അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Wednesday, 26 December 2012

ആത്മീയദാനങ്ങള്‍








 മാര്‍ക്കോസ് 16.14-19

സ്വര്‍ഗാരോഹണത്തിന് മുമ്പ് യേശു അപ്പസ്‌തോലന്മാരോട് അവസാനമായി സംസാരിക്കുന്ന കാര്യങ്ങളാണ് ഈ സുവിശേഷഭാഗത്ത് ഉള്ളത്. മൂന്ന് പ്രധാന കാര്യങ്ങളാണ് യേശു പറയുന്നത്.

ഒന്ന്, അപ്പസ്‌തോലന്മാര്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കണം.

രണ്ട്, പ്രസംഗിക്കപ്പെടുന്ന സുവിശേഷം കേട്ട് വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടും.

മൂന്ന്, വിശ്വസിക്കുന്നവര്‍ക്ക് പ്രത്യേക സിദ്ധികള്‍ ലഭിക്കും.

 അവര്‍ക്ക് യേശുവിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കാന്‍ കഴിവ് കിട്ടും. അവര്‍ക്ക് ഭാഷാവരം കിട്ടും. സര്‍പ്പങ്ങളെ കൈയിലെടുക്കുവാന്‍ ധൈര്യം കിട്ടും; കൈയിലെടുത്താലും സര്‍പ്പങ്ങള്‍ അവരെ ഉപദ്രവിക്കുകയില്ല. മരണകാരണമാകാവുന്ന പാനീയങ്ങള്‍ കുടിച്ചാല്‍ പോലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ കൈവച്ച് പ്രാര്‍ത്ഥിക്കുന്ന രോഗികള്‍ക്ക് സൗഖ്യം ലഭിക്കും.

പ്രേഷിതദൗത്യം

ഈ വചനങ്ങളില്‍ ഒന്നാമത്തേത്, പ്രേഷിതദൗത്യം ഏല്‍പിക്കല്‍ ആണ്. സകല സൃഷ്ടികളോടും സുവിശേഷം പറയണം. ആരെങ്കിലും അയക്കപ്പെടുകയും പോവുകയും പറയുകയും ചെയ്‌തെങ്കില്‍ മാത്രമേ ആര്‍ക്കെങ്കിലുമൊക്കെ സുവിശേഷം കേള്‍ക്കാനും വിശ്വസിക്കാനും കഴിയൂ. അങ്ങനെ സുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ആണ് നിത്യരക്ഷ നേടുക. ഇക്കാരണത്താല്‍, സുവിശേഷം പറയാന്‍ ആരെങ്കിലും എല്ലാക്കാലത്തും അയക്കപ്പെടണം. സുവിശേഷപ്രഘോഷണത്തിന് പോകാനും സുവിശേഷം പ്രസംഗിക്കാനും ആളുകള്‍ വേണം. റോമാക്കാര്‍ക്കുള്ള ലേഖനം 10:9-15 വചനങ്ങള്‍ ശ്രദ്ധിക്കുക: ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷ പ്രാപിക്കുകയും ചെയ്യുന്നു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരുകയില്ല എന്നാണല്ലോ വിശുദ്ധ ഗ്രന്ഥം പറയുന്നത്. യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേല്‍ അവിടുന്ന് തന്റെ സമ്പത്ത് വര്‍ഷിക്കുന്നു. എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും. എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? അയക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും?
സ്വന്തം കുഞ്ഞിന് യേശുവിനെ പരിചയപ്പെടുത്തുന്ന അമ്മ സുവിശേഷപ്രസംഗകയാണ്. വേദപാഠം പഠിപ്പിക്കുന്ന അധ്യാപകരും വൈദികരും സിസ്റ്റര്‍മാരും ഭക്തസംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നവരും നല്ല ക്രൈസ്തവജീവിതം നയിക്കുകയും ക്രിസ്തുവിനെപ്പറ്റി മക്കളോട് പറയുകയും ചെയ്യുന്ന അപ്പനുമെല്ലാം സുവിശേഷപ്രഘോഷകരാണ്. അങ്ങനെയുള്ളവരുടെയെല്ലാം പാദങ്ങള്‍ പൗലോസ് ശ്ലീഹായുടെ ഭാഷയില്‍ സുന്ദരങ്ങള്‍ ആണ്.

വിശ്വസിക്കുന്നവര്‍ 
യേശു പറഞ്ഞ രണ്ടാമത്തെ കാര്യം ഇതാണ്: സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ രക്ഷപെടും. അങ്ങനെയാണെങ്കില്‍ ഓരോ അപ്പനും അമ്മയും വലിയ സുവിശേഷപ്രസംഗകര്‍ ആകണം. കാരണം, അവരിലൂടെയാണ് അവരുടെ മക്കള്‍ ആദ്യമേ സുവിശേഷം കേട്ട് വിശ്വസിക്കേണ്ടത്. വളര്‍ന്നു വരുമ്പോഴും സുവിശേഷത്തിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനും മാതാപിതാക്കളുടെ പങ്ക് പ്രധാനമാണ്. വൈദികര്‍, സിസ്റ്റര്‍മാര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ക്കും കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരെ വിശ്വാസത്തില്‍ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്.

ആത്മീയദാനങ്ങള്‍

യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് യേശു നല്‍കുന്ന വാഗ്ദാനങ്ങള്‍ ആണ് മൂന്നാമത്തേത്. പിശാചിനെ പുറത്താക്കാനുള്ള ശക്തി, സര്‍പ്പത്തെ കൈയിലെടുത്താല്‍ പോലും അത് കടിക്കാത്ത സ്ഥിതി, മരണകാരണമാകാവുന്ന പാനീയങ്ങള്‍ കുടിച്ചാല്‍ പോലും ആപത്ത് സംഭവിക്കാത്ത അവസ്ഥ, കൈവപ്പ് പ്രാര്‍ത്ഥനയിലൂടെ രോഗികളെ സുഖപ്പെടുത്താനുള്ള കൃപ... ഈ കൃപകളില്‍ ഒന്നുംതന്നെ മഹാഭൂരിപക്ഷം വിശ്വാസികള്‍ക്കും ഇല്ല എന്നതാണ് സത്യം. പ്രാര്‍ത്ഥനയിലൂടെ രോഗികളെ സുഖപ്പെടുത്താനുള്ള കൃപ കുറച്ചു പേരിലൂടെ പ്രവര്‍ത്തിക്കുന്നത് നാം കാണുന്നു. ആ കൃപയുള്ളവരുടെ പ്രാര്‍ത്ഥനയിലൂടെ അനേകം രോഗികള്‍ സൗഖ്യം പ്രാപിക്കുന്നത് നാം കാണുന്നുമുണ്ട്. പിശാചുക്കളെ ബന്ധിക്കാനും പുറത്താക്കാനുമുള്ള കൃപയും കുറച്ചു പേരിലൂടെ പ്രവര്‍ത്തിക്കുന്നതായി നമുക്ക് അറിയാം.

ഈ പശ്ചാത്തലത്തില്‍ നമുക്ക് സ്വയം ചോദിക്കാവുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. യേശു പല ഉന്നതമായ കൃപകളും സിദ്ധികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്കിലും അവയില്‍ പലതും മഹാഭൂരിപക്ഷം വിശ്വാസികളിലും കാണാത്തത് എന്തുകൊണ്ട്? യേശു അവ നല്‍കാന്‍ തയാറാകാത്തതാണോ അഥവാ അവ ഏറ്റുവാങ്ങാന്‍ നമുക്ക് കരുത്ത് ഇല്ലാത്തതാണോ പ്രശ്‌നം? വിശ്വസിക്കുന്നവര്‍ക്ക് യേശു ഇവ വാഗ്ദാനം ചെയ്ത സ്ഥിതിക്ക് അത് തരാതിരിക്കാനുള്ള നിലപാട് യേശു എടുക്കുകയില്ല. അതിനാല്‍ ദൈവം തരാന്‍ ആഗ്രഹിക്കുന്നത് ഏറ്റുവാങ്ങാനുള്ള നമ്മുടെ യോഗ്യതക്കുറവ് ആയിരിക്കണം കാരണം. അതായത്, സുവിശേഷവചനങ്ങളിലും യേശുവിന്റെ ശക്തിയിലുമുള്ള നമ്മുടെ വിശ്വാസം ഇനിയും ആഴപ്പെടേണ്ടിയിരിക്കുന്നു. യേശുവിന്റെയും ദൈവവചനത്തിന്റെയും ശക്തിയില്‍ ഉള്ള വിശ്വാസത്തില്‍ ആഴപ്പെടുന്നതനുസരിച്ച് പലര്‍ക്കും ഈ സിദ്ധികളില്‍ ചിലത് ലഭിക്കുന്നതായി നാം കാണുന്നുണ്ട്. ഉദാഹരണത്തിന് വിശ്വാസം ഇല്ലാതെ ജീവിച്ചവരും നാമമാത്രമായ വിശ്വാസംകൊണ്ട് ജീവിച്ചിരുന്നവരുമായ പലരും ധ്യാനാനുഭവങ്ങളുടെ ഫലമായി വചനത്തിലും യേശുവിലുമുള്ള വിശ്വാസത്തില്‍ വളരെയധികം ആഴപ്പെട്ടിട്ടുണ്ട്. തല്‍ഫലമായി രോഗശാന്തിവരം, ആത്മാക്കളെ തിരിച്ചറിയാനുള്ള വരം, ഭാഷാവരം, പിശാചുക്കളെ ബന്ധിക്കാനുള്ള വരം ഇങ്ങനെ പലതും അവര്‍ക്ക് ലഭിക്കുന്നതായും നാം കാണുന്നുണ്ട്. യേശു വാഗ്ദാനം ചെയ്തതും പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്ന ഉല്‍ക്കൃഷ്ട ആത്മീയദാനങ്ങള്‍ക്കുവേണ്ടി നമ്മള്‍ അധികമൊന്നും ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറില്ല.

ഇത്തരം ആത്മീയ സിദ്ധികള്‍ നമുക്ക് ഉണ്ടെങ്കില്‍ നമ്മുടെ ജീവിതം കൂടുതല്‍ മനോഹരമാകും എന്നത് ഓര്‍ക്കാം. തന്നെയുമല്ല, ഇത്തരം സിദ്ധികള്‍ ഉള്ളവര്‍ക്ക് മറ്റുള്ളവരുടെ ജീവിതക്ലേശങ്ങള്‍ കുറയ്ക്കാനും അവരുടെ ജീവിതം കൂടുതല്‍ മനോഹരമാക്കാനും കഴിയും. ഉദാഹരണത്തിന്, രോഗശാന്തി വരമുള്ള ഒരു വൈദികനും ഒരു സിസ്റ്ററിനും ഒരു അല്മായനും ഒരു കുടുംബനാഥനും ഒരു കുടുംബനാഥയ്ക്കും എത്രയോ പേരുടെ ജീവിതത്തിന്റെ പ്രയാസങ്ങള്‍ കുറയ്ക്കാനും ജീവിതം കൂടുതല്‍ നല്ലതാക്കാനും കഴിയും. സത്യത്തില്‍, അങ്ങനെയുള്ള സിദ്ധികളുള്ള വൈദികരും സിസ്റ്റര്‍മാരും അല്മായ ശുശ്രൂഷകരും കുടുംബനാഥന്മാരും കുടുംബനാഥമാരുമെല്ലാം നമ്മുടെയിടയില്‍ എണ്ണത്തില്‍ എത്രയോ കുറവാണ്. ഇങ്ങനെയുള്ള ആത്മീയ സിദ്ധികള്‍ ഉണ്ടെന്ന് നാം അറിയണം. അത് ദൈവം നല്‍കുന്ന ദാനമാണെന്ന് വിശ്വസിക്കണം. അത്തരം ആത്മീയദാനങ്ങള്‍ ലഭിക്കുന്നതിന് ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ചില ആത്മീയ കൃപകള്‍ എങ്കിലും ഓരോരുത്തര്‍ക്കും ദൈവം നല്‍കും.

Thursday, 20 December 2012

പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ


1 
ഇതു സംസാരിച്ചിട്ടു യേശു സ്വര്‍ഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാല്‍: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രന്‍ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.
2
നീ അവന്നു നല്കീട്ടുള്ളവര്‍ക്കെല്ലാവര്‍ക്കും അവന്‍ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നല്കിയിരിക്കുന്നുവല്ലോ.
3
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു.
4
ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്!വാന്‍ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.
5
ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ.
6
നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കു ഞാന്‍ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവര്‍ നിനക്കുള്ളവര്‍ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവര്‍ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.
7
നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കല്‍ നിന്നു ആകുന്നു എന്നു അവര്‍ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു.
8
നീ എനിക്കു തന്ന വചനം ഞാന്‍ അവര്‍ക്കു കൊടുത്തു; അവര്‍ അതു കൈക്കൊണ്ടു ഞാന്‍ നിന്റെ അടുക്കല്‍ നിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
9
ഞാന്‍ അവര്‍ക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവര്‍ നിനക്കുള്ളവര്‍ ആകകൊണ്ടു അവര്‍ക്കു വേണ്ടിയത്രേ ഞാന്‍ അപേക്ഷിക്കുന്നതു.
10
എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാന്‍ അവരില്‍ മഹത്വപ്പെട്ടുമിരിക്കുന്നു.
11
ഇനി ഞാന്‍ ലോകത്തില്‍ ഇരിക്കുന്നില്ല; ഇവരോ ലോകത്തില്‍ ഇരിക്കുന്നു; ഞാന്‍ നിന്റെ അടുക്കല്‍ വരുന്നു. പരിശുദ്ധപിതാവേ, അവര്‍ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ.
12
അവരോടുകൂടെ ഇരുന്നപ്പോള്‍ ഞാന്‍ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തില്‍ കാത്തുകൊണ്ടിരുന്നു; ഞാന്‍ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരില്‍ ആരും നശിച്ചുപോയിട്ടില്ല.
13
ഇപ്പോഴോ ഞാന്‍ നിന്റെ അടുക്കല്‍ വരുന്നു; എന്റെ സന്തോഷം അവര്‍ക്കു ഉള്ളില്‍ പൂര്‍ണ്ണമാകേണ്ടതിന്നു ഇതു ലോകത്തില്‍വെച്ചു സംസാരിക്കുന്നു.
14
ഞാന്‍ അവര്‍ക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.
15
അവരെ ലോകത്തില്‍ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നതു.
16
ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.
17
സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
18
നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാന്‍ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
19
അവരും സാക്ഷാല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ ആകേണ്ടതിന്നു ഞാന്‍ അവര്‍ക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.
20
ഇവര്‍ക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താല്‍ എന്നില്‍ വിശ്വസിപ്പാനിരിക്കുന്നവര്‍ക്കു വേണ്ടിയും ഞാന്‍ അപേക്ഷിക്കുന്നു.
21
നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതുപോലെ അവരും നമ്മില്‍ ആകേണ്ടതിന്നു തന്നേ.
22
നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാന്‍ അവര്‍ക്കു കൊടുത്തിരിക്കുന്നു;
23
നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്‌നേഹിക്കുന്നതുപോലെ അവരെയും സ്‌നേഹിക്കുന്നു എന്നും ലോകം അറിവാന്‍, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാന്‍ അവരിലും നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
24
പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്‌നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവര്‍ കാണേണ്ടതിന്നു ഞാന്‍ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.
25
നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.
26
നീ എന്നെ സ്‌നേഹിക്കുന്ന സ്‌നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്റെ നാമം അവര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.



യോഹന്നാന്റെ സുവിശേഷം പതിനേഴാം അധ്യായം മുഴുവനും യേശു പിതാവിന്റെ മുമ്പില്‍ നടത്തുന്ന ഒരു പ്രാര്‍ത്ഥനയാണ്. ഈ പ്രാര്‍ത്ഥന കഴിഞ്ഞ ഉടനെ യേശുവിന്റെ പീഡാസഹനം ആരംഭിക്കുകയാണ്. യേശു ഈ പ്രാര്‍ത്ഥനയില്‍ പ്രത്യേകം പരാമര്‍ശിക്കുന്ന ചില വ്യക്തികള്‍ ഉണ്ട്: പിതാവ്, യേശു, ഇവര്‍, ലോകം, ദുഷ്ടര്‍. ഇവര്‍ എന്നു പറഞ്ഞാല്‍, യേശുവില്‍ വിശ്വസിക്കുകയും യേശുവിന്റെ വചനം അനുസരിച്ച് ജീവിക്കുകയും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യര്‍. ലോകം എന്നുവച്ചാല്‍, ദൈവത്തില്‍ വിശ്വസിക്കുകയോ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയോ ചെയ്യാത്ത മനുഷ്യര്‍.
ഈ രണ്ട് കൂട്ടരും ഇടകലര്‍ന്നാണ് ജീവിക്കുന്നത്. ആകെയുള്ള മനുഷ്യരില്‍, ഇവര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ എണ്ണത്തില്‍ കുറവും ലോകം എന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ എണ്ണത്തില്‍ കൂടുതലുമാണ്. അതിനാല്‍, ഇവര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ ലോകം എന്ന വിഭാഗത്തില്‍ പെടുന്നവരുടെ സ്വാധീനത്തില്‍ പെട്ടുപോകുവാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. അതുകൊണ്ടാണ് തന്നെ വിശ്വസിക്കുന്നവരെ ലോകത്തില്‍നിന്ന്, ദുഷ്ടരില്‍നിന്ന് കാത്തുകൊള്ളണം എന്ന് യേശു പ്രാര്‍ത്ഥിച്ചത്.

പ്രസ്തുത പ്രാര്‍ത്ഥനയിലെ ഒരു വചനം ഇങ്ങനെയാണ്: അവരെല്ലാവരും ഒന്നായിരിക്കുവാന്‍ വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനുംവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.

ഈ വചനത്തില്‍ യേശു പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:
ഒന്ന്, യേശുവും പിതാവും തമ്മിലുള്ള അതിശക്തമായ ആത്മബന്ധം. യേശു പറയുന്നു: പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നു. 
രണ്ട്, ഇതുപോലെ, യേശുവില്‍ വിശ്വസിക്കുന്ന എല്ലാവരും പിതാവിനോടും യേശുവിനോടും പരിശുദ്ധാത്മാവിനോടും ആഴമായ ആത്മബന്ധം ഉള്ളവര്‍ ആകണം. 
മൂന്ന്, ഇങ്ങനെ ഒരു ആത്മബന്ധം ഉണ്ടെങ്കില്‍ അതുവഴി ലോകം അഥവാ യേശുവിനെ അംഗീകരിക്കാത്തവര്‍ കൂടി യേശുവിനെ അറിയുകയും അംഗീകരിക്കുകയും ചെയ്യും. 

യേശു പ്രാര്‍ത്ഥിക്കുന്നത് ശ്രദ്ധിക്കുക: അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയണം. അങ്ങനെ എന്നു പറയുമ്പോള്‍ എങ്ങനെ? യേശുവില്‍ വിശ്വസിക്കുന്ന എല്ലാവരും പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടും ആഴമായി ബന്ധപ്പെട്ട് ജീവിക്കണം. അപ്പോള്‍ അവരുടെ ജീവിതം കൂടുതല്‍ മികച്ചതാകും. ഈ നല്ല ജീവിതം ക്രിസ്തുവിനെ അറിയാത്തവരും അംഗീകരിക്കാത്തവരും കാണുകയും യേശുവിനോടും പിതാവിനോടും പരിശുദ്ധാത്മാവിനോടുമുള്ള ആഴമായ ആത്മബന്ധമാണ് ഈ മനോഹര ജീവിതത്തിന്റെ കാരണമെന്ന് അവര്‍ കണ്ടെത്തുകയും അത് അവര്‍ക്ക് പ്രചോദനമാകുകയും ചെയ്യും. അവരും യേശുവിനെ അറിയുവാനും അംഗീകരിക്കുവാനും തയാറാകും. ഈ അറിവ് മനസില്‍ വച്ചുകൊണ്ട്, യേശുവിന്റെ പ്രാര്‍ത്ഥനയിലെ ആ വാചകം (17:21) ഒന്നുകൂടി ശ്രദ്ധിക്കാം: അവരെല്ലാവരും ഒന്നായിരിക്കുവാന്‍ വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനുംവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

അതിനാല്‍, യേശുവിനെ അറിഞ്ഞിട്ടില്ലാത്തവര്‍ അറിയുന്നതിനും വിശ്വസിച്ചിട്ടില്ലാത്തവര്‍ വിശ്വസിക്കുന്നതിനും അവസരം ഉണ്ടാകണമെങ്കില്‍, അങ്ങനെ എല്ലാ മനുഷ്യരും യേശുവിനെ സ്വീകരിക്കണമെങ്കില്‍, ക്രൈസ്തവരായിക്കുന്നവര്‍ ത്രീതൈ്വക ദൈവത്തോട് ആഴമായ ആത്മബന്ധം ഉള്ളവര്‍ ആകണം. ദൈവവുമായുള്ള ഈ ആത്മബന്ധം, വിശ്വാസികള്‍ തമ്മിലുള്ള ആഴമായ ആത്മബന്ധത്തിന് കാരണമാകും. ഇതര ജനവിഭാഗങ്ങളോടും നല്ല ആത്മബന്ധത്തിന് കാരണമാകും. ഈ മൂന്നു വിധത്തിലുള്ള ആഴമായ ആത്മബന്ധങ്ങളും (ദൈവത്തോട്, വിശ്വാസികള്‍ തമ്മില്‍, ഇതര ജനങ്ങളോട്) മറ്റ് മനുഷ്യരെ സ്വാധീനിക്കും. അതുവഴി അവരും യേശുവിനെ രക്ഷകനായി സ്വീകരിക്കുന്നതിന് കാരണമാകും.
പിതാവേ, അതുവഴി അങ്ങ് എന്നെ അയച്ചുവെന്ന് ലോകം അറിയട്ടെ എന്നാണ് യേശുവിന്റെ പ്രാര്‍ത്ഥന. പിതാവ്, എന്തിനാണ് പുത്രനെ അയച്ചത് എന്ന് എല്ലാവരും മനസിലാക്കണം. അത് തങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണ് എന്ന് എല്ലാവരും അറിയണം. യേശുവിനെ രക്ഷകനായിട്ടാണ് പിതാവ് ലോകത്തിലേക്ക് അയച്ചത് എന്ന് എല്ലാവരും അറിയണം എന്ന് യേശു പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ മാത്രമാണല്ലോ യേശുവിന്റെ മനുഷ്യാവതാരത്തിനും സഹന-മരണങ്ങള്‍ക്ക് പൂര്‍ണഫലം ഉണ്ടാകുകയുള്ളൂ. അതിനാല്‍, ലോകരക്ഷയ്ക്ക് എല്ലാവരും യേശുവിനെ അറിയണം, സ്വീകരിക്കണം. അതിനുള്ള ഏറ്റവും നല്ല വഴി യേശുവിനെ അറിഞ്ഞവരും സ്വീകരിച്ചവരും ദൈവവുമായി നല്ല ആത്മബന്ധത്തില്‍ ജീവിക്കുന്നത് മറ്റുള്ളവര്‍ കാണാന്‍ അവസരം ഉണ്ടാവുക എന്നതാണ്. ദൈവവുമായി നല്ല ബന്ധത്തില്‍ ജീവിക്കുമ്പോള്‍, വിശ്വാസികള്‍ തമ്മിലും വിശ്വാസികളും ഇതരവിഭാഗങ്ങളും തമ്മിലും നല്ല ബന്ധമുണ്ടാകും. ഈ നല്ല ബന്ധത്തിലുള്ള ജീവിതം തന്നെയാണ് ഏറ്റവും വലിയ സുവിശേഷപ്രഘോഷണം.
ദൈവവുമായി നല്ല ബന്ധത്തില്‍ ജീവിക്കുന്ന ധാരാളം ക്രൈസ്തവര്‍ ഉണ്ട് എന്നത് സത്യമാണ്. എന്നാലും, ത്രിതൈ്വക ദൈവത്തിലെ മൂന്നാളുകള്‍ തമ്മിലുള്ള ആത്മബന്ധവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മള്‍ തമ്മിലുള്ള ആത്മബന്ധം എത്രയോ കുറവാണ്. അഥവാ, എത്രയോ അധികം ആത്മബന്ധത്തില്‍ വളരുവാന്‍ നമുക്ക് കഴിയും. ചില ഉദാഹരണങ്ങള്‍ നോക്കാം. കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങള്‍ തമ്മിലുമുള്ള ഒന്നാകല്‍ എത്രയോ കുടുംബങ്ങളില്‍ മെച്ചപ്പെടുവാനുണ്ട്. ഇടവകയിലെ കുടുംബങ്ങള്‍ തമ്മില്‍ കൂടുതല്‍ ഒന്നാകുവാന്‍ കഴിയും. വിവിധ റീത്തുകളിലുള്ള വിശ്വാസികളും അധികാരികളും തമ്മില്‍ കൂടുതല്‍ ഒന്നാകുവാന്‍ കഴിയും. വിവിധ ക്രൈസ്തവസഭകള്‍ തമ്മില്‍ കൂടുതല്‍ ഒന്നാകുവാന്‍ കഴിയും. കാരണം, വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിന്റെ സ്വരങ്ങളും ഭിന്നത കാണിക്കുന്ന പ്രവര്‍ത്തനങ്ങളും യേശുവിനെ രക്ഷകനായി മറ്റുള്ളവര്‍ അംഗീകരിക്കുന്നതിന് തടസമാകുന്നു. റീത്തുകളുടെയും സഭകളുടെയും പേരിലുള്ള അകല്‍ച്ചയും തര്‍ക്കങ്ങളുമെല്ലാം ക്രൈസ്തവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം വലിയ ഉതപ്പിനും വിശ്വാസക്ഷയത്തിനും കാരണമായിട്ടുണ്ട്. ഇപ്പോഴും കാരണമായിത്തീരുകയും ചെയ്യുന്നുണ്ട്.

സ്‌നേഹത്തില്‍ വളരുമ്പോഴാണ് ഒന്നാകാന്‍ കഴിയുന്നത്. സ്‌നേഹത്തില്‍ വളര്‍ത്തുന്നത് പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെയാണുതാനും. അതിനാല്‍, എല്ലാവരിലും പരിശുദ്ധാത്മാവ് കൂടുതലായി നിറയുന്നതിനുവേണ്ടി നാം ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും വേണം. പരിശുദ്ധാത്മാവിന്റെ ഫലങ്ങളില്‍ ഒന്നാണ് സ്‌നേഹം. ഈ സ്‌നേഹത്തിന്റെ കുറവാണ് അനേകം പ്രശ്‌നങ്ങളുടെയും ഭിന്നതകളുടെയും തര്‍ക്കങ്ങളുടെയുമെല്ലാം അടിസ്ഥാനകാരണം. ക്രൈസ്തവരുടെ ജീവിത-പ്രവര്‍ത്തന മാതൃകകള്‍ ആണ് സുവിശേഷവല്‍ക്കരണത്തിനുള്ള ഒരു നല്ല മാര്‍ഗം. അങ്ങനെയുള്ളവരുടെ ജീവിതം തന്നെ പ്രഘോഷണമായി മാറും. മറ്റുള്ളവര്‍ അത് ശ്രദ്ധിക്കും. അത്തരം ക്രൈസ്തവജീവിതം ഇല്ലാതെ വരുമ്പോള്‍ അതും ലോകം ശ്രദ്ധിക്കും. ഇന്നത്തെ ഒരു വലിയ പ്രതിസന്ധി ഈ ദുര്‍മാതൃക തന്നെയാണ്.

Wednesday, 19 December 2012

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ അന്ത്യദിനങ്ങള്‍



ലാളിത്യപൂര്‍ണമായ വ്യക്തിബന്ധമായിരുന്നു പാപ്പായുമായി റെനാത്തോ ബുത്‌സൊനേത്തിക്കുണ്ടായിരുന്നത്‌. എപ്പോഴും പിതാവിന്റെ സമീപത്ത്‌ അദ്ദേഹം സന്നിഹിതനായിരുന്നു. മെയ്‌ 13, 1981 ലെ പാപ്പായുടെ നേര്‍ക്കുണ്ടായ വധോദ്യമത്തെക്കുറിച്ച്‌ ബുത്‌സൊനേത്തി അനുസ്‌മരിക്കുന്നു. വെടിയേറ്റ പാപ്പായെ ഡോക്‌ടര്‍ ജെമേല്ലി ആശുപത്രിയിലേക്ക്‌ ആംബുലന്‍സില്‍ അനുയാത്ര ചെയ്‌തു. പോളിഷ്‌ ഭാഷയില്‍ പാപ്പാ ``യേശുവേ, എന്റെ മാതാവേ'' എന്നുരുവിട്ടുകൊണ്ടിരുന്നു. തീവ്രപരിചരണ യൂണിറ്റില്‍നിന്ന്‌ അടുത്ത ഞായറാഴ്‌ച പിതാവ്‌ വി. പത്രോസിന്റെ ദൈവാലയാങ്കണത്തില്‍ തടിച്ചുകൂടിയിരുന്ന ജനങ്ങളോട്‌ വളരെ ബുദ്ധിമുട്ടി ``കര്‍ത്താവിന്റെ മാലാഖ'' പ്രക്ഷേപണം ചെയ്‌തു. തന്റെ നേരെ നിറയൊഴിച്ചവനെ സഹോദരനെന്നാണ്‌ അഭിസംബോധന ചെയ്‌തത്‌. അവന്‌ മാപ്പ്‌ നല്‍കിയതായി പ്രഖ്യാപിച്ചു. പിന്നീട്‌ ആ ദിവസങ്ങളെപ്പറ്റി ഡോക്‌ടര്‍ പാപ്പായോട്‌ ചോദിച്ചപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു, മൂന്നാമത്തെ ഫാത്തിമാ രഹ സ്യം അറിയുവാന്‍ ശ്രമിക്കുകയായിരുന്നുവെന്ന്‌. അഞ്ചുമണിക്കൂര്‍ സമയത്തെ ഓപ്പറേഷനുശേഷം ഓര്‍മ്മ വന്നപ്പോള്‍ പാപ്പാ ``ബച്ചെലെറ്റിനെപ്പോലെ'' എന്നുച്ചരിച്ചു. തലേവര്‍ഷം ഭീകരരാല്‍ കൊല്ലപ്പെട്ട ഇറ്റാലിയന്‍ ന്യായാധിപനായിരുന്നു ബച്ചെലെറ്റ്‌. ഒരു മാതൃകാ കത്തോലിക്കനായിരുന്ന അദ്ദേഹത്തെ പാപ്പായ്‌ക്ക്‌ നല്ല പരിചയമുണ്ടായിരുന്നു.

രോഗാതുരനായ പാപ്പാ

``ദൈവത്തിന്റെ കായികാഭ്യാസി'' എന്നറിയപ്പെട്ടിരുന്ന പാപ്പാ അതോടെ ``സഹിക്കുന്ന പാപ്പാ''യായിത്തീര്‍ന്നു. രോഗങ്ങളും ക്ലേശങ്ങളും ജീവിതത്തിലുടനീളം ജോണ്‍ പോള്‍ രണ്ടാമനെ ഗ്രസിക്കുകയായി. തന്റെ വേദനാനുഭവത്തില്‍നിന്നാണ്‌ പാപ്പാ ""SaIvifici Doloris'', "Dolentium Hominum'' എന്നീ ലിഖിതങ്ങള്‍ എഴുതിയത്‌. സഹനത്തിന്റെ ക്രിസ്‌ തീയ ദര്‍ശനം അവയില്‍ അവതരിപ്പിച്ചിരിക്കുന്നു. അതുപോലെ ലൂര്‍ദ്ദിലെ മാതാവിന്റെ തിരുനാളായ ഫെബ്രുവരി 11 ``രോഗികളുടെ ലോകദിന'' മായി പ്രഖ്യാപിച്ചു. 1991 ലാണ്‌ പാപ്പായില്‍ പാര്‍ക്കിന്‍സ ണ്‍ രോഗത്തിന്റെ ലാഞ്‌ഛനകള്‍ കണ്ടെത്തിയത്‌. അതോടെ പിതാവിന്റെ ആരോഗ്യം അധോഗതിയിലായി. നേരെ നില്‍ക്കുവാനുള്ള കഴിവ്‌ നഷ്‌ടപ്പെട്ടു. നടക്കുവാന്‍ വടിയും ഇരിക്കുവാന്‍ പ്രത്യേകതരം കസേരകളും ഉപയോഗിക്കേണ്ടിവന്നു. പലപ്പോഴും കാസ്റ്റല്‍ ഗൊണ്ടോള്‍ഫോയില്‍ വിശ്രമിക്കുവാന്‍ നിര്‍ബന്ധിതനായി. ആ വിശ്രമസ്ഥലത്തെ പാപ്പാ ``മൂന്നാം വത്തിക്കാന്‍'' എന്ന്‌ ഫലിതരൂപത്തില്‍ വിളിച്ചിരുന്നു.

രോഗം മൂര്‍ച്ഛിക്കുന്നു

പലതരം ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായെങ്കിലും പാപ്പാ വേദനകള്‍ക്ക്‌ അടിപ്പെടുകയുണ്ടായില്ല. 2005 മാര്‍ച്ചിലെ സ്‌തോഭജനകമായ ഒരു സന്ദര്‍ഭം ഡോക്‌ടര്‍ ഓര്‍ക്കുന്നു. ട്രക്കെയോഗ്രമി ശസ്‌ത്രക്രിയയ്‌ക്കുശേഷം പാപ്പാ ഉണര്‍ന്നപ്പോള്‍ സംസാരിക്കുവാന്‍ കഴിയാതെയായി. തദവസരത്തില്‍ പാപ്പാ എന്തു ചെയ്‌തുവെ ന്നോ? ഒരു കടലാസില്‍ വിറയ്‌ക്കുന്ന കരങ്ങളോടെ പോളിഷ്‌ ഭാഷയില്‍ എഴുതി, ``തോത്തുസ്‌ തുവുസ്‌'' (സര്‍വവും നിന്റേത്‌). പിതാവ്‌ കന്യകാമറിയത്തിന്‌ സര്‍വതും ഭരമേല്‌പിക്കുകയായിരുന്നു.

അവസാനദിനങ്ങള്‍

ആ ദിവസങ്ങളോരോന്നും ഡോക്‌ടറുടെ മനസില്‍ മായാത്ത മുദ്ര പതിപ്പിക്കുകയുണ്ടായി. പാപ്പായോടൊപ്പം സമയം മുഴുവനും അദ്ദേഹം ചെലവഴിച്ചു. ചികിത്സാവിദ്യകള്‍ മുറയ്‌ക്കു നടന്നു. പക്ഷേ വേദനയുടെ ആ മണിക്കൂറുകളില്‍ തീവ്രപരിചരണം നിഷ്‌ഫലമായിക്കൊണ്ടിരുന്നു.



2005 മാര്‍ച്ച്‌ 31, വ്യാഴാഴ്‌ച

11 മണിക്ക്‌ പാപ്പാ തന്റെ പ്രൈവറ്റ്‌ ചാപ്പലില്‍ കുര്‍ ബാന അര്‍പ്പിക്കുകയായിരുന്നു. പെട്ടെന്ന്‌ ശക്തമായ വിറയലുണ്ടായി. താപനില ഉയര്‍ന്നു. അത്യുഗ്രമായ ആഘാതം അനുഭവപ്പെട്ടു. മെഡിക്കല്‍ സ്റ്റാ ഫ്‌ മുഴുവനും പ്രവര്‍ത്തനസന്നദ്ധമായി. ഒരു കണക്കിന്‌ സ്ഥിതിഗതി നിയന്ത്രിക്കുവാന്‍ കഴിഞ്ഞു.

``അവസാനമായി''

വൈകുന്നേരം അഞ്ചുമണിക്ക്‌ പാപ്പായുടെ കിടക്കയ്‌ക്കടുത്ത്‌ കര്‍ദ്ദിനാള്‍ ജവോര്‍സ്‌കിയും ഡോണ്‍ സ്റ്റനിസ്ലാവോയും ഫാ. മിയജെക്കു മോണ്‍. റൈല്‍ കോയും കുര്‍ബാന ചൊല്ലി. ആ സമയത്ത്‌ കണ്ണുകള്‍ അടച്ചു കിടക്കുകയായിരുന്നു പാപ്പാ. ദിവ്യബലിയുടെ അവസാനത്തില്‍ അവിടെ സന്നിഹിതരായിരുന്നവരെല്ലാം പിതാവിന്റെ കരങ്ങള്‍ ചുംബിച്ചു. അപ്പോള്‍ പാപ്പാ കണ്ണുകള്‍ തുറന്ന്‌ സിസ്റ്റേഴ്‌സിനെയെല്ലാം പേരുകള്‍ ചൊല്ലി വിളിച്ചു. അതിനുശേഷം പറഞ്ഞു, ``അവസാനമായി.'' അനന്തരം യാമപ്രാര്‍ത്ഥന ചൊല്ലുവാന്‍ പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചു. സിസ്റ്റര്‍ തൊബിയാനയുടെ നേതൃത്വത്തില്‍ സങ്കീര്‍ത്തനങ്ങള്‍ വായിക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്‌തു.

2005 ഏപ്രില്‍ 1, വെള്ളി

മറ്റുള്ളവരോടൊന്നിച്ച്‌ കുര്‍ബാന അര്‍പ്പിച്ചശേഷം ``കുരിശിന്റെ വഴി'' നടത്തുവാന്‍ പാപ്പാ നിര്‍ദ്ദേശിച്ചു. മൂന്നാം മണിക്കൂറിലെ യാമപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. രാത്രി 8.30 ന്‌ ബൈബിള്‍ വായിക്കുവാന്‍ ആവശ്യപ്പെട്ടു. ഫാ. തദേവൂസാണ്‌ വായിച്ചത്‌.

2005 ഏപ്രില്‍ 2, ശനി

തന്റെ കിടക്കയ്‌ക്കടുത്ത്‌ ചൊല്ലിയ കുര്‍ബാനയില്‍ പാപ്പാ ശ്രദ്ധാപൂര്‍വം പങ്കെടുത്തു. അതിനുശേഷം ദുര്‍ബലമായ സ്വരത്തില്‍ പാപ്പാ മന്ത്രിച്ചു, വി. യോ ഹന്നാന്റെ സുവിശേഷം വായിക്കുവാന്‍. ഫാ. തദേവൂസ്‌ ഒമ്പത്‌ അധ്യായങ്ങള്‍ ഭക്തിപൂര്‍വം വായിച്ചു. തുടര്‍ന്ന്‌ ദിവസത്തെ യാമപ്രാര്‍ത്ഥന നടന്നു. ജോണ്‍ പോള്‍ അതിലും സംബന്ധിക്കുവാന്‍ ആയാസപ്പെടുകയുണ്ടായി.

``ഞാന്‍ പോകട്ടെ''

2005 ഏപ്രില്‍ രണ്ട്‌, ഉച്ചതിരിഞ്ഞ്‌ 3.30 ഓടെ പരിശുദ്ധ പിതാവ്‌ സിസ്റ്റര്‍ തൊബിയാനയോട്‌ പോളിഷ്‌ ഭാഷയില്‍ കഷ്‌ടിച്ച്‌ പറയുകയുണ്ടായി, ``കര്‍ത്താവിന്റെ പക്കലേക്ക്‌ ഞാന്‍ പോകട്ടെ.'' ഡോണ്‍ സ്റ്റനിസ്ലാവോ ഏതാനും നിമിഷങ്ങള്‍ക്കുശേഷം ഈ വാക്കുകള്‍ എനിക്ക്‌ വിവര്‍ത്തനം ചെയ്‌തുതന്നു. യോഹ.19:30 ലെ ``എല്ലാം പൂര്‍ത്തിയായി'' എന്ന യേശുവിന്റെ വാക്കുകളുടെ ഭാഷ്യമായിരുന്നു അത്‌. തന്റെ രോഗത്തോടുള്ള അടിയറ പറയലോ വേദനയില്‍നിന്ന്‌ ഓടിയൊളിക്കലോ ആയി ആ പ്രസ്‌താവനയെ കാണരുത്‌. ദൈവം തനിക്ക്‌ നിശ്ചയിച്ച കാല്‍വരിയെ അംഗീകരിച്ചുകൊണ്ടുള്ള അഗാധമായ അവബോധത്തില്‍നിന്ന്‌ ഉരുത്തിരിഞ്ഞ പ്രകരണമെന്ന്‌ വ്യാഖ്യാനിക്കാം. ആ ക്രിസ്‌തീയസഹനത്തിന്റെ അന്ത്യവിനാഴിക ആഗതമായിരിക്കുന്നു. ഇതാ കര്‍ത്താവുമായി സന്ധിക്കുവാനുള്ള മുഹൂര്‍ത്തം! അതിനെ നീട്ടിവയ്‌ക്കുവാനോ തടയുവാനോ വിനീതദാസന്‍ ആഗ്രഹിച്ചില്ല. ചെറുപ്പംമുതല്‍ ആ വിനാഴികക്കായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു. ദൈവപിതാവിന്റെ കരങ്ങളില്‍ സ്വയം അര്‍പ്പിക്കുകയാണ്‌ പാപ്പാ. അപ്പോള്‍ എനിക്കും സഹപ്രവര്‍ത്തകര്‍ക്കും കാര്യം മനസിലായി. രോഗത്തിനെതിരായുള്ള ഞങ്ങളുടെ പോരാട്ടം അവസാനിക്കുകയാണ്‌. തോല്‍ക്കുമെന്ന അറിവോടെയായിരുന്നു ഞങ്ങള്‍ ക്ഷമയോടും വിവേകത്തോടും വിനയത്തോടുംകൂടി അടരാടിയിരുന്നത്‌. പാപ്പായുടെ വേര്‍പാടിനെ ദീര്‍ഘിപ്പിക്കുവാന്‍ യാതൊരു ശ്രമവും ഞങ്ങള്‍ നടത്തിയില്ല.

`തെ ദേവും'

നാലു മണിക്കുശേഷം പാപ്പാ നീണ്ട മയക്കത്തിലായി. ബോധം നഷ്‌ടപ്പെട്ടുകൊണ്ടിരുന്നു. ഏഴുമണിയോടെ തിരിച്ചെടുക്കാനാകാത്ത മോഹാലസ്യത്തിലേക്ക്‌ വീണു. ശരീരം സാവധാനം നിശ്ചലമായിക്കൊണ്ടിരുന്നു. മോണ്‍. ഡിസിവിസും കര്‍ദ്ദിനാള്‍ ജവോര്‍സ്‌കിയും ഫാ. മിയറ്റെക്കും മോണ്‍. റൈല്‍ ക്കേയും മരിച്ചുകൊണ്ടിരിക്കുന്ന പാപ്പായുടെ കിടക്കയുടെ അരികെ കുര്‍ബാന അര്‍പ്പിച്ചു. വി. പത്രോസിന്റെ അങ്കണത്തില്‍ ജനാവലി തടിച്ചുകൂടിയിരുന്നു. പ്രാര്‍ത്ഥനാഗാനങ്ങള്‍ ആലപിക്കുകയായിരുന്നു അവര്‍. പാപ്പായുടെ ചുറ്റും നിന്നിരുന്നവര്‍ പോളിഷ്‌ ഗീതങ്ങള്‍ നേര്‍ത്ത സ്വരത്തില്‍ പാടിക്കൊണ്ടിരുന്നു. ഒരു കൊച്ചു മെഴുകുതിരി പാപ്പായുടെ കിടക്കയെ ദീപ്‌തമാക്കി. രാത്രി 9.37 ന്‌ ആ പാവനാത്മാവ്‌ ഇഹലോകം വിട്ടുപിരിഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്കുശേഷം സഭയുടെ കൃതജ്ഞതാസ്‌തോത്രമായ `തെ ദേവും' പോളിഷ്‌ ഭാഷയില്‍ ആലപിച്ചു. പാപ്പായുടെ മുറിയുടെ ജനലില്‍ ഒരു ദീപം കൊളുത്തി.

സഹനദാസന്‍

പാപ്പായുടെ ഡോക്‌ടര്‍ ആ വിയോഗത്തില്‍ കര്‍ ത്താവിന്റെ മരണം തന്നെയാണ്‌ ദര്‍ശിച്ചത്‌. മുറിവേറ്റ്‌, മുള്‍മുടി ചൂടി, സര്‍വരാലും പരിത്യക്തനായ ക്രിസ്‌തുവിന്റെ ദയനീയ രൂപത്തിന്റെ അരികെ നിന്നപ്പോള്‍ ആ ഭിഷഗ്വരന്റെ കണ്ണുകള്‍ നിറഞ്ഞു. ആയുരാരോഗ്യവാനായവന്‍ തീരാരോഗിയായി; മറ്റുള്ളവരെ പരിചരിച്ചവന്‍ പരിചരണവിധേയനായി. രാജാധിരാജന്റെ പ്രതിനിധി ഒന്നുമില്ലാത്തവനായിത്തീര്‍ ന്നു. ആ ദൃശ്യം ഓര്‍മ്മയില്‍നിന്ന്‌ ഒരിക്കലും മങ്ങുകയില്ല. തന്നെ ഭരമേല്‍പ്പിച്ച ദൈവരാജ്യത്തിന്റെ താക്കോല്‍ കര്‍ത്താവിന്‌ തിരിച്ചു കൊടുത്തു ആ പുതിയ പത്രോസ്‌.

Saturday, 15 December 2012

വിശ്വാസവര്‍ഷം

2012 ഒക്‌ടോബര്‍ 11 മുതല്‍ 2013 നവംബര്‍ 24 വരെ സാര്‍വത്രികസഭ വിശ്വാസവര്‍ഷം ആചരിക്കുന്നതിനൊരുക്കമായാണ് പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ 'പോര്‍ത്താ ഫീദയീ' (Porta Fidei) വിശ്വാസത്തിന്റെ വാതില്‍ - എന്ന അപ്പസ്‌തോലിക തിരുവെഴുത്ത് 'മോത്തു പ്രോപ്രിയോ' (Motu Proprio) യായി പ്രസിദ്ധീകരിച്ചത്. ഈ വിശ്വാസവര്‍ഷാചരണതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. 



ഒന്നാമതായി, നവസുവിശേഷവത്കരണത്തിന്റെ പശ്ചാത്തലം. നവസുവിശേഷവത്കരണത്തെക്കുറിച്ചുള്ള സാര്‍വത്രികസഭയുടെ പതിമൂന്നാമത് സിനഡ് 2012 ഒക്‌ടോബര്‍ 7 മുതല്‍ 28 വരെ നടന്നു. ക്രൈസ്തവവിശ്വാസത്തില്‍ നവീകരണം ലക്ഷ്യമിടുന്ന സിനഡ് ചര്‍ച്ച  ചെയ്തത്  ക്രൈസ്തവിശ്വാസകൈമാറ്റത്തിന് നവസുവിശേഷവത്കരണം എന്ന വിഷയമാണ്.

രണ്ടാമതായി, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തതിന്റെ സുവര്‍ണജൂബിലി കാലഘട്ടമാണ്. 1962 മുതല്‍ 1965 വരെ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പാ വിളിച്ചു ചേര്‍ത്തത് 1962 ഒക്‌ടോബര്‍ 11-ാംതീയതിയാണ്.

മൂന്നാമതായി, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പ്രസിദ്ധീകരിച്ചതിന്റെ ഇരുപതാം വാര്‍ഷികം. 1992 ഒക്‌ടോബര്‍ 11-ാംതീയതിയാണ് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഈ മതബോധനഗ്രന്ഥം പ്രസിദ്ധീകരിച്ചത്.


വിശ്വാസത്തിന്റെ വാതില്‍' എന്ന അപ്പസ്‌തോലിക തിരുവെഴുത്തിന് 15 ഖണ്ഡികകളും 22 അടിക്കുറിപ്പുകളുമുണ്ട്. വിശുദ്ധഗ്രന്ഥ കേന്ദ്രീകൃതമായാണ് പരിശുദ്ധ പിതാവ് ഈ എഴുത്ത് തയ്യാറാക്കിയിരിക്കുന്നത്. 'വിശ്വസത്തിന്റെ വാതില്‍''എന്ന തലവാചകം അപ്പസ്‌തോലന്മാരുടെ നടപടിപുസ്തകത്തില്‍ നിന്നാണ്. വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ അന്ത്യോക്യയിലെത്തിയപ്പോള്‍ ദൈവം വിശ്വാസത്തിന്റെ വാതില്‍ വിജാതീയര്‍ക്ക് എപ്രകാരം തുറന്നുകൊടുത്തു എന്നതിനെക്കുറിച്ച് അവിടത്തെ ജനങ്ങള്‍ക്ക് വിശദീകരിച്ചു നല്കുന്നുണ്ട് (അപ്പ 14:27). വിശ്വാസത്തിന്റെ വാതില്‍ നമുക്കുമുമ്പില്‍ എപ്പോഴും തുറന്നുകിടക്കുകയാണെന്ന് ആദ്യവാക്യത്തില്‍ത്തന്നെ മാര്‍പാപ്പാ നമ്മെ പഠിപ്പിക്കുന്നു. ദൈവവചനത്തില്‍ അധിഷ്ഠിതമായ കൃപാവരത്താല്‍ രൂപീകൃതമായ വ്യക്തികള്‍ക്ക് വിശ്വാസത്തിന്റെ വാതിലിലൂടെ കടന്നുപോകാന്‍ സാധിക്കും. ജീവിതകാലം മുഴുവന്‍ നീണ്ടു നില്കുന്ന പ്രക്രിയയാണ് വിശ്വാസത്തിന്റെ വാതിലിലൂടെയുള്ള കടന്നു പോകല്‍. ക്രൈസ്തവന്റെ ഈ യാത്ര ജ്ഞാനസ്‌നാനത്തില്‍ ആരംഭിച്ച് മരണത്തിലൂടെ കടന്ന് നിത്യജീവിതത്തില്‍ അവസാനിക്കുന്നു.

വിശ്വാസത്തിന്റെ വാതിലിലൂടെയുള്ള യാത്രവഴി ദൈവപുത്രനുമായുള്ള സൗഹൃദത്തിലേക്ക്, ജീവന്‍ നല്കുന്നവനിലേക്ക,് ജീവന്‍ സമൃദ്ധമായി നല്കുന്നവനിലേക്ക് എത്തിച്ചേരാന്‍ സാധിക്കണം. അനേകരെ ഇന്ന് വിശ്വാസപ്രതിസന്ധി ബാധിച്ചിരിക്കുന്നു. ഉപ്പിന് ഉറയില്ലാതാവുകയും വിളക്ക് മറച്ചുവയ്ക്കപ്പെടുകയും ചെയ്യുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. ക്രിസ്തുവിനെ ശ്രവിക്കാന്‍ നല്ല സമറിയാക്കാരിയെപ്പോലെ കിണറിന്റെ അടുത്തേക്കുള്ള യാത്രയാണ് വിശ്വാസത്തിന്റെ വാതിലിലൂടെയുള്ള യാത്രയെന്ന് പരിശുദ്ധപിതാവ് ഈ അപ്പസ്‌തോലികതിരുവെഴുത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിന്റെ പ്രവൃത്തികള്‍ ചെയ്യുന്നവരാകാന്‍ ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? (യോഹ 6:28) എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വിശ്വാസത്തിന്റെ വാതിലിലൂടെയുള്ള യാത്രയില്‍ നാം അന്വേഷിക്കേണ്ടത്.

വിശ്വാസവര്‍ഷം ആചരിക്കാനുള്ള സുപ്രധാനകാരണം രണ്ടാം വത്തിക്കാ ന്‍ കൗണ്‍സില്‍ രേഖകളുടെ ആഴമാര്‍ന്ന പഠനമാണെന്ന് നമ്പര്‍ 5-ല്‍ മാര്‍പാപ്പാ വ്യക്തമാക്കുന്നു. കൗണ്‍സില്‍പ്രമാണരേഖകളുടെ മൂല്യശോഭ ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. സഭയുടെ പാരമ്പര്യത്തില്‍, സഭയുടെ പ്രബോധനാധികാരത്തിന്റെ സുപ്രധാനവും നൈയാമികവുമായ മാര്‍ഗരേഖകളെന്ന നിലയില്‍ കൗണ്‍സില്‍പ്രമാണരേഖകള്‍ വായിച്ച് മനസിലാക്കാനും പഠിക്കാനും ധ്യാനിക്കാനുമുള്ള അവസരമാണ് വിശ്വാസവര്‍ഷം പ്രദാനം ചെയ്യുന്നത്. മാര്‍പാപ്പായുടെ വാക്കുകളില്‍ പറഞ്ഞാല്‍, ഇരുപതാം നൂറ്റാണ്ടില്‍ സഭയ്ക്കു നല്കപ്പെട്ട മഹത്തായ കൃപാവരമാണ് രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍. നമ്മുടെ നൂറ്റാണ്ടില്‍ നമ്മുടെ കാര്യങ്ങള്‍ നടത്താനുള്ള സുനിശ്ചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശം അവയില്‍ നാം കാണുന്നു.
വിശ്വാസികള്‍ക്ക് തങ്ങളുടെ ജീവിതസാക്ഷ്യത്തിലൂടെ സഭയുടെ നവീകരണം നിര്‍വഹിക്കാനുള്ള അവസരമാണ് വിശ്വാസവര്‍ഷത്തില്‍ സഭ നല്കുന്നതെന്ന് നമ്പര്‍ 6-ല്‍ മാര്‍പാപ്പ വ്യക്തമാക്കുന്നു. പരിശുദ്ധയും സദാ ശുദ്ധീകരിക്കപ്പെട്ടവളുമായ സഭ പാപികളെ തന്റെ മാറോടണയ്ക്കുന്നു. പശ്ചാത്താപത്തിന്റെയും നവീകരണത്തിന്റെയും മാര്‍ഗം അവള്‍ നിരന്തരം പിന്തുടരുന്നു. ലോകത്തിന്റെ മര്‍ദ്ദനങ്ങളും ദൈവത്തിന്റെ സാന്ത്വനങ്ങളും അനുഭവിക്കുന്ന സഭ തീര്‍ത്ഥാടകയെപ്പോലെ നാഥന്റെ കുരിശുമരണവും അവിടത്തെ പുനരാഗമനവും പ്രഖ്യാപനം ചെയ്തുകൊണ്ട് (1 കോറി 11:26) മുന്നോട്ട് നീങ്ങുകയാണ് (LG 8). ഈ സഭയെ ജീവിതസാക്ഷ്യത്തിലൂടെ നവീകരിക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. സഭയിലൂടെ ലോകത്തിന്റെ രക്ഷകനായ കര്‍ത്താവിലേക്കുള്ള ആത്മാര്‍ത്ഥവും നവീകൃതവുമായ മാനസാന്തരത്തിന്റെ വിളിയാണ് വിശ്വാസവര്‍ഷം.

ക്രിസ്തുവിനോടുള്ള സ്‌നേഹമാണ് വിശ്വാസവര്‍ഷത്തില്‍ വിശ്വാസത്തിന്റെ വാതിലിലൂടെ യാത്ര ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്കുന്നു'(2 കോറി 5:14). യേശുക്രിസ്തു തന്റെ സ്‌നേഹത്തിലൂടെ ഓരോ തലമുറയിലെയും ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. ഓരോ നൂറ്റാണ്ടി ലും സഭയെ വിളിച്ചുകൂട്ടുന്നു. നവ്യമായ കല്പന നല്കിക്കൊണ്ട് സുവിശേഷം പ്രഘോഷിക്കാനുള്ള കടമ എല്പിക്കുന്നു. ക്രിസ്തുവിന്റെ ഈ സ്‌നേഹം നമ്മെ വിശ്വാസവര്‍ഷത്തിനായി പ്രേരിപ്പിക്കുന്നു. വിശ്വാസവര്‍ഷത്തില്‍ സ്‌നേഹവും വിശ്വാസവും ആഴപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാര്‍പാപ്പാ പഠിപ്പിക്കുന്നു. വിശ്വാസം സ്‌നേഹത്തിന്റെ അനുഭവമായി മാറണം. വിശ്വാസം കൃപയുടെയും സന്തോഷത്തിന്റെയും അനുഭവമായി കൈമാറ്റം ചെയ്യപ്പെടണം. അങ്ങനെ ചെയ്യുമ്പോള്‍ വിശ്വാസം വളരുന്നു. വിശ്വസിക്കുന്നതിലൂടെ വിശ്വാസം കൂടുതല്‍ ശക്തമാക്കാന്‍, വിശ്വാസത്തിന്റെ വാതിലിലൂടെയുള്ള യാത്രയില്‍ നമുക്ക് സാധിക്കണം.
അപ്പസ്‌തോലിക എഴുത്ത് നമ്പര്‍ 9-ല്‍ വിശ്വാസം ഏറ്റുപറയാനുള്ള അവസരമാണ് വിശ്വാസവര്‍ഷമെന്ന് വ്യക്തമാക്കിയിരിക്കുന്നു. നവീകൃതമായ ബോധ്യത്തോടും ആത്മധൈര്യത്തോടും പ്രത്യാശയോടും കൂടെ വിശ്വാസം പൂര്‍ണമായി ഏറ്റുപറയാന്‍ ഓരോ വിശ്വാസിയെയും ഒരുക്കാനാണ് വിശ്വാസവര്‍ഷം ആചരിക്കുന്നത്. വിശുദ്ധ പൗലോസ് അപ്പസ്‌തോലനെ വിശ്വാസം ഏറ്റുപറയുന്നതില്‍ മാതൃകയാക്കാന്‍ മാര്‍പാപ്പ നമ്മോട് ആവശ്യപ്പെടുന്നു.


മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷ പ്രാപിക്കുകയും ചെയ്യുന്നു'(റോമാ 10:10). ക്രൈസ്തവവിശ്വാസം ഒരു സ്വകാര്യ കര്‍മമല്ല. കര്‍ത്താവിനോടൊപ്പംനില്ക്കാന്‍ തീരുമാനിക്കലാണ് വിശ്വാസം. വിശ്വസിക്കല്‍ സ്വതന്ത്രമായ പ്രവൃത്തിയാണ്. ഒരുവന്‍ വിശ്വസിക്കുന്നതിനെക്കുറിച്ച് സാമൂഹികമായ ഉത്തരവാദിത്വം അവനുണ്ടായിരിക്കണം. വിശ്വാസത്തിന്റെ ഏറ്റുപറച്ചില്‍ വ്യക്തിപരവും അതേസമയം സാമൂഹികവുമാണ്. വിശ്വാസത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് അമൂല്യവും അനുപേക്ഷണീയവുമായ ഉപകരണം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥമാണ്. മതബോധനഗന്രഥത്തിന്റെ ആഴമാര്‍ന്ന പഠനം വിശ്വാസവര്‍ഷത്തിന്റെ ലക്ഷ്യങ്ങളില്‍ സുപ്രധാനമായ ഒന്നത്രേ. വിശ്വാസത്തിന്റെ ചരിത്രം വീണ്ടും കണ്ടെത്തുക എന്നതും വിശ്വാസവര്‍ഷാചരണത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. വിശ്വാസം മൂലമാണ് കന്യകാമറിയവും അപ്പസ്‌തോലന്മാരും വിശുദ്ധരും രക്തസാക്ഷികളും സുവിശേഷസാക്ഷികളായി ജീവിച്ചത്. പരസ്‌നേഹത്തിന് കുടൂതല്‍ തീവ്രമായ സാക്ഷ്യം നല്കാനുള്ള അവസരമാണ് വിശ്വാസവര്‍ഷമെന്ന് മാര്‍പാപ്പാ നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധ പൗലോസ് ഇപ്രകാരം ഓര്‍മ്മപ്പെടുത്തുന്നു: ''വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്ക്കുന്നു. എന്നാല്‍ സ്‌നേഹമാണ് സര്‍വോത്കൃഷ്ടം'' (1 കോറി 13:13).

സ്‌നേഹത്തില്‍ അധിഷ്ഠിതമായ ജീവിതസാക്ഷ്യം നല്‌കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞുകൊണ്ടാണ് പരിശുദ്ധ പിതാവ് വിശ്വാസത്തിന്റെ വാതില്‍ എന്ന അപ്പസ്‌തോലിക തിരുവെഴുത്ത് അവസാനിപ്പിക്കുന്നത്. പതിനഞ്ചോളം ഖണ്ഡികകളുള്ള ഈ തിരുവെഴുത്ത് വളരെ ചെറിയ ഒന്നാണെങ്കിലും വിശ്വാസവര്‍ഷത്തിന് സാര്‍വത്രികസഭയെ ഒരുക്കുന്നതിനും വിശ്വാസവര്‍ഷാചരണത്തിനു നേതൃത്വം നല്കുന്നവര്‍ക്ക് മാര്‍നിര്‍ദ്ദേശം നല്കുന്നതിനുംവേണ്ടി എഴുതപ്പെട്ടിരിക്കുന്നതുകൊണ്ട് അതുലപ്രാധാന്യമാണ് ഇതിനുള്ളത്. നാം ജീവിക്കുന്ന ആധുനിക ലോകം മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളികള്‍ക്ക് പ്രത്യുത്തരം നല്കിക്കൊണ്ട് വിശ്വാസജീവിതം നയിക്കാനും വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനും ആഹ്വാനം ചെയ്യുന്ന 'വിശ്വാസത്തിന്റെ വാതില്‍''എന്ന അപ്പസ്‌തോലിക എഴുത്ത് ഉള്ളടക്കത്തിന്റെ സമഗ്രതയും കൃത്യതയുംകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തിട്ടു



Monday, 10 December 2012

ഫീനിക്‌സ് പക്ഷിയെപ്പോലെ ഒരുവന്‍



ഈജിപ്ഷ്യന്‍ ഇതിഹാസങ്ങളില്‍ ഫീനിക്‌സ പക്ഷിയെ ്പറ്റി ധാരാളം പറയുന്നു. പരുന്തിനോളം വലുപ്പം. സ്വര്‍ണത്തൂവലുകള്‍, അതിമനോഹരമായ മൃദുലനാദം - അതാണത്രെ ഫീനിക്‌സിന്റെ അടയാളം.
തന്റെ അന്ത്യമടുക്കുമ്പോള്‍ പക്ഷി ഒരു അഗ്നികുണ്ഠമുണ്ടാക്കും. സ്വമേധയാ അതില്‍ ചാടി ചിറകുകള്‍ കത്തിക്കരിഞ്ഞ് ചാമ്പലാകും. ആ ചാരത്തരികളില്‍നിന്ന് ഒരു പുതിയ ഫീനിക്‌സ് ചിറകടിച്ചുയരും. അത് അതിവേഗം ഹെലിയോപോളീസ് നഗരത്തിലെ സൂര്യദേവന്റെ ബലിപീഠത്തിലേക്ക് നീങ്ങും. അവിടെ, താന്‍ വളരെ ശ്രദ്ധാപൂര്‍വം ശേഖരിച്ചെടുത്ത പഴയ ഫീനിക്‌സിന്റെ ഭൗതികാവശിഷ്ടം പ്രതിഷ്ഠിക്കും- മരിച്ചുപോയവരെ പുനര്‍ജ്ജീവിപ്പിക്കുവാന്‍ കഴിയുന്ന ചിതാഭസ്മം! അതിപ്രാചീനമായ ഈ സങ്കല്പകഥയെപ്പറ്റി ഗ്രീക്കുകവിയായ ഹെസിയോടും പരാമര്‍ശിച്ചുകാണുന്നു.

അപഗ്രഥിച്ചു പഠിച്ച്, ചികഞ്ഞു ചികഞ്ഞു ചെന്നാല്‍ എല്ലാ ഇതിഹാസകഥകളിലും തന്നെ ഒരു നേരിയ ചരിത്രാംശം കാണാതിരിക്കുകയില്ല. എന്തായിരിക്കാം ഇത്ര അര്‍ത്ഥസംപുഷ്ടമായ ഈ കവിഭാവനയുടെ ഉറവക്കണ്ണി? ചരിത്രാതീതകാലം മുതല്‍ മനുഷ്യമനസുകളില്‍ ഉറഞ്ഞു കിടക്കുന്ന വല്ല പ്രതീക്ഷകളുടെയും നിഴലോട്ടമാകുമോ ഈ അത്ഭുതസൃഷ്ടി?
വരാനിരുന്ന ഒരുവന്റെ ഹോമബലിയും ഉത്ഥാനവും മാനവകുലത്തിന്റെ വീണ്ടെടുപ്പും അവ്യക്തമായി സൂചിപ്പിക്കുന്ന ഒരു പ്രവാചക ഭാവന ഇതിനുള്ളിലില്ലേ?
യേശുവിനപ്പറ്റി വിശുദ്ധ പൗലോസ് പറയുകയാണ് (ഫിലി. 2:7-10) : ദൈവമായിരുന്നിട്ടും അവന്‍ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചു. മരണംവരെ അനുസരണയുള്ളവനായി. അതുകൊണ്ടുതന്നെ അത്യധികം ഉയര്‍ത്തപ്പെട്ടു. ചുടുചാരമായി ഒന്നുമല്ലാതായിത്തീര്‍ന്ന ഫീനിക്‌സിനെപ്പോലെ അവനും ശൂന്യനായി. അതു ഫീനിക്‌സിനെപ്പോലെ സ്വമേധയാ സ്വീകരിച്ചതാണെന്ന കാര്യവും ശ്രദ്ധേയമാണ്! അവിടെനിന്നായിരുന്നു ഉയര്‍ത്തെഴുന്നേല്പ്പ്.


അവന്‍ സര്‍വതും പരിത്യജിച്ചു; സര്‍വരാലും പരിത്യക്തനായി (ഐസയാസ് 52, 53)- എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ കൈവിട്ടു (''ഏലോയ് ഏലോയ് ലാമാ സബക്ത്താനീ'') എന്നുവരെ പറയുമാറ് (മര്‍ക്കോ.15:34). അവിടെ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല- ശൂന്യതയുടെ പരകോടി പ്രാപിച്ച രംഗം. വീണ്ടും അവിടെനിന്നും ഇറങ്ങുന്നു- പാതാളം വരെ. അതിനുശേഷമാണ് ദൈവശാസ്ത്രഞ്ജനായ റാനര്‍ പറയുന്നതുപോലുള്ള ഉയര്‍ത്തെഴുന്നേല്പ്.

അവന്‍ മരിച്ചതു ജീവിക്കുവാനായിരുന്നു- എന്നേക്കും ജീവിക്കുവാന്‍. ഇനി ഒരിക്കലും അവന്‍ മരിക്കുകയില്ല (1 കോറി.15), അവന്‍ മാത്രമല്ല അവനില്‍ വിശ്വസിക്കുന്നവരും (യോഹ.11:25-26).
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നേരെ പിതാവിന്റെ സന്നിധിയിലേക്കാണ് പോയത്. അവിടെ എത്തി കുരിശുമരണത്തിന്റെയും പരിത്രാണ പൂര്‍ത്തീകരണത്തിന്റെയും (യോഹ. 19:30) റിപ്പോര്‍ട്ട് സമര്‍പ്പിച്ചു-മൃതസഞ്ജീവനിയായ തന്റെ തന്നെ ചിതാഭസ്മവുമേന്തി ഹെലിയോപോളീസിലേക്കു കുതിച്ച ഫീനിക്‌സ് പക്ഷിയെപ്പോലെ.

ഇടയ്ക്കുവച്ചു കണ്ട മറിയം മഗ്ദലേനയോട് യേശു പറയുന്നത് ശ്രദ്ധിക്കുക (യോഹ.20:17): നീ എന്നെ തടയരുത്- മാറി നില്‍ക്കുക. ആദ്യമായി ഞാന്‍ പറന്നെത്തേണ്ടത് പിതാവിന്റെ പക്കലാണ്. ആ സന്നിധാനത്തില്‍ സമ്പൂര്‍ണസമര്‍പ്പണം നടത്തിയിട്ടല്ലാതെ മറ്റൊരിടത്തും തങ്ങുന്ന വിഷയമില്ല.

ഫീനിക്‌സിന്റെ ചിതാഭസ്മമാണല്ലോ മരണമടഞ്ഞ മനുഷ്യര്‍ക്കു ജീവന്‍ നല്‍കുക. അതുപോലെ നാം ജീവന്‍ നേടേണ്ടത്, പാപത്തിനു പരിഹാരം കണ്ടെത്തേണ്ടത് കാല്‍വരി മലമുകളില്‍ നിന്നും അവിടുത്തെ കല്ലറയില്‍ നിന്നുമാണ്. മനുഷ്യകുലത്തിന്റെ മുഴുവന്‍ ഉയിര്‍പ്പും അവിടെയാണ് - വസന്തം സസ്യലതാദികള്‍ക്കെന്നപോലെ.

ഒരിക്കല്‍ മാര്‍ട്ടിന്‍ ലൂഥര്‍ പറഞ്ഞു: ഉത്ഥാനത്തിന്റെ വാഗ്ദാനം നമ്മുടെ കര്‍ത്താവ് എഴുതിച്ചേര്‍ത്തിരിക്കുന്നത് വസന്തകാലത്തിലെ ഓരോ ഇലകളിലും ദര്‍ശിക്കാന്‍ സാധിക്കും- ഗ്രന്ഥങ്ങളില്‍ മാത്രമല്ല.
വസന്തം കടന്നുപോകുമ്പോള്‍ ഉണങ്ങിവരണ്ടപോലെ കാണപ്പെടുന്ന ചില്ലകളിലൊക്കെ ഇലയും പൂവും പ്രത്യക്ഷപ്പെടുക പാശ്ചാത്യരാജ്യങ്ങളിലെ സാധാരണ പ്രതിഭാസമാണ്. അതുപോലെയാണ് ഉത്ഥിതനായ ക്രിസ്തുവിന്റെ സാന്നിധ്യവും. വാസ്തവത്തില്‍, വസന്താരംഭത്തില്‍ പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതിനുശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്ററെന്നതും ഇത്തരുണത്തില്‍ പ്രത്യേകം സ്മര്‍ത്തവ്യമാണ്.

ചാമ്പല്‍പടലങ്ങളില്‍നിന്നു ഫീനിക്‌സ് പുതുജീവന്‍ പ്രാപിക്കുന്നതുപോലെ വസന്താരംഭത്തില്‍ തരുലതാദികള്‍ക്കു പുത്തന്‍ ജീവിതം കൈവരുന്നതുപോലെ തിരുവുത്ഥാനം നമുക്കും ഉണര്‍വും ഉയര്‍പ്പും പ്രദാനം ചെയ്യുമാറാകട്ടെ.

Sunday, 9 December 2012

നമ്മുക്കായി പ്രാര്‍ത്ഥിച്ചു നില്‍ക്കുന്ന കൈകള്‍!


ന്യൂറന്‍ബേര്‍ഗിലെ ഒരു സ്വര്‍ണപ്പണിക്കാരന്റെ രണ്ടാമത്തെ മകനായിരുന്നു ആല്‍ബ്രക്റ്റ് ഡ്യൂറര്‍. പിതാവില്‍നിന്നു സ്വര്‍ണപ്പണി പഠിച്ചെങ്കിലും ആല്‍ബ്രക്റ്റിന് താല്പര്യം ചിത്രരചനയായിരുന്നു. അതുതന്നെയായിരുന്നു ജ്യേഷ്ഠന്‍ ആല്‍ബര്‍ ട്ടിന്റെ മോഹവും. 18 മക്കളുണ്ടായിരുന്ന പിതാവി ന്റെ കഴിവിനപ്പുറമായിരുന്നു അവരുടെ ഉപരിപഠ നം. ഒടുവില്‍ ജ്യേഷ്ഠനും അനുജനും കൂടി ഒരു തീരുമാനത്തിലെത്തി. ഒരാള്‍ അടുത്തുള്ള ഖനിയില്‍ പോയി പണിയെടുത്തു പണമുണ്ടാക്കി അപരന്റെ പഠനച്ചിലവു നിര്‍വഹിക്കട്ടെ. പഠനം കഴിഞ്ഞു മടങ്ങിയെത്തുന്നയാള്‍ മറ്റേ സഹോദരനെ സഹായിക്കണം. ആരാണ് ആദ്യം പഠിക്കാന്‍ പോകേണ്ടതെന്ന് നാണയം കറക്കി നിശ്ചയിച്ചു. വിധി അനുജന് അനുകൂലമായിരുന്നു. ജ്യേഷ്ഠന് വിഷമമായി. എങ്കിലും, മനസില്ലാമനസോടെ അവന്‍ ഖനിയിലേക്ക് തിരിച്ചു; അനുജന്‍ പഠിക്കാനും. അക്കാലത്തെ ഏറ്റവും വലിയ ഗുരുവായ മൈക്കള്‍ വോള്‍ഗെമൂട്ടിന്റെ കീഴിലായിരുന്നു ആല്‍ബ്രക്റ്റിന്റെ പഠനം. നാലുകൊല്ലത്തെ പരിശീലനം പൂര്‍ത്തിയായപ്പോഴേക്കും അവന്‍ പ്രഗത്ഭചിത്രകാരനായി മാറി. ഇതിനകം മൈനില്‍ പണിയെടുത്ത് ജ്യേഷ്ഠന്റെ കൈകള്‍ തഴമ്പിച്ചു മെലിഞ്ഞിരുന്നു. ''വിറയാര്‍ന്ന ഈ കൈകള്‍കൊണ്ട് എനിക്കു വരയ്ക്കാനാവില്ല. അതുകൊണ്ട് ഞാന്‍ ഇനി പഠിക്കാന്‍ പോകുന്നില്ല...'' കണ്ണുനീരോടെ ജ്യേഷ്ഠന്‍ പറഞ്ഞു. വലിയ കലാകാരനായി തീര്‍ന്നെങ്കിലും ഒരു ദുഃഖം ആല്‍ബ്രക്റ്റിന്റെ മനസില്‍ തളംകെട്ടിനിന്നു: കഷ്ടം! എന്റെ ജ്യേഷ്ഠന്റെ ഭാവി കൂമ്പിപ്പോയല്ലോ! അവന്‍ എനിക്കുവേണ്ടി ബലിയായി. എനിക്കായി സമര്‍പ്പിക്കപ്പെട്ട ആ കൈകള്‍! ഒരു ചിത്രം വരയ്ക്കാന്‍ അത് അവനു പ്രേരണ നല്‍കി. അങ്ങനെ അവന്‍ വരച്ച ചിത്രമാണ് 'കൈകള്‍!' കൂപ്പി നില്‍ക്കുന്ന കൈകള്‍... ഞരമ്പുയര്‍ന്നു മെലിഞ്ഞുണങ്ങിയ ആ കൈകള്‍, തനിക്കുവേണ്ടി പണിയെടുത്തു തളര്‍ന്ന ജേഷ്ഠന്റെ തന്നെ കൈകളായിരുന്നു. അന്തരീക്ഷത്തിലേക്കുയര്‍ന്നു കൂപ്പിനില്‍ക്കുന്ന ആ കൈകള്‍ക്ക് ആളുകള്‍ പിന്നീട് പേരിട്ടു: പ്രാര്‍ത്ഥിച്ചു നില്‍ക്കുന്ന കൈകള്‍! 

നമ്മുടെയൊക്കെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും പിന്നില്‍ ഇതുപോലെ എത്രയോ നിസ്വാര്‍ത്ഥകൈകളുണ്ടാകും- സ്‌നേഹം നിറഞ്ഞ സഹോദരങ്ങളുടെ, മാതാപിതാക്കളുടെ, ഗുരുഭൂതരുടെ... ടീച്ചര്‍പോലും മണ്ടനെന്നു പറഞ്ഞു പുറംതള്ളിയ തോമസ് ആല്‍വാ എഡിസണെ പഠിപ്പിച്ചുയര്‍ത്തിയത്, ലോകപ്രസിദ്ധ ശാസ്ത്രജ്ഞനാക്കിയത് അമ്മയുടെ കൈകളാണ്. എങ്കിലും ആ സാധ്വീ അറിയപ്പെടാത്തവളായി. തന്റെ 'Elegy' യില്‍, തോമസ് ഗ്രേ വിലപിക്കുന്നതുപോലെ, പ്രഗത്ഭരാകേണ്ട ഒത്തിരി വ്യക്തികള്‍ ഈ ഗ്രാമീണ ശവക്കല്ലറകളില്‍ അറിയപ്പെടാതെ കിടപ്പുണ്ട്. അവരെ ഉയര്‍ത്താനും ഉദ്ധരിക്കാനും ആരുമുണ്ടായില്ല-സാഹചര്യങ്ങളും ഒത്തുവന്നില്ല. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഉന്നതരായി അറിയപ്പെടുന്ന പലരുമുണ്ട്. അവരുടെയൊക്കെ പൂര്‍വികര്‍ ഒരു കാലയളവില്‍ തെക്കന്‍ കേരളത്തില്‍ നിന്നു കുടിയേറിയവരാണ്- എഴുത്തും വായനയും അഭ്യസിക്കുവാന്‍ തരപ്പെടാതിരുന്നവര്‍. സന്തോഷമെന്താണെന്ന്, സുഖമെന്താണെന്ന് ചിന്തിക്കാന്‍പോലും കഴിയാതെ പോയവര്‍... തങ്ങള്‍ക്കുവേണ്ടി ജീവിക്കാന്‍ മറന്നുപോയവര്‍! അവരുടെ വലിയ മോഹമായിരുന്നു, തങ്ങളുടെ മക്കളെങ്കിലും പഠിച്ചുയരണമെന്നത്. മക്കളെ മനസില്‍ കണ്ട് മണ്ണിനോടും മരക്കാടിനോടും മല്ലിട്ടു തളര്‍ന്ന കൈകള്‍! തഴമ്പു പിടിച്ചു കൂമ്പിപ്പോയ ആ പാവന കരങ്ങളെ കൂപ്പുകൈകളോടെ പിന്തിരിഞ്ഞു നോക്കാന്‍ ഇന്ന് വലിയവരെന്ന് അഭിമാനിക്കുന്നവര്‍ക്കു കഴിയുന്നുണ്ടാകുമോ?

 ഐക്യതിരുവിതാംകൂര്‍ കെട്ടിപ്പടുക്കുന്നതിന് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനോടൊപ്പം നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് രാമയ്യന്‍ ദളവാ (1706-1756)- തിരുവനന്തപുരം രാജകൊട്ടാരത്തിലെ അടുക്കളക്കാരികളുടെ ആശ്രിതയായിക്കഴിഞ്ഞവളുടെ മകന്‍. പാത്രങ്ങളൊക്കെ കഴുകി, പരിസരം വൃത്തിയാക്കുന്നതിന്റെ പേരില്‍ ആ തിരുനല്‍വേലിക്കാരി തമിഴത്തിക്ക് പാരിതോഷികമായി ലഭിച്ചിരുന്നത് ഇത്തിരി 'പഴേംകഞ്ഞി'യായിരുന്നു. അമ്മയോടു പറ്റിച്ചേര്‍ന്നുനിന്ന്, അതിലെ 'വറ്റു' തിന്നു വളര്‍ന്ന രാമയ്യന്‍ പിന്നീടു മഹാരാജാവിന്റെ പ്രീതിക്കു പാത്രീഭവിക്കുകയും കൊട്ടാരം ജീവനക്കാരനായി നിയമിക്കപ്പെടുകയും ചെയ്തു. അചിരേണ വളര്‍ന്നുയര്‍ന്നവന്‍ രാജ്യത്തിലെ ദളവാ സ്ഥാനത്തെത്തി. തനിക്കു 'പഴേംചോറ്' വാരിത്തന്നു വളര്‍ത്തിയ കൈകളെ പിന്നീട് അവന്‍ കൃതജ്ഞതയോടെ അനുസ്മരിച്ചിട്ടുണ്ടോ? സംശയമാണ്. രോഗിണിയായിക്കിടന്ന് ആ വിധവ അകാല ചരമമടഞ്ഞതായിട്ടാണ് പറയപ്പെടുന്നത്. ആല്‍ബ്രക്റ്റ് ഡ്യൂററുടെ ആകുലതകളൊന്നും അവനെ അലട്ടിയില്ല.

 1873 ല്‍ മൊളോക്കോയിലെത്തിയ ജോസഫ് ഡി വൂസ്റ്റര്‍ എന്ന സുന്ദരനായ ബല്‍ജിയന്‍ യുവാവാണ് ഫാ. ഡാമിയനായി മാറിയത്. സ്ഥലത്തെ മെത്രാനായിരുന്ന ബിഷപ് മൈഗ്രിറ്റില്‍നിന്ന് മൊളോക്കോയിലെ കുഷ്ഠരോഗികള്‍ക്കു ലഭിച്ച സമ്മാനമായിരുന്നു അദ്ദേഹം. ഫാ. ഡാമിയന്‍ തങ്ങളോടൊപ്പം ജീവിക്കാനും തങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെടാനും തയാറായി വന്ന വ്യക്തിയാണെന്ന് ക്രമേണ കുഷ്ഠരോഗികള്‍ക്കു മനസിലായി. അദ്ദേഹം അവര്‍ക്കുവേണ്ടി അകലങ്ങളില്‍നിന്നു ശുദ്ധജലം ഒഴുക്കിക്കൊണ്ടുവന്നു. അവരെ കുളിപ്പിച്ചു, വസ്ത്രങ്ങള്‍ അലക്കിക്കൊടുത്തു, ചീഞ്ഞുനാറിയ വ്രണങ്ങള്‍ കഴുകി. കൈകള്‍ പഴുത്തുപോയവര്‍ക്കു സ്വന്തം കൈകൊണ്ടു ഭക്ഷണം വാരിക്കൊടുത്തു, അവരെ താങ്ങിയെടുത്ത് കിടക്കയില്‍ കിടത്തി. എങ്കിലും ഫാ. ഡാമിയന്‍ കിടന്നതു തറയിലാണ്- തൊട്ടടുത്തുള്ള ഒരു മരച്ചുവട്ടില്‍...! 1834-ല്‍ ബലിയര്‍പ്പിച്ചുകൊണ്ടിരുന്ന ഫാ. ഡാമിയന്‍ തന്റെ രണ്ടു കൈകളും അടുത്തു നിന്നവരെ കാണിച്ചു- പഴുത്തു തുടങ്ങിയ കൈകള്‍! അദ്ദേഹം കുഷ്ഠരോഗിയായി മാറി. റോസപ്പൂപോലിരുന്ന ആ ബല്‍ജിയന്‍ കൈകള്‍ക്ക് ഒരു വ്യാഴവട്ടം കൊണ്ടു വന്ന രൂപാന്തരം. ഡാമിയനെപ്പോലെ അപരര്‍ക്കുവേണ്ടി നല്‍കപ്പെട്ട ഒത്തിരി സമര്‍പ്പിത കരങ്ങളുണ്ട്. യേശുവിന്റെ സംഭാവനയാണത്; യേശുവിനുള്ള സംഭാവനയും.


എപ്പോഴും കൂപ്പുകൈകളോടെ നില്‍ക്കുന്ന മദര്‍ തെരേസയുടെ ചിത്രം ശ്രദ്ധിച്ചിട്ടുണ്ടോ? ചുക്കിച്ചുളിഞ്ഞു വരവീണ കൈകള്‍. ഏതാണ്ട് അതുപോലുള്ള മുഖവും. 1948 ല്‍ കല്‍ക്കട്ടയില്‍ വന്നിറങ്ങിയ ആ അല്‍ബേനിയന്‍ യുവതിയുടെ കൈകള്‍ എന്തേ ഇങ്ങനെയായത്? എല്ലാം മറന്ന്, തന്നെത്തന്നെ മറന്ന് നഗരത്തിലെ മാലിന്യങ്ങളിലേക്കു കൂപ്പുകുത്തി ഇറങ്ങിയവളുടെ കൈകളാണ്, തെരുവോരങ്ങളിലുള്ള പഴുത്തവരുടെയും പുഴുത്തവരുടെയും വ്രണങ്ങള്‍ കഴുകിക്കെട്ടിയവളുടെ കൈകളാണ് കാലാന്തരത്തില്‍ അങ്ങനെയായത്. എല്ലില്‍ പൊതിഞ്ഞ തൊലികള്‍പോലെ വരണ്ടുണങ്ങിയത്. എല്ലാം അടിയറവു വച്ച് താന്‍ ആരാധിച്ചവനു വേണ്ടി കൂപ്പിയ കൈകള്‍!..

  അമേരിക്കന്‍ ആഭ്യന്തര സമരത്തിനു (1861-65) വഴിമരുന്നിട്ട ഗ്രന്ഥമാണ് പാരിയറ്റ് ബീച്ചര്‍ സ്റ്റോ യുടെ 'Uncle Toms Cabin.' അങ്കിള്‍ ടോം എന്നു വിളിക്കപ്പെട്ടിരുന്ന ടോം എന്ന വിശ്വസ്തനായ അടിമയുടെ ജീവിതകഥയാണത്. ടോം താമസിച്ചിരുന്ന മരക്കുടിലിനെ ചുറ്റിപ്പറ്റിയാണ് കഥ അവസാനിക്കുക. നിവൃത്തികേടിന്റെ പേരിലാണ് തന്നോടൊപ്പമുണ്ടായിരുന്ന ആ മനുഷ്യസ്‌നേഹിയെ വില്‍ക്കാന്‍ യജമാനന്‍ ഷേര്‍ബി നിര്‍ബന്ധിതനാകുന്നത്. എങ്കിലും, കൂറും സ്‌നേഹവുമുള്ള ആ മനുഷ്യനും അയാള്‍ പാര്‍ത്തിരുന്ന മരക്കുടിലും സദാ യജമാനന്റെയും മകന്റെയും മനസില്‍ നിറഞ്ഞുനിന്നു. പിന്നീട് അയാളെ വീണ്ടെടുക്കാന്‍ യജമാനന്റെ മകന്‍ ജോര്‍ജ് ഷേര്‍ബി ഇറങ്ങിപ്പുറപ്പെടുന്നു. അയാളെ കണ്ടെത്തുമ്പോഴേക്കും പീഡനങ്ങളും മര്‍ദ്ദനങ്ങളുമേറ്റ് ആ സാധു ഏതാണ്ട് മരിച്ചു കഴിഞ്ഞിരുന്നു. അയാളും അയാള്‍ താമസിച്ച മരക്കുടിലും ദുഃഖം ഘനീഭവിച്ചതുപോലെ ജോര്‍ജ് ഷേര്‍ബിയുടെ മനസില്‍ ഉയര്‍ന്നുപൊങ്ങി. ആ മരക്കുടിലിനെ പ്രതി, അവിടെ താമസിച്ചിരുന്ന സ്‌നേഹം നിറഞ്ഞ മനുഷ്യനെപ്രതി ജോര്‍ജ് തന്റെ സര്‍വ അടിമകളെയും മോചിപ്പിച്ചു. മോചിതരായ അടിമകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ആ മരക്കുടിലിലേക്ക് ഇടയ്ക്കിടെ നോക്കും. ആ മരക്കുടിലാണ് ഞങ്ങള്‍ക്കു രക്ഷയായത്. അവിടെ കഴിഞ്ഞ മനുഷ്യസ്‌നേഹിയാണ്, അവന്‍ സഹിച്ച വേദനകളാണ് ഞങ്ങള്‍ക്കു മോചനമൊരുക്കിയത്. അതുപോലെ, ഉയര്‍ന്നുനില്‍ക്കുന്ന ഒരു മരക്കുരിശാണ് നമുക്കും രക്ഷയായത്. അവിടെ തൂങ്ങിനിന്ന മനുഷ്യസ്‌നേഹിയാണ് നമുക്കും മോചനദ്രവ്യമായത്. ദൈവത്തിനു മനുഷ്യരോടുള്ള അനന്തസ്‌നേഹം അനാവരണം ചെയ്യപ്പെടുന്നത് അവിടെയാണ്.

 ലോകമൊട്ടാകെയുള്ള നൂറുനൂറു മ്യൂസിയങ്ങളില്‍ തന്റെ കലാശില്പമെത്തിച്ചുകൊടുത്ത ആല്‍ബ്രക്റ്റ് ഡ്യൂറര്‍ തന്റെ മുറിയില്‍ തൂങ്ങിക്കിടക്കുന്ന കൈകളിലേക്ക്, കൂപ്പിയ കൈകളിലേക്ക് കണ്ണെറിഞ്ഞു നില്‍ക്കുമായിരുന്നു. അത് അദ്ദേഹത്തിന്റെ കണ്ണുകളെ ഈറനണിയിക്കുമായിരുന്നു. ആ കൈകളാണ് അദ്ദേഹത്തിന് രക്ഷയായത്. അതുപോലൊരു ദൃശ്യമാണ് കാല്‍വരിയിലെ മരക്കുരിശും. അവിടെ തൂങ്ങി കിടക്കുന്ന തുളയ്ക്കപ്പെട്ട കൈകള്‍ നമ്മുടെ കണ്ണുകളെയും ഈറനണിയിക്കട്ടെ!


 ദി സ്‌ട്രെങ്ത് റ്റു ലൗ (1963) എന്ന ഗ്രന്ഥത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കുരിശിനെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്: 'The telescope of the Divine Love.' അനന്തതയുടെ ആഴങ്ങളില്‍, അഗാധനീലിമയില്‍ നടക്കുന്നവയൊന്നും നമ്മുടെ നഗ്‌ന നേത്രങ്ങള്‍കൊണ്ടു നോക്കിയാല്‍ മനസിലാവുകയില്ല. നീലവിശാലതയുടെ അന്തഃപുരങ്ങളില്‍ ക്ഷീരപഥം പോലുള്ള അനേകലക്ഷം താരാവൃന്ദങ്ങളുണ്ട്. അതു നാം കണ്ടറിയുന്നത് ടെലസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ മാത്രമാണ്. അതുപോലെ അനന്തസ്‌നേഹത്തിന്റെ അപാരതയിലേക്ക് നമ്മുടെ നോട്ടമെത്തിക്കുന്നതു മരക്കുരിശില്‍ തറയ്ക്കപ്പെട്ട ആ കൈകളാണ്. അതിലെ ആണിപ്പഴുതുകളിലൂടെ നോക്കിനില്‍ക്കുമ്പോള്‍ മാത്രമാണ് അനന്തസ്‌നേഹത്തിന്റെ ആഴം അനുഭവവേദ്യമാവുക. തന്നെത്തന്നെ നമുക്ക് നല്‍കിക്കൊണ്ട്, സമ്പൂര്‍ണഹോമബലിയായിത്തീര്‍ന്ന കര്‍ത്താവിനെ കാണാന്‍ കഴിയുക.

Friday, 7 December 2012

പീലാത്തോസ്


''ഞങ്ങള്‍ പരസ്പരം നോക്കിയപ്പോള്‍ ത ന്നെ ഹൃദയങ്ങള്‍ ഗ്രഹിച്ചു. അവന്‍ ഏതുതരം മനുഷ്യനാണെന്ന് എനിക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞു. അവന്‍ ബലഹീനനായതിനാല്‍ എനിക്ക് അവനോടു സഹതാപം തോന്നി. ഭരണകാര്യങ്ങളിലും വിധി നടത്തുന്നതിലും പരിചയസമ്പന്നനായ അയാള്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ ഞാന്‍ നിര്‍ദോഷിയാണെന്നു മനസിലായി. അവന് എന്നോടു സഹതാപം തോന്നി. ആദ്യം തുടങ്ങി എന്നെ രക്ഷിക്കാന്‍ അവന്‍ ശ്രമിച്ചു. കുറ്റവാളികളെ വിധിക്കാനുള്ള അധികാരം റോമായ്ക്കായിരുന്നു. എന്നിട്ടും നിങ്ങളുടെ നിയമപ്രകാരം അവനെ വിധിക്കുക എന്നു പറഞ്ഞ് എന്നെ രക്ഷിക്കാന്‍ അവന്‍ ശ്രമിച്ചു. യഹൂദര്‍ക്ക് ദൈവത്തെയും ജനങ്ങളെയും റോമായെയും ഭയമായിരുന്നു. കുറ്റം റോമായുടെമേല്‍ ഇരിക്കട്ടെ എന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നതിനാല്‍ അവര്‍ ഒഴിഞ്ഞുമാറി. (സ്റ്റെഫാനോസിനെയും ചെറിയ യാക്കോബുശ്ലീഹായെയും കല്ലെറിഞ്ഞു കൊല്ലാന്‍ ഇവര്‍ ഒരു റോമന്‍ നിയമവും പാലിച്ചില്ല). മാനുഷികതാല്‍പര്യങ്ങളില്‍നിന്നും ഉദ്യോഗത്തിന്റെ അഹങ്കാരത്തില്‍നിന്നും അജ്ഞാനികളുടെ അബദ്ധങ്ങളില്‍നിന്നും അവന്‍ വിമുക്തനായിരുന്നുവെങ്കില്‍ അവന് എന്നെ മനസിലാക്കുവാന്‍ സാധിക്കുമായിരുന്നു. പക്ഷേ മനുഷ്യകുലത്തിന്റെ രക്ഷയ്ക്ക് യൂദാസും പീലാത്തോസും ആവശ്യമായിരുന്നു. പീഡകള്‍ സഹിക്കുന്നതിന് ഈ ഞാനും. വേദനകള്‍ ഹൃദയത്തില്‍ ഒതുക്കുവാന്‍ എന്റെ പാവപ്പെട്ട അമ്മയും. (ദൈവമനുഷ്യന്റെ സ്‌നേഹഗീത).


എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ഏകനായി, വ്രണിത മാനസനായി എന്റെ മുമ്പില്‍ നില്‍ക്കുന്ന ഈശോയെ പീലാത്തോസ് സൂക്ഷിച്ചുനോക്കി. ഈശോയില്‍ ചുമത്തിയിരിക്കുന്ന ആരോപണങ്ങള്‍ അദ്ദേഹം ശ്രദ്ധാപൂര്‍വം കേട്ടു. ദൈവദൂഷണം, രാജ്യമെങ്ങും കുഴപ്പം സൃഷ്ടിക്കല്‍, റോമായ്‌ക്കെതിരെയുള്ള പ്രഖ്യാപനം, സ്വയം മിശിഹായാണെന്ന് പറഞ്ഞ് സാധുജനങ്ങളെ വഴിതെറ്റിക്കല്‍ ഇതെല്ലാം അസത്യമാണെന്ന് പീലാത്തോസിന് മനസിലായിരുന്നു. പത്തുവര്‍ഷത്തെ യൂദയാ ഭരണത്തില്‍നിന്ന് പീലാത്തോസ് ജനങ്ങളെ ശരിക്കും പഠിച്ചിരുന്നു. സത്യത്തെ വളച്ചൊടിക്കാനും നുണ പറയുവാനും ഇവര്‍ സമര്‍ത്ഥരാണ്. ഇതുതന്നെയാണ് കാലങ്ങള്‍ക്കുശേഷം ഇവരെക്കുറിച്ച് ഹിറ്റ്‌ലര്‍ ആത്മകഥയില്‍ പറഞ്ഞിരിക്കുന്നതും.

ഈശോ വിപ്ലവകാരിയായിരുന്നെങ്കില്‍ ചാരന്മാരില്‍ ഒരാളെങ്കിലും തനിക്കു റിപ്പോര്‍ട്ടു തരുമായിരുന്നു. ഭൂമിയിലെ ബഹുമതികള്‍ അന്വേഷിക്കാത്ത ശാന്തനും കാരുണ്യവാനുമായ മനുഷ്യന്‍- അധികാരികളോടു ബഹുമാനവും അനുസരണയും കാണിക്കണമെന്നു സ്വയം പ്രവൃത്തിയാല്‍ മറ്റുള്ളവര്‍ക്കു കാണിച്ചു കൊടുക്കുന്ന വ്യക്തി എന്നാണ് തന്റെ പട്ടാളക്കാരില്‍നിന്നും തന്റെ സ്‌നേഹിതരായ നല്ലവരായ യഹൂദപ്രമാണികളില്‍നിന്നും അദ്ദേഹം അറിഞ്ഞു. നാട്ടില്‍ ഭയപ്പെടേണ്ടാത്ത ഏകവ്യക്തി ഈശോ ആണെന്നാണ് ഈശോയെ സ്‌നേഹിച്ചിരുന്ന തന്റെ പ്രിയ പത്‌നിയായ ക്ലോഡിയ പറഞ്ഞിരുന്നത്. അവരുടെ വാക്കില്‍ അദ്ദേഹത്തിന് പൂര്‍ണവിശ്വാസമുണ്ടായിരുന്നു.

ഈശോ പാലസ്തീന മുഴുവന്‍ നടന്നു ചെയ്തിരുന്ന അത്ഭുത പ്രവൃത്തികളും രോഗശാന്തികളും അദ്ദേഹം അറിഞ്ഞിരുന്നു. ക്ലോഡിയായുടെ മൂകനും ബധിരനുമായ അടിമയ്ക്ക് സംസാരശേഷി നല്‍കിയത് അദ്ദേഹം നേരിട്ടു കണ്ടതാണല്ലോ. സീസറിന് എതിരായി ഒരു വാക്കുപോലും ഈശോ പറഞ്ഞിരുന്നില്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ദേവാലയത്തില്‍ ജനമധ്യത്തില്‍ വച്ചാണ് സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്നാ ഈശോ പറഞ്ഞത്. ഈശോയ്ക്ക് രാജാവാകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ഈശോ അപ്പം വര്‍ധിപ്പിച്ച സമയത്ത് യോഹന്നാന്‍ വ്യക്തമായി പറയുന്നുണ്ട് ''അവര്‍ വന്ന് തന്നെ രാജാവാക്കാന്‍ വേണ്ടി ബലമായി പിടിച്ചുകൊണ്ടു പോകാന്‍ ഭാവിക്കുന്നു എന്നു മനസിലാക്കിയ യേശു മലമുകളിലേക്കു പിന്‍വാങ്ങി.''

ഓശാന ഞായറില്‍ പതിവില്ലാത്ത ബഹളം കേട്ട് പീലാത്തോസ് ജനാലയില്‍ക്കൂടി പുറത്തേക്കു നോക്കിയപ്പോള്‍ കോമളഗാത്രനായ ഒരു യുവാവ് സാധുക്കളായ ഒരുപറ്റം ജനങ്ങളുടെ ഓശാന വിളികളോടുകൂടി കഴുതപ്പുറത്ത് വരുന്നത് കണ്ടു. നിന്റെ മിശിഹാരാജാവിന്റെ വാഹനം കഴുതയാണോ എന്ന് ചോദിച്ച് ഭാര്യയെ ചൊടിപ്പിക്കുകയും ചെയ്തു. അങ്ങനെയുള്ള ഒരാള്‍ക്കെതിരെയാണ് ഈ ആരോപണങ്ങള്‍...

ഈശോയെ രക്ഷിക്കാന്‍ പീലാത്തോസ് അങ്ങേയറ്റം പരിശ്രമിച്ചതായി സുവിശേഷങ്ങള്‍ തെളിവു നല്‍കുന്നു. പക്ഷേ അവിടെയെല്ലാം ജനം പീലാത്തോസിനെ തോല്‍പ്പിച്ചു. നിര്‍ദോഷിയുടെ രക്തം കുടിക്കാന്‍ വിറളി പിടിച്ചിരുന്ന ജനത. ഈശോയെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നു മനസിലാക്കിയ യഹൂദര്‍ അവരുടെ അവസാന ആയുധം പുറത്തെടുത്തു. ഇവനെ മോചിപ്പിക്കുന്ന പക്ഷം നീ സീസറിന്റെ വിരോധിയായിത്തീരും. ഇതില്‍ അദ്ദേഹം വീണു. നേരായ മാര്‍ഗത്തില്‍കൂടിയായിരുന്നില്ല ഈ പദവിയില്‍ അയാള്‍ എത്തിച്ചേര്‍ന്നത്. നിരപരാധിയെ ക്രൂശിലേറ്റിയാലും തന്റെ പദവി നിലനിര്‍ത്തണമെന്നേ അയാള്‍ ആഗ്രഹിച്ചുള്ളൂ. ഒരു യഹൂദനുവേണ്ടി റോമാക്കാരനായ താന്‍ എന്തിന് തന്റെ ഭാവി നശിപ്പിക്കുന്നു എന്ന് അദ്ദേഹം ചിന്തിച്ചുകാണും. സത്യത്തിന് യാതൊരു വിലയും അയാള്‍ കല്‍പ്പിച്ചിരുന്നില്ല. ഈശോ പറയുന്നു, സത്യത്തില്‍ നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു. പീലാത്തോസ് ഈശോയോടു ചോദിച്ചു, എന്താണു സത്യം.? പക്ഷേ, ഈശോയുടെ മറുപടി കേള്‍ക്കാ ന്‍ അയാള്‍ നിന്നില്ല. സത്യവുമായി വലിയ ബന്ധമൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല.
''ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല'' എന്നു പറഞ്ഞ് അയാള്‍ കൈകഴുകി. ഭാവിതലമുറ തന്നെ പഴിക്കാതിരിക്കട്ടെ എന്നദ്ദേഹം വിചാരിച്ചുകാണും. കേള്‍ക്കേണ്ട താമസം ''അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ'' എന്ന് ജനം അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞു. സ്വര്‍ഗസ്ഥനായ പിതാവ് ഇതെല്ലാം കേട്ടു.

ഏ.ഡി. 70 മുതല്‍ 1948 വരെ സ്വന്തമായി ഒരു രാജ്യമില്ലാതെ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും അലഞ്ഞുതിരിഞ്ഞു പലരുടെയും കൈയില്‍ നിന്നും യഹൂദജനത പീഡനങ്ങള്‍ ഏറ്റുവാങ്ങി. ബലിയര്‍പ്പണത്തിന് ഒരു ദേവാലയമില്ലാത്ത ഒരു ജനത ലോകത്തില്‍ ഇവര്‍ മാത്രമേയുള്ളൂ. 1933-1945 കാലഘട്ടത്തില്‍ ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയ 60 ലക്ഷം യഹൂദരെ അനുസ്മരിക്കുന്ന ജറുസലേമിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ തറയില്‍ 60 ലക്ഷം മാര്‍ബിള്‍ കഷണങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. മന്ദബുദ്ധികളും വികലാംഗരുമായ 15 ലക്ഷം കുട്ടികളെ അനുസ്മരിപ്പിക്കുന്ന ദീനരോദനം. മരിച്ച കുട്ടികളുടെ പേരുകള്‍ ഓരോന്നായി ഉരുവിട്ടുകൊണ്ടിരിക്കുന്ന ഇടറിയ മാതൃരോദനം കേള്‍ക്കാം. മനുഷ്യമനസാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു ക്രൂരതയാണത്.

ലാസറിന്റെ ഉയിര്‍പ്പിന്റെ രാത്രി ഈശോയുടെ ശത്രുക്കള്‍ പീലാത്തോസിനെ സമീപിച്ചു. ജനങ്ങള്‍ ഈശോയില്‍ വിശ്വസിച്ചു. റോമന്‍ സാമ്രാജ്യത്തിന്റെ അധിപനാക്കാന്‍ വൈകില്ല എന്ന് ബോധിപ്പിച്ചു. കേട്ടമാത്രയില്‍ത്തന്നെ പീലാത്തോസ് എല്ലാവരെയും ആട്ടിയോടിച്ചു. അന്നാസും കയ്യാഫാസും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു (ദൈവമനുഷ്യന്റെ സ്‌നേഹഗീത). അന്നു കാണിച്ച ആ ചങ്കൂറ്റം ഇന്ന് അയാള്‍ക്ക് കാണിക്കാമായിരുന്നു. ''ഞാന്‍ നിര്‍ദോഷിയായ ഈ മനുഷ്യനെ സ്വതന്ത്രനാക്കി വിടുന്നു. നിങ്ങള്‍ പിരിഞ്ഞുപോകുന്നില്ലെങ്കില്‍ റോമിന്റെ കാര്‍ക്കശ്യം രുചിച്ചറിയും എന്നു പറയാമായിരുന്നു. അധികാരമോഹി അല്ലായിരുന്നെങ്കില്‍- നീതിമാന്‍ ആയിരുന്നെങ്കില്‍ തനിക്കു ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങളെക്കുറച്ച് പരിഗണിക്കുകയില്ലായിരുന്നു. എന്നിട്ട് പീലാത്തോസിന് എന്തു നേട്ടമുണ്ടായി? അനീതി ചെയ്ത പീലാത്തോസിനെ റോമ തിരിച്ചു വിളിച്ചു തടവറയിലാക്കി. കലിഗുളയുടെ കാലത്ത് തടവറയില്‍ കിടന്ന് ആത്മഹത്യ ചെയ്തു. ജീവിതത്തിന്റെ എല്ലാ ഉയര്‍ച്ചയ്ക്കും താങ്ങും തണലുമായിരുന്ന ഭാര്യ നീതിമാനോടു അനീതി കാണിച്ചതിന്റെ പേരില്‍ പീലാത്തോസിനെ ഉപേക്ഷിച്ചുപോയി എന്നാണ് വാള്‍തോര്‍ത്തയ്ക്കും ആന്‍ കാതറൈനും കൊടുത്ത ദര്‍ശനങ്ങളില്‍ കാണുന്നത്. വിരോധംകൊണ്ടു ലഹരി പിടിച്ച ജനങ്ങളുടെ മുമ്പില്‍ അയാള്‍ നിസഹായനായി. ലോകചരിത്രത്തില്‍ ഏതാനും മണിക്കൂര്‍കൊണ്ട് ഒരാളെ മരണത്തിനു വിധിച്ച ഏക വ്യക്തി പീലാത്തോസ് മാത്രമായിരിക്കും. പീലാത്തോസ് ഈശോയുടെ കുരിശിന്റെ മുകളില്‍ എഴുതിവച്ച ശീര്‍ഷകം തിരുത്തി എഴുതിക്കാന്‍ യഹൂദപ്രമാണികള്‍ ആവുംവിധം പരിശ്രമിച്ചുവെങ്കിലും ഞാനെഴുതിയത് എഴുതി എന്നാണ് അദ്ദേഹം പറഞ്ഞത്. അത്രയും പറയുവാനുള്ള ധൈര്യമെങ്കിലും അദ്ദേഹം കാണിച്ചു. അരിമത്തിയക്കാരന്‍ ജോസഫിന് ഈശോയുടെ ശരീരം കുരിശിന്‍ നിന്നിറക്കാനുള്ള അനുവാദവും കൊടുത്തു.

കാരുണ്യവാനായ ഈശോ അയാളില്‍ ചില നന്മകള്‍ കണ്ടു. മാനുഷികമായ അദ്ദേഹത്തിന്റെ ബലഹീനതയെ അവഗണിച്ച് അദ്ദേഹത്തിന്റെ നല്ല പെരുമാറ്റത്തിന് നല്‍കിയ സമ്മാനമായിരിക്കാം പ്രാര്‍ത്ഥനയില്‍ ഇടം കിട്ടാന്‍ കാരണം. അന്റോണിയ കോട്ടയില്‍ ഇരുന്നുകൊണ്ടാണ് പീലാത്തോസ് ഈശോയെ മരണത്തിനു വിധിച്ചത്. ഇന്നതിന്റെ ഏതാനും ചില അവശിഷ്ടങ്ങള്‍ മാത്രമേ അവിടെയുള്ളൂ.

Wednesday, 5 December 2012

ഈശോയുടെ മധുരമുള്ള തിരുഹൃദയമേ..


നമ്മുടെ ജീവിത വഴികള്‍ക്ക് ദിശാബോധം നല്കുന്ന സ്‌നേഹത്തിന്റെ സമൃദ്ധമായൊരടയാണ് – യേശുവിന്റെ തിരുഹൃദയം. ഈ ഭൂമിയില്‍ ദിവ്യസ്‌നേഹത്തിന്റെ നിര്‍ത്ധരി നിര്‍ഗ്ഗളിക്കുന്നത് കുത്തിത്തുറക്കപ്പെട്ട ക്രിസ്തുവിന്റെ തിരുവിലാവില്‍നിന്നാണ്. അവിടെന്നിന്നാണ് ലോകത്തിന് രക്ഷയും ജീവനും ലഭിച്ചത്. അതുകൊണ്ട് ക്രിസ്തുവിന്റെ തിരുഹൃദയത്തില്‍നിന്ന് നമുക്കെല്ലാറ്റിനും എപ്പോഴും തുടക്കമിടാവുന്നതാണ്.ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ വെറുക്കുകയും, ഭീകരപ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന ഇക്കാലത്ത്, ദൈവം സ്‌നേഹമാണെന്നും മനുഷ്യരെല്ലാം സഹോദരങ്ങളാണെന്നും ഊന്നിപ്പറയാന്‍...യേശുവിന്റെ ദിവ്യഹൃദയം നമ്മോട് ആഹ്വാനംചെയ്യുന്നു. സുഖവാദത്തിന്റെയും അത്യാഗ്രഹത്തിന്റെയും ഉപഭോഗ സംസ്‌കാരത്തിന്റെയും ഇക്കാലഘട്ടത്തില്‍ ദൈവസ്‌നേഹത്തോടുള്ള മനുഷ്യന്റെ പ്രത്യുത്തരമായി പരസ്‌നേഹത്തിനും പങ്കുവയ്ക്കലിനും നവീകൃതമായ ഊര്‍ജ്ജവും സമര്‍പ്പണവും ഉണ്ടാകണമെന്ന് അനുസ്മരിപ്പിക്കുകയാണ് ഈശോയുടെ തിരുഹൃദയം. 

പുതിയ നിയമത്തിന്റെ യഥാര്‍ത്ഥ നവീനത പുതിയ ആശയങ്ങളില്‍ എന്നതിനെക്കാള്‍ ക്രിസ്തുവാകുന്ന വ്യക്തിയിലാണ് അടങ്ങിയിരിക്കുന്നത്. അവിടുന്ന് ആ ആശയങ്ങള്‍ക്ക് മാംസവും രക്തവും നല്കുന്നു. മുന്‍കാലത്ത് ഇല്ലാതിരുന്ന നവമായ യാഥാര്‍ത്ഥ്യമായിരുന്നു അത്. ബൈബിളിലെ പഴയനിയമത്തിന്റെ പ്രത്യേകത അമൂര്‍ത്തമായ ആശയങ്ങളില്‍ മാത്രമല്ല, പിന്നെയോ മുന്‍കൂട്ടി പറയാനാവാത്ത, ഒരര്‍ത്ഥത്തില്‍ അഭൂതപൂര്‍വ്വകമായ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളിലും അതുമായി ബന്ധപ്പെട്ട സംഭവങ്ങളിലുമാണ് അടങ്ങിയിരിക്കുന്നത്. പുതിയ നിയമത്തില്‍  
യേശു ക്രിസ്തുവില്‍ ദൈവികപദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ഒരു നാടകീയരൂപം സ്വീകരിക്കുകയും ചെയ്യുന്നു.. ദൈവം തന്നെയാണ് യേശുവിന്റെ വ്യക്തിത്വത്തില്‍ വഴിതെറ്റിപ്പോയ ആടുകളുടെ ഇടയനാകുകയും, നഷ്ടപ്പെട്ടതിനെ തേടിപ്പുറപ്പെടുകുയും ചെയ്യുന്നത്. ദൈവിക പ്രവര്‍ത്തനം ഇങ്ങനെ നാടകീയമാകുന്നു. തന്റെ ഉപമകളില്‍ നഷ്ടപ്പെട്ട ആടിന്റെ പിറകേ പോകുന്ന ഇടയന്റെയും, നഷ്ടപ്പെട്ട നാണയം അന്വേഷിക്കുന്ന സ്ത്രീയുടെയും, ധൂര്‍ത്തപുത്രനെ കണ്ടുമുട്ടി ആശ്ലേഷിക്കുന്ന പിതാവിന്റെയും ഉപമകളില്‍ ക്രിസ്തു സംസാരിക്കുമ്പോള്‍, ആ വാക്കുകള്‍ വെറും വാക്കുകളല്ല, അവ അവിടുത്തെ അസ്തിത്വത്തിന്റെയും ദൈവിക പദ്ധതിയുടെയും വിശദീകരണമാണ്. മനുഷ്യനെ ഉയര്‍ത്താനും രക്ഷിക്കാനുംവേണ്ടി തന്നെത്തന്നെ കുരിശ്ശില്‍ അര്‍പ്പിച്ച യാഗത്തിന്റെ പ്രതിരൂപം ഈ ഉപമകളില്‍ നമുക്കു കാണാം.. ഇത് ചരിത്രത്തില്‍ ഏറ്റവും മൗലികവും വിപ്ലവകരവുമായ സ്‌നേഹത്തിന്റെ പ്രകടനമായി മാറുന്നു. 

'അവര്‍ യേശുവിനെ സമീപിച്ചപ്പ!ള്‍ അവിടുന്ന് മരിച്ചു കഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍, പടയാളികളില്‍ ഒരുവന്‍ കുന്തംകൊണ്ട് അവന്റെ പാര്‍ശ്വത്തില്‍ കുത്തി. ഉടനെ രക്തവും വെള്ളവും അവിടെനിന്നു പുറപ്പെട്ടു. അതു കണ്ടയാള്‍തന്നെയാണ് സാക്ഷൃപ്പെടുത്തിയിരിക്കുന്നത്. അയാളുടെ സക്ഷൃം സത്യമാണ്.' യോഹ. 19, 3335. ക്രിസ്തുവിന്റെ കുത്തിമുറിവേല്‍പ്പിക്കപ്പെട്ട വിലാവിനെക്കുറിച്ചു ധ്യാനിക്കുമ്പോള്‍ ദൈവം സ്‌നേഹമാകുന്നു 1 യോഹ. 4, 8 എന്ന ആശയം നമുക്കു മനസ്സിലാകും. അവിടെയാണ് സത്യം ധ്യാനിക്കാന്‍ ഇടയാകുന്നത്. അവിടെനിന്നാണ് ദൈവസ്‌നേഹത്തിനു നാം നല്കുന്ന നിര്‍വചനം തുടങ്ങേണ്ടത്. ഈ ധ്യാനത്തില്‍, മനുഷ്യന്റെ ജീവിതവും സ്‌നേഹവും നീങ്ങേണ്ട പാത ഏതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു..

ജീവിതത്തിന്റെ അനുദിന സംഭവങ്ങളിലും സുഖദുഃഖങ്ങള്‍ ഇടകലര്‍ന്ന ജീവിത സാഹചര്യങ്ങളിലും, സത്യത്തിന്റെയും നന്മയുടെയും ഒരു കേന്ദ്രം മനുഷ്യന് ആവശ്യമാണ്. നാം ഓരോരുത്തരും ജീവിതത്തിന്റെ നിശ്ശബ്ദതയില്‍ നിന്നുകൊണ്ട് നമ്മുടെതന്നെ അനുദിന ജീവിതത്തിന്റെ ഹൃദമിടുപ്പുകള്‍ ശ്രവിക്കുന്നതോടൊപ്പം ലോകത്തിന്റെ ഹൃദയഭാഗത്ത് നമുക്കായ് തുടിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹസ്പന്ദനവും അനുദിനം ശ്രവിക്കുകയും അനുഭവിക്കുകുയും ചെയ്യേണ്ടതാണ്. ഈ പശ്ചാത്തലത്തിലാണ് നാം ആചരിക്കുന്ന തിരൂഹൃദയഭക്തി പ്രസ്‌ക്തമാകുന്നത്. 

ക്രിസ്തുവിനോടുള്ള വ്യക്തിപരമായ സ്‌നേഹത്തിന്റെ പ്രതീകമാണ് തിരുഹൃദയത്തോടുള്ള ഭക്തി, അവിടുത്തെ ദിവ്യസ്‌നേഹത്തോടുള്ള വ്യക്തിപരമായ ഒരു പ്രതികരണമാണത്. വി. യോഹന്നാന്റെ അടിസ്ഥാന ദൈവശാസ്ത്രം ഇതാണ്, 'ദൈവം തന്റെ തിരുക്കുമാരനെ നല്കുമാറ് ഈ ലോകത്തെ അത്രയേറെ സ്‌നേഹിച്ചു' യോഹ. 3, 16. നമ്മോടുള്ള സ്‌നേഹത്തെപ്രതി ക്രിസ്തു തന്നെത്തന്നെ പരിപൂര്‍ണ്ണമായും ആത്മയാഗമായി സമര്‍പ്പിച്ചു. കാല്‍വരിയില്‍ സമര്‍പ്പിക്കപ്പെട്ട അവിടുത്തെ ദിവ്യഹൃദയം ഈ സ്‌നേഹത്തിന്റെ പ്രതീകമാണ്. ആദത്തിന്റെ പാര്‍ശ്വത്തില്‍നിന്നും ഹവ്വായ്ക്ക് രൂപം നല്കിയതുപോലെ കാല്‍വരിയില്‍ കുത്തിത്തുറക്കപ്പെട്ട അവിടുത്തെ പാര്‍ശ്വത്തില്‍നിന്നും ഒലിക്കുന്ന ദിവ്യസ്‌നേഹം മനുഷ്യരക്ഷയുടെ വറ്റാത്ത സ്രോതസ്സായി മാറുന്നു.

'എന്റെ നുകം മധുരവും ഭാരം ലഘുവുമാണ്,' എന്ന് ക്രിസ്തു പറയുമ്പോള്‍,
നുകം എന്തെന്ന് മനസ്സിലാക്കിയിരിക്കണം. നുകം ഒരു കാളയുടെ കഴുത്തില്‍ പൂട്ടുന്ന മരത്തിന്റെ ഉപകരണമാണ്. നുകം ചേരുന്നതല്ലെങ്കില്‍ കാളയ്ക്ക് അത് യാത്രയിലുടനീളം അല്ലെങ്കില്‍ ജോലിചെയ്യുന്ന സമയമൊക്കെയും ദുഃസ്സഹമായിരിക്കും. ക്രിസ്തു നമുക്ക് നല്കുന്ന സാമീപ്യം സാഹോദര്യത്തിന്റെയും സുഹൃദ്ബന്ധത്തിന്റെയുമാണ്. അതൊരിക്കലും നമുക്ക് ഭാരമാകുന്നില്ല, അസ്വസ്തമാകുന്നില്ല. 

ഓര്‍മയില്‍ ജ്വലിച്ചു നില്‍ക്കുന്ന ഇഷ്ടരൂപം തിരുഹൃദയമാണ്. തീരെ ചെറുപ്പത്തില്‍ മമ്മി ചൊല്ലിത്തന്നിരുന്ന ഒരു ഇഷ്ടമന്ത്രമുണ്ട്: ''ഈശോയുടെ മധുരമുള്ള തിരുഹൃദയമേ, നീ എന്റെ സ്‌നേഹമായിരിക്കണമേ.'' മധുര്യമുള്ള ഹൃദയം മുഴുവന്‍ പഞ്ചസാരയാണെന്ന് ഞാനോര്‍ത്തിരുന്നു. തിരുഹൃദയ സ്വരൂപവും അതിമനോഹരം.

ഇത്ര വര്‍ണാഭമായ, ഇത്ര ശേലുള്ള മറ്റൊരു ചിത്രവുമില്ല. ആദ്യവെള്ളിയാഴ്ചകളില്‍ വീട്ടിലെ തിരുഹൃദയപീഠം അലങ്കരിക്കുന്നതില്‍ എന്തൊരു മത്സരമായിരുന്നു. പ്രത്യേകിച്ച് ജൂണ്‍ മാസത്തില്‍. ഞാനും ചേച്ചിമാരും കൈനിറയെ പൂക്കള്‍ കൊണ്ടുവരും. തിരുഹൃദയത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന ചെയ്യും.

പ്രധാന പുഷ്പം വീടിന്റെ പുറത്തുള്ള പേരറിയാത്ത മരത്തിലെ ചുവന്ന, വലിയ കുലകള്‍, കാവടിപോലെ. ഇന്ന് ആ പൂവൊന്നും കാണാനില്ല. ചെറിയ ഒരു ഫ്‌ലവര്‍ വെയ്‌സില്‍ പൂക്കള്‍ കുത്തിനിര്‍ത്തും. ആ പൂക്കളെല്ലാം കൂടി തിരുഹൃദയത്തെ വീണ്ടും ചുവപ്പിക്കും. ചുവപ്പിനിടയില്‍ കുഞ്ഞുങ്ങളായ ഞങ്ങള്‍ എല്ലാവരും കൈകൂപ്പി, കണ്ണടച്ച് തൊഴുതു നില്‍ക്കും. ശബ്ദമുയര്‍ത്തി പാട്ടുപാടി സ്തുതിക്കും. തിരുഹൃദയം എങ്ങനെ ഞങ്ങളുടെ കുഞ്ഞുമനസില്‍ എഴുന്നെള്ളാതിരിക്കും.അതെന്തൊരു അരങ്ങായിരുന്നു. മനസു നിറഞ്ഞു തുളുമ്പുന്ന ഒരുത്സവത്തിന്റെ ലഹരി. ഒപ്പം ഭക്തിസാന്ദ്രവും. എന്നാല്‍ ആ ഹൃദയത്തെക്കുറിച്ച് ഒന്നുംതന്നെ അറിഞ്ഞുകൂടാ. പക്ഷേ വല്ലാത്തൊരാകര്‍ഷണമുണ്ടുതാനും. ആ ഹൃദയവും എന്റെ ഹൃദയവും അഭേദ്യമായി ബന്ധിച്ചിരുന്നു. വീട്ടില്‍ ഒരാളെപ്പോലെയായിരുന്നു തിരുഹൃദയം.


വിശുദ്ധീകരണാതീതമത്രേ ആ സാന്നിധ്യം. വീട്ടില്‍ ഒരു തിരുഹൃദയരൂപമുണ്ടായിരുന്നു. ഞാന്‍ എങ്ങോട്ടു തിരിഞ്ഞാലും അങ്ങോട്ടു നോക്കുന്ന തിരുമുഖം. എപ്പോഴും എന്നെ നോക്കിക്കൊണ്ടിരിക്കും. എന്നെയാണ് നോക്കുന്നതെന്നു നിഗളിച്ചു പറയുമ്പോള്‍ ഇപ്പോള്‍ ഞങ്ങളെയാണ് നോക്കുന്നതെന്ന്‌സ്വപ്നയും സ്മിതയും ഖണ്ഡിച്ചുപറയും. എനിക്കതു സഹിച്ചുകൂടാ. ആ കരുണാകടാക്ഷമുള്ളതുകൊണ്ട് രാത്രിയായാലും അശേഷം ഭയമുണ്ടായിരുന്നില്ല. തിരുമുഖം കാണാതെ എങ്ങോട്ടും കടന്നുപോകാനാവില്ല. ദേവാലയത്തിലുമുണ്ട് തിരുഹൃദയം. കുഞ്ഞുങ്ങള്‍ക്ക് തൊട്ടുമുത്താന്‍ പാകത്തിനാണ് അത് പ്രതിഷ്ഠിച്ചുവച്ചിരിക്കുന്നത്. പള്ളിയില്‍ ചെല്ലുമ്പോള്‍ മറ്റു കുട്ടികളോടൊപ്പം ഞാനും ആ ഹൃദയത്തില്‍ തൊടും. എന്റെ കുഞ്ഞുവിരലുകളില്‍ കുഞ്ഞുസ്പര്‍ശനം ലഭിക്കും.

പൂന്തോട്ടംപോലെയാണ് ആ സന്നിധാനം. എന്തൊരു സ്‌നേഹമാണ് പൊഴിഞ്ഞിരുന്നത്. എന്തു സൗന്ദര്യമാണ് ഒഴുകിയിരുന്നത്. ഒന്നുമറിയില്ലെങ്കിലും നാവിന്‍ തുമ്പില്‍ മധുരമുള്ള തിരുഹൃദയം എന്തൊരു രുചിയായിരുന്നു. എന്റെ ഹൃദയം അവിടെ ഹാര്‍ദമായിരുന്നു. തിരുഹൃദയത്തിന്റെ ശീതകങ്ങള്‍ ചൊല്ലിത്തന്നു പഠിപ്പിച്ചതെന്റെ അമ്മയാണ്. ആരാണ് അമ്മയെ അതിനു ചുമതലപ്പെടുത്തിയതെന്ന് എനിക്കറിയില്ല. ഇന്നെനിക്കു തോന്നുന്നു അതിനുള്ള അര്‍ഹത ഒരമ്മയ്ക്കുണ്ടെന്ന്. അമ്മയ്‌ക്കേ അതിനു കഴിയൂ. കാരണം ഭൂമിയിലെ ഏതൊരമ്മയ്ക്കും തിരുഹൃദയവുമായി അത്ര സാമ്യമുണ്ട്. ഒരമ്മയുടെ കരുതലും കാവലും കരുണയും തിരുഹൃദയത്തിന്റെ നിഴലുതന്നെയാണ്.

ഭാഷകളിലെല്ലാം ആദ്യാക്ഷരമായി വരുന്നത് 'അ' എന്ന അക്ഷരമാണ്. പ്രണവാക്ഷരം തുടങ്ങുന്നത് അ എന്നുച്ചരിച്ച് 'മ'കാരത്തോടുകൂടി അവസാനിക്കുന്നു. തുടക്കവും ഒടുക്കവും അമ്മയിലുണ്ട്. അവള്‍ ആല്‍ഫായും ഒമേഗയുമാണ്. ജനിച്ച കാലം മുതല്‍ കുഞ്ഞിനു കേള്‍ക്കേണ്ടി വരുന്ന ശബ്ദം അമ്മയുടേതാണ്, അമ്മയെപ്പറ്റിയാണ്. ആദ്യ ബീജാങ്കുരത്തില്‍ തന്നെ കുഞ്ഞു പഠിക്കുന്നതും അമ്മയെന്നു വിളിക്കാനാണ്. എല്ലാറ്റിനും ആദ്യം അനുവാദവും ഊര്‍ജ്ജവും അവകാശവും കൊടുക്കുന്ന അമ്മ മണ്ണില്‍നിന്നും അന്യമല്ല. 

സകല ജീവജാലങ്ങളും മണ്ണിലാണ് ഉണ്ടാകുന്നതെങ്കിലും എല്ലാംതന്നെ വിണ്ണിലേക്ക് നോക്കി ജീവിക്കുന്നവയാണ്. അമ്മയുടെ ഒരു കണ്ണ് മടിയിലിരിക്കുന്ന കുഞ്ഞിലും മറ്റോ കണ്ണ് വിണ്ണിലുമാണ് ആയിരിക്കേണ്ടത്. പണ്ടെന്നതുപോലെ വിണ്ണിലിരിക്കുന്ന തിരുഹൃദയത്തെ മക്കള്‍ക്കു ദര്‍ശനീയമാക്കി കൊടുക്കുവാന്‍ അമ്മമാര്‍ക്ക് ചുമതലയുണ്ട്. കൊച്ചുമക്കള്‍ തിരുഹൃദയാനുഭവത്തില്‍ ആഹ്ലാദിക്കട്ടെ...

ഈശോയുടെ തിരുഹൃദയം 12 വാഗ്ദാനങ്ങള്‍ തന്റെ ഭക്തര്‍ക്കുവേണ്ടി വിശുദ്ധ മാര്‍ഗ്ഗരീത്തായോടു പറഞ്ഞിരുന്നു. 

1. അവരുടെ ജീവിതാന്തസ്സിന് ആവശ്യമായ അനുഗ്രഹങ്ങള്‍ ഞാന്‍ നല്‍കും .

2. അവരുടെ കുടുംബങ്ങളില്‍ ഞാന്‍ സമാധാനം പുലര്‍ത്തും . 

3. അവരുടെ ക്ലേശങ്ങളിലെല്ലാം ഞാന്‍ അവരെ ആശ്വസിപ്പിക്കും . 

4. ജീവിതത്തില്‍ വിശിഷ്യ മരണനേരത്തും ഞാന്‍ അവരുടെ ദൃഢമായ അഭയമായിരിക്കും . 

5. അവരുടെ എല്ലാ പരിശ്രമങ്ങളേയും സമൃദ്ധമായി ഞാന്‍ അനുഗ്രഹിക്കും . 

6. പാപികള്‍ എന്റെ ഹൃദയത്തില്‍ കാരുണ്യത്തിന്റെ അതിരറ്റ ഒരു സമുദ്രത്തെ ദര്‍ശിക്കും .

7. മന്ദഭക്തര്‍ തീഷ്ണതയുള്ളവരാകും . 

8. തീഷ്ണതയുള്ള ആത്മാക്കള്‍ അതിവേഗം മഹാപരിപൂര്‍ണ്ണതയിലേക്കു നീങ്ങിക്കൊണ്ടിരിക്കും. 

9. എന്റെ ഹൃദയത്തിന്റെ ഒരു ചിത്രംവച്ചു വണങ്ങുന്ന ഭവനങ്ങളെ ഞാന്‍ ആശീര്‍വദിക്കും . 

10. കഠിനഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള ശക്തി ഞാന്‍ പുരോഹിതര്‍ക്കു നല്കും . 

11. ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ എന്റെ ഹൃദയത്തില്‍ ഉല്ലിഖിതമാകും അവ നീക്കപ്പെടുന്നതല്ല .

12. ഒമ്പതു മാസാദ്യവെള്ളിയാഴ്ച എന്റെ ഹൃദയത്തിന്റെ സ്തുതിക്കായി മുടങ്ങാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ അത്യാവശ്യമായ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല


തിരുഹൃദയ ജപമാല

മിശിഹായുടെ ദിവ്യാത്മാവേ !
എന്നെ ശുദ്ധീകരിക്കണമേ.

മിശിഹായുടെ തിരുശരീരമേ !
എന്നെ രക്ഷിക്കണമേ.

മിശിഹായുടെ തിരുരക്തമേ !
എന്നെ ലഹരി പിടിപ്പിക്കണമേ.

മിശിഹായുടെ തിരുവിലാവിലെ വെള്ളമേ !
എന്നെ കഴുകണമേ.

മിശിഹായുടെ കഷ്ടാനുഭവമേ !
എന്നെ ധൈര്യപ്പെടുത്തണമേ.

നല്ല ഈശോ !
എന്റെ അപേക്ഷ കേള്‍ക്കണമേ.

അങ്ങേ തിരുമുറിവുകളുടെ ഇടയില്‍ 
എന്നെ മറച്ചുകൊള്ളണമേ.

അങ്ങയില്‍നിന്ന് പിരിഞ്ഞുപോകുവാന്‍ 
എന്നെ അനുവദിക്കരുതേ.

ദുഷ്ടശത്രുവില്‍നിന്ന് 
എന്നെ കാത്തുകൊള്ളണമേ.

എന്റെ മരണനേരത്ത് 
എന്നെ അങ്ങേ പക്കലേയ്ക്ക് വിളിക്കണമേ.

അങ്ങേ പരിശുദ്ധന്മാരോടുകൂടെ നിത്യമായി അങ്ങേ സ്തുതിക്കുന്നതിന് 
അങ്ങേ അടുക്കല്‍വരുവാന്‍ എന്നോട് കല്പ്പിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോ,
എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.

ഓരോ ചെറിയ മണിക്ക്

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ !
അങ്ങ് എന്റെ സ്‌നേഹമായിരിക്കണമേ. (10 പ്രാവശ്യം)

ഓരോ ദശകത്തിന്റെയും അവസാനം

മറിയത്തിന്റെ മാധുര്യമുള്ള തിരുഹൃദയമേ !
എന്റെ രക്ഷയായിരിക്കണമേ – ഹൃദയശാന്തതയും …

ഇപ്രകാരം അമ്പതുമണി ജപമാല ചൊല്ലിയിട്ട്
കാഴ്ചവെയ്പ്പ്

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ !
ഞങ്ങളുടെ മേല്‍ അലിവുണ്ടായിരിക്കണമേ.

അമലോത്ഭവമറിയത്തിന്റെ കറയില്ലാത്ത ദിവ്യഹൃദയമേ !
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

തിരുഹൃദയത്തിന്റെ നാഥേ !
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

ഈശോയുടെ തിരുഹൃദയം !
എല്ലായിടത്തും സ്‌നേഹിക്കപ്പെടട്ടെ.

മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ !
മരിക്കുന്നവരുടെമേല്‍ കൃപയായിരിക്കേണമേ.

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22