അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Saturday, 8 November 2014

വിശുദ്ധി



''നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്'' (പുറ.3:5). 

ദൈവിക അനുഭവങ്ങളും വരദാനങ്ങളും അഭിലഷിക്കുന്നവര്‍ ആത്മാവില്‍നിന്ന് അശുദ്ധിയുടെ ആവരണങ്ങള്‍ മാറ്റിക്കളയുവാന്‍ അതീവ ശ്രദ്ധയുള്ളവരാകണം. കാരണം, ''വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല'' (ഹെബ്രാ.12:14).

വിശ്വാസജീവിതത്തിന്റെ പ്രായോഗികതലത്തിലെ വിജയപരാജയങ്ങളുടെയും സാക്ഷ്യ ആധികാരികതയുടെയും  മാനദണ്ഡമാണ് വിശുദ്ധി. ദൈവൈക്യത്തിന്റെ അടിസ്ഥാനം വിശുദ്ധിയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ദൈവസ്‌നേഹം നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിയുടെ ജീവിതശൈലിയുടെ അന്തഃസത്തയാണ് വിശുദ്ധി.

ഉള്ള് അശുദ്ധമായാലും പുറമേ മാന്യതയുടെ മുഖംമൂടി അണിയുന്നത് നമ്മുടെ ശീലമാണ്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഈ മുഖംമൂടി അണിയലിന് സഹായകഘടകങ്ങളാക്കി നാം കൂടെ കൊണ്ടുനടക്കുന്നു. കാലിലെ മന്ത് മറച്ചുവയ്ക്കാന്‍ വീതിയില്‍ കസവുകര തുന്നിച്ചേര്‍ത്ത ഡബിള്‍മുണ്ട് ഉടുക്കുന്നതുപോലെയാണിത്. എന്നാല്‍ ഹൃദയങ്ങള്‍ പരിശോധിക്കുന്ന കര്‍ത്താവ്, ഹൃദയരഹസ്യങ്ങള്‍ അറിയുന്ന കര്‍ത്താവ്, നമ്മുടെ പ്രവൃത്തികളെ വിവേചിച്ചറിയുന്നു. പ്രവൃത്തികള്‍ക്കനുസരിച്ചായിരിക്കും അവിടുന്ന് പ്രതിഫലം നല്കുന്നത്.

വൈകുന്നേരങ്ങളില്‍ ഗ്രാമവാസികള്‍ ഒരുമിച്ചുകൂടി വിശേഷങ്ങള്‍ പങ്കുവച്ചിരുന്ന വടവൃക്ഷത്തിന്റെ കീഴില്‍ ഒരു സ്വര്‍ണത്തളിക കിടക്കുന്നു! വാര്‍ത്ത കേട്ടവര്‍ ഓടിവന്ന് ആ അമൂല്യവസ്തുവിനെ അത്ഭുതത്തോടെ നോക്കി. തിളക്കമുള്ള പൊന്‍തളിക! അതു സ്വന്തമാക്കുവാന്‍ എല്ലാവരും ആഗ്രഹിച്ചു. പക്ഷേ, ഒരു പ്രശ്‌നം ആര് സ്വര്‍ണത്തളിക കൈയിലെടുത്താലും നിറം മങ്ങി കാരിരുമ്പുപോലെയാകുന്നു. ഒപ്പം, ഒരു തിരിച്ചറിവും. സ്വര്‍ണത്തളികമേല്‍ സ്പര്‍ശിച്ചവരാരും അത്ര നല്ലവരായിരുന്നില്ല. അതുകൊണ്ട് അധികംപേര്‍ സ്വര്‍ണത്തളിക സ്വന്തമാക്കുവാന്‍ മുന്നോട്ടു വരാതെയായി. അവസാനം ഗ്രാമത്തിലെ പാവപ്പെട്ട വിധവയെക്കൊണ്ട് ഗ്രാമമുഖ്യന്‍ തളിക എടുപ്പിച്ചു. അത്ഭുതം എന്നു പറയട്ടെ, തളികയ്ക്ക് ഒരു മാറ്റവുമുണ്ടായില്ല. അതിന്റെ മാറ്റ് വര്‍ധിക്കുകയാണുണ്ടായത്.

വേദപാരംഗതയായ അമ്മത്രേസ്യ പുണ്യവതി പറയുന്നു: ''മനുഷ്യന്റെ ആത്മാവ് ഒരു സ്ഫടികക്കല്ലില്‍ തീര്‍ത്ത മനോഹരമായ ദേവാലയമാണ്. അതില്‍ രാജാധിരാജനായി വാഴുവാന്‍ ഈശോ ആഗ്രഹിക്കുന്നു.'' നമ്മുടെ ഉള്ള് ശുദ്ധമായാല്‍ മാത്രമാണ് നമ്മില്‍ ദൈവികസാന്നിധ്യം ഉണ്ടാകുക. നമ്മില്‍ പരിശുദ്ധി ഉണ്ടെങ്കില്‍ മാത്രമാണ് ദൈവാനുഗ്രഹങ്ങളാകുന്ന അമൂല്യനിധികള്‍ സ്വന്തമാക്കുവാന്‍ സാധിക്കുക. ദൈവിക സാന്നിധ്യമില്ലാതെ ജീവിക്കുന്നവര്‍ ദൈവത്തിന് ഇഷ്ടമില്ലാത്ത അശുദ്ധിയുടെ അടിമത്തത്തില്‍ കഴിയുന്നവരാണ്. ദൈവത്തിന് ഇഷ്ടമില്ലാത്തത് കാത്തുസൂക്ഷിക്കുന്നത് വൈക്കോലിനകത്ത് തീക്കട്ട സൂക്ഷിക്കുന്നതിനോട് സമാനമാണെന്ന് വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ പറയുന്നു. നമ്മിലുള്ള എല്ലാ അശുദ്ധികളും നമ്മെ നശിപ്പിക്കുവാന്‍ ശക്തിയുള്ള നരകാഗ്‌നിയുടെ തീജ്വാലകളാണ്.

കുടുംബങ്ങളിലും സമൂഹങ്ങളിലും അസാന്മാര്‍ഗികതയും അക്രമണസ്വഭാവങ്ങളും വര്‍ധിച്ചുവരുന്നത് മനുഷ്യനില്‍ കുമിഞ്ഞു കൂടുന്ന അശുദ്ധിയില്‍ നിന്നാണ്. ദൈവാരൂപിയെ ഉള്ളില്‍നിന്ന് നഷ്ടപ്പെടുത്തിക്കളഞ്ഞവര്‍ അധമസ്വഭാവങ്ങളുടെ അടിമകളായിത്തീരുന്നു. മാതാപിതാക്കളില്‍ ഹൃദയപരിശുദ്ധി ഇല്ലെങ്കില്‍, അവര്‍ക്ക് മാതൃകാപരമായ ജീവിതം മക്കള്‍ക്ക് കാണിച്ചുകൊടുക്കുവാന്‍ സാധിക്കുകയില്ല. മക്കള്‍ക്കായി മാതാപിതാക്കള്‍ എന്തൊക്കെ നല്കിയാലും എത്രയൊക്കെ സമ്പാദിച്ചാലും ഉത്തമമായ വിശ്വാസജീവിതത്തില്‍ അനുകരണീയരാകുവാന്‍ പരാജയപ്പെട്ടാല്‍ മക്കള്‍ക്കും വഴിതെറ്റും. അതുകൊണ്ട് സ്വഭാവശുദ്ധിയില്‍ അടിസ്ഥാനമിട്ട വിശ്വാസജീവിതത്തില്‍ മാതാപിതാക്കള്‍ എന്നും ശ്രദ്ധാലുക്കളായിരിക്കണം.

''ദൈവം ഞങ്ങള്‍ക്ക് നിശ്ചയിച്ചു തന്നിട്ടുള്ള പരിധി ഞങ്ങള്‍ പാലിക്കും'' (2 കോറി.10:13). നമുക്കൊക്കെ ദൈവിക പരിധികളും അതിരുകളും ഉണ്ട്. ദൈവം നിശ്ചയിച്ചു നല്കിയ പരിധി ലംഘിച്ചപ്പോഴാണ് ഹവ്വാ സാത്താന്റെ സ്വാധീനത്തിലകപ്പെട്ടത്. ദൈവിക സീമയ്ക്കപ്പുറത്തേക്ക് പുറപ്പെടുന്നത് മൂഢതയാണ്. സ്വമഹത്വാന്വേഷണം, അഹങ്കാരം, സ്വാര്‍ത്ഥത എന്നിവയൊക്കെയാണ് ദൈവിക അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് പോകുവാന്‍ ഒരുമ്പെടുന്നവര്‍ക്ക് പ്രചോദനമായിത്തീരുന്ന പ്രേരണകള്‍. നാം ദൈവത്തിന്റെ അരൂപിയുടെ അധികാരമണ്ഡലത്തില്‍ അധിവസിക്കുന്നവര്‍ ആയിത്തീര്‍ന്നാല്‍ അശുദ്ധികള്‍ നമ്മെ അടിമപ്പെടുത്തുകയില്ല.








''ഒരുവനും സഹോദരനെ വെറുതെ വിടുന്നില്ല. ഒരുവന്‍ വലതുവശത്തുനിന്ന് 
കവര്‍ന്നുതിന്നുന്നു. എന്നാല്‍ വിശപ്പ് ശമിക്കുന്നില്ല. ഇടതുവശത്തുനിന്ന് പിടിച്ചു വിഴുങ്ങുന്നു. എന്നാല്‍, തൃപ്തിയാകുന്നില്ല. ഓരോരുത്തനും അപരന്റെ മാംസം ഭക്ഷിക്കുന്നു'' (ഏശയ്യാ 9:20). മനസില്‍ അശുദ്ധി കാത്തുസൂക്ഷിക്കുന്നവന്‍ അപരനെ ഇല്ലായ്മ ചെയ്യുവാന്‍ തക്കം നോക്കുന്നവനായിരിക്കും. ഇത്തരം പ്രവണതകളില്‍ തങ്ങളെത്തന്നെ തളച്ചിട്ടവര്‍ പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെട്ടവരും മറ്റുള്ളവരെ മുതലെടുത്ത് ഇരകളാക്കുന്നവരും ആയിരിക്കും. ''സൈന്യങ്ങളുടെ കര്‍ത്താവിന്റെ ക്രോധത്താല്‍ ദേശം കത്തിയെരിയുന്നു'' (ഏശയ്യാ 9:19). അശുദ്ധികള്‍ക്കും ആസക്തികള്‍ക്കും അസുരസ്വഭാവങ്ങള്‍ക്കും അടിമപ്പെട്ടവര്‍ ദൈവകൃപയില്‍നിന്ന് അകന്നവരും കര്‍ത്താവിന്റെ കോപത്തിന് പാത്രീഭൂതരും ആയിത്തീരുന്നു. കാരണം, അശുദ്ധിയില്‍ ജീവിക്കുന്നവര്‍ ദൈവാത്മാവ് വസിക്കുന്ന ദൈവത്തിന്റെ ആലയമായ സ്വശരീരത്തെയും അപരന്റെ ശരീരത്തെയും നശിപ്പിക്കുന്നവരാണ്. ''ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും...'' (1 കോറി.3:1617).



നമ്മുടെ ഉള്ളും ഉള്ളതും പരിശുദ്ധമാക്കി തീര്‍ക്കാം. ജഡികാസക്തികള്‍ ഉള്ളില്‍ സൂക്ഷിക്കുകയും പുറമെ മാന്യതയുടെ മുഖംമൂടി അണിയുകയും ചെയ്യുന്ന കപടതയില്‍നിന്ന് നമ്മെ മോചിതരാക്കാം. പരിശുദ്ധ അമ്മയെപോലെ 'ഇതാ കര്‍ത്താവിന്റെ ദാസി' എന്നുള്ള മനോഭാവത്തില്‍ ജീവിച്ച് ആന്തരികശുദ്ധിയുള്ളവരാകാം. ചിത്തശുദ്ധി, മനഃശുദ്ധി, ദേഹശുദ്ധി പാലിച്ചുകൊണ്ട് നമുക്ക് ദൈവാരൂപിയാല്‍ നയിക്കപ്പെടുന്നവരും ദൈവികകൃപകള്‍ സ്വീകരിക്കുവാന്‍ അര്‍ഹതയുള്ളവരും
ആയിത്തീരാം.

Sunday, 14 September 2014

ഒരേ ഛായ; ഒരേ ഭാവം


ജീവിതത്തിലെ നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവാണ് ഇത് .30 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു .. നഷ്ടപ്പെട്ടുപോയ അവസരങ്ങള്‍, കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോയ ദിനരാത്രങ്ങള്‍. സമയം കടന്നുപോകുന്നല്ലോ, ഒന്നും ചെയ്തുതീര്‍ക്കാനാവുന്നില്ലല്ലോ എന്ന ആകുലതയാണ് മനംനിറയെ.

വെളിപാടു പുസ്തകത്തില്‍ 'ലവൊദീക്യാ'യിലെ സഭയ്ക്കു നല്കുന്ന മുന്നറിയിപ്പ് എന്നെ ചുട്ടുപൊള്ളിക്കുന്നു: ''നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും...''
(വെളിപാട് 3:1516).

എനിക്ക് ജാള്യത തോന്നുന്നുണ്ട്. നിനക്കുവേണ്ടി ഇതുവരെ ഒന്നും ചെയ്യാന്‍ കഴിയാതെ പോയതിന്റെ ജാള്യം. ചില 'ചെറിയ' മനുഷ്യരുടെ വലിയ സാക്ഷ്യങ്ങള്‍ എന്നെ ഭൂമിയോളം ചെറുതാക്കുന്നതങ്ങനെയാണ്.
ഇറാഖില്‍  നിന്നുള്ളതായിരുന്നു ആ വീഡിയോ. അതു കാണേണ്ടിയിരുന്നില്ല എന്നു തോന്നി പിന്നീട് പലപ്പോഴും. കാണാതിരുന്നുവെങ്കില്‍ എന്റെ ഉറക്കം നഷ്ടപ്പെടുമായിരുന്നില്ല; എന്റെ നെഞ്ചിന്‍കൂട്ടിനുള്ളിലൊരു നിലവിളി സദാ ഉയര്‍ന്നുവരുമായിരുന്നില്ല! കണ്ണില്‍നിന്നു മറയുന്നില്ല, ആ ദൃശ്യങ്ങള്‍.

നാട്ടിന്‍പുറത്തെ ഒരു ജംഗ്ഷന്‍. അവിടെ വന്യമായ രൂപഭാവങ്ങളുള്ള ഒരാള്‍ക്കൂട്ടം. അവര്‍ക്കിടയില്‍ നിരാലംബരായ ഏതാനും 'ചെറിയ' മനുഷ്യര്‍. ആള്‍ക്കൂട്ടത്തില്‍ നിന്നൊരു പാദം ഉയര്‍ന്നുതാണു. 'ഇര' മുഖംകുത്തി നിലത്തേക്ക്. ആരോ കാര്‍ക്കിച്ചു തുപ്പുന്നു. മീശ മുളക്കാത്ത ഒരു പയ്യന്‍ ആള്‍ക്കൂട്ടത്തിനുള്ളില്‍ നിന്നുവന്ന് ആഞ്ഞുചവിട്ടുകയാണ്. മറ്റൊരുവന്‍ ഇരുമ്പുവടികൊണ്ട് ഇരയുടെ കൈകാലുകള്‍ തച്ചുടയ്ക്കുന്നു.

എന്നെ കരയിക്കുന്നത് അതൊന്നുമല്ല. ഇത്രയൊക്കെ പീഡിപ്പിക്കപ്പെട്ടിട്ടും നിലത്തുവീണു പിടയുന്നതല്ലാതെ തിരിച്ചാക്രമിക്കാനോ കുതറിയോടാനോ അസഭ്യവാക്കു പറയാനോ മുതിരുന്നില്ല ഇരകള്‍! ജീവന്‍ രക്ഷിക്കാന്‍ ഏതു മനുഷ്യനും സ്വയം പ്രതിരോധിക്കും. ഈ മനുഷ്യര്‍ അതുപോലും ചെയ്യുന്നില്ലല്ലോ, ദൈവമേ!

ഇറാഖിലെ മുഖങ്ങള്‍ക്കും കാല്‍വരിയിലെ മുഖത്തിനും ഒരേ ഛായ; ഒരേ ഭാവം. ഇവര്‍ക്കു മുന്‍പില്‍ ഞാന്‍, ഈശോയെ ഒന്നു ശിരസു നമിക്കട്ടെ; നിശബ്ദമായൊന്നു കരയട്ടെ. എന്റെ മന്ദോഷ്ണതയോര്‍ത്ത് ഹൃദയം നുറുങ്ങിയൊന്നു നിലവിളിക്കട്ടെ.

നിനക്കുവേണ്ടി ഒരുപാടു സഹിച്ചവനായിരുന്നു പൗലോസ്; നീ വഴിയില്‍ വച്ചു പിടിച്ചെടുത്ത സാവൂള്‍. അവന്‍ പറഞ്ഞതാണു സത്യം: ''ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍ കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു'' (ഫിലിപ്പി 1:29).

ക്രിസ്തുവിനുവേണ്ടി സഹിക്കുകയെന്നതും അനുഗ്രഹമാണ്; മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, അനുഗ്രഹിക്കപ്പെട്ടവര്‍ക്കു മാത്രമേ ക്രിസ്തുവിനെപ്രതി സഹിക്കാന്‍ ആവുകയുള്ളൂ. ഇപ്പോള്‍ എനിക്ക് സകലതും വ്യക്തമാവുന്നുണ്ട്; നീ എന്നെയും അനുഗ്രഹിക്കുന്നതിനെയോര്‍ത്ത്. നന്ദി, ഇനി എനിക്ക് സഹനങ്ങളെപ്രതി പരാതികളില്ല...

''എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍. സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും'' (മത്തായി 5:1112).

ഇറാഖിലെ ആ നിരാലംബരായ രക്തസാക്ഷികള്‍, അവര്‍ നിന്നോടൊത്തു പറുദീസയിലാണെന്ന് എനിക്കുറപ്പുണ്ട് . അതായിരുന്നു പീഡനമേല്ക്കുമ്പോഴും അവരുടെ മുഖത്തുണ്ടായിരുന്ന ഭാവം.
ഇവര്‍ക്കു മുന്‍പിലാണ് ''ഞാന്‍ പിഴയാളി'' എന്നു നാനൂറുവട്ടം ആവര്‍ത്തിക്കാന്‍ എന്റെ ഹൃദയം മന്ത്രിക്കുന്നത്. കാരണമുണ്ട്; മഹാനഗരങ്ങളിലൂടെയുള്ള ട്രെയിന്‍ യാത്രകളില്‍, എയര്‍പോര്‍ട്ടുകളിലെ വിരസമായ കാത്തിരിപ്പു മുറികളില്‍; ഒരിടത്തും ജപമാല കീശയ്ക്കുള്ളില്‍നിന്നു പുറത്തെടുക്കാന്‍ അനുവദിക്കുന്നില്ല എന്റെയുള്ളിലെ നാഗരിക മനുഷ്യന്‍.

എനിക്ക് നിന്റെ നാമധേയം വെറുതെ ലഭിച്ച ഒരു മേല്‍വിലാസം; സല്‍പേരിനു ലഭിച്ച 'വിലയില്ലാത്ത' പതക്കം. ശരിയാണ്, ഞാന്‍ തണുപ്പും ചൂടുമില്ലാത്ത 'മന്ദോഷ്ണന്‍.' എന്നെക്കുറിച്ചാണ് നീ ആ ഉപമ പറഞ്ഞത്; തോട്ടത്തിനു നടുവില്‍ നില്ക്കുന്ന ഫലം കായ്ക്കാത്ത അത്തിമരം!

ആരെങ്കിലും എന്റെ സ്വഭാവത്തെപ്പറ്റി അല്പമെന്തെങ്കിലുമൊന്നു കനപ്പിച്ചു പറഞ്ഞാല്‍ മതി, വാടുകയായി എന്റെ മുഖം. നീ പറഞ്ഞ ആ 'കപടനാട്യക്കാരന്‍' ഞാനാണ് കര്‍ത്താവേ... മാപ്പ്! ''എന്റെ നാമം നിമിത്തം നിങ്ങള്‍ സര്‍വരാലും ദ്വേ ഷിക്കപ്പെടും. അവസാനംവരെ സഹി ച്ചുനില്ക്കുന്നവന്‍ രക്ഷപ്പെടും'' (മത്തായി 10:22).

എനിക്ക് സര്‍വരുടെയും പ്രീതി നേടാനാണ് താല്പര്യം. അതിനുവേണ്ടി എത്രയെത്ര കീഴ്‌വഴങ്ങലുകള്‍, വിട്ടുവീഴ്ചകള്‍, ചതഞ്ഞ നയതന്ത്രജ്ഞതയുടെ പുഞ്ചിരികള്‍. അതെ, ഞാന്‍ തന്നെയാണ് കപടനാട്യക്കാരന്‍. ക്രിസ്തുസാക്ഷിയാകാന്‍ ആവാത്ത ഞാനെങ്ങനെയാണ് രക്തസാക്ഷിയാവുക?


മനുഷ്യരുടെ മുന്‍പില്‍ നിന്നെ ഏറ്റുപറയാന്‍ മടിക്കുന്നവരെ ദൈവപിതാവിന്റെ മുന്‍പില്‍ സാക്ഷിക്കുവാന്‍ നീ മടിക്കുമോ, കര്‍ത്താവേ? അങ്ങനെയെങ്കില്‍ ഇനിയും എത്രയാവര്‍ത്തി ഞാന്‍ 'എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ' എന്നു നെഞ്ചിലിടിച്ചു കരയേണ്ടിവരും.

ലോകം എന്നെ വെറുത്തുകൊള്ളട്ടെ, പുച്ഛിച്ചു തരംതാഴ്ത്തിക്കൊള്ളട്ടെ. അപവാദങ്ങളുടെ അരക്കില്ലങ്ങളില്‍ എന്നെ എരിയിച്ചുകളയട്ടെ. എന്നാലും നിന്റെ നാമത്തെപ്രതി ഇനി ഒരിക്കലും ലജ്ജിക്കുകയില്ല ഞാന്‍.

ഞാന്‍ ലോകത്തിന്റേതല്ല; വാസ്തവം. എന്നാലും എന്റെ താല്പര്യങ്ങളത്രയും ലോകത്തോടാണ്. അതിന്റെ ഭ്രമിപ്പിക്കുന്ന കാഴ്ചകളില്‍, ത്രസിപ്പിക്കുന്ന രസങ്ങളില്‍, ലഹരി പതയുന്ന ആസക്തികളില്‍, ചുട്ടുപൊള്ളിക്കുന്ന അഴകളവുകളില്‍!
എനിക്കു മതിയായി. നീ കാണിച്ചു തരുന്ന ആ ഇടുങ്ങിയ വാതില്‍ മതിയെനിക്ക്. നടന്നു നീങ്ങുന്തോറും ചുരുങ്ങിച്ചുരുങ്ങി വരികയാണ് ആ വഴി.

വിശുദ്ധ പൗലോസ് പറഞ്ഞതാണ് സ ത്യം. ''എല്ലാ സങ്കടങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് ആശ്വാസം തരുന്നു'' (1 തെസ. 3:7).
അതൊരു വലിയ ദര്‍ശനമാണ്. ഞെരുക്കപ്പെടുന്നെങ്കിലും തകര്‍ക്കപ്പെടാത്തവന്റെ കരുത്ത്.

''ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകേണ്ടതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്‌പ്പോഴും ശരീരത്തില്‍ സംവഹിക്കുന്നു'' (2 കോറി. 4:810).

അപ്പോള്‍ അതാണു കാര്യം. ക്രിസ്തുവിനെപ്രതി ഞാന്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ ഉറപ്പാണ്. അവന്‍ എന്നില്‍ ജീവിക്കുന്നുണ്ട്. ഉള്ളിലുള്ള പക്ഷിക്കുനേരെയാണ് വേടന്റെ അമ്പുകളത്രയും. പക്ഷേ, കൊള്ളുന്നതാവട്ടെ കൂട്ടിലാണെന്നുമാത്രം. ഇനിയും നമ്മുടെ ചുവടുകള്‍ ഒരു ചാട്ടവാറടിയുടെ മുഴക്കം പ്രതീക്ഷിച്ചുവേണം. ഒരു കുരിശിന്റെ നിഴല്‍ നിന്റെ വഴികളില്‍ എന്നുമുണ്ടാകുമെന്നു സാരം.

രക്തസാക്ഷിത്വത്തിന്റെ ചുവന്ന പട്ടികയില്‍ ഇടംപിടിച്ചു, അപ്പസ്‌തോലന്മാരില്‍ പതിനൊന്നുപേരും. ആദ്യ മാര്‍പാപ്പമാരില്‍ 13 പേര്‍ക്കാണ് അതിനു ഭാഗ്യമുണ്ടായത്. സ്‌തേഫാനോസിന്റെ ചോരച്ചാലുകള്‍ മുതല്‍ ഇറാഖിലെ നിണമണിഞ്ഞ വഴിത്താരകള്‍വരെ എത്രയെത്ര രക്തപുഷ്പങ്ങള്‍! എനിക്കെന്നാണാവോ അത്തരത്തിലൊരു നിയോഗം. അതിനു തക്കവണ്ണമൊരു പുണ്യയോഗ്യത ഉണ്ടായിട്ടു വേണ്ടേ?

അവന്റെ വഴികള്‍ ഋജുവായൊരു രേഖയല്ല; സഹനപ്പെരുങ്കടല്‍ നീന്തിവേണം അവിടെയെത്താന്‍. എണ്ണമറ്റവിധമുള്ള പ്രഹരങ്ങള്‍. തൊട്ടുമുന്‍പില്‍ കാണുന്ന മരണവക്ത്രങ്ങള്‍. ജാഗരണത്തിലും വിശപ്പിലും നിലവിളിയിലും നിണച്ചാലുകളിലും കടന്നുപോകേണ്ടവനാണ് നീ.

കുരിശിന്റെ വഴിയിലെ പതിനാലു സ്ഥ ലങ്ങള്‍ ഞാനും കടന്നുപോകേണ്ടതുണ്ട്. അല്ലെങ്കില്‍ ക്രിസ്തു എന്നില്‍ ജീവിക്കുന്നില്ലെന്നുവേണം കരുതാന്‍. ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും ഉപവാസത്തിലും നഗ്‌നതയിലും തണുപ്പിലും നിനക്കായി സാക്ഷ്യം നല്കാന്‍ ഇതാ എന്റെ ജീവിതം; നിനക്ക്, പൂര്‍ണമായി ഉപയോഗിക്കാന്‍...

Wednesday, 3 September 2014

ദൈവവിളി





നാടകീയമായി ദൈവം സാമുവലിനെ വിളിക്കുന്നത് വിശുദ്ധ ലിഖിതത്തില്‍ നാം വായിക്കുന്നുണ്ട് (1 സാമു.3). ദൈവം സാമുവലിനോട് സംസാരിക്കുന്നു. പക്ഷേ, ആ ബാലന് അത് മനസിലാക്കാന്‍ സാധിക്കുന്നില്ല. അതുവരെ കര്‍ത്താവിന്റെ സ്വരം അവന് വെളിവാക്കപ്പെട്ടിരുന്നില്ല എന്നാണ് വിശുദ്ധ ലിഖിതം പറയുന്നത്. രണ്ട് പ്രാവശ്യം കര്‍ത്താവ് അവനെ വിളിച്ചപ്പോഴും ഏലിയാണെന്ന് കരുതി അദ്ദേഹത്തിനടുത്തേക്ക് സാമുവല്‍ ചെല്ലുന്നു. അപ്പോള്‍ ഏലിക്ക് മനസിലായി സാമുവലിനെ വിളിക്കുന്നത് കര്‍ത്താവാണെന്ന്. അതിനാല്‍ ഇനി ആ സ്വരം കേള്‍ക്കുമ്പോള്‍, ''കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു'' (1 സാമു.3:9) എന്നു പറയാന്‍ ഏലി അവനോട് നിര്‍ദേശിക്കുന്നു. കര്‍ത്താവിന്റെ സ്വരം മനസിലാക്കാനും അതിന് ക്രിയാത്മകമായ ഉത്തരം കൊടുക്കാനും അങ്ങനെ ഏലി സാമുവലിന് പരിശീലനം നല്കുന്നു.



ദൈവവിളികള്‍ കുറഞ്ഞുവരുന്ന കാലമാണിത്. എന്നാല്‍, ദൈവം വിളിക്കാത്തതല്ല, വിളിക്കപ്പെടുന്നവര്‍ക്ക് അതിന് ഉത്തരം കൊടുക്കാനോ അഥവാ ഉത്തരം കൊടുക്കാന്‍ തക്കവിധം തുറവിയുള്ളവരാകാനോ സാധിക്കാത്തതാണ് ഈ പ്രതിസന്ധിയുടെ കാരണം. കൂദാശകള്‍ പരികര്‍മം ചെയ്യാന്‍ ആവശ്യത്തിന് വൈദികരും ശുശ്രൂഷകള്‍ ഏറ്റെടുക്കാന്‍ സമര്‍പ്പിതരുമൊന്നുമില്ലാത്ത അവസ്ഥ ഉണ്ടയേക്കാം എന്ന ചിന്ത പലരെയും അസ്വസ്ഥരാക്കുമ്പോള്‍ നാമെല്ലാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ പൂര്‍വികരുടെ ഉദാരമനസ്‌കതയാണ് ഇന്ന് നാം കാണുന്ന ദേവാലയങ്ങളും പള്ളിക്കൂടങ്ങളുമൊക്കെ. കാരണം, സഭാശുശ്രൂഷക്കായി വിട്ടുകൊടുത്ത അവരുടെ മക്കളാണ് അതെല്ലാം രൂപപ്പെടുത്തിയത്. മകനോ മകളോ വൈദികാന്തസിലേക്കോ സന്യാസാന്തസിലേക്കോ വിളിക്കപ്പെടുന്നത് അഭിമാനമായി കണ്ടിരുന്ന അവരുടെ സന്മനസിന് നാം അവരോട് നന്ദിയുള്ളവരായിരിക്കണം. നമ്മുടെ തലമുറയിലും അതുപോലെ സന്യാസ പൗരോഹിത്യവിളികളുണ്ടാകാന്‍ തക്ക തുറവിയുള്ളവരുമാകണം. ദൈവവിളികളുടെ കുറവില്‍ നമുക്കും ഉത്തരവാദിത്വമുണ്ട്, അത് ആരുടെയെങ്കിലുംമേല്‍ കെട്ടിവയ്ക്കാന്‍ കഴിയില്ല.



പുണ്യത്തിന്റെ ഭവനം

ക്രിസ്തുവിന്റെ സഭയെ സേവിക്കാനുള്ള വിളിയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ഇന്നത്തെ യുവജനങ്ങളെ എങ്ങനെയാണ് നാം സഹായിക്കുക? 'പുണ്യത്തിന്റെ ഭവന'മായ കു ടുംബ സാഹചര്യം നാം ആദ്യം നല്കണം. കൂദാശകളെ കേന്ദ്രമാക്കിക്കൊണ്ടുള്ള പുണ്യജീവിതം നയിക്കാന്‍ ഭാവിയിലെ സഭാ നേതാക്കള്‍ പഠിക്കുന്നത് വീടുകളില്‍നിന്നാണ്. നമ്മുടെ ജ്ഞാനസ്‌നാന പ്രതിജ്ഞക്കനുസരിച്ച് സധൈര്യം ജീവിക്കുന്നതില്‍നിന്നാണ് യഥാര്‍ത്ഥ സമാധാനവും സന്തോഷവും വരുന്നതെന്ന് ജീവിതത്തിലൂടെ പുതിയ തലമുറയെ പഠിപ്പിക്കണം. സ്‌നാപകയോഹന്നാന്‍ പറഞ്ഞതുപോലെ  'ഇതാ, ദൈവത്തിന്റെ കുഞ്ഞാട്' എന്ന് യേശുവിനെ ചൂണ്ടിക്കാണിക്കാന്‍ വിളിക്കപ്പെട്ടവരാണ് മാതാപിതാക്കള്‍. സമൂഹത്തിനും ഇതേ ഉത്തരവാദിത്വമുണ്ട്. ജീവിതാന്തസ് തെരഞ്ഞെടുക്കാന്‍ സമയമായവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നത് മുതിര്‍ന്നവരായിരിക്കുമല്ലോ, പ്രധാനമായും മാതാപിതാക്കള്‍. അതിനാല്‍ അവരുടെ ജീവിതം അതിനുതകുന്നതായിരിക്കണം. അവര്‍ സ്വയമായി ദൈവത്തിന്റെ പ്രേരണകളെ മനസിലാക്കാനും അതിനെ പിന്‍ചെല്ലാനും പരിശീലിക്കുമ്പോഴാണ് യുവജനങ്ങളെ അങ്ങനെ ചെയ്യാന്‍ സഹായിക്കാന്‍ കഴിയുക. അതിനാല്‍ സാമുവലിനെ ദൈവസ്വരം മനസിലാക്കാനും അതിനെ പിന്‍ചെല്ലാനും പരിശീലിപ്പിച്ച ഏലിയെപ്പോലെ ആയിത്തീരാന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്.



മഹത്തായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. വിവാഹജീവിതമായാലും ദൈവത്തിന്റെ സഭയിലെ സേവനമായാലും ഉദാരരായിരിക്കാനുള്ള ഒരു വിളി ദൈവം നമ്മുടെ ഹൃദയത്തില്‍ നിക്ഷേപിക്കുന്നു. ഏറ്റവും അത്യാവശ്യമുള്ളതിനപ്പുറം പോയി ക്രിസ്തു ജീവിച്ചതുപോലെ ജീവിക്കാന്‍ ഒരു അതിസ്വാഭാവികമായ വിളി ചിലര്‍ക്ക് നല്കപ്പെടുന്നു; മാളത്തില്‍ വസിക്കുന്നവനെപ്പോലെയാകാനും മറ്റുള്ളവരുടെ പാപത്തിന്റെ ഭാരം വഹിക്കാനും. യേശുവിന്റെ മരണത്തിന്റെ ബലി വൈദികന്‍ ലോകത്തിനു മുഴുവനും നല്കുന്നു. സമര്‍പ്പിതയായ ഒരു സ്ത്രീ തന്റെ ത്യാഗത്തിലൂടെ പ്രായം കുറഞ്ഞവരും കൂടിയവരുമായ ആയിരക്കണക്കിന് വ്യക്തികള്‍ക്ക് അമ്മയാകുന്നു. അവരുടെ സേവനത്തിന് എന്തു പകരം വയ്ക്കാന്‍ കഴിയും? നാം  വൈദികരുടെ ത്യാഗത്തിന്റെ സദ്ഫലങ്ങള്‍ ഭക്ഷിച്ച് വളരുന്നവരും വളര്‍ന്നവരല്ലേ? അതിനാല്‍ പഴയകാലത്തെ മാതാപിതാക്കളുടെ മാതൃക ഇന്നത്തെ മാതാപിതാക്കളും പിന്‍ചെല്ലണം.



ഒരു പുതിയ വസന്തം

നിര്‍ഭാഗ്യവശാല്‍, യുവജനങ്ങള്‍ ദൈവവിളിയെ ''വന്ന് കാണുക'' എന്ന ക്ഷണമായിട്ട് കാണുമ്പോള്‍ സ്വന്തം ഭവനത്തില്‍നിന്ന് പലപ്പോഴും നിരുത്സാഹപ്പെടുത്തല്‍ ഉണ്ടാകുന്നു. ''അത് ഒരു ഏകാന്തജീവിതമാണ്, നിനക്ക് അവിടെ സന്തോഷമായിരിക്കില്ല,'' അതുമല്ലെങ്കില്‍ ''എനിക്ക് പേരക്കുട്ടികളെ വേണം'' എന്നിങ്ങനെ. എന്നാല്‍, പൂര്‍വ്വികര്‍ മക്കളെ സമര്‍പ്പിതജീവിതത്തിലേക്ക് വിടുന്നതില്‍ ഉദാരരായിരുന്നു. ദൈവത്തിനായി സ്വയം സമര്‍പ്പിക്കുന്ന കുടുംബാംഗത്തെ വലിയ അനുഗ്രഹമായി അവര്‍ കണ്ടു. തിരിച്ച് എന്താണ് നമുക്ക് ലഭിച്ചത്. അനേകം ദേവാലയങ്ങളും അവിടെ ആത്മീയാവശ്യങ്ങള്‍ നടത്താനുള്ള സൗകര്യങ്ങളും ലഭിച്ചില്ലേ? നമുക്കും ഉദാരതയുടെ ആ മാതൃക പിന്‍തുടരാന്‍ ശ്രമിക്കാം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രവചിച്ച ഒരു 'പുതിയ വസന്തകാല'ത്തിന്റെ ഭാഗമാകാം. ദൈവവിളികള്‍ക്കായി പ്രാര്‍ത്ഥിച്ചും പ്രോത്സാഹിപ്പിച്ചും അടുത്ത തലമുറക്കായി നമുക്ക് കരുതിവയ്ക്കാം. നാം ദൈവത്തിന്റെ വിളിയോട് ക്രിയാത്മകമായി പ്രതികരിക്കുമെങ്കില്‍ നമ്മുടെ മക്കളെയും വരും തലമുറകളെയും സേവിക്കാന്‍ അനേകം വൈദികരും സന്യസ്തരും ഉണ്ടാകും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്വപ്നം കണ്ട ഒരു പുതുവസന്തകാലം അതുവഴി യാഥാര്‍ത്ഥ്യമാകട്ടെ.

Monday, 2 June 2014

കുരിശടയാളം പൈശാചികശക്തികൾക്കെതിരായ ആയുധം


വിശുദ്ധ ഗ്രിഗറി നസ്സിയാന്‍സെന്‍ വിശ്വാസത്യാഗിയായ ജൂലിയനെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. ഭാവിയുടെ രഹസ്യങ്ങളറിയാന്‍ ആഗ്രഹിച്ച ചക്രവര്‍ത്തി ഗ്രീസിലെ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും സമീപിച്ചു. പക്ഷേ, തന്റെ ആകാംക്ഷയെ ശമിപ്പിക്കാന്‍ തക്ക അനുഭവങ്ങളൊന്നും ലഭ്യമായില്ല. അങ്ങനെയിരിക്കെ ഒരു മന്ത്രവാദി ജൂലിയന്റെ പക്കലെത്തി തന്റെ മാന്ത്രിക ശക്തിയെക്കുറിച്ചും പ്രേതാത്മാക്കളുമായി ബന്ധപ്പെടാനുള്ള കഴിവിനെക്കുറിച്ചും അറിയിച്ചു. ജൂലിയന് സന്തോഷമായി. അദ്ദേഹം മന്ത്രവാദിയോടൊന്നിച്ച് പുറപ്പെട്ടു.

രാത്രി ഒരു ക്ഷേത്രാങ്കണത്തില്‍ അവര്‍ എത്തിയപ്പോള്‍ ദുഷ്ടാരൂപികളെ വിളിച്ചുവരുത്തുന്ന മന്ത്രങ്ങളും ആഭിചാരകര്‍മങ്ങളും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. നിരവധി പൈശാചികാരൂപികള്‍ അവിടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഭയംകൊണ്ട് ജൂലിയന്‍ അറിയാതെ കുരിശുവരച്ചുപോയി. കുരിശു വരച്ചയുടനെ പ്രേതാത്മാക്കളെല്ലാം അപ്രത്യക്ഷരായി. മന്ത്രവാദി ജൂലിയനെ ശാസിച്ചു. നസ്രായന്റെ അടയാളം വരച്ചാല്‍ പ്രേതാത്മാക്കള്‍ക്ക് അവിടെ നില് ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇനി അങ്ങനെ ചെയ്യരുതെന്നും പറഞ്ഞു. വീണ്ടും അയാള്‍ പൂജകള്‍ ചെയ്ത് പ്രേതാത്മാക്കളെ വിളിച്ചു വരുത്താന്‍ തുടങ്ങി. എന്നാല്‍ ഭയം നിറഞ്ഞപ്പോള്‍ ജൂലിയന്‍ വീണ്ടും അറിയാതെ കുരിശുവരച്ചു. പ്രേതാരൂപികളെല്ലാം പിന്നെയും അപ്രത്യക്ഷരായി.

ഈ സംഭവത്തില്‍നിന്ന് കുരിശടയാളത്തിന്റെ ശക്തി മനസിലാകുമല്ലോ. ഇനി, വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക:

''കുരിശടയാളം നിങ്ങളുടെ വിമോചനത്തിന്റെ അടയാളമാണ്. അത് വരയ്ക്കുമ്പോള്‍ നിങ്ങളുടെ മോചനദ്രവ്യമായി എന്താണ് നല്കിയതെന്ന് ഓര്‍മിക്കുക. അപ്പോള്‍ നിങ്ങള്‍ മറ്റാരുടെയും അടിമയാകില്ല. അതിനാല്‍ നിങ്ങളുടെ വിരലുകൊണ്ടു മാത്രമല്ല, വിശ്വാസംകൊണ്ടും കുരിശുവരയ്ക്കുക. നിങ്ങളുടെ നെറ്റിയില്‍ ഈ അടയാളം പതിച്ചാല്‍ അശുദ്ധമായ അരൂപികള്‍ക്ക് നിങ്ങളുടെ മുന്‍പില്‍ നില്ക്കാന്‍ ധൈര്യമുണ്ടാവുകയില്ല. തന്നെ മുറിവേല്‍പ്പിച്ച ആയുധവും തനിക്കു മരണശിക്ഷ വിധിച്ച വാളും പിശാച് ആ കുരിശില്‍ കാണുന്നുണ്ട്.''

യഥാര്‍ത്ഥ ശത്രു
നിരന്തരമായ ഒരു പോരാട്ടത്തിന്റെ ജീവിതമാണ് ആത്മീയജീവിതം. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും വ്യവസ്ഥിതികളെയും എതിരാളികളായി കാണാന്‍ കഴിയുന്ന നമുക്ക് പലപ്പോഴും അവയുടെ പിന്നിലുള്ള ദുഷ്ടാരൂപികളെ തിരിച്ചറിയാന്‍ സാധിക്കാറില്ല. പൗലോസ് ശ്ലീഹാ പറയുന്നു:

''കര്‍ത്താവിലും അവിടുത്തെ ശക്തി യുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ് പടവെട്ടുന്നത്. അതിനാല്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും'' (എഫേ. 6:1013).

നമ്മുടെ പോരാട്ടത്തില്‍ പക്ഷേ, നാം കുരിശെന്ന ആയുധം ഉപയോഗിക്കാറില്ല. പലര്‍ക്കും പിശാചുണ്ടെന്ന ബോധ്യമില്ല എന്നതാണ് അതിന്റെ ഒന്നാമത്തെ കാരണം.

1 യോഹന്നാന്‍ 3:8 ല്‍ ഇങ്ങനെ പറയുന്നു: പിശാചിന്റെ പ്രവൃത്തികളെ അഴിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.
ചിലര്‍ക്ക് പിശാചുണ്ടെന്നറിയാം. പക്ഷേ, നിത്യജീവിതത്തില്‍ അവന്റെ സാന്നിധ്യമുണ്ടെന്ന ബോധ്യമില്ല. വേറെ ചിലര്‍ക്കാകട്ടെ തങ്ങള്‍ യുദ്ധമുഖത്തിലാണെന്ന ബോധ്യം ഇല്ല. അതിനാല്‍ ആയുധമുണ്ടെങ്കിലും അതിന്റെ ശക്തി അറിയാമെങ്കിലും ഉപയോഗിക്കാറില്ല.

ആരാണ് സാത്താന്‍?
'ഡയബോളോസ്' എന്ന ഗ്രീക്കു പദത്തില്‍ നിന്നും രൂപംകൊണ്ടതാണ് പിശാ ച് എന്നര്‍ത്ഥമുള്ള 'ഡെവിള്‍'.  'മാര്‍ഗതടസം ഉണ്ടാക്കുക' എന്നാണ് ഈ മൂലപദത്തിന്റെ ശരിയായ അര്‍ത്ഥം. ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ തടസം നില്ക്കുന്നവന്‍. നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികളെ തകിടം മറിക്കുന്നവന്‍. യേശു പറഞ്ഞു: ''അവന്‍ ആദിമുതലേ കൊലപാതകിയും നുണയനും നുണയരുടെ പിതാവുമാണ്'' (യോഹ. 8:44).
സാത്താന്റെ അടിമത്തത്തില്‍നിന്നും മനുഷ്യന് രക്ഷ നല്കാനാണ് ക്രിസ്തു കുരിശില്‍ മരിച്ചത്.

ദൈവപുത്രന്റെ ജീവനെടുത്താല്‍ താന്‍ എന്നേക്കുമായി വിജയിക്കുമെന്ന് സാത്താന്‍ കരുതി. എന്നാല്‍, പാപമില്ലാത്തവനായ ക്രിസ്തുവിന്റെമേല്‍ തനിക്കവകാശമില്ല എന്ന സത്യം പിശാച് മറന്നു. യേശുവിന്റെ കുരിശുമരണം വഴി തന്റെ കീഴിലുള്ള പാപികളായ മനുഷ്യരുടെ കടം വീട്ടപ്പെടുമെന്നും താന്‍ പരാജിതനായിത്തീരുമെന്നും അറിയാതിരുന്നതിനാ ലാണ് സാത്താന്‍ യഹൂദ അധികാരികളെയും റോമന്‍ പടയാളികളെയും കൂടുതല്‍ പ്രകോപിപ്പിച്ച് യേശുവിന്റെ അതിദാരുണമായ മരണത്തിന് പശ്ചാത്തലമൊരുക്കിയത്.

അങ്ങനെ 2000 ത്തില്‍പരം വര്‍ഷങ്ങള്‍ക്കുമുന്‍പ് കുരിശ് സാത്താന്റെ തകര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്നു. അന്നുമുതല്‍ കുരിശും ക്രൂശിതരൂപവും അവനെ തളര്‍ ത്തിക്കളയുകയാണ്.
''ക്രൂശില്‍ യേശു സാത്താനെ കീഴടക്കുകയും അവന്റെ പരാജയത്തെ വിളംബരം ചെയ്യുകയും ചെയ്തു. അതിനാല്‍ കുരിശ് വിശ്വാസികളുടെ അടയാളവും പിശാചുക്കളുടെ ഭീതികാരണവുമാണ്'' (ജറുസലേമിലെ വിശുദ്ധ സിറിള്‍).
കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം (എ.ഡി. 347407) പഠിപ്പിക്കുന്നതിങ്ങനെയാണ്:

''കുരിശടയാളം വരയ്ക്കാതെ ഒരിക്കലും നിങ്ങളുടെ ഭവനം വിട്ടിറങ്ങരുത്. അത് നിങ്ങള്‍ക്കൊരു വടിയും ആയുധവും ആര്‍ക്കും കീഴടക്കാനാകാത്ത കോട്ടയും ആയിരിക്കും. ഈ വിധം ശക്തമായ ആയുധം ധരിച്ചിരിക്കുന്നത് കാണുമ്പോള്‍ മനുഷ്യരോ പിശാചുക്കളോ നി ങ്ങളെ ആക്രമിക്കാന്‍ ധൈര്യപ്പെടുകയില്ല. പൈശാചികശക്തികള്‍ക്കെതിരെ പോരാടാനും നീതിയുടെ കിരീടത്തിനായി യുദ്ധം ചെയ്യാനും തയാറായി നില്ക്കുന്ന ഒരു പോരാളിയാണ് നിങ്ങളെന്ന് ഈ അടയാളം നിങ്ങളെ പഠിപ്പിക്കട്ടെ.''

''കുരിശ് എന്താണ് ചെയ്തതെന്ന കാര്യത്തില്‍ നിങ്ങള്‍ അജ്ഞരാണോ? കുരിശ് മരണത്തെ പൂര്‍ണമായും കീഴടക്കുകയും പാപത്തെ തകര്‍ക്കുകയും നരകത്തെ ശൂന്യമാക്കുകയും സാത്താനെ ബഹിഷ്‌ക്കരിക്കുകയും പ്രപഞ്ചത്തെ വീണ്ടെടുക്കുകയും ചെയ്തു. അതിന്റെ ശക്തിയെ ഇനിയും നിങ്ങള്‍ സംശയിക്കേണ്ടതുണ്ടോ?''

സഭാപിതാക്കന്മാരും ആദിമ െ്രെകസ്തവരും കണ്ടെത്തിയ കുരിശിന്റെ ശക്തിയെ നാമെത്രയോ നിസ്സാരമായിട്ടാണ് കാണുക! യൂറോപ്പിലെയും അമേരിക്കയിലെയും കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ക്ലാസ് മുറികളില്‍നിന്നും ക്രൂശിതരൂപങ്ങള്‍ നീക്കംചെയ്യാന്‍ ശക്തമായ പ്ര ക്ഷോഭണങ്ങള്‍ നടന്നുവരികയാണ്. സെമിത്തേരിയുടെ മധ്യത്തില്‍ ഉയര്‍ന്നുനില് ക്കുന്ന ക്രൂശിതരൂപങ്ങള്‍ മറ്റു മതസ്ഥര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നാരോപിച്ച് നീക്കം ചെയ്യാന്‍ കേസുകള്‍ കൊടുക്കുന്നതും നാം വായിച്ചറിയുന്നു. ചില രാജ്യങ്ങളില്‍ ക്രൂശിതരൂപം പരസ്യമായി പ്രകടിപ്പിക്കുവാനുള്ള അനുവാദവും നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് മറ്റു മതങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ ചിഹ്നങ്ങളോട് തോന്നാത്ത അസഹിഷ്ണത കുരിശിനോടുമാത്രം തോന്നുന്നു? സാത്താന്റെ പരാജയചിഹ്നവും ക്രിസ്തുവിന്റെ വിജയചിഹ്നവുമായ കുരിശിനെ സാത്താന്‍ ഭയപ്പെടുന്നു എന്നതാണ് കാരണം. കുരിശിനെ മറയ്ക്കാനുള്ള സാത്താന്യ പ്രേര ണ കുരിശുവിരോധികളില്‍ ഉണ്ടായിരിക്കുമെന്നതില്‍ സംശയമില്ല.

ഭവനങ്ങളുടെ വെഞ്ചരിപ്പ്
തിന്മയുടെ സ്വാധീനങ്ങളും സാന്നിധ്യവും പലവിധത്തില്‍ ഭവനങ്ങളിലേ ക്കും സ്ഥലങ്ങളിലേക്കും കടന്നുവരാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ പാ പങ്ങളും പാപത്താല്‍ ബന്ധിക്കപ്പെട്ടവരുടെ സമ്പര്‍ക്കങ്ങളും ദുഷ്ടാരൂപികള്‍ക്ക് കടന്നുവരാന്‍ വാതിലുകള്‍ തുറന്നു കൊടുക്കും. ദൈവകല്പനയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒരു സ്ഥലത്തു നടക്കുമ്പോള്‍ അവിടെ ദൈവികസാന്നിധ്യവും ദൈവത്തിന്റെ സംരക്ഷണവും നഷ്ടമാകാം. അങ്ങനെയുള്ള ഇടങ്ങളില്‍ തിന്മയുടെ സാന്നിധ്യം സ്വാഭാവികമായും വര്‍ധിക്കും. അതുപോലെതന്നെ അന്ധകാരശക്തികളുടെ നേരിട്ടുള്ള ആക്രമണങ്ങളും ദുഷ്ടമനുഷ്യരിലൂടെയുള്ള പ്രവര്‍ ത്തനങ്ങളും എവിടെയും എപ്പോഴും ഉണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സഭയിലൂടെ വിശ്വാസികള്‍ക്ക് ലഭിക്കുന്ന വലിയൊരു അനുഗ്രഹമാണ് വെഞ്ചരിപ്പ്.

വെഞ്ചരിപ്പിലൂടെ ഭവനങ്ങളും സ്ഥലങ്ങളും വസ്തുക്കളും വിശുദ്ധീകരിക്കപ്പെടുകയും ദൈവിക സാന്നിധ്യവും ശക്തി യുംകൊണ്ട് നിറയപ്പെടുകയും ചെയ്യും. ഒരു പുരോഹിതന്റെ വെഞ്ചരിപ്പുവഴി ലഭിക്കുന്ന അനുഗ്രഹങ്ങള്‍ വിവരണാതീതമാണ്. ഭവനങ്ങള്‍ വെഞ്ചരിക്കുമ്പോള്‍ രോഗപീഡകള്‍ വിട്ടുപോകുന്നതും കലഹത്തിന്റെ അരൂപി അപ്രത്യക്ഷമാകുന്നതും അനേകരുടെ ജീവിതാനുഭവമാണ്. കൃഷിനാശം, ബിസിനസിലെ തകര്‍ച്ചകള്‍ ഇവയൊക്കെ പൗരോഹിത്യത്തിന്റെ അധികാരശക്തിയാല്‍ വെഞ്ചരിപ്പിലൂടെ മാറിപ്പോകുന്നുണ്ട്. പലപ്പോഴും വീട് വെഞ്ചരിപ്പ് വെറുമൊരു ചടങ്ങായിട്ടാണ് അറിവില്ലാത്ത വിശ്വാസികള്‍ കാണുന്നത്. സഭയുടെ അധികാരവും ശക്തിയും മുഖേന ദൈവത്തിന്റെ അഭിക്ഷിക്തനിലൂടെ ലഭിക്കുന്ന ഈ വലിയ അവസരം വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കില്‍ തിന്മയുടെ എത്രയോ പ്രവര്‍ത്തനങ്ങള്‍ നിര്‍വീര്യമാക്കപ്പെടുമായിരുന്നു!

എല്ലാ വെഞ്ചരിപ്പു കര്‍മങ്ങളും അനുഷ്ഠിക്കപ്പെടുന്നത് വിശുദ്ധ കുരിശിന്റെ അടയാളം ഉപയോഗിച്ചുകൊണ്ടാണ്. കുരിശടയാളത്തിലൂടെ ക്രിസ്തുവിന്റെ മുദ്രകുത്തപ്പെടുന്ന ഭവനങ്ങളും സ്ഥലങ്ങളും തികച്ചും സുരക്ഷിതമാണ്.

കുരിശെന്ന കോട്ട


എന്റെ സുഹൃത്തായ ഒരു വൈദികന്റെ അനുഭവമാണിത്: പലപ്പോഴായി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള ഒരു പെണ്‍കുട്ടിയുടെ ഭവനം അദ്ദേഹം സന്ദര്‍ശിക്കാനിടയായി. അച്ചന്‍ ആ പെണ്‍കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവള്‍ പറഞ്ഞതിങ്ങനെയാണ്: രാത്രി കിടന്നുറങ്ങുമ്പോള്‍ ഒരു പുരുഷശബ്ദം അവളെ പേരുചൊല്ലി വിളിക്കുന്നതായി അനുഭവപ്പെടുന്നു. 'വാ, നമുക്കൊരുമിച്ചുപോയി ആത്മഹത്യ ചെയ്യാം' എന്ന ശബ്ദം നിരന്തരം ചെവിയില്‍ മുഴങ്ങും. അപ്പോള്‍ അതിനെ എതിരിടാന്‍ കഴിയാതെ അവള്‍ യാന്ത്രികമായി ആത്മഹത്യയ്ക്ക് ശ്രമിക്കും. അച്ചന്‍ അവളുടെമേല്‍ വിശുദ്ധജലം തളിച്ച് വിശുദ്ധ കുരിശിനാല്‍ മുദ്രകുത്തി പ്രാ ര്‍ത്ഥിച്ചു. പോരാന്‍നേരം ഭവനത്തിന്റെ പ്രധാനവാതിലില്‍ കുരിശടയാളം വരച്ച് മുദ്രകുത്തി തിന്മയുടെ ശക്തികളെ നിരോധിക്കാനായി നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു. അത് ആ പെണ്‍കുട്ടി കാണുകയോ അറിയുകയോ ചെ യ്തിട്ടുമില്ലായിരുന്നു. ഒന്നു രണ്ടാഴ്ചകള്‍ക്കുശേഷം ആ വൈദികന്‍ വീണ്ടും ആ ഭവനത്തിലെത്തി. പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞതിപ്രകാരമാണ്:

''ഇപ്പോള്‍ എനിക്ക് സുഖമായി കിടന്നുറങ്ങാന്‍ പറ്റുന്നുണ്ട്. ബെഡ്‌റൂമില്‍ യാതൊരു അസ്വസ്ഥതയുമില്ല. പക്ഷേ, ചിലപ്പൊഴൊക്കെ വീടിന്റെ പുറത്തുനിന്നും ആ ശബ്ദം കേട്ടിട്ടുണ്ട്. അത് എന്നോട് വീടിന്റെ പുറത്തേക്കിറങ്ങി വരാനാണ് പറയുന്നത്. ഇന്നാള് വന്ന അച്ചന്‍ വീടിന്റെ വാതിലില്‍ കുരിശുവരച്ചുപോയതുകൊണ്ട് എനിക്ക് അകത്തേക്ക് വരാന്‍ കഴിയുന്നില്ല. നീ പുറത്തേക്കു വാ'', എന്ന് പറയുന്നത് ഒന്നുരണ്ട് പ്രാവശ്യം കേട്ടു. നോക്കുക, ഒരു വൈദികന്റെ കരങ്ങള്‍കൊണ്ട് വാതിലിന്റെ കട്ടിളക്കാലുകളില്‍ പതിപ്പിച്ച കുരിശടയാളത്തിന്റെ ശക്തി!

പക്ഷേ, എന്തുകൊണ്ട് നമ്മുടെ വെഞ്ചരിപ്പുകള്‍ പലപ്പോഴും ഫലദായകമാകുന്നില്ല? ഒന്നാമത്തെ കാരണം വിശ്വാസത്തിന്റെ കുറവാണ്. രണ്ടാമത്തെ പ്രശ്‌നം ശരിയായ ഒരുക്കം കൂടാതെയുള്ള വെഞ്ചരിപ്പാണ്. വെഞ്ചരിപ്പിന്റെ ഒരു തലം വിശുദ്ധീകരണമാണ്. വീട്ടിലെ മുറികളൊക്കെ വെഞ്ചരിച്ചാലും വീട്ടില്‍ താമസിക്കുന്നവരുടെ ഹൃദയം വെഞ്ചരിക്കപ്പെടുന്നില്ലെങ്കില്‍ എന്തു പ്രയോജനം? വീടും സ്ഥാപനങ്ങളും വെഞ്ചരിക്കുമ്പോള്‍ അതിനുമുമ്പായി കുടുംബങ്ങളും സ്ഥാപനത്തിലെ അംഗങ്ങളും അനുതപിച്ച് പാപങ്ങളുപേക്ഷിക്കണം. അനുരഞ്ജനമില്ലാതെയും പാപങ്ങളുപേക്ഷിക്കാതെയും വെഞ്ചരിപ്പ് നടത്തുമ്പോള്‍ അതിന്റെ ഫലദായകത്വം അപൂര്‍ണമാകും.

വെഞ്ചരിപ്പുവഴി വിശുദ്ധീകരണം മാത്രമല്ല, വിശുദ്ധീകരിക്കപ്പെട്ടവ ക്രിസ്തുവിനായി സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായവയില്‍ മാത്രമാണ് നാം നമ്മുടെ മുദ്ര അല്ലെങ്കില്‍ അടയാളം പതിപ്പിക്കാറുള്ളത്. അതിനാല്‍ വെഞ്ചരിപ്പുവഴി പവിത്രീകരിക്കപ്പെടുകയും കുരിശടയാളത്താല്‍ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവ ദൈവമഹത്വത്തിനായി ഉപയോഗിക്കപ്പെടണം. വെഞ്ചരിച്ച കെട്ടിടങ്ങളും വസ്തുക്കളും സ്ഥലവും ദൈവമഹത്വത്തിനായി ദൈവത്തിന്റേതുപോലെ ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ വെഞ്ചരിപ്പിന്റെ ശക്തി അവിടെ വെളിപ്പെടണമെന്നില്ല.

മോഷ്ടിക്കാന്‍ പോകുന്നവന്‍ പിടിക്കപ്പെടാതിരിക്കുന്നതിനുവേണ്ടി കുരിശുവരച്ച് സംരക്ഷണം തേടുന്നതുപോലെ പരിഹാസ്യമാണ് ദൈവഹിതത്തിനു വിരുദ്ധമായ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം പുരോഹിതനെ വിളിച്ചു വെഞ്ചരിപ്പിക്കുന്നത്. ജപമാലയും ക്രൂശിതരൂപങ്ങളുമെല്ലാം വെഞ്ചരിച്ച് ഉപയോഗിക്കുമ്പോഴും സ്വന്തം ജീവിതത്തെ വിശുദ്ധീകരിക്കപ്പെടാന്‍ ക്രിസ്തുവിനു വിട്ടുകൊടുക്കാതിരുന്നാല്‍ അര്‍ത്ഥശൂന്യമാകും എല്ലാം.

പ്രാര്‍ത്ഥന
രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശേ, എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ സമൂഹത്തെയും എന്റെ നാ ടിനെയും അങ്ങേ തിരുമുന്‍പില്‍ സമര്‍പ്പിക്കുന്നു. പൈശാചികബന്ധനത്തില്‍നിന്നും അതിന്റെ ശക്തിയില്‍നിന്നും മോചനം തരണമേ. ജോലിയിലും അധ്വാനത്തിലും കഴിയുന്ന എല്ലാവര്‍ക്കും വിജയം കൊടുക്കണമേ.
പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, ദുര്‍മരണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, രോഗങ്ങള്‍, ഇടിമിന്നല്‍ ഇവയില്‍നിന്നും സംരക്ഷണം തരണമേ. വിശുദ്ധ കുരിശിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങള്‍ സാധിച്ചു കൊടുക്കേണമേ.
''കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം.'' (3 പ്രാവശ്യം) 1 സ്വര്‍ഗ. 1 നന്മ.

ആത്മാവിന്റെ രോഗത്തിനുള്ള മരുന്ന്


ഒരു രോഗം വന്നാല്‍ ഏറ്റവും ആദ്യം മനുഷ്യര്‍ ചിന്തിക്കുന്നത് ആശുപത്രിയെക്കുറിച്ചും, ഡോക്ടറെക്കുറിച്ചുമല്ലേ? പെട്ടന്നുതന്നെ രോഗവിമുക്തരാകണമെന്ന് ആഗ്രഹിക്കുന്നതിനാലാണത്. ഗുരുതരമായ രോഗമാണെങ്കില്‍ അതിവേഗം എല്ലാവരും ആശുപത്രിയിലേക്കോടും. ഇതുപോലൊരു ജാഗ്രത ആത്മീയ ജീവിതത്തില്‍ പാപത്തെക്കുറിച്ചും ഉണ്ടാകണം.

ആത്മാവില്‍ ചെറിയൊരു കളങ്കം കണ്ടെത്തുമ്പോള്‍തന്നെ അതീവ ജാഗ്രതയോടെ അതിനെ തുടച്ചുമാറ്റണം. കണ്ണട ഉപയോഗിക്കുന്ന വ്യക്തിക്ക് തന്റെ കണ്ണടയിലുള്ള ചെറിയ പാടുകള്‍പോലും അസ്വസ്ഥത സൃഷ്ടിക്കും. അത് കാഴ്ചയ്ക്ക് തടസമാണല്ലോ. ആത്മാവിലെ കളങ്കവും ഇങ്ങനെതന്നെ. പാപങ്ങള്‍ സുഗമമായ ആത്മീയ യാത്രയെ തടസപ്പെടുത്തും. മാരകപാപമാണെങ്കില്‍ അതിവേഗം കുമ്പസാരക്കൂടിനെ സമീപിക്കണം. ലഘുപാപങ്ങളാണെങ്കില്‍ പശ്ചാത്തപിച്ച് തത്തുല്യമായ സുകൃതങ്ങള്‍ പരിഹാരമായി ചെയ്യുകയും പിന്നീട് അവസരം കിട്ടുമ്പോള്‍ ഏറ്റുപറയുകയും വേണം. ചെറിയ രോഗമാണെങ്കില്‍ മിക്കവരും ഡോക്ടറെ കാണാറില്ല. പക്ഷേ, അതു ഗുരുതരമാകാതെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. സ്വയം ചികിത്സകള്‍ ചെറിയ രോഗങ്ങള്‍ക്കുമാത്രമേ ഫലപ്രദമാകുകയുള്ളൂ. ഗൗരവമുള്ള മുറിവാണെങ്കില്‍ ഡോക്ടറെ കാണാതിരിക്കുന്നത് ജീവനുതന്നെ ഹാനികരമായിരിക്കുന്നതുപോലെ മാരകപാപം കുമ്പസാരിക്കാതെ വച്ചുകൊണ്ടിരിക്കുന്നത് ആത്മാവിനെ അപകടത്തിലാക്കും. പാപം നമ്മുടെ ജീവന്‍ അപഹരിക്കുമെന്ന് വചനം പറയുന്നു, ''സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവന്‍ അപഹരിക്കും'' (പ്രഭാ. 21:2).  ഭൗതികജീവിതത്തില്‍ ഒരു ഡോക്ടര്‍ക്കുള്ള സ്ഥാനമാണ് ആത്മീയ ജീവിതത്തില്‍ വൈദികര്‍ക്കുള്ളത്.

ആരും ആവശ്യപ്പെടാതെ ദൈവം സ്ഥാപിച്ച് നല്കിയിട്ടുള്ള കൂദാശയാണ് കുമ്പസാരം. അത് അവിടുത്തെ കരുണയുടെയും സ്‌നേഹത്തിന്റെ യും പ്രകടനമാണ്. മനുഷ്യര്‍ ബലഹീനരായതുകൊണ്ട് വീണുപോകുമെന്നും എന്നിരുന്നാല്‍ത്തന്നെയും ആരും വിഷമിക്കരുതെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.  നരകത്തില്‍ കഴിയുന്ന ആത്മാക്കളോട് പുറത്തൊരു വൈദികന്‍ കാത്തുനില്ക്കുന്നുണ്ട്, ആര്‍ക്കെങ്കിലും കുമ്പസാരിക്കണമെങ്കില്‍ കുമ്പസാരിക്കാം എന്നു പറഞ്ഞാല്‍, ആരെങ്കിലും പിന്നെ നരകത്തില്‍ കാണുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നരകത്തിലെ വേദനയോട് തുലനം ചെയ്യുമ്പോള്‍ അവരില്‍ ഏറ്റവും കഠിനമായ പാപം ചെയ്ത വ്യക്തിപോലും തന്റെ പാപം ഏറ്റുപറയുമെന്ന് തീര്‍ച്ച. ലോകം മുഴുവനോടും അത് വിളിച്ചുപറയാനും അവര്‍ തയാറായേക്കാം. നരകത്തിലെ വേദനയോട് തുലനം ചെയ്യുമ്പോള്‍ പാപം ഏറ്റുപറയുന്നതിന്റെ വേദന തുലോം നിസ്സാരമാണ്. ''പാപിയുടെ പാത കല്ലുപാകി മിനുസപ്പെടുത്തിയിരിക്കുന്നു; അത് അവസാനിക്കുന്നത് പാതാളത്തിലാണ്'' (പ്രഭാ. 21:10).

നഷ്ടപ്പെട്ടുപോയ ആത്മാക്കള്‍ക്ക് ലഭിക്കാത്ത സൗഭാഗ്യമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ അവസരമുണ്ട്. നരകത്തിലുള്ളവര്‍ വിലപിക്കുന്നതിങ്ങനെയാകാം, 'ഓ വൈദികരേ നിങ്ങളെ ഞങ്ങള്‍ ജീവിതകാലത്ത് അറിയാതെയും കാണാതെയും പോയിരുന്നെങ്കില്‍! എങ്കില്‍ ഞങ്ങളുടെ പാപം ഇത്രമേല്‍ കഠിനമാകുമായിരുന്നില്ല. അവസരമുണ്ടായിട്ടും നിങ്ങളോട് അവ ഏറ്റുപറയാതിരുന്നതിനാലാണല്ലോ ഞങ്ങള്‍ക്ക് ഇത്രയും സഹിക്കേണ്ടി വരുന്നത്.'
ആത്മാവിന്റെ മുറിവുണക്കുന്ന കുമ്പസാരമെന്ന കൂദാശ നമുക്കുണ്ട്. മുറിവുകളുമായി നടന്ന് അവയെ നാം വഷളാക്കരുത്. പാപം കുമ്പസാരത്തില്‍ ഏറ്റുപറയുന്നതിനു പകരം വീണ്ടും അതില്‍ തുടരുന്നത് മുറിവില്‍ കത്തികൊണ്ട് വീണ്ടും മുറിവുണ്ടാക്കുന്നതുപോലെയാണ്. വ്രണം വലുതാകുകയും ഒന്നും ചെയ്യാന്‍ വയ്യാതാവുകയും ചെയ്യും. കുമ്പസാരത്തിനുശേഷം വീണ്ടും വീണ്ടും പാപം ചെയ്യുന്നത് മുറിവു വച്ചുകെട്ടിത്തന്നതിനുശേഷം അതിനെ അഴിച്ച് മുറിവ് വലുതാക്കുന്നതുപോലെയാണ്. നമ്മുടെ ആത്മാവിന്റെ മുറിവുകള്‍ സുഖപ്പെടുവാന്‍ നാം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സ ഫലപ്രദമാകണമെങ്കില്‍ രോഗി പഥ്യം നോക്കുകയും ജാഗ്രതയോടെ പെരുമാറുകയും വേണം.

ചിലര്‍ക്കെങ്കിലും തങ്ങള്‍ പാപികളാണെന്ന ബോധ്യമില്ല. ദാവീദിന് പാപത്തെക്കുറിച്ചുള്ള ബോധ്യം ലഭിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് രക്ഷപ്പെടാനായത്. ദാവീദ് പറയുന്നു, ''എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു. എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്'' (സങ്കീ. 51:3). രോഗം വന്നിട്ട് അത് തിരിച്ചറിയാതെ ജീവിക്കുന്ന അവരുടെ അവസ്ഥ എത്ര അപകടകരമാണ്. ചിലരെങ്കിലും പാപാവസ്ഥയില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ തയാറാകുന്നു. ആരോഗ്യമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണം രോഗികളായവര്‍ കഴിക്കുന്നു. മരുന്നുമാറി കഴിക്കുന്നതുപോലെ അത് അവരെ അസ്വസ്ഥതപ്പെടുത്തും.

മാരകപാപം മറച്ചുവച്ചുകൊണ്ട് കുമ്പസാരിക്കുന്ന വ്യക്തി ആ കൂദാശയെ അവഹേളിക്കുകയാണ്. പാപം ചെയ്യുന്നതിനെക്കാള്‍ ഭയാനകമാണ് അതു മറച്ചുവച്ചുകൊണ്ട് കുമ്പസാരിക്കുന്നത്. എന്തിനുവേണ്ടിയാണോ കുമ്പസാരമെന്ന കൂദാശ നല്കപ്പെട്ടിരിക്കുന്നത് അതിനെ തിരസ്‌കരിച്ചുകൊണ്ട് ഒരാള്‍ക്ക് എങ്ങനെയാണ് ഈ കൂദാശയെ സമീപിക്കാനാകുക? പാപം ഏറ്റുപറയുന്നതില്‍ ഒരു കബളിപ്പിക്കലും പാടില്ല. നമ്മുടെ പാപം അതിന്റെ എല്ലാ ഗൗരവത്തോടും കൂടി വൈദികനെ അറിയിക്കുന്നതും ന്യായീകരിക്കാതിരിക്കുന്നതും യഥാര്‍ത്ഥ പശ്ചാത്താപത്തിന്റെ അടയാളമാണ്. ഒരു പാപം വരുത്തിവയ്ക്കുന്ന ആത്മാവിന്റെ നാശത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കില്‍ കുമ്പസാരിക്കുവാന്‍ നാം മടിക്കില്ല എന്നു മാത്രമല്ല, കുമ്പസാരക്കൂട്ടിലേക്ക് ഓടിയെത്തും.

വളരെ നാളുകളായി വൃത്തിഹീനമായിക്കിടന്ന ഭവനം അടിച്ചുവാരി വൃത്തിയാക്കിയെന്നിരിക്കട്ടെ. എങ്കിലും അവിടെ ചെറിയ ദുര്‍ഗന്ധം അവശേഷിക്കും. ഇതുപോലെ നാം നല്ലൊരു കുമ്പസാരം നടത്തിയാലും പുണ്യാഭ്യസനം വഴി ആത്മാവിനെ സുഗന്ധപൂരിതമാക്കേണ്ടിയിരിക്കുന്നു. എങ്കില്‍മാത്രമേ അഭിമാനിക്കാന്‍ വകയുണ്ടാകൂ. പാപം ചെയ്യുമ്പോള്‍ ഹൃദയത്തില്‍ മുള്ളുകൊള്ളുന്നതുപോലെ അനുഭവപ്പെടണം. ഈ മുള്ളില്ലാത്തതിനാല്‍ പാപം സുഖം തരുന്ന പ്രവൃത്തിയായി മാറിയിരിക്കുന്നു. വിശുദ്ധരുടെ ഹൃദയത്തില്‍ ഈ മുള്ളുണ്ടായിരുന്നു. പാപത്തെക്കുറിച്ചുള്ള ചിന്തപോലും അവരെ അസ്വസ്ഥതപ്പെടുത്തുമായിരുന്നു. പാപത്തെ ഉപേക്ഷിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ആത്മവിശ്വാസവും ധൈര്യവും കൈവരും. മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക അസ്വസ്ഥതകളുടെയും കാരണം പാപത്തെ ഉപേക്ഷിക്കാന്‍ മനസുകാണിക്കുന്നില്ല എന്നതാണ്. ''ആരും പിന്തുടരാത്തപ്പോഴും ദുഷ്ടന്‍ പേടിച്ചോടുന്നു; നീതിമാന്മാരാകട്ടെ സിംഹത്തെപ്പോലെ ധീരരാണ്.'' (സുഭാ.28:1).

Sunday, 26 January 2014

പ്രശ്‌നമൊഴിഞ്ഞ ജീവിതം


മുക്കുവന് ഒരു ദിവസം വല്ലാത്ത ക്ഷീണം തോന്നി. കടലില്‍ പോകാനോ മത്സ്യം പിടിക്കാനോ ഒട്ടും പറ്റാത്തതുപോലെ. അയാള്‍ മകനോട് പറഞ്ഞു: ''മോനേ, ഇന്ന് നീ കടലില്‍ പോയി വല്ലതും പിടിച്ചുകൊണ്ടുവാ. എനിക്കൊട്ടും വയ്യ.'' വലയുമെടുത്ത് മകന്‍ പോകുന്നതു കണ്ടപ്പോള്‍ പിതാവിന് സന്തോഷം തോന്നി. മോന്‍ വളര്‍ന്നു വലുതായിരിക്കുന്നു! താന്‍ പലപ്പോഴും മകനെ കൂട്ടത്തില്‍ കൊണ്ടുപോയി മത്സ്യം പിടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെയും ഒറ്റയ്ക്ക് വിട്ടിട്ടില്ല. ഇതാ, ഒറ്റയ്ക്ക് കടലില്‍ പോയി അധ്വാനിക്കാനും കുടുംബം നോക്കാനും ഒരാള്‍ കൂടി. ആശ്വാസത്തോടെ മുക്കുവന്‍ തന്റെ കുടിലിനുള്ളില്‍ കയറിക്കിടന്നു. പക്ഷേ, കിടന്നിട്ടൊരു സ്വസ്ഥത വന്നില്ല. ഒറ്റയ്ക്ക് കടലില്‍ പോയ മകനെക്കുറിച്ചൊരു ആകുലതയും ആകാംക്ഷയും... പിതാവ് കടല്‍ത്തീരത്തേക്ക് നടന്നു. അവിടെയെത്തിയപ്പോള്‍ അതാ വെറുതെ കടലിലേക്ക് നോക്കിനില്ക്കുന്ന മകന്‍!

''മോനേ, നീ ഇതുവരെയും തോണിയിറക്കിയില്ലേ? എന്താ ഇങ്ങനെ നോക്കിനില്ക്കുന്നത്?''

''അപ്പാ, ഞാന്‍ കടലിലെ തിരമാലയൊന്ന് അടങ്ങാന്‍ കാത്തുനില്ക്കുകയായിരുന്നു.''

മറുപടി കേട്ട പിതാവ് വേദനയോടെ പറഞ്ഞു: ''മോനേ, ഇങ്ങനെയാണെങ്കില്‍ നീയൊരിക്കലും നല്ല മുക്കുവനാവുകയില്ല. തിരയൊഴിഞ്ഞ കടലു നോക്കിയിരിക്കുന്നവന് ഒരിക്കലും തോണിയിറക്കാന്‍ കഴിയില്ല. തിരമാലകളെ കീഴടക്കുന്നവനാണ് നല്ല മുക്കുവന്‍.''

ചെറുപ്പക്കാരന്റെ മണ്ടത്തരമോര്‍ത്ത് നമുക്ക് ചിരി വരുന്നുണ്ടാകും. പക്ഷേ, നമ്മളിലും ആ ചെറുപ്പക്കാരന്‍ ജീവിക്കുന്നില്ലേ? അനുകൂലമായ സാഹചര്യമുണ്ടായിട്ട് സുവിശേഷം പ്രസംഗിക്കാന്‍ നോക്കിയിരിക്കുന്നവര്‍...

കടബാധ്യതയെല്ലാം തീര്‍ന്നതിനുശേഷം കര്‍ത്താവിനും അവിടുത്തെ ശുശ്രൂഷകള്‍ക്കും എന്തെങ്കിലും നല്കാമെന്ന് തീരുമാനിച്ചിട്ടുള്ളവര്‍...

എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും പേടിച്ച് ഒതുങ്ങിക്കൂടുന്നവര്‍...

പ്രാര്‍ത്ഥിക്കുവാനും ആത്മീയമായി വളരുവാനും അനുകൂലമായ സാഹചര്യമില്ലാത്തതോര്‍ത്ത് വിഷമിക്കുന്നവരും പ്രലോഭനങ്ങള്‍ ഉള്ളതിനാല്‍ വിശുദ്ധിയില്‍ വളരാനാകില്ലെന്ന് ധരിച്ചിരിക്കുന്നവരും, തിരമാലകള്‍ അടങ്ങിയതിനുശേഷം കടലില്‍ വഞ്ചിയിറക്കാന്‍ കാത്തിരിക്കുന്ന യുവാവിനെപ്പോലെയാണ്.

പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും ഈലോക ജീവിതത്തില്‍ എപ്പോഴും ഉണ്ടാകാം. സാഹചര്യങ്ങള്‍ നമുക്ക് അനുകൂലമല്ലാതെ വരികയും സ്വാഭാവികമാണ്. ഒരു വിശ്വാസി സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും ഭയപ്പെടരുത്. തിരമാലകള്‍ക്കു മുകളിലൂടെ നടന്നവന്‍ കൂടെയുണ്ടെങ്കില്‍ തിരകളെ നോക്കി നാമെന്തിന് ഭയപ്പെടണം? ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ  ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും'' (ഏശയ്യാ 41:10) എന്നരുളിയ തമ്പുരാനില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നാമെന്തിന് പ്രശ്‌നങ്ങളോര്‍ത്ത് ദുര്‍ബലചിത്തരാകണം?

''ഞാന്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ഇല്ല'' (ഹെബ്രാ.13:5) എന്ന് വാക്കുതന്നവന്‍ വിശ്വസ്തനാകയാല്‍ നാമെന്തിന് സംഭ്രാന്തരാകണം? ഭാവിയെ ഓര്‍ത്ത് പേടിക്കരുത്; പ്രതിബന്ധങ്ങളുടെ മുന്നില്‍ പതറുകയും ചെയ്യരുത്. എല്ലാം ശരിയാകാന്‍വേണ്ടി കാത്തിരിക്കരുത്. കാരണം, കാലം ആര്‍ക്കുവേണ്ടിയും കാത്തിരിക്കാറില്ല. നന്മ ചെയ്യാനും പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങള്‍ പാഴാക്കുന്നത് ഭോഷത്തമാണ്. ഇതാണ് സുപ്രധാനകാലം. ''ഉണര്‍ന്ന് പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു'' (ഏശയ്യാ 60:1).

പ്രാര്‍ത്ഥന
കര്‍ത്താവേ, ആയുസ് കടന്നുപോകുന്നത് ഞങ്ങള്‍ അറിയുന്നില്ല. ക്ഷമിക്കാനും സ്‌നേഹിക്കാനും നന്മ ചെയ്യാനും അധ്വാനിക്കാനും ഇപ്പോള്‍ ഞങ്ങള്‍ തയാറാകുന്നില്ലെങ്കില്‍ നാളെ അവസരം കിട്ടണമെന്നില്ല എന്ന ബോധ്യം ഞങ്ങള്‍ക്കു നല്കണമേ. ജീവിതം ഉയര്‍ത്തുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മുകളിലൂടെ ജീവിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, ആമ്മേന്‍.

Tuesday, 24 December 2013

ക്രിസ്മസ് - അവര്‍ണനീയമായ ഒരനുഭവം.


ദൈവം മനുഷ്യനെ സൃഷ്ടിച്ചു - വെളിച്ചത്തെയും.. മനുഷ്യന്‍ വെളിച്ചത്തില്‍ വസിക്കണം എന്ന് ദൈവം ആഗ്രഹിച്ചു. അതിനായി അവിടുന്ന് അവന്റെ ഹൃദയത്തില്‍ തന്നെക്കുറിച്ചുള്ള പരിജ്ഞാനം നല്‍കി. അനശ്വര സത്യവും വെളിച്ചവുമായ ദൈവത്തെ ആത്മാവില്‍ അറിയാനും അനുഭവിക്കുവാനും അനുസരിക്കാനും ഭാഗ്യം ലഭിച്ച മനുഷ്യനില്‍ ഇരുള്‍ നിറയുവാന്‍ താമസമുണ്ടായില്ല.. സ്വന്തം ഇഛാശക്തിയുടെയും സ്വാതന്ത്ര്യത്തിന്റെയും ദുരുപയോഗം അവനെ ദൈവത്തില്‍ നിന്നും എന്നെന്നേക്കുമായി അകറ്റി.. അങ്ങനെ എന്നേക്കും പ്രകാശിക്കേണ്ട ദൈവിക വെളിച്ചം അവനില്‍ അണഞ്ഞു പോയി!

എന്നാല്‍ , ദൈവം എന്ന ശാശ്വത പ്രകാശത്തിലേക്ക് അവനെ തിരികെ അടുപ്പിക്കാന്‍ അവിടുന്ന് തന്നെ തിരുമനസ് കാണിച്ചു.. ദൈവത്തിനു നഷ്ടമായ മനുഷ്യ സമൂഹത്തെ തിരികെ ദൈവത്തോട് ചേര്‍ക്കുന്നതിനുള്ള ദൈത്യം ഏറ്റെടുത്തത് ത്രീയേകനായ മഹോന്നത ദൈവത്തിന്റെ സാരാംശത്തില്‍ ഒരുവനായ "പുത്രന്‍" ആയിരുന്നു... ദൈവിക വെളിപ്പാടുകള്‍ പടിപടിയായി നല്‍കിക്കൊണ്ട് അവന്‍ തന്നെത്താന്‍ മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്തിക്കൊണ്ടിരുന്നു... തന്നിലേക്ക് മനുഷ്യരെ തിരിച്ചു വിളിച്ചുകൊണ്ടിരുന്നു.. അഥവാ, ദൈവിക വെളിച്ചം മനുഷ്യ മനസുകളില്‍ തെളിഞ്ഞു കൊണ്ടിരുന്നു.... അത് കൂടുതല്‍ പ്രകാശിച്ചുകൊണ്ടേയിരുന്നു ...!!!

ഒടുവില്‍ ആ വെളിപ്പാടുകള്‍ക്ക് പൂര്‍ണത വന്നു. 'ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം' - വചനം - പൂര്‍ണ്ണമായും ഒരുവനില്‍ തെളിഞ്ഞു!!! ആതായത് ദൈവം തന്നെ ഒരു മനുഷ്യനായി ജന്മമെടുത്തു! പുരുഷബന്ധമില്ലാതെ ഒരു കന്യകയിലൂടെ - മറിയയിലൂടെ - അവിടുന്ന് ലോകാവതാരം ചെയ്തു! ഇത് ക്രിസ്തുമസ് എന്നറിയപ്പെടുന്ന ആഘോഷത്തിന്റെ പൊരുള്‍ !



ക്രിസ്മസ് - അവര്‍ണനീയമായ ഒരനുഭവം

ധ്രുവപ്രദേശങ്ങളില്‍ ആകാശങ്ങളുടെ അന്തഃപുരങ്ങളില്‍ (സുമാര്‍ നൂറു കിലോമീറ്ററിനു മുകളില്‍) സാധാരണ രാത്രികാലങ്ങളില്‍ കാണപ്പെടുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ഓറോറ.
ആകാശത്തിനു വിലങ്ങനെ കിഴക്കു പടിഞ്ഞാറന്‍ ചക്രവാളം മുതല്‍ ചക്രവാളം വരെ അണ്ഡാകൃതിയില്‍ പച്ചയും ചുവപ്പും മഞ്ഞയുമൊക്കെ കലര്‍ന്ന രശ്മികള്‍ നൃത്തം വയ്ക്കുന്ന രംഗം ചിലപ്പോള്‍ വര്‍ണാഭയേറിയ മേഘശകലങ്ങളായും കാണപ്പെടും.

ഓറോറയ്ക്ക് ഒട്ടേറെ വ്യത്യസ്തങ്ങളായ നിറങ്ങളും സവിശേഷതകളുമുണ്ട്. ഏതാണ്ട് പത്തുമണി രാത്രി കഴിയുമ്പോഴേക്കും അവയ്ക്കു തിളക്കമേറിത്തുടങ്ങും. കതിരുകള്‍ കുത്തനെ താഴേക്കു പൊഴിഞ്ഞു വീഴുന്നതുപോലെയും! ഈ അപൂര്‍വദൃശ്യം മിനിട്ടുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ടുനില്‍ക്കും. പ്രഭാതമാകുമ്പോള്‍ അവ കൂട്ടംകൂടുന്നതുപോലെയും മങ്ങുന്നതുപോലെയുമൊക്കെത്തോന്നും.
വടക്കന്‍ ധ്രുവപ്രദേശത്തുള്ളതിനെ ഓറോറാ ബേറിയേയ്‌ലിസ് എന്നും തെക്കന്‍ ധ്രുവപ്രദേശത്തുള്ളതിനെ ഓറോറാ ഒസ്‌ത്രേയ്‌ലിസ് എന്നും വിളിക്കുന്നു. രണ്ടും ഏതാണ്ട് ഒന്നുപോലെതന്നെ.
നോര്‍വേക്കാരനായ റൊവാള്‍ഡ് അമ്യൂഡ്‌സെന്‍ (18721928) ആണ് ആദ്യമായി ദക്ഷിണ ധ്രുവത്തില്‍ കാലുകുത്തിയത്1910 ഡിസംബറില്‍. തിരിച്ചെത്തിയ അമ്യൂഡ്‌സെന്നിനോട് ആളുകള്‍ ചോദിച്ചു:
"അവിടെ പ്രത്യേകമായി എന്തു കണ്ടു?''

ഓറോറ ഒസ്‌ത്രേയ്‌ലിസ്.''
"അത് എങ്ങനെയുണ്ടായിരുന്നു?''
"അവര്‍ണനീയമായ ഒരനുഭവം!'' അതായിരുന്നു മറുപടി.
നമുക്ക് ഒത്തിരിയൊത്തിരി അനുഭവങ്ങളുണ്ടാവാം അപൂര്‍വം ചിലതൊക്കെ അവര്‍ണനീയങ്ങളും. അത്തരത്തിലൊന്നാണു ക്രിസ്മസ്. ക്രിസ്മസ് ശരിക്കും അവര്‍ണനീയമായ ഒരനുഭവമാണ്. അതിലുപരി അഭൗമികവും. പരിശുദ്ധ അമ്മയ്ക്ക് അതൊരു അനുഭവമായിരുന്നു. അതാണ് പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞ് അവള്‍ ഇങ്ങനെ പറഞ്ഞത്. "എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു'' (ലൂക്കാ 1:47). അതു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിര്‍വൃതിയാണ്. ആത്മവിസ്മൃതിയിലാണ്ട നിമിഷങ്ങളിലുണ്ടായ നിര്‍വൃതി.

സ്വാഭാവികമായും അവിവാഹിതയായ ഒരു കന്യക ഗര്‍ഭിണിയായാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ മറിയത്തിനു നല്ലവണ്ണം നിശ്ചയമുണ്ടായിരുന്നു. "ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ'' എന്നു പറഞ്ഞവള്‍ ഉദ്ദേശിച്ചതും അതുകൂടെയാണ്. പക്ഷേ, ഇവിടെ അവള്‍ അതെല്ലാം മറക്കുകയാണ് പരിസരംപോലും.

"എന്റെ ചിത്തം, (My spirit എന്നു തനിതര്‍ജ്ജമ) എന്റെ രക്ഷകനായ ദൈവത്തില്‍ നിര്‍വൃതി കൊള്ളുന്നു.'' അതൊരു അനുഭൂതിയാണ്. പറഞ്ഞു മനസിലാക്കിക്കൊടുക്കാന്‍ കഴിയാത്ത അനുഭവം. സൂര്യന്റെ സാന്നിധ്യത്തില്‍ ഭൂമിയുടെ കാന്തികപ്രവര്‍ത്തനത്തിലുണ്ടാകുന്ന ഓറോറാ പോലുള്ള ഒരു അനുഭവം.

അതിന്റെ ഒരംശമാണ് ഉണ്ണിയേശുവിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന മറിയത്തിന്റെ സാന്നിധ്യത്തില്‍ എലിസബത്തിനും കൈവരുന്നത്. തന്നെത്തന്നെ മറന്ന് അവളും എന്തൊക്കെയോ പറഞ്ഞുപോകുന്നു (ലൂക്കാ 1:4145).
ആ അനുഭവം പിന്നീട് ആട്ടിടയന്മാര്‍ക്കുമുണ്ടായി: "അതിവേഗം അവര്‍ പോയി പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന യേശുവിനെ കണ്ടു'' എന്നാണ് വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നത്. അതവര്‍ക്ക് വലിയൊരു ആനന്ദാനുഭവമായിരുന്നു. എന്തെന്നില്ലാത്ത സന്തോഷത്തികവിലാണ് അവര്‍ മടങ്ങിയെത്തിയതും കണ്ടവരോടെല്ലാം തങ്ങളുടെ അനുഭവം വര്‍ണിക്കുന്നതും (ലൂക്കാ 2:17).

"ദി ഡയ്‌സിസ് ഓഫ് നസറത്ത്" എന്ന പ്രസിദ്ധീകരണത്തില്‍ ഹഫ് മാക്ക്മില്ലന്‍ ഒരു ആട്ടിടയന്റെ കഥ പറയുന്നുണ്ട്. പത്തുകൊല്ലമായി തളര്‍ന്നു ചലനമറ്റു കിടക്കുന്ന അന്ധനായ ആട്ടിടയന്റെ കഥ. ഒരിക്കല്‍ ഒരു സന്ദര്‍ശകന്‍ ആശ്ചര്യപൂര്‍വം അയാളോടു ചോദിച്ചു:
"ഇതേ കിടപ്പില്‍ത്തന്നെ കിടക്കുന്നതില്‍ നിനക്കു വിഷമമില്ലേ?''
"ഇല്ല, ഒരിക്കലുമില്ല; ഞാന്‍ അവാച്യമായ ആനന്ദത്തിലാണ്. യേശു എന്റെ ഹൃദയത്തില്‍ ആവാസമുറപ്പിച്ചുകഴിഞ്ഞുപത്തുകൊല്ലമായിട്ട്.'' കാടും മേടും താണ്ടി, കല്ലും മുള്ളും ചവിട്ടി, വിശപ്പും ദാഹവും സഹിച്ച്, വഴിയില്ലാ വഴികളിലൂടെയും മാസങ്ങളോളം യാത്ര ചെയ്‌തെത്തിയ പൂജരാജാക്കള്‍ക്കുണ്ടായ ആനന്ദാനുഭൂതിയും വ്യത്യസ്തമല്ല.
പിന്നീടൊരിക്കല്‍ പത്രോസും ആ ദിവ്യാനുഭൂതിയിലെത്തുന്നുണ്ട് താബോര്‍ മലമുകളില്‍വച്ച്. എല്ലാം മറന്ന് അവനും വിളിച്ചു പറഞ്ഞു: "എന്തൊരു മനോഹാരിത. നമുക്ക് ഇവിടെത്തന്നെ കഴിയാം...'' (ലൂക്കാ 9:33).
ഉത്ഥിതനായ കര്‍ത്താവിനോടൊപ്പം എമ്മാവൂസിലേക്കു പോയവരുടെ അനുഭവവും അതുതന്നെ. അവരുടെ ഹൃദയം സന്തോഷംകൊണ്ടു ത്രസിക്കുകയായിരുന്നു: "നാഥാ പോവരുതേ. ഞങ്ങളോടൊപ്പം വസിക്കണമേ''  അവരും അപേക്ഷിച്ചു.

ഇതുപോലൊരു നിര്‍വൃതിയാണ് പിന്നീടു യോഹന്നാനും കൈവരുന്നത്. "പെട്ടെന്ന് ഞാന്‍ ഒരു ആനന്ദാനുഭൂതിയില്‍ ലയിച്ചു'' (വെളി.4:1) എന്ന് അനുഭവസ്ഥന്‍ തന്നെയാണ് പറയുന്നത്. അതേ അവാച്യമായ നിറവ് ഒരുനാള്‍ വിശുദ്ധ പൗലോസിനും കൈവരുന്നുണ്ട് (2 കോറി. 12:4).

ഓറോറ കണ്ട് ആസ്വദിക്കാനുള്ള അപൂര്‍വഭാഗ്യം അമ്യൂഡ്‌സെന്നിന് കൈവരുന്നത് 38ാമത്തെ വയസിലാണ്. സമാനമായൊരു ഭാഗ്യം ഇതാ, വിശുദ്ധ അഗസ്റ്റിനും കൈവരുന്നു, 33ാമത്തെ വയസില്‍. ലോകത്തിന്റെ എല്ലാ വശ്യതകളിലും കുടുങ്ങിക്കഴിഞ്ഞവന്, ആനന്ദത്തിന്റെ അത്യുന്നതി എവിടെയാണെന്നു പിടുത്തം കിട്ടുന്നു. അത് യഥാര്‍ത്ഥ ആഗ്രഹങ്ങളുടെ സാക്ഷാത്ക്കരണത്തിലാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനു സിദ്ധിക്കുന്നു.

കവി ആല്‍ഫ്രെഡ് ടെന്നിസണ് ഇത്തിരികൂടെ കൂട്ടിച്ചേര്‍ക്കാനുണ്ട്: ഒരിക്കലും ഒരു കാലത്തും നമുക്കുണ്ടാകാത്ത അഭൗമിക മോഹങ്ങളാണ് യേശു നമ്മില്‍ ഉണര്‍ത്തുക. അവന്‍ കാണിച്ചുതരുന്ന തരത്തിലുള്ള ഓറോറ ഒരാളും ഒരു കാലത്തും കണ്ടിട്ടുണ്ടാകയില്ല. "കണ്ണു കണ്ടിട്ടില്ലാത്തത്, കാത് 
കേട്ടിട്ടില്ലാത്തത്, ഹൃദയം ആസ്വദിച്ചിട്ടില്ലാത്തത്.''

കിസ്മസ് നമ്മെ പഠിപ്പിക്കുന്ന രണ്ട് വലിയ കാര്യങ്ങളുണ്ട്; താഴ്മയും ആനന്ദവും. മനുഷ്യജീവിതത്തിന്റെ ഭംഗിയും ദൈവത്തിന്റെ പക്കലുള്ള സ്വീകാര്യതയും തുറന്നുവക്കുന്ന ദിനമാണ് ക്രിസ്മസ്. നന്മയുടെ ആസ്വാദനമാണ് ജീവിതത്തിലെ ഏറ്റവും ഉന്നതമായ അവസ്ഥ എന്ന് ഓര്‍മിപ്പിക്കുന്ന ദൃശ്യം ക്രിസ്മസിലൂടെ നമുക്കു മുന്നില്‍ തെളിയുന്നു. ആത്യന്തികമായ നന്മ കണ്ടെത്തപ്പെട്ടിരിക്കുന്നു, അത് നമുക്കരികില്‍ കൊണ്ടുവരപ്പെട്ടിരിക്കുന്നു, തന്റെ പിതാവിന്റെ മാറില്‍നിന്ന് ഈ ലോകത്തേക്ക് വന്ന ദൈവപുത്രന്റെ രൂപത്തില്‍. എന്തെന്നാല്‍ എല്ലാവരോടുമായി വചനം പറയുന്നു  ''ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു'' (ലൂക്കാ 2:11). നശ്വരമായ ഈ ലോകം മഹത്തായതെന്നും മാന്യമായതെന്നും വിളിക്കുന്നവയെത്തേടി ഇനി നാം യാത്ര ചെയ്യേണ്ടതില്ല. ലോകം തിരസ്‌കരിക്കുന്ന ഒരു സ്ഥാനവും സ്ഥലവും ക്രിസ്തു സ്വീകരിച്ചപ്പോള്‍ അവിടുന്ന് ലോകം ബഹുമാനിക്കുന്നതിനെ ബഹുമാനിക്കാതിരിക്കുകയായിരുന്നു. ഉള്ളതിനെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്കും ഇല്ലാത്തതിനെക്കുറിച്ചുള്ള നിരാശയ്ക്കും വലിയ കാര്യങ്ങളുടെ പിന്നാലെയുള്ള ഓട്ടത്തിനും പകരംസന്തോഷവും ആനന്ദവും നിറഞ്ഞവരാകാനുള്ള പാഠമാണത്.

എന്തുകൊണ്ട് ആട്ടിടയര്‍? 
''ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്‍മാര്‍ ഉണ്ടായി രുന്നു. കര്‍ത്താവിന്റെ ദൂതന്‍ അവരുടെ അടുത്തെ ത്തി'' (ലൂക്കാ 2:89). സ്വര്‍ഗീയദൂതര്‍ എന്തിന് ആട്ടിടയര്‍ക്ക് പ്രത്യക്ഷപ്പെട്ടു? അവരിലുള്ള എന്താണ് മാലാഖമാരെയും മാലാഖമാരുടെ നാഥനെയും ആകര്‍ഷിച്ചത്? നമുക്ക് പറയാം, അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നുവെന്ന്. ഇസ്രായേലിന്റെ രക്ഷ കാത്തിരുന്ന അക്കാലത്തെ മറ്റെല്ലാ നല്ല മനുഷ്യരെക്കാള്‍ വിശുദ്ധരും കൂടുതല്‍ പ്രകാശം ലഭിച്ചവരുമായിരുന്നു അവര്‍ എന്നു കരുതാന്‍ മറ്റൊന്നുമില്ല. അവരുടെ സാഹചര്യങ്ങളില്‍ അവര്‍ സാധാരണക്കാരായിരുന്നു, പക്ഷേ ദൈവഭയമുള്ളവര്‍. സര്‍വശക്തനായ ദൈവം പ്രത്യേകമായ സ്‌നേഹത്തോടെ താഴ്മയുള്ളവരെ നോക്കുന്നു. തങ്ങളുടെ നിസാരതകൊണ്ട് ഈ ലോകത്തിലെ രാജകുമാരന്‍മാരൊന്നും അറിയാതിരുന്ന കര്‍ത്താവിന്റെ ജനനം ആദ്യമായി അറിയാന്‍ ആട്ടിടയന്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടു. അതിശയിക്കുന്ന ശക്തിയുള്ള മാലാഖമാരാണ് ആട്ടിടയരെ ആ സന്ദേശം അറിയിച്ചത്. ഇവിടെ ദൈവത്തിന്റെ സൃഷ്ടികളിലെ ഏറ്റവും ഉന്നതരും നിസാരരും ഒരുമിച്ചു വരുന്നു. 

ബലഹീനതകളില്‍ സഹതപിക്കുന്ന ദൈവം
വിശപ്പും കഷ്ടപ്പാടുകളുമുള്ള സാഹചര്യത്തില്‍ കഴിയുന്നവര്‍ക്കാണ് മാലാഖ പ്രത്യക്ഷപ്പെട്ടത്. അവരുടെ മനസ് തുറക്കാനും നിസാരരായതു കൊണ്ട് അവര്‍ അടിമത്തത്തിലും താഴേക്കിടയിലും കഴിയേണ്ടവരല്ല എന്ന് അവരെ പഠിപ്പിക്കാനുമായിരുന്നിത്. ആദ്യം തന്നെ പറയുന്നതാകട്ടെ: ''ഭയപ്പെ ടേണ്ടാ'' എന്നാണ്. ഇത് വിശുദ്ധ ലിഖിതത്തില്‍ സാധാരണയായി കാണുന്ന ഒരു അഭിസംബോധന യാണ്. മനുഷ്യന് ഒരു ഉറപ്പും താങ്ങും ആവശ്യമെന്നപോലെയാണ് അത് പറയപ്പെടുന്നത്. അതിനെക്കാളും ചെറിയൊരു അത്ഭുതംപോലും ഇടയന്‍മാരെ ഭയപ്പെടുത്തുമായിരുന്നു. നമ്മുടെ മനഃസാക്ഷിയില്‍ അല്പം പ്രകാശം ചൊരിയപ്പെട്ടാല്‍ അന്ധകാരം കാണാനാവും, ഭീതിയുടെയും ഭയത്തിന്റെയും കാഴ്ചകളും. ദൈവമഹത്വം ചുറ്റും പ്രകാശിക്കുമ്പോള്‍ അത് നമ്മെ ഭയപ്പെടുത്തുന്നു, അവിടുത്തെ കല്പനക ളുടെ വ്യാപ്തിയും ബുദ്ധിമുട്ടുകളും അവിടുത്തെ ശക്തിയുടെ പ്രാഭവവും വചനത്തിന്റെ വിശ്വസ്തത യും പാപിയെ ഭയപ്പെടുത്തുന്നു. എന്നാല്‍, െ്രെകസ്തവികത പഠിപ്പിക്കുന്നത് ഭയപ്പെടേണ്ടാ എന്നാണ്. കാരണം, അത്ര വലുതാണ് ദൈവത്തിന്റെ കാരുണ്യം. 

ദൂതന്‍ ആ സദ്വാര്‍ത്ത പ്രഖ്യാപിച്ചുതീര്‍ന്നപ്പോള്‍ത്തന്നെ സ്വര്‍ഗവാസികളുടെ വൃന്ദം ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്തിക്കൊണ്ട് പാടി, ''അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം!''ക്രിസ്തുവിനെയും അവിടുത്തെ വിശുദ്ധരെയും ശുശ്രൂഷിക്കുന്നവരുടെ വാക്കുകള്‍ അതായിരുന്നു. ആട്ടിടയന്‍മാരുടെ തണുത്ത് ജീവനില്ലാത്ത മാനസികാവസ്ഥ മാറ്റി ആഹ്ലാദമണിയാന്‍ അവര്‍ സഹായിച്ചു. ആ രാത്രി സംഭവിച്ച മഹത്തായ കാര്യം അറിയാന്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ടവരെന്ന നിലയില്‍ ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യരെന്നവണ്ണം ദൈവത്തിന്റെ സ്‌നേഹത്തിന് പാത്രമായവരാണവര്‍ എന്ന കാര്യം അവരെ അനുസ്മരിപ്പിച്ചുകൊണ്ടാണങ്ങനെ ചെയ്തത്. അത്തരം കാര്യങ്ങള്‍ നാം ഏറ്റവുമധികം അടുപ്പമുള്ളവരോടും സ്‌നേഹിക്കുന്നവരോടു മാണല്ലോ ആദ്യം പറയുക. വലിയവരായ മനുഷ്യരില്‍നിന്ന് മറച്ചുവച്ച് രാത്രിയില്‍ ആടുകളെ കാത്തുകഴിയുന്ന ഇടയന്‍മാരായ ഈ നിസാരമനുഷ്യരോട് തന്റെ കാരുണ്യം കാണിക്കാന്‍മാത്രം അത്ര കൃപാലുവാകാന്‍ അവിടുന്ന് തീരുമാനിക്കുന്നതെന്തുകൊണ്ടാവാം? സന്തോഷവും വിനയവും ഉള്‍ക്കൊള്ളുന്ന ആദ്യപാഠം മാലാഖ ഈ വാക്കുകളില്‍ അറിയിച്ചു: ''പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.'' അല്ലെങ്കില്‍ തീര്‍ച്ചയായും അവര്‍ അവനെ രാജകൊട്ടാരങ്ങളില്‍ അന്വേഷിക്കു മായിരുന്നു. തങ്ങളിലൊരുവനായി വന്നുവെന്ന് അവര്‍ക്ക് ചിന്തിക്കാനാവില്ലായിരുന്നു; അതി നാല്‍ത്തന്നെ അവനെ സമീപിക്കാനും കഴിയില്ലായിരുന്നു. ആ കാരണത്താല്‍ ഒരടയാളമായിട്ടുമാത്രമല്ല, താഴ്മയുടെ ഒരു പാഠമായിട്ടുകൂടിയാണ് അങ്ങനെ സംഭവിച്ചത്.

ഇത്ര ചെറുതാകാന്‍ എത്ര വളരേണം! 

ദൂതര്‍ അവരെ വിട്ട് സ്വര്‍ഗത്തിലേക്ക് പോയപ്പോള്‍ അവര്‍ ശിശുവിനെ കാണാന്‍ യാത്രയായി. നമുക്കും അവരോടൊപ്പം പോയി ആ രണ്ടാമത്തെ രഹസ്യത്തെക്കുറിച്ച് ധ്യാനിക്കാം. വിശുദ്ധ ലൂക്കാ പറയുന്നു: ''അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി'' (ലൂക്കാ 2:7). സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും ദൈവമായവന്‍ പാപം നിറഞ്ഞ ഈ ലോകത്തില്‍ ഒരു ശിശുവായി ജനിച്ചിരിക്കുന്നു. ഇപ്പോള്‍ അവന്‍ അമ്മയുടെ കൈകളില്‍ നിസഹായനും അശക്തനുമായ ഒരു ശിശുവായി കാണപ്പെടുന്നു. മനുഷ്യന്റെ പുത്രി ദൈവത്തിന്റെ മാതാവായി അവള്‍ക്ക് അത് അവര്‍ണനീയമായ ഒരു സമ്മാനമാണ്. ദൈവപുത്രന്‍ മനുഷ്യനായിത്തീരുന്നതില്‍ ആദ്യം മുതല്‍ അവസാനം വരെ എന്തുമാത്രം രഹസ്യങ്ങളാണ്? ആ രഹസ്യങ്ങള്‍ക്ക് ആനുപാതികമായി അവിടുത്തെ കൃപയും കാരുണ്യവും. കൃപ ആയിരിക്കുന്നതുപോലെ മഹത്തരമാണ് കൃപയുടെ ഫലങ്ങളും. 

നാമിപ്പോഴും മനുഷ്യരായി തുടരുന്നു, പക്ഷേ വെറും മനുഷ്യരല്ല. എന്തെന്നാല്‍ അവിടുത്തെ ദൈവിക സ്വഭാവ ത്തില്‍ പങ്കാളികളാകുന്നവരാണ് നാം. അതിനാലാണ് ക്രിസ്തുവില്‍ നാമെല്ലാവരും ദൈവങ്ങളായി എന്നെഴുത പ്പെട്ടിരിക്കുന്നുത്. ആരാധ്യനായ ദൈവത്തിന് അനന്തമായി താഴെയാണ് നമ്മുടെ സ്ഥാനമെങ്കിലും ഈ ലോകത്തെ മറ്റേത് സൃഷ്ടികളെക്കാളും ഉയര്‍ന്നവരാണ് നാം. കാരണം, നമ്മുടെ വംശത്തിന്റെ ആദ്യഫലമായി ക്രിസ്തു എല്ലാ സൃഷ്ടികള്‍ക്കും മീതെ സ്വര്‍ഗത്തിലേക്ക് കരേറി. അവിടുത്തെ കൃപയാല്‍ അതേ അനുഗൃഹീത പദവിയി ലേക്ക് ഉയരുവാനുള്ള നാമും മഹത്വം ഉള്ളവരാണ്. നാം വിശ്വസ്തരായി കാണപ്പെട്ടാല്‍ പിന്നീട് അതിന്റെ പൂര്‍ണതയില്‍ ലഭിക്കും. ഇതാണ് മനുഷ്യാവതാരത്തിലെ എളിമ എന്ന പാഠത്തോടൊപ്പമുള്ള ആനന്ദം എന്ന പാഠം. 

ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍ വിശുദ്ധ പൗലോസ് പറയുന്നു, ''യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്റെ രൂപത്തിലായിരുന്നുവെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു'' (ഫിലിപ്പി 2:57). ജീവിതക്ലേശങ്ങളെ അതിജീവിക്കാനുള്ള ശക്തി നല്കുകയും കഷ്ടതകളെ അകറ്റുകയും ചെയ്യുന്ന നിത്യസമൃദ്ധിയും നിത്യസ്‌നേഹവും നല്കണേ എന്ന് നമുക്ക് അവിടുത്തോട് പ്രാര്‍ത്ഥിക്കാം.

സൂര്യനില്‍നിന്നു പുറപ്പെടുന്ന വൈദ്യുത സംവാഹിയായ അണുശകലങ്ങള്‍ (ഇലക്‌ട്രോണ്‍സ്, പ്രോട്ടോണ്‍സ്) ഭൂമിയുടെ ഉത്തര ദക്ഷിണ കാന്തവലയങ്ങളില്‍ കടന്നാണ് ഓറോറ സൃഷ്ടിക്കുക തികച്ചും വിവിധ രൂപങ്ങളില്‍. അര്‍ദ്ധരാത്രികളിലാണ് അവ മിന്നിത്തെളിഞ്ഞുനില്‍ക്കുന്നതും.

ആദ്യമായി ഉത്തര ദക്ഷിണ ധ്രുവങ്ങളിലെത്തിയ അമ്യൂഡ്‌സെന്‍, റോബര്‍ട്ടു പീയറി തുടങ്ങിയവരാണ് ആ അപൂര്‍വദൃശ്യം ഏറ്റവും അടുത്തുപോയി കണ്ടത്. അത് ഭഅവര്‍ണനീയ'മെന്ന് അവര്‍ ഉദ്‌ഘോഷിച്ചെങ്കിലും പിന്നീടുപോയ പലരുമാണ് ആ മനോഹരദൃശ്യം നിശയുടെ നീണ്ട നിശബ്ദതയില്‍ മണിക്കൂറുകളോളം കണ്ടുനിന്നാസ്വദിച്ചത്!

ഇതാ, സൂര്യാധിസൂര്യന്റെ പ്രകാശകിരണങ്ങള്‍ ഭൂമിയുടെ കാന്തവലയത്തില്‍ പ്രവേശിച്ച് അത്യത്ഭുതകരമായ ഒരു ഓറോറയ്ക്കു രൂപംകൊടുത്ത രംഗം ഒരിക്കല്‍ക്കൂടി തെളിഞ്ഞുവരുന്നു ക്രിസ്മസ് അര്‍ദ്ധരാത്രിയില്‍.
മടിച്ചുനില്‍ക്കരുത്, മാറിനില്‍ക്കരുത്, തിരിഞ്ഞുനോക്കുകയുമരുത്. ആട്ടിടയരെപ്പോലെ തിടുക്കത്തില്‍ നമുക്ക് ആ ദിവ്യാനുഭവത്തില്‍ പങ്കുചേരാം.

ബെത്‌ലഹേം നഗരം മുഴുവന്‍ ആഹ്ലാദത്തിലായിരുന്നു ആ ദിവസങ്ങളില്‍... അഗസ്റ്റസ് സീസറിന്റെ കല്പന പ്രകാരം സെന്‍സസ് പട്ടികയില്‍ പേരെഴുതിക്കാന്‍ നാനാദിക്കുകളില്‍ നിന്നും എത്തിച്ചേര്‍ന്നവര്‍... സത്രങ്ങളിലെല്ലാം മേല്‍ത്തരം വീഞ്ഞുകുപ്പികള്‍ തുറക്കപ്പെട്ടു. പാട്ടും നൃത്തവും നഗരവീഥികളെ ഉണര്‍ത്തി. കച്ചവടക്കാര്‍ക്കെല്ലാം നല്ല കൊയ്ത്തുകാലം...

ഇതിനിടയില്‍ നഗരത്തിനു പുറത്തൊരു സം ഭവം നടന്നു. പേരെഴുതിക്കാന്‍ എത്തിച്ചേര്‍ന്ന രണ്ട് ദരിദ്ര ദമ്പതികള്‍ അന്തിയുറങ്ങിയത് പശുത്തൊഴുത്തിലായിരുന്നു. ഗര്‍ഭിണിയായിരുന്ന ഭാ ര്യ രാത്രിയില്‍ പ്രസവിച്ചു, ഒരു ആണ്‍കുഞ്ഞിനെ.

മനുഷ്യവംശത്തെ രക്ഷിക്കുവാന്‍ മനുഷ്യനായിത്തീര്‍ന്ന ദൈവമായിരുന്നു ആ കുഞ്ഞ്. പക്ഷേ, തളര്‍ന്നുറങ്ങിയ പട്ടണം അതറിഞ്ഞില്ല. പിന്നീടുള്ള ദിവസങ്ങളിലും മനുഷ്യചരിത്രത്തിലെ ആ മഹാസംഭവം ബെത്‌ലഹേം നിവാസികള്‍ തിരിച്ചറിയാതെപോയി. കാരണം, മിശിഹായെക്കുറിച്ച് സ്വര്‍ഗം നല്കിയ അടയാളം വിചിത്രമായിരുന്നു. ലൂക്കാ 2:12 ല്‍ മാലാഖമാര്‍ ആട്ടിടയന്മാരോടു പറയുന്നതിങ്ങനെയാണ്: ''ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാ ണും.'' ദേശാധിപതിയുടെ കൊട്ടാരത്തിലെ സ്വര്‍ ണത്തൊട്ടിലില്‍, പരിചാരകവൃന്ദങ്ങളുടെ നടുവിലായി കൈകാലിട്ടടിക്കുന്ന കുഞ്ഞായിരുന്നുവെങ്കില്‍ വിശ്വസിക്കുവാന്‍ എളുപ്പമായിരുന്നു.

എന്നാല്‍, ഇതാ സര്‍വശക്തനായ ദൈവം നിസഹായനായ ശിശുവായി പുല്‍ത്തൊട്ടിയില്‍! ചുറ്റും കന്നുകാലികള്‍... ചാണകത്തിന്റെ മണം. സിനിമയിലെയും ടി.വി സീരിയലുകളിലെയും ദൈവങ്ങള്‍ സുന്ദരരും ശക്തരും ആണ്. ഗ്രീക്കു പുരാണങ്ങളിലെയും റോമന്‍ പുരാണങ്ങളിലെ യും ഭാരതീയ പുരാണങ്ങളിലെയും ദൈവങ്ങ ള്‍ക്ക് പട്ടുവസ്ത്രങ്ങളും സ്വര്‍ണ കിരീടങ്ങളും ആയുധങ്ങളുമുണ്ട്. പക്ഷേ, ചരിത്രത്തിലെ ദൈ വത്തിന് കീറത്തുണികളും വൈക്കോലും മാത്രം.

അവനെന്നും ഇടര്‍ച്ചയുടെ അടയാളമായിരുന്നു. രത്‌ന കിരീടത്തിനു പകരം മുള്‍ക്കിരീടം. ചെങ്കോലിനു പകരം മരക്കുരിശ്. അതിനാല്‍ അവനെന്നും തിരിച്ചറിയപ്പെടാതെ പോകുന്നു. മറിയത്തിന്റെ ഉദരത്തില്‍ മിശിഹാ ആണെന്നറിഞ്ഞിരുന്നെങ്കില്‍, സത്രം ഉടമസ്ഥന്‍ തീര്‍ച്ചയായും തിരുക്കുടുംബത്തിനായി വാതില്‍ തുറക്കുമായിരുന്നു. പക്ഷേ, അവനതു തിരിച്ചറിഞ്ഞില്ല. എങ്കിലും ആട്ടിടയന്മാരും ജ്ഞാനികളും അവനെ തിരിച്ചറിഞ്ഞു. എല്ലാ കുഞ്ഞുങ്ങളെക്കാളും പരിതാപകരമായ അവസ്ഥയില്‍ പിറന്ന ഉണ്ണിയേശുവില്‍ ദൈവത്തെ കാണാന്‍, അവന്റെ മുന്‍പില്‍ കുമ്പിടാന്‍ അവര്‍ പ്രകടിപ്പിച്ച വിശ്വാ സം ഈ ക്രിസ്മസ് വേളയില്‍ നമുക്കും കിട്ടിയിരുന്നെങ്കില്‍... ക്രിസ്മസ് ആഘോഷത്തിന്റെ ബഹളത്തില്‍ സ്വന്തം കുഞ്ഞുങ്ങളില്‍പ്പോലും ഉണ്ണിയേശുവിനെ കണ്ട് പരിചരിക്കാന്‍ മടിക്കുന്നവര്‍. വാര്‍ധക്യത്തിന്റെ അവശതയില്‍ കട്ടിലില്‍ കിടക്കുന്ന 'ദൈവങ്ങളെയും' അടുക്കളയിലും വീടിന്റെയും നാടിന്റെയും പിന്നാമ്പുറങ്ങളിലും നിസഹായതയില്‍ വസിക്കുന്ന 'രക്ഷകരെയും' വിസ്മൃതിയില്‍ ഉപേക്ഷിക്കാന്‍ നമുക്ക് മടിയില്ല.
രക്ഷകനെ കാണാന്‍ ഹൃദയവിശുദ്ധി വേ ണം. കാരണം, യേശു പറഞ്ഞു: ''ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാ ണും'' (മത്തായി 5:8). ഈ ക്രിസ്മസിനെങ്കിലും ദൈവത്തെ കാണാന്‍ തക്കവിധം ഹൃദയങ്ങളെ നമുക്ക് പവിത്രമാക്കാം.

പ്രാര്‍ത്ഥന
ദൈവമേ, ആട്ടിടയന്മാരുടെ ഹൃദയവിശുദ്ധിയും ജ്ഞാനികളുടെ വിശ്വാസവും ഈ ക്രിസ്മസ് നാളുകളില്‍ ഞങ്ങളിലുണ്ടാകട്ടെ. അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും വീണ്ടും പിറക്കണമേ. സകല ജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്തയായ ക്രിസ്തുവിനെ ലോകത്തിന് നല്കാന്‍ ഞങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ സഹായകമായിത്തീരട്ടെ, ആമ്മേന്‍.

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22