ങളെ നമുക്കും ധ്യാനമെന്ന് വിളിക്കാം. ഇന്നും ഏതൊരു ധ്യാനത്തിന്റെയും അടിസ്ഥാനം ഈ ചിന്തതന്നെയാണ്.
ഒന്നിലധികം ധ്യാനം കൂടിക്കഴിയുമ്പോള്‍ പുതുമയുള്ളത് തേടുക സ്വാഭാവികം. ഈ പുതുമ തേടിയുള്ള അന്വേഷണം ശരിയായ ദിശയിലാണോ വ്യക്തികളെ എത്തിക്കുന്നത് എന്നതാണ് സംശയം. ഏതു ധ്യാനം കഴിയുമ്പോഴും ആ ധ്യാനം എത്രമാത്രം വിജയമായിരുന്നു, ധ്യാനത്തിലൂടെ വിഭാവനം ചെയ്‌ത കാര്യങ്ങള്‍ എത്രമാത്രം ലക്ഷ്യം കണ്ടു എന്നൊക്കെ പൊതുവായി വിലയിരുത്താറുണ്ട്. അതിനുള്ള മാനദണ്‌ഡം പലതാണ്. ചിലതെങ്കിലും വിചിത്രമായി തോന്നിയിട്ടുമുണ്ട്. ഇതില്‍ ഭൂരിഭാഗവും ധ്യാനിപ്പിക്കുന്ന വ്യക്തിയെയോ (ധ്യാനഗുരുവിനെയോ) ധ്യാനം നടത്താന്‍ സഹായിച്ച ടീമിനെയോ അടിസ്ഥാനമാക്കിയുള്ളതാണ്. എത്രമാത്രം പ്രശസ്‌തനാണ് ധ്യാനഗുരുവും ടീമും എന്ന് നോക്കി ഒരു കൂട്ടര്‍ ധ്യാനത്തില്‍ സംബന്ധിക്കാന്‍ പോകുന്നു. മറ്റൊരു കൂട്ടര്‍ കൂടുതല്‍ ആളുകള്‍ ധ്യാനിക്കാനായി പോകുന്നിടത്ത് ചെല്ലുന്നു. വേറൊരു വിഭാഗം എവിടെയാണോ മുടങ്ങാതെ അത്ഭുതങ്ങളും വെളിപാടുകളും ദര്‍ശനങ്ങളും ഉള്ളത് അങ്ങോട്ടോടുന്നു. എന്നിട്ടിത്തരത്തിലുള്ള കാര്യങ്ങളെല്ലാം ചേര്‍ത്തുവച്ച് ധ്യാനം വിജയമായിരുന്നു അല്ലെങ്കില്‍ പരാജയമായിരുന്നു എന്ന് വിധി പ്രസ്‌താവിക്കുന്നു. എന്നാല്‍ ധ്യാനവിജയത്തെയും പരാജയത്തെയും പല ഘടകങ്ങളിലൂടെ വിലയിരുത്തുമ്പോള്‍ എന്റെ ഭാഗഭാഗിത്വം ഏതു രീതിയില്‍ ആയിരുന്നു എന്ന് അന്വേഷിക്കാന്‍ ആരെങ്കിലും മിനക്കെടാറുണ്ടോ?
അടുത്ത നാളില്‍ ധ്യാനം കൂടിയ ആള്‍ പറഞ്ഞത്, താന്‍ പങ്കെടുത്ത ധ്യാനം ഒരു രസവുമില്ലായിരുന്നു എന്നാണ്. കാരണം ധ്യാ നപ്രസംഗങ്ങള്‍ മുഴുവനും വിശുദ്ധ വചനങ്ങള്‍ മാത്രമായിരുന്നുവത്രെ. കേള്‍ക്കുമ്പോള്‍ അസ്വാഭാവികത തോന്നാവുന്ന വാക്കുകള്‍. എന്നാല്‍ ഇത് പലരും പങ്കുവയ്‌ക്കുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്. ധ്യാനം നല്ല ധ്യാനമാകണമെങ്കില്‍, ധ്യാനിപ്പിക്കുന്നവര്‍ക്ക് ദൈവവചനം പങ്കുവയ്‌ക്കാനുള്ള കഴിവ് മാത്രം പോരാ... മറ്റുപല ഘടകങ്ങളും നിര്‍ബന്ധമായും ഉണ്ടായിരിക്കണം!
പ്രശസ്‌തനായ ഒരു ധ്യാനഗുരുവിന്റെ ധ്യാനത്തെക്കുറിച്ച് കേട്ടതിങ്ങനെയാണ്. ടെലിവിഷനില്‍ കാണുന്ന കോമഡി പ്രോഗ്രാം പരസ്യമൊന്നും കൂടാതെ ഒരാഴ്‌ച കേട്ടിരിക്കാന്‍ പറ്റിയെന്ന്. ധ്യാനദിവസങ്ങളിലെങ്കിലും എല്ലാം മറന്ന് ചിരിക്കാനാകുക എന്നത് നല്ല കാര്യമാണ്. എന്നാല്‍ അത് മാത്രമാകുമ്പോഴോ...? അദ്ദേഹം പറഞ്ഞ നല്ല കാര്യങ്ങള്‍ കോമഡിയില്‍ നഷ്‌ടപ്പെടുന്നത് സങ്കടകരമല്ലേ? ജനത്തിന് വേണ്ടത് ഇത്തരം ധ്യാനങ്ങളാണെന്ന കണ്ടെത്തലുകള്‍ നടത്തുന്നവരുമുണ്ട്. അതാണ് ഏറെ ഖേദകരം.
കോരിത്തരിപ്പിക്കുന്ന ധ്യാനങ്ങളെയും അത്തരം ധ്യാനഗുരുക്കന്മാരെയും ജനം ഇന്ന് കാത്തിരിക്കുന്നു. ആളുകള്‍ കൂടുതല്‍ പങ്കെടുക്കുന്ന ധ്യാനമാണ് പലപ്പോഴുമത്. ധ്യാനം കഴിയുന്നതോടെ കോരിത്തരിപ്പുകള്‍ തീരുന്നു. എന്നിരുന്നാലും അവരുടെ ദിനങ്ങള്‍ക്കായി കാത്തിരിക്കാനും ആ ധ്യാനം കൂടി എന്ന് പറയുവാനും കഴിയുന്നത് ഉന്നതമായ കാര്യമായി തീര്‍ന്നിരിക്കുന്നു.
ഞാന്‍ ഇന്ന ധ്യാനമന്ദിരത്തിലാണ് ഇപ്രാവശ്യം ധ്യാനത്തിന് പോയതെന്ന് പറയുമ്പോള്‍, നീ എന്തേ അവിടെ പോയത്, അതിനിപ്പോള്‍ പേരൊന്നുമില്ലല്ലോ, അപ്പുറത്തായിരുന്നെങ്കില്‍ എന്തു നന്നായേനെ, എത്രയോ പേരാ പോകുന്നത്, എന്തത്ഭുതങ്ങളാ നടക്കുന്നത് എന്നീ സംഭാഷണങ്ങള്‍ നമുക്ക് പരിചിതമായിക്കഴിഞ്ഞു.
കാലം മാറിയിട്ടും അറിവിന്റെയും മനസിലാക്കലിന്റെയും തലങ്ങള്‍ വികസിച്ചിട്ടും എന്തിനും ഏതിനും പിശാചിനെ കൂട്ടുപിടിക്കുന്ന അനേകം ധ്യാനഗുരുക്കന്മാരുണ്ട്. ഉദാഹരണത്തിന്, ധ്യാനഗുരുവിന്റെ കൈയില്‍നിന്ന് ബൈബിള്‍ ഒന്ന് താഴെ വീണാല്‍, ഇടയ്‌ക്കൊന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടാല്‍, ഇതെല്ലാം പിശാചിന്റെ പ്രവൃത്തിയാണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഇതൊക്കെ എവിടെയും സംഭവിക്കാവുന്ന സാധാരണകാര്യങ്ങള്‍ മാത്രമല്ലേ...! ആ ധ്യാനത്തില്‍ സംബന്ധിക്കുന്ന കുറേപ്പേര്‍ക്കെങ്കിലും അത് ഒരിക്കലും മാറാത്ത ഒരസ്വസ്ഥതയ്‌ക്ക് തിരികൊളുത്തും. കാരണം ധ്യാനഗുരുവാണല്ലോ അങ്ങനെ പറഞ്ഞുകൊടുത്തത്.
ഒരു ധ്യാനഗുരു തന്റെ ധ്യാനം തുടങ്ങുന്നതിനുമുന്‍പ് ധ്യാനത്തിന്റെ പ്രത്യേകതയെക്കുറിച്ചും രീതികളെക്കുറിച്ചും വിവരിക്കുമ്പോള്‍ മറക്കാതെ പറഞ്ഞിരുന്ന ഒരു കാര്യം തനിക്കുള്ള ദര്‍ശനവരത്തെക്കുറിച്ചാണ്. പൊതുവെ ധ്യാനത്തില്‍ സംബന്ധിക്കുന്നവര്‍ നല്ല ധ്യാനമെന്നവകാശപ്പെടുന്ന ധ്യാനങ്ങളില്‍ ഏറ്റവും പ്രധാനമായത് ധ്യാനം നടത്തുന്നവര്‍ വ്യക്തിപരമായി വെളിപ്പെടുത്തുന്ന ഭാവി ഭൂത കാലങ്ങളാണ്. അത് കേട്ടുകഴിയുമ്പോള്‍ ഉള്ളില്‍ നിറയുന്ന അതിരില്ലാത്ത സന്തോഷം ഒന്ന് വേറെതന്നെയാണ്! അദ്ദേഹം ഒരു കാര്യംകൂടി അതില്‍ കൂട്ടിച്ചേര്‍ക്കാറുണ്ടായിരുന്നു അത്, കണ്ണടവക്കാതെതന്നെ തന്റെ മുന്‍പിലുള്ളവയെ വ്യക്തമായി കാണാനാകുന്ന ദര്‍ശനവരത്തെക്കുറിച്ചാണെന്നുമാത്രം.
ദര്‍ശനവരങ്ങള്‍ ഉള്ളവരെപ്പോലെതന്നെ ദൈവികസന്ദേശങ്ങള്‍ നല്‍കുന്നവരും ഉണ്ട്. ഏതു കാര്യത്തിന്റെയും അടിസ്ഥാനമായി അവര്‍ക്ക് ലഭ്യമായ സന്ദേശത്തെക്കുറിച്ചാണ് പറയുക. ദൈവം ഇന്നും ആനുകാലികമായ അനേകം കാര്യങ്ങളിലൂടെ എത്രയോ വ്യക്തമായ സന്ദേശങ്ങളാണ് നമുക്കോരോരുത്തര്‍ക്കും നല്‍കുന്നത് എന്ന് മനസിലാക്കാന്‍ കാതുകളും മിഴികളും തുറന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതിയാകും. ദൈവം ചിലരിലൂടെ സന്ദേശങ്ങള്‍ നല്‍കുന്നു എന്നത് സത്യമാണ്. എന്നിരുന്നാലും യാഥാര്‍ത്ഥ്യത്തെ മൂടിവയ്‌ക്കാനാകുന്ന സന്ദേശങ്ങളൊന്നും ദൈവം ആര്‍ക്കും ഒരിക്കലും കൊടുക്കില്ല.
``ഇപ്രാവശ്യത്തെ കളക്ഷന്‍ വച്ചുനോക്കിയാല്‍ ധ്യാനം ഗംഭീരമായിരുന്നു.'' ഒരു ഇടവകയില്‍ നടത്തിയ ധ്യാനത്തെക്കുറിച്ച് കേട്ട പ്രതികരണമാണിത്. ആ ഇടവകയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ സ്‌തോത്രക്കാഴ്‌ച കിട്ടിയത് ഇപ്രാവശ്യമായിരുന്നത്രേ. അതുകൊണ്ട് ഇത്തവണത്തെ ധ്യാനം നല്ല വിജയമായിരുന്നു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
പണ്ടൊക്കെ വല്ലപ്പോഴും മാത്രമായിരുന്നു ധ്യാനമുണ്ടായിരുന്നത്. ഇന്ന് 365 ദിവസവും ധ്യാനങ്ങള്‍ നടക്കുന്നു. നവീകരണവും ദൈവിക ഇടപെടലുകളും സൗഖ്യാനുഭവങ്ങളും ധാരാളമായി പ്രഘോഷിക്കപ്പെടാറുമുണ്ട്. അവയില്‍ എത്രമാത്രം അനുഭവങ്ങള്‍ വെറുമൊരു വൈകാരികമായ ഏറ്റുപറച്ചിലില്‍ നിന്നുമാറി ശരിക്കുള്ള ജീവിതമായി മാറുന്നു എന്നതാണ് ഏറ്റവും പ്രസക്തം.
വെനീസ് എന്ന സ്ഥലത്തെക്കുറിച്ച് കേള്‍ക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. ഇറ്റലിയുടെ വടക്കുഭാഗത്താണ് വെനീസ്. വെനീസിന്റെ പ്രത്യേകത വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലമെന്നതാണ്. ചെറിയ ദ്വീപുകള്‍ ധാരാളമുണ്ടവിടെ. അതിലൊരു ദ്വീപ് വിശുദ്ധ ഫ്രാന്‍സിസിന്റെ നാമത്തിലാണ്. ഫ്രാന്‍സിസിന്റെ ജീവിതം തുടരുന്ന കുറെ സന്യാസികളാണ് അവിടുത്തെ നിവാസികള്‍. നഗരത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി, ശാന്തമായ പ്രകൃതിയോട് ചേര്‍ന്ന്, ദൈവത്തിന്റെ ദിവ്യചൈതന്യത്താല്‍ നിറയും. അവിടെയുള്ള ധ്യാനത്തില്‍ പങ്കെടുക്കാന്‍ ധാരാളംപേര്‍ എത്തുന്നുണ്ട്. അവിടുത്തെ ധ്യാനത്തിന്റെ പ്രത്യേകത, ആരും ആരെയും ധ്യാനിപ്പിക്കുന്നില്ല എന്നതാണ്. ഫ്രാന്‍സിസിന്റെ അവിടുത്തെ അനുയായികളോട് ചേര്‍ന്ന് ജീവിക്കുകയാണ് ധ്യാനരീതി. പള്ളിയുണ്ട്, പ്രാര്‍ത്ഥനയുണ്ട്, ജോലിയുണ്ട്, സ്വയം കണ്ടെത്തലാണ് ശരിയായ ധ്യാനം. തന്നെ കണ്ടെത്തിക്കഴിഞ്ഞ ആള്‍ക്ക് ജീവിതം എളുപ്പമാണ്.
ജീവിതത്തില്‍ പള്ളിയുടെ പ്രാധാന്യം അറിയാത്തവര്‍ക്ക്, പ്രാര്‍ത്ഥനയുടെ വില മനസിലാക്കാത്തവര്‍ക്ക്, ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടതെങ്ങനെയെന്നറിയാത്തവര്‍ക്ക്, അതെല്ലാം കണ്ടും ചെയ്‌തും പരിശീലിക്കാന്‍ അവിടെ അവസരമുണ്ട്. ഏറ്റവും നല്ല ധ്യാനം ദൈവസ്‌നേഹം പങ്കുവയ്‌ക്കുന്ന നന്മനിറഞ്ഞ നമ്മുടെ ജീവിതം തന്നെയാണ്, അത് മുടങ്ങാതെ തുടരുന്നതാണ് ഏറ്റവും നല്ല ജീവിതവും.
ധ്യാനിക്കുക, c കൂടുക എന്നതൊക്കെ ഒരു ഫാഷനായി മാറിയിരിക്കുന്നതുപോലെ അനുഭവപ്പെടുന്നു. ഈശോ മരുഭൂമിയില്‍ ധ്യാനിച്ചതുപോലെ അത്ര തീവ്രമായി നമുക്ക് ധ്യാനിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എങ്കിലും ആറുദിവസത്തെ സൃഷ്‌ടികര്‍മത്തിനുശേഷം ദൈവം മാറ്റിവച്ച ഒരു ദിനംപോലെ അല്‍പം ദിവസങ്ങള്‍ മാറ്റിവയ്‌ക്കാന്‍ നമുക്ക് എന്തായാലും സാധിക്കും. അങ്ങനെ മാറ്റിവച്ച ദിനങ്ങള്‍ ഉപകാരപ്രദമാക്കുമ്പോഴാണ് ധ്യാനം വിജയിക്കുന്നത്.
ധ്യാനഗുരു പറയുന്നതിനപ്പുറം, ദൈവമാഗ്രഹിക്കുന്ന വിധം ജീവിതത്തെ ക്രമപ്പെടുത്താന്‍ ധ്യാനിക്കുന്ന ഞാന്‍ മനസാകുമ്പോള്‍ ധ്യാനം ഏറെ പ്രയോജനപ്രദമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയും.
No comments:
Post a Comment