അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Wednesday 5 December 2012

ഈശോയുടെ മധുരമുള്ള തിരുഹൃദയമേ..


നമ്മുടെ ജീവിത വഴികള്‍ക്ക് ദിശാബോധം നല്കുന്ന സ്‌നേഹത്തിന്റെ സമൃദ്ധമായൊരടയാണ് – യേശുവിന്റെ തിരുഹൃദയം. ഈ ഭൂമിയില്‍ ദിവ്യസ്‌നേഹത്തിന്റെ നിര്‍ത്ധരി നിര്‍ഗ്ഗളിക്കുന്നത് കുത്തിത്തുറക്കപ്പെട്ട ക്രിസ്തുവിന്റെ തിരുവിലാവില്‍നിന്നാണ്. അവിടെന്നിന്നാണ് ലോകത്തിന് രക്ഷയും ജീവനും ലഭിച്ചത്. അതുകൊണ്ട് ക്രിസ്തുവിന്റെ തിരുഹൃദയത്തില്‍നിന്ന് നമുക്കെല്ലാറ്റിനും എപ്പോഴും തുടക്കമിടാവുന്നതാണ്.ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ വെറുക്കുകയും, ഭീകരപ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന ഇക്കാലത്ത്, ദൈവം സ്‌നേഹമാണെന്നും മനുഷ്യരെല്ലാം സഹോദരങ്ങളാണെന്നും ഊന്നിപ്പറയാന്‍...യേശുവിന്റെ ദിവ്യഹൃദയം നമ്മോട് ആഹ്വാനംചെയ്യുന്നു. സുഖവാദത്തിന്റെയും അത്യാഗ്രഹത്തിന്റെയും ഉപഭോഗ സംസ്‌കാരത്തിന്റെയും ഇക്കാലഘട്ടത്തില്‍ ദൈവസ്‌നേഹത്തോടുള്ള മനുഷ്യന്റെ പ്രത്യുത്തരമായി പരസ്‌നേഹത്തിനും പങ്കുവയ്ക്കലിനും നവീകൃതമായ ഊര്‍ജ്ജവും സമര്‍പ്പണവും ഉണ്ടാകണമെന്ന് അനുസ്മരിപ്പിക്കുകയാണ് ഈശോയുടെ തിരുഹൃദയം. 

പുതിയ നിയമത്തിന്റെ യഥാര്‍ത്ഥ നവീനത പുതിയ ആശയങ്ങളില്‍ എന്നതിനെക്കാള്‍ ക്രിസ്തുവാകുന്ന വ്യക്തിയിലാണ് അടങ്ങിയിരിക്കുന്നത്. അവിടുന്ന് ആ ആശയങ്ങള്‍ക്ക് മാംസവും രക്തവും നല്കുന്നു. മുന്‍കാലത്ത് ഇല്ലാതിരുന്ന നവമായ യാഥാര്‍ത്ഥ്യമായിരുന്നു അത്. ബൈബിളിലെ പഴയനിയമത്തിന്റെ പ്രത്യേകത അമൂര്‍ത്തമായ ആശയങ്ങളില്‍ മാത്രമല്ല, പിന്നെയോ മുന്‍കൂട്ടി പറയാനാവാത്ത, ഒരര്‍ത്ഥത്തില്‍ അഭൂതപൂര്‍വ്വകമായ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളിലും അതുമായി ബന്ധപ്പെട്ട സംഭവങ്ങളിലുമാണ് അടങ്ങിയിരിക്കുന്നത്. പുതിയ നിയമത്തില്‍  
യേശു ക്രിസ്തുവില്‍ ദൈവികപദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ഒരു നാടകീയരൂപം സ്വീകരിക്കുകയും ചെയ്യുന്നു.. ദൈവം തന്നെയാണ് യേശുവിന്റെ വ്യക്തിത്വത്തില്‍ വഴിതെറ്റിപ്പോയ ആടുകളുടെ ഇടയനാകുകയും, നഷ്ടപ്പെട്ടതിനെ തേടിപ്പുറപ്പെടുകുയും ചെയ്യുന്നത്. ദൈവിക പ്രവര്‍ത്തനം ഇങ്ങനെ നാടകീയമാകുന്നു. തന്റെ ഉപമകളില്‍ നഷ്ടപ്പെട്ട ആടിന്റെ പിറകേ പോകുന്ന ഇടയന്റെയും, നഷ്ടപ്പെട്ട നാണയം അന്വേഷിക്കുന്ന സ്ത്രീയുടെയും, ധൂര്‍ത്തപുത്രനെ കണ്ടുമുട്ടി ആശ്ലേഷിക്കുന്ന പിതാവിന്റെയും ഉപമകളില്‍ ക്രിസ്തു സംസാരിക്കുമ്പോള്‍, ആ വാക്കുകള്‍ വെറും വാക്കുകളല്ല, അവ അവിടുത്തെ അസ്തിത്വത്തിന്റെയും ദൈവിക പദ്ധതിയുടെയും വിശദീകരണമാണ്. മനുഷ്യനെ ഉയര്‍ത്താനും രക്ഷിക്കാനുംവേണ്ടി തന്നെത്തന്നെ കുരിശ്ശില്‍ അര്‍പ്പിച്ച യാഗത്തിന്റെ പ്രതിരൂപം ഈ ഉപമകളില്‍ നമുക്കു കാണാം.. ഇത് ചരിത്രത്തില്‍ ഏറ്റവും മൗലികവും വിപ്ലവകരവുമായ സ്‌നേഹത്തിന്റെ പ്രകടനമായി മാറുന്നു. 

'അവര്‍ യേശുവിനെ സമീപിച്ചപ്പ!ള്‍ അവിടുന്ന് മരിച്ചു കഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍, പടയാളികളില്‍ ഒരുവന്‍ കുന്തംകൊണ്ട് അവന്റെ പാര്‍ശ്വത്തില്‍ കുത്തി. ഉടനെ രക്തവും വെള്ളവും അവിടെനിന്നു പുറപ്പെട്ടു. അതു കണ്ടയാള്‍തന്നെയാണ് സാക്ഷൃപ്പെടുത്തിയിരിക്കുന്നത്. അയാളുടെ സക്ഷൃം സത്യമാണ്.' യോഹ. 19, 3335. ക്രിസ്തുവിന്റെ കുത്തിമുറിവേല്‍പ്പിക്കപ്പെട്ട വിലാവിനെക്കുറിച്ചു ധ്യാനിക്കുമ്പോള്‍ ദൈവം സ്‌നേഹമാകുന്നു 1 യോഹ. 4, 8 എന്ന ആശയം നമുക്കു മനസ്സിലാകും. അവിടെയാണ് സത്യം ധ്യാനിക്കാന്‍ ഇടയാകുന്നത്. അവിടെനിന്നാണ് ദൈവസ്‌നേഹത്തിനു നാം നല്കുന്ന നിര്‍വചനം തുടങ്ങേണ്ടത്. ഈ ധ്യാനത്തില്‍, മനുഷ്യന്റെ ജീവിതവും സ്‌നേഹവും നീങ്ങേണ്ട പാത ഏതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു..

ജീവിതത്തിന്റെ അനുദിന സംഭവങ്ങളിലും സുഖദുഃഖങ്ങള്‍ ഇടകലര്‍ന്ന ജീവിത സാഹചര്യങ്ങളിലും, സത്യത്തിന്റെയും നന്മയുടെയും ഒരു കേന്ദ്രം മനുഷ്യന് ആവശ്യമാണ്. നാം ഓരോരുത്തരും ജീവിതത്തിന്റെ നിശ്ശബ്ദതയില്‍ നിന്നുകൊണ്ട് നമ്മുടെതന്നെ അനുദിന ജീവിതത്തിന്റെ ഹൃദമിടുപ്പുകള്‍ ശ്രവിക്കുന്നതോടൊപ്പം ലോകത്തിന്റെ ഹൃദയഭാഗത്ത് നമുക്കായ് തുടിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹസ്പന്ദനവും അനുദിനം ശ്രവിക്കുകയും അനുഭവിക്കുകുയും ചെയ്യേണ്ടതാണ്. ഈ പശ്ചാത്തലത്തിലാണ് നാം ആചരിക്കുന്ന തിരൂഹൃദയഭക്തി പ്രസ്‌ക്തമാകുന്നത്. 

ക്രിസ്തുവിനോടുള്ള വ്യക്തിപരമായ സ്‌നേഹത്തിന്റെ പ്രതീകമാണ് തിരുഹൃദയത്തോടുള്ള ഭക്തി, അവിടുത്തെ ദിവ്യസ്‌നേഹത്തോടുള്ള വ്യക്തിപരമായ ഒരു പ്രതികരണമാണത്. വി. യോഹന്നാന്റെ അടിസ്ഥാന ദൈവശാസ്ത്രം ഇതാണ്, 'ദൈവം തന്റെ തിരുക്കുമാരനെ നല്കുമാറ് ഈ ലോകത്തെ അത്രയേറെ സ്‌നേഹിച്ചു' യോഹ. 3, 16. നമ്മോടുള്ള സ്‌നേഹത്തെപ്രതി ക്രിസ്തു തന്നെത്തന്നെ പരിപൂര്‍ണ്ണമായും ആത്മയാഗമായി സമര്‍പ്പിച്ചു. കാല്‍വരിയില്‍ സമര്‍പ്പിക്കപ്പെട്ട അവിടുത്തെ ദിവ്യഹൃദയം ഈ സ്‌നേഹത്തിന്റെ പ്രതീകമാണ്. ആദത്തിന്റെ പാര്‍ശ്വത്തില്‍നിന്നും ഹവ്വായ്ക്ക് രൂപം നല്കിയതുപോലെ കാല്‍വരിയില്‍ കുത്തിത്തുറക്കപ്പെട്ട അവിടുത്തെ പാര്‍ശ്വത്തില്‍നിന്നും ഒലിക്കുന്ന ദിവ്യസ്‌നേഹം മനുഷ്യരക്ഷയുടെ വറ്റാത്ത സ്രോതസ്സായി മാറുന്നു.

'എന്റെ നുകം മധുരവും ഭാരം ലഘുവുമാണ്,' എന്ന് ക്രിസ്തു പറയുമ്പോള്‍,
നുകം എന്തെന്ന് മനസ്സിലാക്കിയിരിക്കണം. നുകം ഒരു കാളയുടെ കഴുത്തില്‍ പൂട്ടുന്ന മരത്തിന്റെ ഉപകരണമാണ്. നുകം ചേരുന്നതല്ലെങ്കില്‍ കാളയ്ക്ക് അത് യാത്രയിലുടനീളം അല്ലെങ്കില്‍ ജോലിചെയ്യുന്ന സമയമൊക്കെയും ദുഃസ്സഹമായിരിക്കും. ക്രിസ്തു നമുക്ക് നല്കുന്ന സാമീപ്യം സാഹോദര്യത്തിന്റെയും സുഹൃദ്ബന്ധത്തിന്റെയുമാണ്. അതൊരിക്കലും നമുക്ക് ഭാരമാകുന്നില്ല, അസ്വസ്തമാകുന്നില്ല. 

ഓര്‍മയില്‍ ജ്വലിച്ചു നില്‍ക്കുന്ന ഇഷ്ടരൂപം തിരുഹൃദയമാണ്. തീരെ ചെറുപ്പത്തില്‍ മമ്മി ചൊല്ലിത്തന്നിരുന്ന ഒരു ഇഷ്ടമന്ത്രമുണ്ട്: ''ഈശോയുടെ മധുരമുള്ള തിരുഹൃദയമേ, നീ എന്റെ സ്‌നേഹമായിരിക്കണമേ.'' മധുര്യമുള്ള ഹൃദയം മുഴുവന്‍ പഞ്ചസാരയാണെന്ന് ഞാനോര്‍ത്തിരുന്നു. തിരുഹൃദയ സ്വരൂപവും അതിമനോഹരം.

ഇത്ര വര്‍ണാഭമായ, ഇത്ര ശേലുള്ള മറ്റൊരു ചിത്രവുമില്ല. ആദ്യവെള്ളിയാഴ്ചകളില്‍ വീട്ടിലെ തിരുഹൃദയപീഠം അലങ്കരിക്കുന്നതില്‍ എന്തൊരു മത്സരമായിരുന്നു. പ്രത്യേകിച്ച് ജൂണ്‍ മാസത്തില്‍. ഞാനും ചേച്ചിമാരും കൈനിറയെ പൂക്കള്‍ കൊണ്ടുവരും. തിരുഹൃദയത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന ചെയ്യും.

പ്രധാന പുഷ്പം വീടിന്റെ പുറത്തുള്ള പേരറിയാത്ത മരത്തിലെ ചുവന്ന, വലിയ കുലകള്‍, കാവടിപോലെ. ഇന്ന് ആ പൂവൊന്നും കാണാനില്ല. ചെറിയ ഒരു ഫ്‌ലവര്‍ വെയ്‌സില്‍ പൂക്കള്‍ കുത്തിനിര്‍ത്തും. ആ പൂക്കളെല്ലാം കൂടി തിരുഹൃദയത്തെ വീണ്ടും ചുവപ്പിക്കും. ചുവപ്പിനിടയില്‍ കുഞ്ഞുങ്ങളായ ഞങ്ങള്‍ എല്ലാവരും കൈകൂപ്പി, കണ്ണടച്ച് തൊഴുതു നില്‍ക്കും. ശബ്ദമുയര്‍ത്തി പാട്ടുപാടി സ്തുതിക്കും. തിരുഹൃദയം എങ്ങനെ ഞങ്ങളുടെ കുഞ്ഞുമനസില്‍ എഴുന്നെള്ളാതിരിക്കും.അതെന്തൊരു അരങ്ങായിരുന്നു. മനസു നിറഞ്ഞു തുളുമ്പുന്ന ഒരുത്സവത്തിന്റെ ലഹരി. ഒപ്പം ഭക്തിസാന്ദ്രവും. എന്നാല്‍ ആ ഹൃദയത്തെക്കുറിച്ച് ഒന്നുംതന്നെ അറിഞ്ഞുകൂടാ. പക്ഷേ വല്ലാത്തൊരാകര്‍ഷണമുണ്ടുതാനും. ആ ഹൃദയവും എന്റെ ഹൃദയവും അഭേദ്യമായി ബന്ധിച്ചിരുന്നു. വീട്ടില്‍ ഒരാളെപ്പോലെയായിരുന്നു തിരുഹൃദയം.


വിശുദ്ധീകരണാതീതമത്രേ ആ സാന്നിധ്യം. വീട്ടില്‍ ഒരു തിരുഹൃദയരൂപമുണ്ടായിരുന്നു. ഞാന്‍ എങ്ങോട്ടു തിരിഞ്ഞാലും അങ്ങോട്ടു നോക്കുന്ന തിരുമുഖം. എപ്പോഴും എന്നെ നോക്കിക്കൊണ്ടിരിക്കും. എന്നെയാണ് നോക്കുന്നതെന്നു നിഗളിച്ചു പറയുമ്പോള്‍ ഇപ്പോള്‍ ഞങ്ങളെയാണ് നോക്കുന്നതെന്ന്‌സ്വപ്നയും സ്മിതയും ഖണ്ഡിച്ചുപറയും. എനിക്കതു സഹിച്ചുകൂടാ. ആ കരുണാകടാക്ഷമുള്ളതുകൊണ്ട് രാത്രിയായാലും അശേഷം ഭയമുണ്ടായിരുന്നില്ല. തിരുമുഖം കാണാതെ എങ്ങോട്ടും കടന്നുപോകാനാവില്ല. ദേവാലയത്തിലുമുണ്ട് തിരുഹൃദയം. കുഞ്ഞുങ്ങള്‍ക്ക് തൊട്ടുമുത്താന്‍ പാകത്തിനാണ് അത് പ്രതിഷ്ഠിച്ചുവച്ചിരിക്കുന്നത്. പള്ളിയില്‍ ചെല്ലുമ്പോള്‍ മറ്റു കുട്ടികളോടൊപ്പം ഞാനും ആ ഹൃദയത്തില്‍ തൊടും. എന്റെ കുഞ്ഞുവിരലുകളില്‍ കുഞ്ഞുസ്പര്‍ശനം ലഭിക്കും.

പൂന്തോട്ടംപോലെയാണ് ആ സന്നിധാനം. എന്തൊരു സ്‌നേഹമാണ് പൊഴിഞ്ഞിരുന്നത്. എന്തു സൗന്ദര്യമാണ് ഒഴുകിയിരുന്നത്. ഒന്നുമറിയില്ലെങ്കിലും നാവിന്‍ തുമ്പില്‍ മധുരമുള്ള തിരുഹൃദയം എന്തൊരു രുചിയായിരുന്നു. എന്റെ ഹൃദയം അവിടെ ഹാര്‍ദമായിരുന്നു. തിരുഹൃദയത്തിന്റെ ശീതകങ്ങള്‍ ചൊല്ലിത്തന്നു പഠിപ്പിച്ചതെന്റെ അമ്മയാണ്. ആരാണ് അമ്മയെ അതിനു ചുമതലപ്പെടുത്തിയതെന്ന് എനിക്കറിയില്ല. ഇന്നെനിക്കു തോന്നുന്നു അതിനുള്ള അര്‍ഹത ഒരമ്മയ്ക്കുണ്ടെന്ന്. അമ്മയ്‌ക്കേ അതിനു കഴിയൂ. കാരണം ഭൂമിയിലെ ഏതൊരമ്മയ്ക്കും തിരുഹൃദയവുമായി അത്ര സാമ്യമുണ്ട്. ഒരമ്മയുടെ കരുതലും കാവലും കരുണയും തിരുഹൃദയത്തിന്റെ നിഴലുതന്നെയാണ്.

ഭാഷകളിലെല്ലാം ആദ്യാക്ഷരമായി വരുന്നത് 'അ' എന്ന അക്ഷരമാണ്. പ്രണവാക്ഷരം തുടങ്ങുന്നത് അ എന്നുച്ചരിച്ച് 'മ'കാരത്തോടുകൂടി അവസാനിക്കുന്നു. തുടക്കവും ഒടുക്കവും അമ്മയിലുണ്ട്. അവള്‍ ആല്‍ഫായും ഒമേഗയുമാണ്. ജനിച്ച കാലം മുതല്‍ കുഞ്ഞിനു കേള്‍ക്കേണ്ടി വരുന്ന ശബ്ദം അമ്മയുടേതാണ്, അമ്മയെപ്പറ്റിയാണ്. ആദ്യ ബീജാങ്കുരത്തില്‍ തന്നെ കുഞ്ഞു പഠിക്കുന്നതും അമ്മയെന്നു വിളിക്കാനാണ്. എല്ലാറ്റിനും ആദ്യം അനുവാദവും ഊര്‍ജ്ജവും അവകാശവും കൊടുക്കുന്ന അമ്മ മണ്ണില്‍നിന്നും അന്യമല്ല. 

സകല ജീവജാലങ്ങളും മണ്ണിലാണ് ഉണ്ടാകുന്നതെങ്കിലും എല്ലാംതന്നെ വിണ്ണിലേക്ക് നോക്കി ജീവിക്കുന്നവയാണ്. അമ്മയുടെ ഒരു കണ്ണ് മടിയിലിരിക്കുന്ന കുഞ്ഞിലും മറ്റോ കണ്ണ് വിണ്ണിലുമാണ് ആയിരിക്കേണ്ടത്. പണ്ടെന്നതുപോലെ വിണ്ണിലിരിക്കുന്ന തിരുഹൃദയത്തെ മക്കള്‍ക്കു ദര്‍ശനീയമാക്കി കൊടുക്കുവാന്‍ അമ്മമാര്‍ക്ക് ചുമതലയുണ്ട്. കൊച്ചുമക്കള്‍ തിരുഹൃദയാനുഭവത്തില്‍ ആഹ്ലാദിക്കട്ടെ...

ഈശോയുടെ തിരുഹൃദയം 12 വാഗ്ദാനങ്ങള്‍ തന്റെ ഭക്തര്‍ക്കുവേണ്ടി വിശുദ്ധ മാര്‍ഗ്ഗരീത്തായോടു പറഞ്ഞിരുന്നു. 

1. അവരുടെ ജീവിതാന്തസ്സിന് ആവശ്യമായ അനുഗ്രഹങ്ങള്‍ ഞാന്‍ നല്‍കും .

2. അവരുടെ കുടുംബങ്ങളില്‍ ഞാന്‍ സമാധാനം പുലര്‍ത്തും . 

3. അവരുടെ ക്ലേശങ്ങളിലെല്ലാം ഞാന്‍ അവരെ ആശ്വസിപ്പിക്കും . 

4. ജീവിതത്തില്‍ വിശിഷ്യ മരണനേരത്തും ഞാന്‍ അവരുടെ ദൃഢമായ അഭയമായിരിക്കും . 

5. അവരുടെ എല്ലാ പരിശ്രമങ്ങളേയും സമൃദ്ധമായി ഞാന്‍ അനുഗ്രഹിക്കും . 

6. പാപികള്‍ എന്റെ ഹൃദയത്തില്‍ കാരുണ്യത്തിന്റെ അതിരറ്റ ഒരു സമുദ്രത്തെ ദര്‍ശിക്കും .

7. മന്ദഭക്തര്‍ തീഷ്ണതയുള്ളവരാകും . 

8. തീഷ്ണതയുള്ള ആത്മാക്കള്‍ അതിവേഗം മഹാപരിപൂര്‍ണ്ണതയിലേക്കു നീങ്ങിക്കൊണ്ടിരിക്കും. 

9. എന്റെ ഹൃദയത്തിന്റെ ഒരു ചിത്രംവച്ചു വണങ്ങുന്ന ഭവനങ്ങളെ ഞാന്‍ ആശീര്‍വദിക്കും . 

10. കഠിനഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള ശക്തി ഞാന്‍ പുരോഹിതര്‍ക്കു നല്കും . 

11. ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ എന്റെ ഹൃദയത്തില്‍ ഉല്ലിഖിതമാകും അവ നീക്കപ്പെടുന്നതല്ല .

12. ഒമ്പതു മാസാദ്യവെള്ളിയാഴ്ച എന്റെ ഹൃദയത്തിന്റെ സ്തുതിക്കായി മുടങ്ങാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ അത്യാവശ്യമായ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല


തിരുഹൃദയ ജപമാല

മിശിഹായുടെ ദിവ്യാത്മാവേ !
എന്നെ ശുദ്ധീകരിക്കണമേ.

മിശിഹായുടെ തിരുശരീരമേ !
എന്നെ രക്ഷിക്കണമേ.

മിശിഹായുടെ തിരുരക്തമേ !
എന്നെ ലഹരി പിടിപ്പിക്കണമേ.

മിശിഹായുടെ തിരുവിലാവിലെ വെള്ളമേ !
എന്നെ കഴുകണമേ.

മിശിഹായുടെ കഷ്ടാനുഭവമേ !
എന്നെ ധൈര്യപ്പെടുത്തണമേ.

നല്ല ഈശോ !
എന്റെ അപേക്ഷ കേള്‍ക്കണമേ.

അങ്ങേ തിരുമുറിവുകളുടെ ഇടയില്‍ 
എന്നെ മറച്ചുകൊള്ളണമേ.

അങ്ങയില്‍നിന്ന് പിരിഞ്ഞുപോകുവാന്‍ 
എന്നെ അനുവദിക്കരുതേ.

ദുഷ്ടശത്രുവില്‍നിന്ന് 
എന്നെ കാത്തുകൊള്ളണമേ.

എന്റെ മരണനേരത്ത് 
എന്നെ അങ്ങേ പക്കലേയ്ക്ക് വിളിക്കണമേ.

അങ്ങേ പരിശുദ്ധന്മാരോടുകൂടെ നിത്യമായി അങ്ങേ സ്തുതിക്കുന്നതിന് 
അങ്ങേ അടുക്കല്‍വരുവാന്‍ എന്നോട് കല്പ്പിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോ,
എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.

ഓരോ ചെറിയ മണിക്ക്

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ !
അങ്ങ് എന്റെ സ്‌നേഹമായിരിക്കണമേ. (10 പ്രാവശ്യം)

ഓരോ ദശകത്തിന്റെയും അവസാനം

മറിയത്തിന്റെ മാധുര്യമുള്ള തിരുഹൃദയമേ !
എന്റെ രക്ഷയായിരിക്കണമേ – ഹൃദയശാന്തതയും …

ഇപ്രകാരം അമ്പതുമണി ജപമാല ചൊല്ലിയിട്ട്
കാഴ്ചവെയ്പ്പ്

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ !
ഞങ്ങളുടെ മേല്‍ അലിവുണ്ടായിരിക്കണമേ.

അമലോത്ഭവമറിയത്തിന്റെ കറയില്ലാത്ത ദിവ്യഹൃദയമേ !
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

തിരുഹൃദയത്തിന്റെ നാഥേ !
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

ഈശോയുടെ തിരുഹൃദയം !
എല്ലായിടത്തും സ്‌നേഹിക്കപ്പെടട്ടെ.

മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ !
മരിക്കുന്നവരുടെമേല്‍ കൃപയായിരിക്കേണമേ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22