അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Friday, 30 November 2012

ഉണ്ണിശോയുടെ വരവിന് ഒരുക്കമായുള്ള പ്രാര്‍ത്ഥന




ആദിമാതാപിതാക്കന്മാരുടെ സന്തതികളില്‍ നിന്നും ജനിച്ച സകലരിലും വച്ച് ദൈവപുത്രന് മാതാവായി തിരെഞ്ഞെടുക്കുപ്പെടുകയും  അതിനുവേണ്ടി സകല വരപ്രസാദങ്ങളും  സമ്പൂര്‍ണ്ണമായി പ്രാപിക്കുകയും പ്രാപിച്ച വരപ്രസാദങ്ങളാലും ചെയ്ത സുകൃതത്താലും അലംകൃതമായി സര്‍വേശ്വരനെ അങ്ങേ തിരുവുദരത്തില്‍ ബഹുസന്തോഷത്തോടെ കൈകൊള്ളുകയും ചെയ്ത മാതാവേ അങ്ങേ തിരുകുമാരന്‍ പിറപ്പാനിരിക്കുന്ന ദിവസം സമീപിച്ചിരിക്കുന്നു എന്നറിഞ്ഞ് തനിക്ക് ശുശ്രുഷ ചൈയ്യുവാന്‍ അങ്ങ് എത്രയോ ആഗ്രഹിച്ചിരുന്നു.എന്റെ ആശ്രയമായ മാതാവേ ഞാനും ഈ വിധം ആഗ്രഹിച്ചുകൊണ്ട് ഈ തിരുനാളില്‍ ലോക രക്ഷകനായ അങ്ങേ തിരുകുമാരനെ എന്റെ ഹൃദയത്തില്‍ വേണ്ടവിധം കൈകൊള്ളുന്നതിനും എന്റെ മരണപര്യന്തം തനിക്ക് വിശ്വാസമുള്ള ശുശ്രുഷ ചെയ്യുന്നതിനും വേണ്ട ദൈവാനുഗ്രഹം ലഭിക്കുന്നതിനായി അല്പമായ ഈ ജപത്തെ അങ്ങേ തൃപ്പാദത്തിങ്കല്‍ സമര്‍പ്പിക്കുന്നു.

1.പരിശുദ്ധ ദൈവമാതാവേ അങ്ങേ തിരുകുമാരനു മാതാവായി തെരഞ്ഞെടുക്കപ്പെട്ട സമയം ആശീര്‍വദിക്കപ്പെട്ടതാകട്ടെയെന്നു സകലരും കര്‍ത്താവിനു സ്തോത്രം ചൈയ്യുമാറാകട്ടെ .( 1സ്വ.10 നന്മ. 1ത്രിത്വ )

2.പരിശുദ്ധ ദൈവമാതാവേ  അങ്ങേ തിരുകുമാരനെ പ്രസവിച്ച ക്ഷണം ആശീര്‍വദിക്കപ്പെട്ടതാകട്ടെയെന്നു സകലരും കര്‍ത്താവിനു സ്തോത്രം ചെയ്യുമാറാകട്ടെ.(1സ്വ.10നന്മ.1 ത്രിത്വ )

3.പരിശുദ്ധ ദൈവമാതാവേ  അങ്ങേ തിരുകുമാരനെ ആദ്യമായി തൊട്ടു തലോടിയ ക്ഷണം  ആശീര്‍വദിക്കപ്പെട്ടതാകട്ടെയെന്നു സകലരും കര്‍ത്താവിനു സ്തോത്രം ചെയ്യുമാറാകട്ടെ (1സ്വ.10നന്മ.1ത്രിത്വ )
4.പരിശുദ്ധ ദൈവമാതാവേ  അങ്ങേ തിരുകുമാരനു ആദ്യമായി പാലുകൊടുത്ത ക്ഷണം ആശീര്‍വദിക്കപ്പെട്ടതാകട്ടെയെന്നു സകലരും കര്‍ത്താവിനു സ്തോത്രം ചെയ്യുമാറാകട്ടെ .(1 സ്വ.10നന്മ.1 ത്രിത്വ )

                                  കാഴ്ച വയ്ക്കുന്ന ജപം 

പരിശുദ്ധ ദൈവമാതാവേ ഈ ആഗമന കാലത്തില്‍ ഞാന്‍ ജപിച്ച ആയിരം നന്മനിറഞ്ഞ മറിയം എന്ന ഈ ജപത്തെ കൈകൊണ്ട്  അങ്ങേ തിരുകുമാരനു  ഒരു മുടി തീര്‍ത്തു ചൂടണമെന്നു അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു. ഞാന്‍ സമര്‍പ്പിക്കുന്ന ഈ കാഴ്ച എത്ര നിസ്സാരമായിരുന്നാലും അത് അങ്ങേ തൃക്കൈയ്യില്‍ നിന്നും  വരുന്നതിനാല്‍  വിലപിടിച്ചതും  അങ്ങേ തിരുകുമാരനു പ്രിയമുള്ളതായിരിക്കുമെന്നും നിശ്ചയമായി ശരണപ്പെടുന്നു 
ആകയാല്‍ ദിവ്യ ഉണ്ണിയെ ഈ തിരുമുടി ചൂടിക്കുമ്പോള്‍ ആ ഉണ്ണിയില്‍ നിന്നും  എനിക്കൊരു അനുഗ്രഹം പ്രാപിച്ചു തരണമേ. അതായത് ഇനി ഞാന്‍ ഒരു ചാവുദോഷം ചെയ്തുകൊണ്ട്  ആ ഉണ്ണിയെ സങ്കടപ്പെടുത്തുന്നതിനു മുന്‍പായി,മരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു തരണമേ ആമ്മേന്‍.

നവംബര്‍ 30- നു ഈ പ്രാര്‍ത്ഥന ചൊല്ലി തുടങ്ങുക. കാഴ്ച  വയ്ക്കുന്ന ജപം അവസാനദിവസം ചൊല്ലുക. ( ഡിസംബര്‍ 24 -നു രാത്രിയില്‍ )

Wednesday, 21 November 2012

ബൈബിള്‍ സത്യമോ അതോ മിഥ്യയോ


1. ഇസ്രായേലിന്‍റെ തകര്‍ച്ചയും അവരുടെ പുനരുദ്ധാരണവും സൂചിപ്പിക്കുന്ന പ്രവചനങ്ങള്‍ മുഴുവന്‍ എഴുതുവാന്‍ ഈ ഒരു ലേഖനം മതിയാവില്ല. ഏശയ്യായുടെയും ജറെമിയായുടെയും അടക്ക
മുള്ള വലുതും ചെറുതുമായ എല്ലാ പ്രവചനഗ്രന്ഥങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതാണ് ഇവ! എങ്കിലും ഒരു പ്രവചനം അനുസ്മരിക്കേണ്ടത് അനിവാര്യമാണ്. ആ പ്രവചനം ഇങ്ങനെ: "ഞാന്‍ അവരെ പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും തകിടംമറിക്കാനും ശ്രദ്ധിച്ചതുപോലെ അവരെ പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും ശ്രദ്ധിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു"(ജറെ:31;28). ഇസ്രായേലിനെ പുനരുദ്ധരിക്കാന്‍ ആരംഭിച്ചാല്‍ പിന്നീട് അവരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു കര്‍ത്താവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതു സ്ഥിരീകരിക്കുന്ന അനേകം വചനങ്ങളിലൊന്ന് നോക്കുക: "പകല്‍ പ്രകാശിക്കാന്‍ സൂര്യനെയും രാത്രിയില്‍ പ്രകാശിക്കാന്‍ ചന്ദ്രതാരങ്ങളെയും നല്‍കുന്ന, കടലിനെ ഇളക്കി അലകളെ അലറിക്കുന്ന, സൈന്യങ്ങളുടെ കര്‍ത്താവ് എന്ന നാമം ധരിക്കുന്ന, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ നിശ്ചിതസംവീധാനത്തിന് എന്‍റെ മുമ്പില്‍ ഇളക്കം വന്നാല്‍ മാത്രമേ ഇസ്രായേല്‍സന്തതി ഒരു ജനതയെന്നനിലയില്‍ എന്‍റെ മുമ്പില്‍നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു"(ജറെ:31;35,36).

2.ഉപ്പുനിലങ്ങളിലെ ഉപ്പുവെള്ളം ഊറ്റിക്കളയുകയും മരുഭൂമിയില്‍ വെള്ളമൊഴിക്കുകയും ചെയ്ത് യഹൂദര്‍ അവിടെ കൃഷിയാരംഭിച്ചു. മരുഭൂമിയും ചതുപ്പുനിലങ്ങളും യഹൂദര്‍ വാങ്ങിക്കൂട്ടി. 130 വര്‍ഷംമുമ്പ് 20 മില്യന്‍ അമേരിക്കന്‍ ഡോളറിന് എന്തു മൂല്യമുണ്ടായിരുന്നെന്ന് ചിന്തിച്ചാല്‍, അവര്‍ നല്‍കിയത് 'പൊന്നുവില' ആണെന്നു മനസ്സിലാകും! 850 ലക്ഷം മരങ്ങളാണ് അക്കാലത്ത് യഹൂദര്‍ അവിടെ വച്ചുപിടിപ്പിച്ചത്. യഹൂദര്‍ അവിടെനിന്ന് പുറത്താക്കപ്പെടുമ്പോള്‍ ആ നാട് എത്ര സമൃദ്ധമായിരുന്നുവെന്ന് ബൈബിളില്‍ തെളിവുകളുണ്ട്. കാനാന്‍ദേശം ഒറ്റുനോക്കാന്‍ മോശ അയച്ച ചാരന്മാര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: "നീ പറഞ്ഞയച്ച ദേശത്തു ഞങ്ങള്‍ ചെന്നു. പാലും തേനും ഒഴുകുന്നതാണ് അത്. ഇതാ അവിടുത്തെ പഴങ്ങള്‍ "(സംഖ്യ:13;27). ഒരു മുന്തിരിക്കുല രണ്ടുപേര്‍ ചേര്‍ന്ന് ചുമന്നുകൊണ്ടാണ് അവര്‍ മടങ്ങിവന്നത്. ഇത്രമാത്രം ഫലപുഷ്ടിയുള്ള മണ്ണായിരുന്നു യാക്കോബിന്‍റെ സന്തതികള്‍ക്ക് കര്‍ത്താവു നല്‍കിയത്. എന്നാല്‍, ഈ ജനത പുറന്തള്ളപ്പെട്ടതിനുശേഷം ആ ഭൂമി ഇരുമ്പുപോലെയായത് എങ്ങനെയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു!

3.1948 മെയ് 14 ന്, പതിമൂന്നിനെതിരെ മുപ്പത്തിമൂന്ന് വോട്ടുകളോടെ ഇസ്രായേലിനു രാജ്യം നല്‍കാന്‍ യു.എന്നില്‍ പ്രമേയം പാസ്സായി. ബൈബിളിലെ ഒരു പ്രവചനത്തെ പൂര്‍ത്തിയാക്കിക്കൊണ്ട് ഒരു രാജ്യം പിറന്നുവീണു! എന്തായിരുന്നു ആ പ്രവചനമെന്നു നോക്കുക: "ആരെങ്കിലും ഇങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത രൂപംകൊള്ളുമോ? പ്രസവവേദന തുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്, പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്മം നല്‍ കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ?"(ഏശയ്യാ:66;8,9).

4.സ്വന്തഭാഷപോലും നശിച്ചുപോയ യഹൂദരെനോക്കി ഈ ഭാഷ ഇനി മടങ്ങിവരില്ലെന്ന് ലോകം വിധിയെഴുതിയെങ്കില്‍, ഇന്ന് ഇസ്രായേലില്‍ ഹെബ്രായഭാഷ അല്ലാതെ മറ്റൊരു ഭാഷയുമില്ല! സ്വന്തംഭാഷ ഇനി തിരിച്ചുവരില്ലെന്ന് 'ബ്രിട്ടാനിക്കാ എന്‍സൈക്ലോപീഡിയ' യും ലോകത്തിലെ പണ്ഡിതന്മാരും വിധിയെഴിതിയാലും കര്‍ത്താവിന്‍റെ വചനത്തിനു മാറ്റമുണ്ടാകില്ല. പ്രവചനം നോക്കുക: "അന്നു കാനാന്‍ഭാഷ സംസാരിക്കുന്നതും സൈന്യങ്ങളുടെ കര്‍ത്താവിനോടു കൂറു പ്രഖ്യാപിക്കുന്നതുമായ അഞ്ചു പട്ടണങ്ങള്‍ ഈജിപ്തിലുണ്ടായിരിക്കും"(ഏശ:19;18). പണ്ഡിതന്മാരുടെ പാണ്ഡിത്യത്തെ പരിഹസിക്കുന്നതാണ് പ്രവചനങ്ങളുടെ നിറവേറല്‍!

ചുറ്റുമുള്ള 22 ഇസ്ലാമികരാജ്യങ്ങള്‍ പലവിധത്തില്‍ ഇസ്രായേലിനെതിരെ പോരാടി. ഈ രാജ്യങ്ങളെല്ലാം ഇന്ന് പരസ്പരം കൊന്നൊടുക്കുന്നവിധം ആഭ്യന്തിര കലാപങ്ങളിലാണ്! ഇസ്രായേലിനെതിരെ പോരിനി ദൈവം നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിന്നെ പീഡിപ്പിച്ചവനും നിന്‍റെ വീഴ്ചയില്‍ സന്തോഷിച്ചവനും ദുരിതമനുഭവിക്കും. നിന്‍റെ മക്കളെ അടിമകളാക്കിയ പട്ടണങ്ങള്‍ ദുരിതമനുഭവിക്കും. നിന്‍റെ പുത്രന്മാരെ വാങ്ങിയ നഗരവും. നിന്‍റെ പതനത്തില്‍ സന്തോഷിക്കുകയും നിന്‍റെ നാശത്തില്‍ ആഹ്ലാദിക്കുകയും ചെയ്തതുപോലെ അവള്‍ സ്വന്തം നാശത്തില്‍ ദുഃഖിക്കും. ജനത്തിന്‍റെ ബാഹുല്യത്തില്‍ അവള്‍ക്കുള്ള അഹങ്കാരം ഞാന്‍ ഇല്ലാതാക്കും "(ബാറുക്ക്:4;31-34).


Prayer for the Gift of a Child



This is a daily prayer is for all married couples who long for a child. Husband and wife may hold hands while reciting this prayer.
God of Abraham, Isaac, Jacob; God who created the universe and sustains it every money, we praise you, we thank you and we glorify you.
Lord, you who gave a child to Abraham, we thank you, we praise you. Seeing the tears of Hanna, Lord you gave her a child. Elizabeth who was barren in her old age, you blessed her with a child.
You who are the giver of all perfect gifts, we ask you to bless us with wonderful children, who will be your chosen instruments to spread your love. The days/months/years of our sorrow and pain for not having a child, we surrender it to you.
We forgive every person who has insulted us or made fun of us because we were not blessed with a child. Jesus, our Lord and Master, bless whose who have hurt us. Fill them with your Holy Spirit.
Lord, whatever be the obstacle to have a child, let it be taken away from us right now with the power of Your precious blood and precious name.
Praise You Jesus. Thank You Jesus. Amen

Tuesday, 20 November 2012

ഉത്ഥിതന്‍ നല്‍ക്കുന്ന മാറ്റങ്ങള്‍



യേശുക്രിസ്തുവിനോടൊപ്പം മരിച്ചവര്‍ അവനോടുകൂടി ഉയിര്‍ക്കുമെന്ന് റോമാ 6:4 ല്‍ നാം വായിക്കുന്നു. യേശുവിന്റെ ഉയിര്‍പ്പ് ഒരു ചരിത്രസത്യമായി നമ്മുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ അവനെ അനുഭവിച്ചറിഞ്ഞവരില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. അവന്റെ സാന്നിധ്യം അനുഭവിച്ചവരും ആ സാമീപ്യത്തില്‍ കടന്നുനില്‍ക്കുവാന്‍ ഭാഗ്യം ലഭിച്ചവരും മാറ്റം വന്ന വ്യക്തികളായി.

യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത് മഗ്ദലനമറിയത്തിനാണല്ലോ. ഉറച്ച മനസും ക്ഷമാപൂര്‍വമായ കാത്തുനില്‍പ്പും നിരന്തരമായ അന്വേഷണവും നാം ഇവളില്‍ കാണുന്നു. കാറ്റത്താടുന്ന ഞാങ്ങണകള്‍ പോലുള്ളവര്‍ക്ക് ഉറപ്പുള്ള ദൈവത്തെ അനുഭവിക്കുവാന്‍ കഴിയില്ല. ദൈവാനുഭവം ആഗ്രഹിക്കുന്നവരെല്ലാം ക്ഷമാപൂര്‍വം കാത്തിരിക്കണമെന്ന് രക്ഷാകരചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. അബ്രാഹവും മോശയും സഖറിയായുമെല്ലാം ഈ കാത്തിരിപ്പിലൂടെ കടന്നുപോയവരാണ്. ഇരുണ്ടും വെളുത്തും കടന്നുപോകുന്ന ദിനരാത്രങ്ങള്‍ക്കിടയില്‍ ദൈവസാന്നിധ്യം കടന്നുവരുമെന്ന് നാം ഉറച്ചുവിശ്വസിക്കണം. അന്വേഷണകണ്ണോടെ യാത്ര തുടരുന്നവര്‍ക്ക് ദൈവം തീര്‍ച്ചയായും തന്റെ തിരുസാന്നിധ്യം സമ്മാനിക്കും.

ഉത്ഥിതനുമായി അടുത്തിടപെടുന്ന മറ്റൊരു വ്യക്തി തോമാശ്ലീഹായാണ്. ക്രിസ്തുസാന്നിധ്യത്തിനായുള്ള അടങ്ങാത്ത ആഗ്രഹം അദ്ദേഹം ഉള്ളില്‍ സൂക്ഷിച്ചു. ഗുരുവിന്റെ വിലാപ്പുറത്തെ മുറിവുകളില്‍ വിരലിടുവാന്‍ കൊതിച്ച തോമാശ്ലീഹായെ വിശുദ്ധഗ്രന്ഥം നമുക്ക് പരിചയപ്പെടുത്തുന്നു. ആ വലിയ ആഗ്രഹത്തിന്റെ മുമ്പില്‍ വഴങ്ങി കൊടുക്കുന്ന ഗുരുവിനെയാണ് നാം കാണുന്നത്. തൊട്ടുവിശ്വസിക്കുവാനാഗ്രഹിച്ചവന്റെ ഹൃദയത്തെ തൊട്ടുകൊണ്ട് യേശു കടന്നുവരുന്നു. സംശയത്തിന്റെ ഹിമബിന്ദുക്കള്‍ ആ നിമിഷം ഉരുകി വീണു. ''കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍'' എന്ന ''ഒമ്പതാമത്തെ സുവിശേഷഭാഗ്യം'' ശ്രവിക്കുവാന്‍ തക്കവണ്ണം തോമാശ്ലീഹാ ഭാഗ്യമുള്ളവനായി മാറി. ''എന്റെ കര്‍ത്താവേ, എന്റെ ദൈവമേ'' എന്നു പറയുന്ന സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ മനുഷ്യനായി മാര്‍ തോമാശ്ലീഹാ ഇവിടെ മാറുന്നു. ക്രിസ്തുസാന്നിധ്യത്തിന്റെ വിശുദ്ധ നിശബ്ദതയില്‍ ആത്മസമര്‍പ്പണത്തിന്റെ ധന്യനിമിഷങ്ങളുയര്‍ന്നുപൊങ്ങി.


ഗലീലിയായിലെ നിരക്ഷരനായ ശിമയോന്‍ പത്രോസ് ഉത്ഥിതനെ കണ്ടുമുട്ടുന്നത് തിബേരിയൂസ് നദിയുടെ തീരത്തുവച്ചാണ്. ലോകത്തിലുള്ളവരെക്കാളും ലോകത്തിലുള്ളവയെക്കാളും അധികമായി യേശുവിനെ സ്‌നേഹിക്കുന്നവനേ അവന്റെ അജഗണത്തെ ആനയിക്കാനാവൂ എന്ന വലിയ പാഠം പത്രോസ് ഇവിടെവച്ചാണ് പഠിച്ചത്. ഉറച്ചവന്‍ എന്നര്‍ത്ഥം വരുന്ന കേപ്പയായി തിബേരിയൂസ് തീരത്ത് പത്രോസ് രൂപാന്തരപ്പെടുന്നു. വള്ളത്തേക്കാള്‍ അമരക്കാരനെ ആശ്രയിക്കുവാന്‍ പത്രോസ് തീരുമാനിക്കുന്നു. 


യോഹന്നാന്‍ കര്‍ത്താവിന്റെ കല്ലറയിലിറങ്ങി നോക്കി അന്വേഷിച്ചവനാണ് (യോഹ.20:5-6). കച്ച ചുരുട്ടിവച്ചിരിക്കുന്നതും അങ്കി മടക്കി വച്ചിരിക്കുന്നതും അവന്‍ കണ്ടു. തേജോമയമായ ദൈവദൂതരെ ശ്രവിക്കുവാനും യോഹന്നാനു ഭാഗ്യം ലഭിച്ചു. അന്ത്യഅത്താഴസമയത്ത് യേശുവിന്റെ മാറില്‍ ശിരസു ചേര്‍ത്തവനും യേശു അധികം സ്‌നേഹിച്ചവനുമായ യോഹന്നാന് ദൈവം സ്‌നേഹമാണ് എന്ന വലിയ പാഠം ഉത്ഥിതന്‍ പകര്‍ന്നു നല്‍കി.



സാവൂള്‍ ഉത്ഥിതനെ കണ്ടുമുട്ടിയത് ഡമാസ്‌ക്കസിന്റെ തെരുവീഥിയില്‍ വച്ചാണ്. തന്റെ അഹങ്കാരമെന്ന അശ്വത്തിന്റെ മുകളില്‍നിന്നും അദ്ദേഹം നിലംപതിച്ചു. ബന്ധനത്തിന്റെ ഒരു പിടി ചെതുമ്പലുകള്‍ സാവൂളില്‍നിന്നും അടര്‍ന്നുവീണു. ഒരു ഈറ്റുനോവിലൂടെ കടന്നുപോയ സാവൂള്‍ പൗലോസായി പുനര്‍ജനിച്ചു. ഉത്ഥിതനെ കണ്ടുമുട്ടിയവരിലെല്ലാം വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ അനുദിനജീവിതത്തിലനുഭവിക്കുവാന്‍ നമുക്കും കഴിയട്ടെ. ആത്മാര്‍ത്ഥമായ ആഗ്രഹവും അക്ഷീണമായ അന്വേഷണവും തീവ്രമായ സമര്‍പ്പണവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാം. ഉത്ഥാനം ചെയ്തവന്റെ ദിവ്യസാമീപ്യം നമ്മെ പുതുജീവിതത്തിലേക്കു നയിക്കട്ടെ.

Saturday, 17 November 2012

ദൈവമേ, എന്തുകൊണ്ട് ഈ ഞാന്‍?


ഒരു സായാഹ്നം. ഉള്ളില്‍ നെരിപ്പോടുകണക്കെ എരിയുന്ന ഒരു വേര്‍പാടിന്റെ വേദനയുടെ വിനാഴികയില്‍ മൊബൈലില്‍ തെളിഞ്ഞ എസ്.എം.എസ് ഇപ്രകാരമായിരുന്നു. 'ജീവിതത്തിന്റെ വഴിത്താരകളില്‍നിന്ന് ദൈവം എന്തെങ്കിലും തിരിച്ചെടുക്കുമ്പോള്‍ വേദനിക്കാതിരിക്കുക. ഓര്‍ക്കുക, ദൈവം നിന്റെ കരങ്ങള്‍ ശൂന്യമാക്കുകയാണ്. കൂടുതല്‍ മനോഹരമായത് എന്തിനോവേണ്ടി...' വേര്‍പ്പാടുകളുടെയും വേദനകളുടെയും മുദ്രകള്‍കൊണ്ട് ഹൃദയം അലങ്കരിക്കുന്ന ഒരു സുഹൃത്തിന്റെ ആശ്വാസവചസുകള്‍. എന്തോ വല്ലാത്ത ശക്തിയുണ്ടായിരുന്നു അതിന്. എന്തിനും ഏതിനും നീറുന്ന സഹനങ്ങള്‍ക്കും പൊള്ളുന്ന നൊമ്പരങ്ങള്‍ക്കും ഒക്കെ പിന്നില്‍ എന്തോ ദൈവം ഒളിപ്പിച്ചുവയ്ക്കുന്നുണ്ട് എന്ന് അവന്‍ എന്നെയറിയിക്കുകയായിരുന്നു. പിന്നെ നേരില്‍ കണ്ടപ്പോള്‍ ഇരുകരങ്ങളും ചേര്‍ത്തുപിടിക്കുമ്പോള്‍ അത്രയ്ക്കു ബലമുണ്ടായിരുന്നു ആ മൗനത്തിനുപോലും.

ചില കൃപകള്‍ക്കു തമ്പുരാന്‍ അത്രയൊന്നും സുഖകരമല്ലാത്ത, ആകര്‍ഷണീയമല്ലാത്ത പുറംചട്ടകള്‍കൊണ്ട് മറയിടാറുണ്ടോ എന്നൊരു സംശയം ബാക്കിയാവുന്നുണ്ട്. യാഥാര്‍ത്ഥ്യമോ കഥയോ എന്നറിയില്ല. പക്ഷേ, വല്ലാതെ സ്പര്‍ശിച്ച ഏതാനും വരികളുണ്ട്- ഉന്നതവിജയത്തോടെ പഠനം പൂര്‍ത്തിയാക്കിയ ഒരു യുവാവ്. ആനാളുകളില്‍ ഒരു സ്‌പോര്‍ടസ്‌കാര്‍ അവനെ വല്ലാതെ മോഹിപ്പിച്ചിരുന്നു. അവന്റെ പിതാവിനാകട്ടെ അതിനു തക്ക സാമ്പത്തികശേഷിയുമുണ്ടായിരുന്നു. ഉന്നതവിജയത്തിന്റെ സന്തോഷത്തോടൊപ്പം ഈ ആഗ്രഹവും അവന്‍ പിതാവിനെ അറിയിച്ചിരുന്നു. അത് സാധ്യമാംവിധം ചില സൂചനകളും അവനു ലഭിച്ചു. അങ്ങനെ ഒരു സുദിനം വന്നെത്തി. അവാര്‍ഡ്ദാന ചടങ്ങിന്റെ ദിനം. ആഘോഷമായ ചടങ്ങുകള്‍ക്കൊടുവില്‍ ആ സായാഹ്നം പിതാവ് അവനെ ചാരേ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു- നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു. ശേഷം ഒരു സമ്മാനപ്പൊതി അവനു കൈമാറി. സന്തോഷത്തോടെ ആ സമ്മാനപ്പൊതി തുറന്ന അവന്റെ മുഖം പെട്ടെന്നു വാടി. ചെറിയ ഒരു ബൈബിള്‍. വല്ലാത്ത ദേഷ്യത്തോടെ അവന്‍ അലറി: 'ഇത്രയും കാശുണ്ടായിട്ടും ഒരു ബൈബിളോ'? ഒരു കൊടുങ്കാറ്റുകണക്കെ ആ സമ്മാനം ഉപേക്ഷിച്ച് അവന്‍ ആ വീടിന്റെ വാതില്‍ കടന്നുപോയി. മറ്റെങ്ങോട്ടോ... കാലം ഒരുപാടു യാത്രയായി. അവന്‍ ഒത്തിരി വളര്‍ന്നു. ബിസിനസുകളില്‍ വിജയം അവനെ തേടിയെത്തി. മനോഹരമായ വീടും കുടുംബവുമൊക്കെയായി. അനുഗ്രഹത്തിന്റെ നാളുകള്‍. പക്ഷേ എന്തോ ഒന്നിന്റെ കുറവ്. ആ മനസ് പിതാവിന്റെ അരികിലേക്ക് യാത്രയായി. വിട്ടിറങ്ങിപ്പോന്ന ആ വാതില്‍ അവനെ തിരികെ വിളിച്ചു. അവന്‍ പിതാവിന്റെ അരികിലേക്ക് യാത്രയാവാന്‍ തീരുമാനിച്ചു. ഒരുക്കങ്ങള്‍ ആരംഭിക്കുംമുമ്പേ അവനെ തേടി ആ സന്ദേശം എത്തി. പിതാവ് മരിച്ചു. എല്ലാം നിനയ്ക്കായി മാറ്റിവച്ചിരിക്കുന്നു. എത്രയും വേഗം തിരികെ വരുക. നീറിപ്പുകയുന്ന മനസോടെ അവന്‍ സ്വഭവനത്തിലേക്കു യാത്രയായി. അന്ത്യശുശ്രൂഷകള്‍ അവസാനിച്ചു. ഏതാനും ദിനങ്ങള്‍ക്കുശേഷം രണ്ടുവരി കത്തെങ്കിലും തനിക്കായി പ്രതീക്ഷിച്ചുകൊണ്ട് പരിശോധിക്കുമ്പോള്‍ അവന്‍ പഴയ ബൈബിള്‍ കണ്ടു. എങ്ങനെ ഉപേക്ഷിച്ചുപോയോ അതേ രീതിയില്‍ കണ്ണില്‍ കണ്ണീരോടെ നെഞ്ചില്‍ നീറുന്ന കനലോടെ അവന്‍ അതു തുറന്നു പേജുകള്‍ ഒന്നൊന്നായി മറിക്കാന്‍ തുടങ്ങി. പെട്ടെന്ന് ഏറ്റവും ഒടുവിലത്തെ പുറംചട്ടയില്‍ ഒട്ടിച്ചുവച്ചിരുന്ന ഒരു കവറില്‍നിന്നും ഒരു താക്കോല്‍ താഴേക്കു വീണു. താക്കോലിനൊപ്പം താന്‍ പണ്ടു മോഹിച്ചിരുന്ന കാറിന്റെ ഡീലറിന്റെ പേരുള്ള ഒരു കാര്‍ഡും. തന്റെ അവാര്‍ഡു സ്വീകരണതിയതി തെളിഞ്ഞു നിന്ന ആ കാര്‍ഡില്‍ ഇപ്രകാരം അച്ചടിച്ചിരിക്കുന്നു: PAID IN FULL. മനസിലൂടെ ഒരു മിന്നല്‍പ്പിണര്‍കടന്നുപോയി. വല്ലാതെ കുത്തിനോവിച്ചു. ദൈവകാരുണ്യത്തിന് തമ്പുരാന്‍ പലപ്പോഴും അത്രയൊന്നും മനോഹരമല്ലാത്ത പുറംചട്ടകള്‍കൊണ്ട് ആവരണം ഇടാറുണ്ട് എന്നതാണ് സത്യമെന്നു തോന്നുന്നു.

ജീവിതത്തിന്റെ വഴിത്താരയില്‍ എവിടെയോവച്ച് ഈ സത്യം വെളിപ്പെട്ടു കിട്ടിയതുകൊണ്ടാവാം നിര തീര്‍ത്ത നീറുന്ന സഹനങ്ങളുടെ നടുവിലും ജോബ് ഇങ്ങനെ മൊഴിയുന്നത്- ദൈവത്തിന്റെ കരം എന്റെമേല്‍ പതിച്ചിരിക്കുന്നു (19:11). ആശ്വസിക്കാന്‍ ഒരു കണികപോലും ബാക്കിയില്ല. എന്നിട്ടും എന്തു ബലമാണ് ആ വാക്കുകള്‍ക്ക്, ചില വാഗ്വാദങ്ങള്‍ ദൈവത്തോട് ഉണ്ടെങ്കില്‍പ്പോലും. അവിടെയും അവസാനിക്കുന്നില്ല. ''എനിക്കു ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാന്‍ അറിയുന്നു. എന്റെ ചര്‍മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍ നിന്നു ഞാന്‍ ദൈവത്തെ കാണും. അവിടുത്തെ ഞാന്‍ എന്റെ പക്ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെതന്നെ എന്റെ കണ്ണുകള്‍ ദര്‍ശിക്കും'' (19:25-27). വിശ്വാസത്തിന്റെ വല്ലാത്തൊരു ബലമുണ്ടിവിടെ... നീറുന്ന സഹനങ്ങള്‍ക്ക് നടുവില്‍ നിന്ന് ദൈവത്തെ നോക്കി, ദൈവമേ, എനിക്ക് ഇത്രയധികം സഹനങ്ങളുണ്ട് എന്നു പറയുന്നതല്ല. മറിച്ച് ആ സഹനങ്ങളെ നോക്കി, നൊമ്പരപ്പെടുത്തുന്ന സഹനങ്ങളേ, നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ല. ഇതിനെല്ലാം ഉത്തരമുള്ള ഒരു ദൈവം എനിക്കുണ്ട് എന്നു പറയുന്നതാണ് വിശ്വാസം എന്നു മൗനമായി മൊഴിയുന്ന ജോബിന്റെ ചിത്രം വല്ലാത്തൊരു അസൂയ ജനിപ്പിക്കുന്നു.

ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളില്‍ ചിലര്‍ സ്വീകരിക്കുന്ന ആത്മീയ നിലപാടുകള്‍ വല്ലാതെ അത്ഭുതപ്പെടുത്തും. വായനയില്‍ എവിടെയോവച്ച് ഇഷ്ടപ്പെട്ടുപോയ ഈ മനുഷ്യന്‍ ആരെയും ഒന്നു സ്പര്‍ശിക്കും, തീര്‍ച്ച. അതുകൊണ്ടുതന്നെ എഴുതാതിരിക്കാനാവുന്നില്ല. പുത്തന്‍യുഗത്തില്‍ ജോബിന്റെ പുനര്‍ജന്മം പോല്‍ ഒരു മനുഷ്യന്‍- ആര്‍തര്‍ ആഷേ. ടെന്നീസ് ലോകത്തിന്റെ നെറുകയില്‍ വെന്നിക്കൊടി പാറിച്ച ജേതാവ്. വിംബിള്‍ടണ്‍ കിരീടമടക്കം ഒത്തിരിയധികം കിരീടനേട്ടങ്ങള്‍. പെട്ടെന്ന് ഒരു ദിനം ഹൃദയസംബന്ധമായ രോഗംമൂലം തളര്‍ന്നുവീഴുന്നു. പിന്നീട് നടത്തിയ ശസ്ത്രക്രിയയില്‍ രക്തംദാനം ചെയ്തയാള്‍ ആ മനുഷ്യന് സമ്മാനിച്ചത് എയ്ഡ്‌സ് എന്ന മാരകരോഗവും. പിന്നെ തന്റെ പ്രിയ ആരാധകരുടെ സാന്ത്വനസന്ദേശങ്ങളുടെ ഒഴുക്കായിരുന്നു. അതിലൊന്ന് ഇങ്ങനെയും. ആര്‍തര്‍ എന്തേ ഇങ്ങനെ? എന്തുകൊണ്ട് ഇത്രമാത്രം ക്രൂരമായി ദൈവം നിന്നോടു പെരുമാറുന്നു? ആര്‍ക്കും ഉത്തരമില്ലാത്ത ആ സമസ്യക്ക് ആര്‍തറിന് ഉത്തരമുണ്ടായിരുന്നു. ലോകത്തെങ്ങുമായി അഞ്ചുകോടി പേര്‍ ടെന്നീസ് കളിക്കാന്‍ ആരംഭിച്ചു. അമ്പതുലക്ഷം പേര്‍ കളി പഠിച്ചു. അമ്പതിനായിരത്തോളം പേര്‍ കളികള്‍ക്ക് ക്ഷണിക്കപ്പെട്ടു. അഞ്ഞൂറോളം പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കും, അമ്പതോളം പേര്‍ കിരീടത്തിനായി പൊരുതും. നാലുപേര്‍ സെമിഫൈനലില്‍. രണ്ടുപേര്‍ മാത്രം ഫൈനലില്‍. ഫൈനലില്‍ ജയിച്ച് വിംബിള്‍ഡണ്‍ കപ്പുമായി ലോകത്തിന്റെ നെറുകയില്‍ നിന്നപ്പോള്‍ ദൈവത്തോട് ഞാന്‍ ചോദിച്ചില്ല: ദൈവമേ, എന്തുകൊണ്ട് ഈ ഞാന്‍? എങ്കില്‍ ഈ മാരകരോഗത്തിന്റെ പിടിയിലമരുമ്പോഴും എനിക്കു ദൈവത്തോട് ചോദ്യങ്ങളില്ല. എല്ലാമറിയുന്നവന്റെ അടുക്കല്‍ ഇതിനൊരു ഉത്തരമുണ്ടാവും എന്നൊരു തിരിച്ചറിവ് മൗനമായി ആര്‍തര്‍ അവശേഷിപ്പിക്കുന്നുണ്ട്.

ഈ മനോഭാവത്തെ, ഈ ധൈര്യത്തെ എന്താണ് വിളിക്കേണ്ടത്? ഈ കൃപയ്ക്ക് എന്തുപേരാണ് നല്‍കേണ്ടത്? ഇതായിരിക്കണം അതിജീവനത്തിന്റെ കൃപ. ഏതൊരു ദുരന്തത്തിനും ഒരുവന്റെയുള്ളിലെ നന്മയുടെ പ്രകാശം ഊതിക്കെടുത്താനാവാത്തവിധം തമ്പുരാന്‍ മുദ്രവച്ചു കൊടുക്കുന്ന അതിജീവനത്തിന്റെ കൃപ. ഇത് ഒരുവന്റെ ചുറ്റുപാടുകളെ അവനറിയാതെതന്നെ ഒത്തിരി പ്രകാശമാനമാക്കുന്നു.
എവിടെയാണ് ഒരുവന്‍ അസ്വസ്ഥനാകുന്നത്? എന്നാണ് ഒരുവന്‍ ഉത്തരങ്ങള്‍ക്കായി കുറെ ചോദ്യങ്ങള്‍ ഉള്ളില്‍ സൂക്ഷിച്ചുവയ്ക്കുന്നത്? അത് ജീവിതത്തിന്റെ കനല്‍വഴികളിലാണ്.

പലപ്പോഴും മനുഷ്യന്‍ കണ്ടെടുക്കുന്ന ഉത്തരങ്ങളൊന്നും ഈ കരിനിഴല്‍ വീണ കനല്‍വഴികളില്‍ ഇത്തിരിപോലും വെളിച്ചം വിതറുന്നുമില്ല. പക്ഷേ, ദൈവത്തിന്റെ ചോദ്യങ്ങള്‍ പോലും ഒരുവന്റെ ഈ കനല്‍വഴികളെ വല്ലാതെ പ്രകാശമാനമാക്കുന്നുണ്ട്. അതാവണം മനുഷ്യരുടെ ഉത്തരങ്ങളൊക്കെ മുറിവില്‍ ഉരസുന്ന മണല്‍ത്തരിപോല്‍ ജോബിനെ അസ്വസ്ഥനാക്കുമ്പോള്‍ നീണ്ട നിശബ്ദതയ്ക്കുശേഷം ചില ചോദ്യങ്ങളുമായി ദൈവം അധരം തുറക്കുമ്പോള്‍ എല്ലാ സമസ്യകള്‍ക്കും ഉത്തരമായി എന്ന രീതിയില്‍ ജോബ് നിശബ്ദനാകുന്നത്. എന്തിന്, ദൈവത്തിന്റെ ചില മൗനംപോലും വല്ലാതെ പ്രകാശം ചൊരിയുന്നുണ്ട് എന്നുവേണം കരുതാന്‍. അല്ലെങ്കില്‍പ്പിന്നെ എന്താണ് പിതാവിന്റെ മൗനത്തിനപ്പുറവും 'പിതാവേ അങ്ങേ തൃക്കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു' എന്ന ക്രിസ്തുവിന്റെ അന്ത്യമൊഴികള്‍ക്കു നിദാനം. കൃപകള്‍ക്കുമേല്‍ ചില വ്രണിതാനുഭവങ്ങള്‍കൊണ്ട് പുറംചട്ട നെയ്യുന്ന തമ്പുരാന്റെയീ കുഞ്ഞിക്കുസൃതി ഒരുപക്ഷേ തിരിച്ചറിഞ്ഞിട്ടാവാം ഇവരൊക്കെ അധരം പൊത്തുന്നതും ആത്മാവിനെ സമര്‍പ്പിക്കുന്നതും.
കൃപകളിലേക്ക് സഞ്ചരിച്ചെത്തേണ്ട ദൂരത്തെ സഹനമെന്നാരോ വിളിച്ചു- ഇത്തരം ചില അനുമാനങ്ങള്‍ ഗുരുക്കന്മാര്‍ ലോകത്ത് ബാക്കിവയ്ക്കുന്നുണ്ട്. ഒത്തിരി സഹനവഴികള്‍ താണ്ടി വിമര്‍ശനങ്ങളെ ദര്‍ശനങ്ങളാക്കിയും അധിക്ഷേപങ്ങളെ നിക്ഷേപങ്ങളാക്കിയും ജന്മം സഫലമാക്കിയ ഒരു ഗുരുവിനെ സമീപിച്ച് ചില ശിഷ്യന്മാര്‍ ആ ഓര്‍മകളെക്കുറിച്ച് ഉന്നയിക്കുമ്പോള്‍ മറുപടിയായി വന്ന ഗുരുവാക്യങ്ങള്‍ ഇപ്രകാരമായിരുന്നു- ഞാന്‍ ദൈവത്തോട് ശക്തിക്കായി അപേക്ഷിച്ചു. ദൈവം എനിക്ക് ഒത്തിരി കഷ്ടതകള്‍ നല്‍കി, എന്നെ ബലമുള്ളവനാക്കാന്‍ ഞാന്‍ ദൈവത്തോട് ഐശ്വര്യവും സമൃദ്ധിയും അപേക്ഷിച്ചു. ദൈവമെനിക്ക് ബുദ്ധിശക്തിയും കരബലവും നല്‍കി, എന്നെ സമൃദ്ധിയിലേക്ക് നയിക്കാന്‍. ഞാന്‍ ധൈര്യത്തിനായി അപേക്ഷിച്ചു. ദൈവം ഒത്തിരി അപകടസാഹചര്യങ്ങളിലൂടെ എന്നെ കടത്തിവിട്ടു, എന്നെ ധൈര്യവാനാക്കാന്‍.
ഞാന്‍ സ്‌നേഹത്തിനായി ചോദിച്ചു. ദൈവമെനിക്ക് ചുറ്റും നീറുന്ന ഒട്ടനവദി മനസുകളെ കാണിച്ചുതന്നു, അവരെ സഹായിച്ച് സ്‌നേഹത്തിലേക്ക് എന്നെ നയിക്കാന്‍. യഥാര്‍ത്ഥത്തില്‍ ഞാന്‍ ചോദിച്ചതെല്ലാം അപ്പാടെ കിട്ടിയില്ലെങ്കിലും... അത്ര മനോഹരമല്ലാത്ത പുറംചട്ടകള്‍ പൊതിഞ്ഞ് എനിക്ക് ആവശ്യമുള്ളതെല്ലാം തമ്പുരാന്‍ എനിക്കു തന്നു. ഓര്‍ക്കുക, പെയ്‌തൊഴിഞ്ഞ മഴമേഘങ്ങള്‍ക്ക് ശേഷമേ മഴവില്ലിന്റെ മനോഹാരിത പ്രപഞ്ചത്തില്‍ മിഴി തുറക്കൂ. ചില കാറ്റും പേമാരിയുമൊക്കെ മനോഹരമായ മഴവില്ലിലേക്കുള്ള സഞ്ചാരദൂരങ്ങള്‍ മാത്രം.

`ജപമാല വൈദികന്‍' ദൈവദാസന്‍ ഫാ. പാട്രിക്‌ പേയ്‌ടണ്‍


`ഒന്നിച്ചുപ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചുനിലനില്‌ക്കും' എന്നും `പ്രാര്‍ത്ഥനയുള്ള ലോകം സമാധാനമുള്ള ലോകം' എന്നും മുദ്രാവാക്യമായി സ്വീകരിച്ച ദൈവദാസന്‍ ഫാ. പാട്രിക്‌ പേയ്‌ടണ്‍ പ്രാര്‍ത്ഥനയെ ജീവിതത്തിന്റെ ഹൃദയതാളമായി കൊണ്ടുനടന്നിരുന്ന വ്യക്തിയായിരുന്നു. വിശ്വാസത്തിന്റെയും ദൈവശരണത്തിന്റെയും മാതൃകയാണ്‌ അദ്ദേഹം ലോകത്തിന്‌ സമ്മാനിച്ചത്‌.

മടിയന്‍.. നിന്നെക്കൊണ്ട്‌ ഒന്നിനും കൊള്ളില്ല..

പ്രധാനാധ്യാപകന്‍ ആ വിദ്യാര്‍ത്ഥിയുടെ ശിരസില്‍ ശക്തമായി ഇടിച്ചുകൊണ്ടാണ്‌ അത്തരമൊരു വിധിപ്രസ്‌താവം നടത്തിയത്‌. അതവനെ എന്തുമാത്രം വേദനിപ്പിച്ചുവെന്ന്‌ അദ്ദേഹം ഒരിക്കലും അറിഞ്ഞില്ല. അധ്യാപകന്‍ അങ്ങനെ വിധിയെഴുതിയ ആ പയ്യന്‍ ഇന്ന്‌ അള്‍ത്താരവണക്കത്തിലേക്ക്‌ പ്രവേശിക്കാന്‍ അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു `ധന്യ'പുരുഷനാണെന്നതാണ്‌ സത്യം. അതിലേക്ക്‌ അവനെ നയിച്ചതിന്‌ പിന്നില്‍ തീര്‍ച്ചയായും ഒന്നേയുള്ളൂ. ആത്മാവിന്റെ സ്‌പന്ദനവും ഹൃദയത്തിന്റെ തുടിപ്പുമായി പരിശുദ്ധ മറിയത്തെയും ജപമാല പ്രാര്‍ത്ഥനയെയും ജീവിതത്തില്‍ സ്വീകരിച്ചുവെന്ന്‌ മാത്രം. `ജപമാല വൈദികന്‍' (rosary priest) എന്ന്‌ അപരനാമത്തില്‍ അറിയപ്പെടുന്ന ഫാ. പാട്രിക്‌ പെയ്‌ടണിന്റെ ജീവിതത്തെ അപഗ്രഥിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാകുന്ന സത്യമാണത്‌. ഫാ. പാട്രിക്കിന്റെ മാധ്യസ്ഥതയിലുള്ള അത്ഭുതരോഗശാന്തി വത്തിക്കാന്‍ അടുത്തയിടെയാണ്‌ (ജൂലൈ 2011) അംഗീകരിച്ചത്‌.

പ്രതിസന്ധികളും പ്രതിബന്ധങ്ങളും നിറഞ്ഞ ഒരു ജീവിതപശ്ചാത്തലമായിരുന്നു പാട്രിക്കിന്റേത്‌. ജോണ്‍ പെയ്‌ടണ്‍ എന്ന ചെറിയൊരു ഫാം ഉടമയുടെയും മേരി ഗില്ലാര്‍ഡിന്റെയും ഒമ്പതുമക്കളില്‍ ആറാമനായി 1909 ജനുവരി 9 ന്‌ അയര്‍ലണ്ടിലെ കാരാകാസ്റ്റിലായിരുന്നു ജനനം. ജോണ്‍പെയ്‌ടണിന്റെ അനാരോഗ്യം മൂലം പലപ്പോഴും ഭാര്യയ്‌ക്കും മക്കള്‍ക്കുമായിരുന്നു ഫാമിലെ ജോലികള്‍ മുഴുവന്‍ ചെയ്‌തുതീര്‍ക്കേണ്ട ഉത്തരവാദിത്തം.
ഏതുക്ഷീണത്തിനിടയിലും തിരക്കുകള്‍ക്കിടയിലും കുടുംബാംഗങ്ങളൊരുമിച്ച്‌ സന്ധ്യാപ്രാര്‍ത്ഥന നടത്തണമെന്ന കാര്യത്തില്‍ ജോണിന്‌ നിര്‍ബന്ധമുണ്ടായിരുന്നു. ഒന്നിച്ചുപ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചുനില്‌ക്കും എന്ന മുദ്രാവാക്യം പിന്നീട്‌ ഫാ. പാട്രിക്‌ രൂപപ്പെടുത്തിയത്‌ വീട്ടില്‍ നിന്ന്‌ സ്വാംശീകരിച്ചെടുത്ത ഇത്തരം അനുഭവങ്ങളില്‍ നിന്നായിരുന്നു. സന്ധ്യാപ്രാര്‍ത്ഥനകളില്‍ ഒഴിവാക്കാനാവാത്തതായിരുന്നു ജപമാല. കുരിശില്‍വച്ച്‌ ലോകത്തിന്‌ മുഴുവന്‍ അമ്മയായി ക്രിസ്‌തു സമ്മാനിച്ച പരിശുദ്ധ മറിയത്തെ ജീവിതത്തിന്റെ നാഥയും കേന്ദ്രവുമായി പ്രതിഷ്‌ഠിക്കാനുള്ള പ്രേരണ പാട്രിക്കിനുണ്ടായതും ഇതേതുടര്‍ന്നാണ്‌.

വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും കൂടെയായിരുന്നു പാട്രിക്കിന്റെ വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടം. കാരണം വല്യപ്പനായ റോബര്‍ട്ട്‌ ഭാഗികമായി അന്ധനായിരുന്നു. അവര്‍ക്ക്‌ സഹായമായിട്ടാണ്‌ പാട്രിക്‌ അവിടെ എത്തിയത്‌. എന്നാല്‍ അവിടെ ഏറെക്കാലം തുടരാന്‍ പാട്രിക്കിന്‌ കഴിഞ്ഞില്ല. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത്‌ സംഭവിച്ച ഒരു ദുരനുഭവമായിരുന്നു അതിലേക്ക്‌ നയിച്ചത്‌. പതിനഞ്ചാം പിറന്നാളിന്റെ ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌ കയ്‌പുള്ള ഒരു പിറന്നാള്‍ സമ്മാനമെന്നോണമാണ്‌ അത്‌ സംഭവിച്ചത്‌. തുടക്കത്തില്‍ വായിച്ചതായിരുന്നു ആ സംഭവം. പ്രിന്‍സിപ്പല്‍ ആഡ്‌ഹങ്‌ ഒ ലിയറി ഒരുനാള്‍ പാട്രിക്കിന്റെ ശിരസില്‍ ശക്തമായി ഇടിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു: മടിയന്‍, നിന്നെക്കൊണ്ട്‌ ഒന്നിനും കൊള്ളില്ല. ഈ സംഭവം കൗമാരക്കാരനായ പാട്രിക്കിന്‌ സഹിക്കാനായില്ല. അവന്‍ പിതാവിനോട്‌ കാര്യം പറഞ്ഞു. ഇനി ആ സ്‌കൂളില്‍ തുടര്‍ന്ന്‌ പഠിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും. പേയ്‌ടണ്‍ കുടുംബത്തില്‍ നിന്ന്‌ ഏറെ അകലെയുള്ള ഒരു സ്‌കൂളില്‍ ചേരാനാണ്‌ പാട്രിക്കും പിതാവും പദ്ധതിയിട്ടത്‌. പക്ഷേ നിര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ ആഡ്‌ഹങ്‌ ഒ ലിയറിയുടെ സുഹൃത്തായിരുന്നു ആ സ്‌കൂളിലെ പ്രിന്‍സിപ്പല്‍. തന്മൂലം പാട്രിക്കിന്‌ അഡ്‌മിഷന്‍ നല്‌കാന്‍ അയാള്‍ വിസമ്മതിച്ചു. ഇത്തരം വിപരീതാനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ നിയമത്തിന്റെ വഴിയെ പോകുമെന്ന ജോണിന്റെ ഭീഷണിയാണ്‌ ഒടുവില്‍ പാട്രിക്കിന്‌ അഡ്‌മിഷന്‍ ലഭിക്കാന്‍ കാരണമായത്‌. പാട്രിക്കിന്റെ ആ വര്‍ഷത്തെ സ്‌കൂള്‍ രേഖകള്‍ പ്രകാരം വെറും അമ്പത്തിരണ്ടു ദിവസം മാത്രമേ അവന്‍ ക്ലാസില്‍ ഹാജരായിരുന്നുള്ളൂ. കൃഷിയിടത്തിലും വീടുകളിലുമുള്ള ജോലികളാണ്‌ സുഗമമായ വിദ്യാഭ്യാസത്തിന്‌ അവന്‌ വിഘാതം സൃഷ്‌ടിച്ചത്‌.

ചെറുപ്പം മുതല്‌ക്കേ പാട്രിക്കിന്‌ ഒന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. വൈദികനാകുക. എല്ലാ ഞായറാഴ്‌ചയും വീട്ടില്‍ നിന്ന്‌ വളരെ ദൂരെയുള്ള ഇടവകപ്പളളിയിലെ വിശുദ്ധ കുര്‍ബാനയില്‍ അള്‍ത്താരബാലനായി ശുശ്രൂഷ ചെയ്യുന്നതിന്‌ ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ്‌ അവന്‍ എത്തിയിരുന്നത്‌. ആദ്യത്തെ ദിവ്യബലിക്ക്‌ ശേഷം അടുത്ത കുര്‍ബാന വരെയുള്ള ഇടവേളയില്‍ പള്ളിയ്‌ക്കകത്ത്‌ മുട്ടുകുത്തിപ്രാര്‍ത്ഥനയിലായിരിക്കുന്ന പാട്രിക്‌ ഒരു പതിവ്‌ കാഴ്‌ചയായിരുന്നു. വികാരി ഫാ. റോജര്‍ ഒ ഡോണല്‍ വലിയൊരു സ്വാധീനമാണ്‌ അവനില്‍ ചെലുത്തിയത്‌. സൊസൈറ്റി ഓഫ്‌ ആഫ്രിക്കന്‍ മിഷനറീസിലേക്ക്‌ വൈദികാര്‍ത്ഥിയായി പരിഗണിക്കണമെന്ന അവന്റെ അപേക്ഷ നിരസിക്കപ്പെട്ടു. ഗണിതശാസ്‌ത്രത്തിലുള്ള അവന്റെ അടിസ്ഥാനമില്ലായ്‌മയാണ്‌ കാരണമായി അവര്‍ പറഞ്ഞത്‌.

ജീവിതം നല്‌കിയ പ്രതികൂലങ്ങള്‍ക്ക്‌ മുമ്പില്‍ തോറ്റുമടങ്ങാതെ ഒരു സമ്പന്നനായി മടങ്ങിവരണമെന്ന ആഗ്രഹം ഒരുവേള പാട്രിക്കിനെ ബാധിച്ചു. അതിന്‌ അവന്‍ കണ്ടെത്തിയ മാര്‍ഗ്ഗം അമേരിക്കയിലേക്ക്‌ കുടിയേറുക എന്നതായിരുന്നു. പാട്രിക്കിനൊപ്പം സഹോദരന്‍ ടോമും കുടിയേറ്റത്തിന്‌ സന്നദ്ധത കാട്ടി. അമേരിക്കയിലേക്ക്‌ കുടിയേറുന്നതിനുള്ള അനുവാദം കിട്ടാന്‍ പിതാവിനെ അവര്‍ക്ക്‌ ഏറെ നിര്‍ബന്ധിക്കേണ്ടിവന്നു. സഹോദരിമാരായ ബിയാട്രീസും നെല്ലിയും മേരിയും നേരത്തെതന്നെ അമേരിക്കയിലെത്തിയിരുന്നു. കുടിയേറ്റത്തിന്‌ അനുവാദം നല്‌കിയെങ്കിലും ക്രിസ്‌തുവില്‍ വിശ്വസിച്ചുകൊണ്ടുള്ള ഒരു ജീവിതമായിരിക്കണം അമേരിക്കയിലും നയിക്കേണ്ടതെന്ന്‌ പിതാവ്‌ മക്കളോട്‌ ആവശ്യപ്പെട്ടു. അത്‌ അപ്രകാരം തന്നെയായിരിക്കുമെന്ന്‌ വാക്ക്‌ നല്‌കിയതിന്‌ ശേഷമാണ്‌ അവര്‍ യാത്രപുറപ്പെട്ടത്‌. പാട്രിക്കും ടോമും അവസാനമായി പിതാവിനെ ജീവനോടെ കണ്ടത്‌ അന്ന്‌ യാത്രപറയും നേരത്ത്‌ രോഗക്കിടക്കയില്‍വച്ചായിരുന്നു. പാട്രിക്കും ടോമും അവസാനമായി മാതാവിനെ കണ്ടതും അന്ന്‌ യാത്രപറയും നേരത്തായിരുന്നു. ട്രെയിന്‍ പുറപ്പെട്ട ബാലിനാ സ്റ്റേഷനില്‍വച്ച്‌.. നിവര്‍ത്തിപിടിച്ച കൈകളുമായി മക്കള്‍ക്ക്‌ യാത്രാമംഗളങ്ങള്‍ നേരുകയായിരുന്നു ആ അമ്മ. പിതാവിന്റെ രോഗമാകട്ടെ അദ്ദേഹത്തെ റെയില്‍വേസ്റ്റേഷനിലുമെത്തിച്ചില്ല. പിന്നീട്‌ 1948 ല്‍ വൈദികരായി ജന്മദേശത്ത്‌ തിരിച്ചെത്തിയ ആ സഹോദരങ്ങള്‍ക്ക്‌ മാതാപിതാക്കളുടെ ശവകുടീരത്തില്‍ പോയി പ്രാര്‍ത്ഥിക്കാനേ കഴിഞ്ഞുള്ളൂ.

സഹോദരി നെല്ലിയുടെ കൂടെയാണ്‌ ആ സഹോദരന്മാര്‍ താമസിച്ചത്‌. ടോമിന്‌ ഒരു ഖനിയില്‍ ജോലികിട്ടി. പാട്രിക്കിനാവട്ടെ സെന്റ്‌ പീറ്റേഴ്‌സ്‌ ചര്‍ച്ചില്‍ കപ്യാരായും. വൈകാതെ പാട്രിക്കിന്‌ ഒരിക്കല്‍ക്കൂടി തന്റെ ദൈവവിളിയെക്കുറിച്ച്‌ ഉറച്ച ബോധ്യം കിട്ടി. അദ്ദേഹം തോന്നലുകള്‍ സെന്റ്‌ പീറ്റേഴ്‌സിലെ മോണ്‍. കെല്ലിയുമായി പങ്കുവച്ചു. അതിന്റെ ഫലമായി പാട്രിക്ക്‌ സെന്റ്‌ തോമസ്‌ ക്രിസ്റ്റന്‍ ബ്രദേഴ്‌സ്‌ സ്‌കൂളിലെത്തി. പഠനച്ചെലവുകള്‍ മോണ്‍. കെല്ലിയുടേതായിരുന്നു. പാട്രിക്ക്‌ കപ്യാര്‍ ജോലിയുപേക്ഷിച്ചപ്പോള്‍, ടോം ഖനിജോലി ഉപേക്ഷിച്ച്‌ കപ്യാര്‍ ജോലിയില്‍ പ്രവേശിച്ചു. ഒരു വൈദികനാകണമെന്ന ആഗ്രഹം പാട്രിക്കില്‍ ശക്തമായിക്കൊണ്ടിരുന്നു. 1929 ലെ വസന്തകാലത്ത്‌ നോട്രഡാമില്‍ നിന്ന്‌ കുറെ ഹോളിക്രോസ്‌ വൈദികര്‍ പ്രത്യേക ദൗത്യവുമായി സെന്റ്‌ പീറ്റേഴ്‌സിലെത്തി. അവര്‍ക്കൊപ്പം ചേരാന്‍ ആ സഹോദരന്മാര്‍ തീരുമാനിച്ചു. 1929 ഓഗസ്റ്റില്‍ ടോമുംപാട്രിക്കും ഹോളിക്രോസ്‌ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1937 നൊവിഷ്യേറ്റ്‌ പൂര്‍ത്തിയാക്കി അവര്‍ പുറത്തിറങ്ങി. വിദേശമിഷനാണ്‌ പാട്രിക്ക്‌ തിരഞ്ഞെടുത്തത്‌. വാഷിങ്‌ടണ്‍ ഡിസിയിലെ സെമിനാരിയിലേക്ക്‌ പാട്രിക്‌ യാത്രയായി. വാഷിങ്‌ടണിലെ തന്നെ മറ്റൊരു സെമിനാരിയാണ്‌ ടോം തിരഞ്ഞെടുത്തത്‌.

പൗരോഹിത്യസ്വീകരണത്തിന്‌ ഒരു വര്‍ഷം ഉള്ളപ്പോഴാണ്‌ പാട്രിക്‌ ക്ഷയരോഗബാധിതനായത്‌. ചികിത്സിച്ചു ഭേദപ്പെടുത്താനാവാത്ത അസുഖം എന്നായിരുന്നു ക്ഷയം അക്കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്‌. പാട്രിക്കിന്റെ ദിവസങ്ങള്‍ മുഴുവന്‍ ആശുപത്രി അപഹരിച്ചു. പരിശുദ്ധ കന്യാമറിയത്തില്‍ മാത്രമായി പാട്രിക്കിന്റെ മുഴുവന്‍ പ്രതീക്ഷയും. ബാല്യകാലത്ത്‌ ഹൃദയത്തില്‍ അങ്കുരിച്ചിരുന്ന വിശ്വാസത്തിന്റെ നാളങ്ങളെ പാട്രിക്‌ വീണ്ടും ആ നിമിഷങ്ങളില്‍ അനുസ്‌മരിച്ചു. മാതാവിനോടുള്ള നിരന്തരമായ പ്രാര്‍ത്ഥനകളില്‍ പാട്രിക്‌ മുഴുകി. ആരോഗ്യം പുന:സ്ഥാപിച്ചുതരണേ.. അതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന. ഒരുദിവസം തന്റെ ആരോഗ്യസ്ഥിതി ഭേദപ്പെട്ടതുപോലെ പാട്രിക്കിന്‌ തോന്നി. ഡോക്‌ടര്‍മാരുടെ വിദഗ്‌ധപരിശോധനയില്‍ അവര്‍ പോലും അത്ഭുതപ്പെട്ടു. പാട്രിക്കില്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. 1940 ല്‍ പൂര്‍ണ്ണാരോഗ്യവാനായി പാട്രിക്‌ ആശുപത്രിയില്‍ നിന്ന്‌ പുറത്തുവന്നു. പരിശുദ്ധ മറിയമാണ്‌ തന്നെ സൗഖ്യപ്പെടുത്തിയതെന്ന്‌ ഉറച്ചു വിശ്വസിച്ച പാട്രിക്‌ രോഗക്കിടക്കയില്‍വച്ച്‌ മാതാവിന്‌ ഒരു വാക്ക്‌ നല്‌കിയിരുന്നു. ആരോഗ്യം തനിക്ക്‌ വീണ്ടെടുക്കാനായാല്‍ തന്റെ ജീവിതവും പൗരോഹിത്യവും മുഴുവന്‍ പരിശുദ്ധ മറിയത്തിന്‌ സമര്‍പ്പിച്ചുകൊള്ളാമെന്ന്‌.. പാട്രിക്കിന്റെ പിന്നീടുള്ള ജീവിതം മുഴുവന്‍ മാതാവിനോടുള്ള നന്ദിയര്‍പ്പണമായി മാറുകയായിരുന്നു.
അസുഖങ്ങള്‍ പാട്രിക്കിന്റെ അധ്യയനദിവസങ്ങളെ തടസ്സപ്പെടുത്തിയതിനാല്‍ സഹോദരന്‍ ടോമിന്റെ വൈദികസ്വീകരണമാണ്‌ ആദ്യം നടക്കേണ്ടിയിരുന്നത്‌. അയര്‍ലണ്ടില്‍ നിന്ന്‌ കുടിയേറിയതും പഠിച്ചതും എല്ലാം സഹോദരനുമൊരുമിച്ചായിരുന്നതിനാല്‍ പൗരോഹിത്യസ്വീകരണവും ഒരുമിച്ചായിരിക്കണമെന്ന ആഗ്രഹം പാട്രിക്കിനുണ്ടായിരുന്നു. പക്ഷേ അത്‌ സാധിക്കാതെ വന്ന സാഹചര്യത്തില്‍ ദൈവം വീണ്ടും അത്ഭുതകരമായി പാട്രിക്കിന്റെ ജീവിതത്തില്‍ ഇടപെട്ടു. 1941 മെയ്‌ മാസത്തില്‍ അതായത്‌ ടോമിന്റെ പൗരോഹിത്യസ്വീകരണത്തിന്‌ ഒരു മാസം മുമ്പ്‌ റോമില്‍ നിന്ന്‌ ഒരു സന്ദേശമെത്തി. ``പ്രത്യേകമായ ദൈവഹിതപ്രകാരം സെമിനാരിയന്‍ പാട്രിക്ക്‌ പേയ്‌ടണിന്‌ എത്രയും പെട്ടെന്ന്‌ പൗരോഹിത്യം നല്‌കേണ്ടതാണ്‌..''

1941 ജൂണ്‍ 15 ന്‌ നോട്രഡാമിലെ തിരുഹൃദയപള്ളിയില്‍ വച്ച്‌ ആ സഹോദരന്മാര്‍ ദൈവത്തിന്റെ അഭിഷിക്തരായി ഉയര്‍ത്തപ്പെട്ടു. അയര്‍ലണ്ടിലെ കാരാകാസ്റ്റില്‍ നിന്ന്‌ തുടങ്ങിയ ഒരു നീണ്ടയാത്രയുടെ ശുഭകരമായ അന്ത്യമായിരുന്നു നോട്രഡാമിലെ തിരുഹൃദയപ്പള്ളിയില്‍ സംഭവിച്ചത്‌. അതിന്‌ മുഴുവന്‍ ഹൃദയത്തോടെ ഫാ. പാട്രിക്‌ നന്ദി പറഞ്ഞത്‌ പരിശുദ്ധ മറിയത്തിനായിരുന്നു. `` നോട്രഡാമിലെ ആ ദിവസം എന്റെ ഹൃദയത്തിലെയും ആത്മാവിലെയും മുഴുവന്‍ സ്‌നേഹവും ഞാന്‍ മേരിക്ക്‌ നല്‌കി. എന്റെ മരണം വെരയുള്ള പൗരോഹിത്യത്തിന്റെ മുഴുവന്‍ നന്മകളും ഞാന്‍ അമ്മയ്‌ക്ക്‌ വാഗ്‌ദാനം ചെയ്‌തു. എന്റെ എല്ലാ പ്രവൃത്തികളുടെയും നന്മയും മഹത്വവും എല്ലാം അവള്‍ക്കുള്ളതാണ്‌, അവള്‍ക്ക്‌ മാത്രം..'' `എല്ലാം അവള്‍ക്കു വേണ്ടി' എന്ന ആത്മകഥയില്‍ ഫാ. പാട്രിക്‌ എഴുതി.

പൗരോഹിത്യസ്വീകരണം കഴിഞ്ഞുവെങ്കിലും കുറെക്കാലം കൂടി ഫാ. പാട്രിക്കിന്‌ വിദ്യാഭ്യാസം നടത്തേണ്ടിവന്നു. രോഗം മൂലം മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന്‌ വേണ്ടിയായിരുന്നു അത്‌. ന്യൂയോര്‍ക്കിലെ അല്‍ബനിയിലെ ഹോളിക്രോസ്‌ ബ്രദേഴ്‌സിന്റെ ചാപ്ലയിനായിട്ടായിരുന്നു ഫാ. പാട്രിക്കിന്റെ ആദ്യനിയമനം. രോഗം കണക്കിലെടുത്ത്‌ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹത്തെ അയ്‌ക്കുന്നതിന്‌ മേലധികാരികള്‍ വിസമ്മതിച്ചു. കുടുംബജപമാല എന്ന ആശയം അപ്പോഴാണ്‌ ഫാ.പാട്രിക്കിന്റെ മനസ്സിലേക്ക്‌ വന്നത്‌. മേലധികാരികളാവട്ടെ അതിന്‌ പൂര്‍ണ്ണ പിന്തുണയും നല്‌കി. മെത്രാന്മാര്‍, കത്തോലിക്കാ സംഘടനകള്‍ എന്നിവരെല്ലാം കുടുംബജപമാല എന്ന ആശയത്തെ പിന്തുണച്ചു. അമേരിക്കയിലെ സ്‌കൂളുകള്‍, പള്ളികള്‍ എന്നിവിടങ്ങളിലും ഫാ. പാട്രിക്‌ തന്റെ ആശയം പങ്കുവച്ചു. അമേരിക്കയിലെങ്ങും ആവേശവും ആനന്ദവുമായി മാറിയ ജപമാല തരംഗം മറ്റ്‌ ഭൂഖണ്‌ഡങ്ങളിലേക്കും വ്യാപിച്ചതോടെ ആധുനികമാധ്യമങ്ങളെയും ഇതിന്റെ പ്രചാരത്തിന്‌ വേണ്ടി അദ്ദേഹം ഉപയോഗിച്ചു. റേഡിയോയിലൂടെയുള്ള ആദ്യ ജപമാല പ്രോഗ്രാമിന്‌ 1945 ല്‍ മദേഴ്‌സ്‌ ഡേ ദിനമായ മെയ്‌ 13 ന്‌ അദ്ദേഹം തുടക്കമിട്ടു. മാധ്യമങ്ങളുടെ സജീവമായ ശ്രദ്ധ ലഭിച്ചതോടെ ഫാ. പാട്രിക്കിന്റെ ശ്രദ്ധ ഹോളിവുഡിലേക്ക്‌ തിരിഞ്ഞു. ഹോളിവുഡ്‌ പ്രവര്‍ത്തകരോട്‌ ആശയം പങ്കുവച്ചെങ്കിലും ആദ്യം അതിന്‌ സ്വീകരണം ലഭിച്ചില്ല. പക്ഷേ രണ്ടാം തവണ അദ്ദേഹത്തിന്റെ പ്രയത്‌നം ഫലം കണ്ടു. ഫാമിലി തീയറ്റര്‍ എന്ന ആശയത്തിന്റെ തുടക്കമായിരുന്നുവത്‌. 1937 ഫെബ്രുവരി 13 ന്‌ ആയിരുന്നു ഫാമിലി തിയറ്റര്‍ ശ്രോതാക്കളിലെത്തിയത്‌. കഥകളും സന്മാര്‍ഗ്ഗികോപദേശങ്ങളുമായിരുന്നു അതിന്റെ ഉള്ളടക്കം. മതാത്മകപ്രോഗ്രാം എന്ന നിലയില്‍ ദേശീയവും അന്തര്‍ദ്ദേശീയവുമായ ശ്രദ്ധ അതിന്‌ ലഭിച്ചു. `ദ ജോയ്‌ഫുള്‍ അവര്‍' എന്ന പേരില്‍ അടുത്ത ക്രിസ്‌മസ്‌ കാലത്ത്‌ ഒരു ലൈവ്‌ പ്രോഗാമും അദ്ദേഹം അവതരിപ്പിച്ചു. 1948 ല്‍ പ്രോഗ്രാമിന്‌ വേണ്ടി ഒരു ഭവനം ഹോളിവുഡില്‍ ഫാ പെയ്‌ടണിന്‌ ലഭിച്ചു. അത്‌ പില്‌ക്കാലത്ത്‌ അഡ്‌മിനിസ്‌ട്രേഷന്‍ ഓഫീസായി പരിണമിച്ചു. പന്ത്രണ്ടുവര്‍ഷക്കാലത്തോളം റേഡിയോ പ്രോഗ്രാം തുടര്‍ച്ചയായി അവതരിപ്പിക്കപ്പെട്ടു. പ്രഗത്ഭരായ നടീനടന്മാരാണ്‌ ഓരോ തവണയും അത്‌ അവതരിപ്പിച്ചത്‌. മതാത്മകനാടകങ്ങള്‍ റേഡിയോയിലൂടെ അവതരിപ്പിക്കുക എന്ന പദ്ധതി പിന്നീട്‌ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മ്മാണത്തിലേക്ക്‌ വഴിമാറി. ഇക്കാലം കൊണ്ട്‌ ഹോളിവുഡ്‌ ചാപ്ലയിന്‍ എന്ന്‌ ഫാ. പാട്രിക്‌ അറിയപ്പെട്ടിരുന്നു. ജപമാല രഹസ്യങ്ങളുടെ ചിത്രീകരണം ഉള്‍പ്പെടെ പതിനഞ്ചോളം ചിത്രങ്ങള്‍ അദ്ദേഹം ഹോളിവുഡ്‌ വിദഗ്‌ദരുടെ സഹായത്തോടെ നിര്‍മ്മിച്ചു. സുഹൃത്തുക്കളായ സമ്പന്നരാണ്‌ നിര്‍മ്മാണച്ചെലവുകള്‍ വഹിച്ചിരുന്നത്‌. ഇന്നും അത്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകരിലെത്തുന്നു.

ഫാമിലി തീയറ്ററിന്‌ കിട്ടിയ പ്രചാരമാണ്‌ റോസറി ക്രൂസേഡിലേക്ക്‌ ഫാ.പാട്രിക്കിനെ നയിച്ചത്‌. 1948 ഫെബ്രുവരി മുതല്‍ മെയ്‌ വരെയായിരുന്നു ആദ്യ റോസറി ക്രൂസേഡ്‌. ജപമാല റാലികളും ജപമാല പ്രതിജ്ഞ അച്ചടിച്ച പ്രെയര്‍ കാര്‍ഡുകളും റോസറി ക്രൂസേഡിന്റെ ഭാഗമായിരുന്നു. `ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങള്‍ ഒന്നിച്ചുനിലനില്‌ക്കും' എന്നതായിരുന്നു ഫാ. പാട്രിക്കിന്റെ മുദ്രാവാക്യം. റോസറി ക്രൂസേഡുകളുടെയെല്ലാം ലക്ഷ്യം ഫാമിലി റോസറി (കുടുംബ ജപമാല) പ്രോത്സാഹിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു. 1951-52 കാലത്ത്‌ ബ്രിട്ടനിലെ വെബ്ലി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച റോസറി ക്രൂസേഡില്‍ അനേകായിരങ്ങളാണ്‌ പങ്കെടുത്തത്‌. നാല്‌പതുജപമാല റാലികള്‍ ഇംഗ്ലണ്ടില്‍ അരങ്ങേറി. ആറുഭൂഖണ്‌ഡങ്ങളിലും നാല്‌പതുരാജ്യങ്ങളിലുമായി മില്യന്‍കണക്കിന്‌ ജനങ്ങളെയാണ്‌ ഫാ. പാട്രിക്‌ സുവിശേഷവല്‍ക്കരിച്ചത്‌.
ഫാ. പാട്രിക്കിന്റെ പൗരോഹിത്യസുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ജന്മനാട്ടിലാണ്‌ അരങ്ങേറിയത്‌. വര്‍ണ്ണശബളമായ ഘോഷയാത്രയും ബാന്റ്‌മേളങ്ങളും അതിന്റെ പ്രത്യേകതകളായിരുന്നു. അതവസാനിച്ചതാവട്ടെ ഫാ. പാട്രിക്കിന്റെ മാതാപിതാക്കളുടെ ശവകുടീരത്തിന്‌ മുന്നിലായിരുന്നു. പൗരോഹിത്യജൂബിലിയോടനുബന്ധിച്ചുള്ള ആ സന്ദര്‍ശനമായിരുന്നു ഫാ. പാട്രിക്കിന്റെ ജന്മനാട്ടിലേക്കുള്ള അവസാനയാത്ര. കാലിഫോര്‍ണിയായിലേക്കാണ്‌ അദ്ദേഹം മടങ്ങിപ്പോയത്‌. ഒരുവര്‍ഷത്തിന്‌ ശേഷം 83-ാം വയസിലായിരുന്നു അന്ത്യം. വളരെ ചെറിയൊരു മുറിയില്‍ ജപമാല കരങ്ങളേന്തിക്കൊണ്ടായിരുന്നു ശാന്തതയോടെയുള്ള അദ്ദേഹത്തിന്റെ കടന്നുപോകല്‍. ``മേരീ എന്റെ രാജ്ഞീ, എന്റെ അമ്മേ..'' അതായിരുന്നു ഫാ. പാട്രിക്കിന്റെ അന്ത്യമൊഴികള്‍. ശവസംസ്‌കാര കുര്‍ബാന ആരംഭിക്കുംവരെ അദ്ദേഹത്തിന്റെ മൃതശരീരത്തിന്‌ ചുറ്റിലും നിന്ന്‌ അനേകഭാഷകളിലുള്ള ജപമാലകള്‍ മുഴങ്ങിക്കേട്ടിരുന്നു. 2001 ല്‍ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു.

മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയിലറാകുന്ന രോഗത്തിന്‌ അടിപ്പെട്ട ഒരു വ്യക്തിക്ക്‌ ഫാ. പാട്രിക്കിന്റെ മാധ്യസ്ഥതയിലൂടയും ജപമാലപ്രാര്‍ത്ഥനയിലൂടെയും കിട്ടിയ അത്ഭുതകരമായ രോഗസൗഖ്യം അടുത്തയിടെ സ്ഥിരീകരിക്കപ്പെട്ടതോടെ ഫാ. പാട്രിക്കിന്റെ നാമകരണച്ചടങ്ങുകള്‍ വളരെ വേഗം പുരോഗമിക്കുമെന്ന പ്രാര്‍ത്ഥനയിലും പ്രതീക്ഷയിലുമാണ്‌ വിശ്വാസികളും ഹോളിക്രോസ്‌ സമൂഹാംഗങ്ങളും.
ഫാ. പാട്രിക്‌ അള്‍ത്താരയില്‍ വണങ്ങപ്പെടുന്ന കാലം അനതിവിദൂരത്തല്ല എന്ന്‌ നമുക്കും കരുതാം. അതോടെ ജപമാലഭക്തനായിരുന്ന ഒരു വ്യക്തികൂടി വിശുദ്ധപദവിയിലെത്തിച്ചേര്‍ന്നതില്‍ നമുക്ക്‌ കൂടുതല്‍ സന്തോഷിക്കുകയും ചെയ്യാം. `ഒന്നിച്ചുപ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചുനിലനില്‌ക്കും' എന്നും `പ്രാര്‍ത്ഥനയുള്ള ലോകം സമാധാനമുള്ള ലോകം' എന്നും മുദ്രാവാക്യമായി സ്വീകരിച്ച ദൈവദാസന്‍ ഫാ. പാട്രിക്‌ പേയ്‌ടണ്‍, പ്രാര്‍ത്ഥനയെ ജീവിതത്തിന്റെ ഹൃദയതാളമായി കൊണ്ടുനടന്നിരുന്ന വ്യക്തിയായിരുന്നു. ക്രിസ്‌തുവിലെത്താനുള്ള മാര്‍ഗ്ഗമായി പരിശുദ്ധ മറിയത്തെ സ്വീകരിച്ചതുകൊണ്ടാണ്‌ മറിയത്തെ അത്ര അഗാധമായി സ്‌നേഹിക്കാന്‍ ഫാ. പാട്രിക്കിന്‌ കഴിഞ്ഞത്‌.

Tuesday, 6 November 2012

ഒരു സെമിനാരിയന്റെ ഡയറിക്കുറിപ്പ്‌




ഏതാനും ദിവസങ്ങളേ ഇനിയീ ഭൂമിയില്‍ നിങ്ങള്‍ക്കുള്ളൂ എന്നറിയുമ്പോള്‍ എന്താകും നിങ്ങളെഴുതുക? മരണം കാത്തു നില്‍ക്കുന്ന ബ്രദര്‍ ആന്‍ഡ്രൂസ്‌ മരണത്തെയും ജീവിതത്തെയും വായിക്കുന്നത്‌ ഇങ്ങനെയാണ്‌....

ആന്‍ഡ്രൂ റോബിന്‍സന്‍ കേംബ്രിഡ്‌ജില്‍ ഡിഗ്രി പഠനം കഴിഞ്ഞ്‌ ജീവിതത്തിന്റെ വിശാലവഴികളിലെ കണക്കുകൂട്ടലിലായിരുന്നു ആ ദിവസങ്ങളില്‍. എന്‍ജിനീയറിങ്‌ കഴിഞ്ഞ്‌ ജോലി ഏതാണ്ട്‌ സുരക്ഷിതം. ഭാവിവധു കളിക്കൂട്ടുകാരി കൂടിയായ അയല്‍വാസി. ഇരുപത്തിയാറ്‌ വയസ്സിനിടയില്‍ സ്വന്തമായ അധ്വാനം കൊണ്ട്‌ ഒരു വീടും വാങ്ങി. ഇംഗ്ലണ്ടിലെ ബര്‍മിങ്‌ഹാമില്‍ താമസിക്കുന്ന ആന്‍ഡ്രൂ കത്തോലിക്ക വിശ്വാസത്തില്‍ ആഴപ്പെട്ട കുടുംബത്തിലെ അംഗമാണ്‌. റോബിന്‍സണ്‍-സ്റ്റെല്ല ദമ്പതികളുടെ ഇളയ സന്താനം. അങ്ങനെയിരിക്കെ, ഈ ചെറുപ്പക്കാരന്‍ ക്രിസ്‌തുവിനെ കണ്ടുമുട്ടുന്നു. അതിസ്വാഭാവികമായൊന്നും അവനില്‍ സംഭവിക്കുന്നില്ല. പക്ഷേ, ജീവിതം, അതിന്റെ ദര്‍ശനം, സ്വപ്‌നങ്ങള്‍ ഇവയൊക്കെ കീഴ്‌മേല്‍ മറിഞ്ഞു. `ക്രിസ്‌തുവിനേക്കാള്‍' ആകര്‍ഷണീയമായ ഒന്നും ഇനി ജീവിതത്തില്‍ വേണ്ട എന്ന ഉറച്ച തീരുമാനത്തില്‍ അതുകൊണ്ടെത്തിച്ചു. കരുത്തുറ്റ ശരീരവും മികവുറ്റ പഠനവും നല്ല ഒരു സ്‌പോര്‍ട്‌സ്‌ താരത്തെയും പ്രൊഫഷണലിനെയും ആന്‍ഡ്രൂവില്‍ രൂപപ്പെടുത്തിയെങ്കിലും ക്രിസ്‌തു അവന്‌ മതിയായവനായി. അങ്ങനെ 1997 ഒക്ടോബറില്‍ ബിര്‍മിങ്‌ഹാമിലെ സെന്റ്‌ മേരീസ്‌ സെമിനാരിയില്‍ പ്രവേശിച്ചു. പ്രാര്‍ത്ഥനയും ധ്യാനവും പഠനവുമായി കര്‍ത്താവിന്റെ പുരോഹിതനെന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തി ആന്‍ഡ്രൂ കുതിച്ചുപാഞ്ഞു. എന്നാല്‍ ദൈവത്തിന്റെ വഴികള്‍ ആരുകാണുന്നു? അവിടുത്തെ സ്വപ്‌നങ്ങള്‍ ആര്‌ മനസ്സിലാക്കുന്നു?

2000 ജൂലൈയിലാണ്‌ അത്‌ നടന്നത്‌. ചില ശാരീരിക അസ്വസ്ഥതകള്‍ തോന്നിയതുകൊണ്ട്‌ പരിശോധനയ്‌ക്ക്‌ പോയതാണ്‌. ചെറുപ്പക്കാരില്‍ വിരളമായി മാത്രം കാണുന്ന പ്രത്യേകതതരം കാന്‍സര്‍! എണ്ണപ്പെട്ട ആഴ്‌ചകളേ മുന്നിലുള്ളൂ എന്ന്‌ ഡോക്ടര്‍മാര്‍. കാന്‍സര്‍ അതിന്റെ അവസാനഘട്ടത്തിലാണ്‌. ഏതൊരു വ്യക്തിയെയും കുടുംബത്തെയും എന്ന പോലെ ആന്‍ഡ്രൂവിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും ഈ വാര്‍ത്ത ഒട്ടേറെ വേദനിപ്പിച്ചു. രോഗം ഒറ്റപ്പെടുത്തുന്നവനെ ആര്‍ക്ക്‌ ആശ്വസിപ്പിക്കാനാകും? ആശുപത്രികള്‍ ഒന്നൊന്നായി കയറിയിറങ്ങുന്നു. സ്‌കാനിങ്‌, റേഡിയേഷന്‍ സെന്ററുകള്‍ വേറെയും. കീമോതെറാപ്പിയുടെ അസ്വസ്ഥതയും ക്ഷീണവും അസഹനീയം തന്നെ. ആശ്വാസവാക്കുകളൊന്നും കാന്‍സര്‍ ഒറ്റപ്പെടുത്തുന്നവന്റെ ജീവിതത്തില്‍ ഒരാശ്വാസവും നല്‍കാറില്ല എന്ന്‌ ആന്‍ഡ്രൂസും മനസ്സിലാക്കി. ഇനി രണ്ട്‌ സാധ്യതകള്‍ അവന്‌ മുമ്പിലുണ്ട്‌. ശിഷ്ടജീവിതം ശപിച്ചുതള്ളി വേദനയുടെ കയത്തില്‍ മനസ്സുടക്കി ജീവിതത്തിന്റെ എക്‌സിറ്റ്‌ കടക്കാം. അല്ലെങ്കില്‍ ഇനിയുള്ള നാളുകള്‍ ദാനങ്ങളെ ധ്യാനിച്ച്‌ കൂദാശകളും സ്വീകരിച്ച്‌ മരണത്തിനൊരുങ്ങാം. രോഗം അനാഥമാക്കുന്ന ജീവിതങ്ങളെ ദൈവം സനാഥമാക്കുന്നതു കാണാറുണ്ട്‌. വേദന ഒറ്റപ്പെടുത്തിയ ജീവിതങ്ങളെ കൃപയുടെ ആശീര്‍വാദം ആഞ്ഞ്‌ പുല്‍കുന്നത്‌ കണ്ടിട്ടുണ്ട്‌. ഇത്‌ വായിക്കുന്ന നിങ്ങളും ഒരു രോഗിയാകാം, പീഡിതനാകാം, ഒറ്റപ്പെട്ടവനാകാം. ആന്‍ഡ്രൂസിന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ വിന്‍സന്റ്‌ നിക്കോളാസ്‌ കൊടുത്ത ഉപദേശമേ നമുക്കും നല്‍കപ്പെടുന്നുള്ളൂ. ജീവിതത്തിന്റെ നാള്‍വഴികള്‍ എഴുതുക. വേദനയുടെ രാവില്‍, ഏകാന്തതയുടെ നിശബ്ദതയില്‍, ഉപേക്ഷയുടെ ഒറ്റപ്പെടലില്‍, മെഡിക്കല്‍ സയന്‍സിന്റെ നിസഹായതയില്‍ നിങ്ങള്‍ വിശ്വാസത്തിന്റെ യാത്ര നിര്‍ത്തരുത്‌. അതെഴുതണം; പ്രാര്‍ത്ഥനയാക്കണം. ശിഷ്ടദിനങ്ങളെ ആന്‍ഡ്രൂസ്‌ ഡയറിയില്‍ പകര്‍ത്തിയത്‌ പങ്കിടുകയാണിവിടെ. ഏതാനും ദിവസങ്ങളേ ഇനിയീ ഭൂമിയില്‍ നിങ്ങള്‍ക്കുള്ളൂ എന്നറിയുമ്പോള്‍ എന്താകും നിങ്ങളെഴുതുക? 


ആന്‍ഡ്രൂസിന്റെ ഡയറിയിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍...

(17 ജനുവരി 2001): 

എന്റെ രോഗത്തെക്കുറിച്ച്‌ ഞാനെന്റെ സഹോദരസെമിനാരിക്കാരനോട്‌ പങ്കിട്ടു. വയറില്‍ ശക്തമായ വേദനയുണ്ടായിരുന്നു. കുത്തിക്കുത്തിയുള്ള നോവ്‌. മറ്റുള്ളവരുടെ മുമ്പില്‍ കരയാന്‍ ആവില്ലല്ലോ. ഞാന്‍ ചിരിച്ചുകൊണ്ട്‌ എന്റെ വിശേഷങ്ങള്‍ പറഞ്ഞു. ഞാന്‍ ചിരിക്കുമ്പോള്‍, അവരില്‍ ചിലര്‍ അടക്കിപ്പിടിച്ച്‌ കരയുന്നത്‌ ഞാന്‍ കണ്ടിരുന്നു. എന്റെ ഉള്ളം കരയുന്നത്‌ അവര്‍ അറിഞ്ഞിരിക്കണം. ചര്‍ച്ച കഴിഞ്ഞപ്പോള്‍ സായാഹ്നപ്രാര്‍ത്ഥനയ്‌ക്ക്‌ പോയി. ഇരുപത്തിയൊന്‍പതാം സങ്കീര്‍ത്തനം ഏറ്റുപാടി. `നീ എന്നെ രക്ഷിച്ചു; അതുകൊണ്ട്‌ ഞാന്‍ ചിരിച്ചു, ചിരിച്ചുകൊണ്ടേയിരുന്നു.' വലിയൊരാശ്വാസം പോലെ. എനിക്ക്‌ കാന്‍സറാണെന്ന്‌ അറിഞ്ഞദിവസം മുതല്‍ ഞാന്‍ ഈ സങ്കീര്‍ത്തനം ആലപിക്കാറുണ്ട്‌. എന്റെ ദൈവത്തിന്‌ എന്നെ ആവശ്യമുണ്ട്‌. അതുകൊണ്ട്‌ എന്റെ പ്രതീക്ഷയും നിരാശതയും ഇച്ഛയും ഇച്ഛാഭംഗങ്ങളും സന്തോഷവും ദുഃഖവും അവന്‌ നല്‍കുന്നു. രോഗസൗഖ്യത്തിനായി എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്‌. പക്ഷേ അതിലേറെ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌ ദൈവമേ നിന്റെ ഇഷ്ടം എന്നില്‍ നിറവേറ്റണമേ എന്നാണ്‌; എന്റെ കുരിശ്‌ സന്തോഷത്തോടെ വഹിക്കാന്‍ എന്നെ ബലപ്പെടുത്തണേ എന്നാണ്‌. ശരീരത്തില്‍ വേദനയ്‌ക്ക്‌ വലിയ ആശ്വാസം തോന്നുന്നുണ്ട്‌, ഇപ്പോള്‍.

(20 ജനുവരി): 

കഴിഞ്ഞ ചില ദിവസങ്ങളില്‍ ഡയറി എഴുതാനേ കഴിഞ്ഞില്ല. പുതുവര്‍ഷത്തിന്റെ ചിന്ത ഇന്നും എനിക്കുണ്ടായി. ദൈവം ഈ പുതിയവര്‍ഷത്തില്‍ നല്‍കുന്ന സമ്മാനമെന്താണ്‌? ഒരുപക്ഷേ രോഗത്തെ സ്വീകരിക്കുക എന്ന സമ്മാനമാകാം. എന്തായാലും ദൈവം എന്നെ ഉപേക്ഷിക്കില്ല. അതെനിക്കുറപ്പാണ്‌. എങ്കിലും കീമോതെറാപ്പിയുടെ വിഷമങ്ങളുമായി അഡ്‌ജസ്റ്റ്‌ ചെയ്യാന്‍ എനിക്കാവുന്നില്ല. ചീട്ടുകളിക്കാമെന്ന്‌ പറഞ്ഞ്‌ ഭക്ഷണത്തിനുശേഷം കൂട്ടുകാര്‍ വന്നു. എന്നെ സന്തോഷിപ്പിക്കാനാവണം. അവര്‍ക്കൊപ്പം കളിച്ചു. കുറേസമയം വിശ്രമിച്ചു. എന്റെ അനുജന്‍ റിച്ചാര്‍ഡിന്റെ ജന്മദിനമാണിന്ന്‌. അവനുമൊപ്പം ബലിയര്‍പ്പിക്കാന്‍ പോയി. എന്തെന്നറിയില്ല, പതിവില്ലാത്ത വേദന അപ്പോഴുണ്ടായിരുന്നു. ജനങ്ങള്‍ക്കൊപ്പം ഇരിക്കാന്‍ കഴിയാത്തതുകൊണ്ട്‌ ഒരല്‌പം മാറി ദേവാലയത്തിന്റെ വലതുഭാഗത്തിരുന്നു. ആരെല്ലാം എന്നെ നോക്കുന്നുണ്ടോ, അവരെയൊക്കെ നോക്കി പുഞ്ചിരിച്ചു. എന്റെ വേദന ഞാനും എന്റെ ദൈവവും മാത്രം അറിഞ്ഞാല്‍ മതി. ഇന്ന്‌ കുര്‍ബാനയ്‌ക്കിടയിലെ ഓശാനഗാനം പാടുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. ഇരുപത്തിയെട്ട്‌ വയസ്സുള്ള ഞാന്‍ കാന്‍സറിന്റെ പിടിയിലാണെന്നറിഞ്ഞിട്ട്‌ ആറ്‌ മാസം കഴിഞ്ഞു. ഏറിയാല്‍ ഇനി ഒരാറുമാസം കൂടി. രാത്രിയില്‍ ഞാനറിയാതെ കണ്ണീരില്‍ കിടക്ക നനയുമ്പോഴും പ്രഭാതത്തില്‍ ആനന്ദത്തോടെ എന്റെ ദൈവത്തെ സ്‌തുതിക്കാന്‍ മറന്നിട്ടില്ല. സഹനമാണ്‌ ദൈവത്തിനിഷ്ടമായ ബലികളിലൊന്ന്‌. ക്രിസ്‌തുവിനൊപ്പം ഞാനും കുരിശിലാണെന്ന്‌ എനിക്ക്‌ തോന്നി. ദൈവത്തിന്റെ കരുണയും സ്‌നേഹവും എനിക്കിനിയും ആവശ്യമുണ്ട്‌. ഉറക്കംവരുന്നു.

(28 ജനുവരി) 

എന്റെ ശവസംസ്‌കാരത്തെക്കുറിച്ച്‌ ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്‌. നല്‌കപ്പെട്ടിരിക്കുന്ന നന്മകളെക്കുറിച്ച്‌ ഇനിയും നന്ദി പറഞ്ഞാല്‍ മതിവരില്ല. വിശ്വാസത്തില്‍ ആഴപ്പെട്ട കുടുംബം, മാതാപിതാക്കള്‍, നല്ലൊരു ദൈവവിളി ഇവയൊക്കെ എല്ലാവര്‍ക്കും ലഭിക്കുന്നതല്ലല്ലോ. എന്റെ സഹനം നിര്‍ഭാഗ്യകരമല്ല. എനിക്കിഷ്‌ടമായ സഹനത്തിന്റെ ഹീറോ പാദ്രെപിയോ ആണ്‌. ആ പുണ്യമനുഷ്യന്‍ ജീവിച്ചിടത്ത്‌ പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍. കാന്‍സര്‍ എന്റെ ചെസ്റ്റിലും ബാധിച്ചതായി എനിക്ക്‌ തോന്നി. ഈ രോഗത്തിന്റെ ഏറ്റവും ദുരന്തമായ അവസ്ഥയിലൂടെപ്പോലും കടത്തിവിടാന്‍ ഈശോ ആഗ്രഹിക്കുന്നുണ്ടോ, ആവോ. ശാരീരികമായ സുഖത്തില്‍ ഒരു രാത്രിപോലും സ്വസ്ഥമായുറങ്ങാന്‍ ആവില്ലെന്ന അറിവ്‌ എന്നെ ചെറിയ നിരാശയ്‌ക്ക്‌ തള്ളിവിടുന്നുണ്ട്‌. അതേ സമയം ഈശോയ്‌ക്കൊപ്പം മരിച്ച്‌ അവനില്‍ ഒന്നാകാമെന്ന ചിന്ത ആശ്വാസവും നല്‌കുന്നുണ്ട്‌. ഞാന്‍ സ്‌നേഹിക്കുന്നവയെ ക്രിസ്‌തുവിനെപ്രതി മാറ്റിവയ്‌ക്കാനാവാത്തതാണ്‌ എന്റെ നിരാശയുടെ കാരണം. അതെനിക്കറിയാം. എനിക്കിഷ്‌ടമായ വിനോദങ്ങള്‍, കൂട്ടുകാര്‍, മാതാപിതാക്കള്‍ ഇവരെയൊക്കെ എന്നില്‍ നിന്ന്‌ അകറ്റി അവിടുന്നെന്നെ വിളിക്കുമ്പോഴുള്ള വേദനയാണിത്‌. വിലകൊടുക്കാത്ത സ്‌നേഹമില്ല. ദൈവത്തിന്റെ സ്‌നേഹത്തിനായി അവിടുന്ന്‌ ചോദിക്കുന്ന വില ഞാന്‍ കൊടുത്തേ തീരു. പലവിധ ചിന്തകള്‍ എനിക്ക്‌ ഉണ്ടായി. ഈ രോഗം ദൈവം അനുവദിക്കുന്നതാണെങ്കില്‍ ഞാന്‍ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണമോ? ഞാന്‍ കൂടുതല്‍ ഈശോയെ നിര്‍ബന്ധിച്ച്‌ സൗഖ്യം സ്വീകരിക്കാന്‍ നോക്കുന്നത്‌ എന്റെ തന്നിഷ്‌ടമല്ലേ? അല്ല, എന്തായാലും ഞാന്‍ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണം. കാരണം, സൗഖ്യം ശാന്തിയും സമാധാനവും നല്‌കുമെനിക്ക്‌. ശാരീരികസൗഖ്യം സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യട്ടെ. ഇന്നു ഞാന്‍ മാലാഖമാരും വിശുദ്ധന്മാര്‍ക്കുമൊപ്പം ദൈവത്തെ വാഴ്‌ത്തുന്നു. കാരണം, അവന്‍ എനിക്ക്‌ സൗഖ്യം തന്നു.

(4 ഫെബ്രുവരി) 

കാന്‍സര്‍ വാര്‍ഡിലായിരുന്നു ഇന്നു മുഴുവന്‍. ഇന്നലെവരെയുള്ള സമാധാനമൊക്കെ ഇന്ന്‌ പൊയ്‌മറഞ്ഞതുപോലെ. കീമോ നേരെ ചൊവ്വേ എടുക്കാന്‍ പറ്റുന്നില്ല. എന്റെ നമ്പര്‍ പതിഞ്ഞ `ഹണിമൂണ്‍' കുപ്പായം ഞാന്‍ ഇട്ടു. ഈ വാര്‍ഡിലെ എല്ലാവര്‍ക്കുമുണ്ട്‌ ഈ വിധമുള്ള ഒരു കുപ്പായം. രണ്ട്‌ ബഡ്ഡിനിടയിലാണ്‌ എന്റേത്‌. ഒരു വശത്ത്‌ ഇന്ന്‌ രാത്രിയില്‍ തന്നെ മരിച്ചേക്കുമോ എന്ന്‌ ഭയപ്പെട്ടു കഴിയുന്ന ഒരു ജപ്പാന്‍കാരന്‍. അപ്പുറത്ത്‌ വശത്ത്‌ കുഴല്‍കൊണ്ട്‌ ശരീരം മുഴുവന്‍ നിറഞ്ഞിട്ടുള്ള ഏതോ ഒരു സാധു മനുഷ്യന്‍. അയാളെ നോക്കാനും കൂടെ നില്‍ക്കാനും പോലും ആളില്ല. ചുമയ്‌ക്കുന്നതും കരയുന്നതും ഞരങ്ങുന്നതുമൊക്കെ കേള്‍ക്കാം. ഈ കൂട്ടത്തില്‍ കിടന്ന്‌ ഞാനെന്റെ `നൈറ്റ്‌ വിജില്‍' നടത്തി. ശ്വാസോച്ഛാസത്തിനു തടസ്സമുണ്ടായതുകൊണ്ട്‌ എനിക്കും ഓക്‌സിജന്‍ തന്നു. അവിടെ നിന്നു പുറത്ത്‌ കടന്നപ്പോള്‍ കോണ്‍സെന്റേഷന്‍ ക്യാമ്പ്‌ വിട്ട പ്രതീതിയായിരുന്നു. പാദ്രെ പിയോയെ ധ്യാനിച്ച്‌ ആ ആശുപത്രി ഞാന്‍ വിട്ടു. ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ``ദൈവമേ, എനിക്ക്‌ തന്ന നിരാശയ്‌ക്കും സ്‌നേഹത്തിനും ഒത്തിരി നന്ദി. സഹനത്തെ സ്വീകരിക്കാന്‍ കഴിഞ്ഞതിന്‌ നന്ദി. എനിക്കൊപ്പം വാര്‍ഡില്‍ കഴിയുന്നവര്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിന്റെ സ്‌നേഹത്തെ എനിക്കു ചുറ്റും കഴിയുന്ന ഈ രോഗികള്‍ക്ക്‌ നീ മനസ്സിലാക്കി കൊടുക്കണമേ. യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച്‌ എന്നെ നോക്കുന്ന ഡോക്‌ടര്‍മാരോടും നഴ്‌സുമാരോടും പറയാന്‍ കഴിഞ്ഞതിന്‌ നന്ദി. വിശുദ്ധ പാദ്രെ പിയോ ഞാന്‍ നിനക്കൊപ്പം വരുന്നു, സ്‌നേഹിക്കാനും മറ്റുള്ളവരെ അനുഗ്രഹിക്കാനും. ദൈവമേ നീ വലിയവനാണ്‌.

(5 ഫെബ്രുവരി): 

അങ്ങനെ പാദ്രെ പിയോ എന്ന പുണ്യമനുഷ്യന്‍ ജീവിച്ച വസതിയില്‍ ഞാനിന്ന്‌ കാലുകുത്തി. ഞാന്‍ രോഗിയല്ലായിരുന്നെങ്കില്‍ എനിക്കിവിടെ എത്തിപ്പെടാന്‍ ആകുമായിരുന്നില്ല. മനോഹരമായ ദൈവാനുഭവത്തില്‍ നീന്തിത്തുടിക്കാന്‍ കഴിയുമായിരുന്നില്ല. ഒന്നും കാണാതെ ദൈവം എന്നെ രോഗിയാക്കില്ല. പാദ്രെ പിയോ ബലി അര്‍പ്പിച്ചിടത്ത്‌ ഞങ്ങളും ബലിയര്‍പ്പിച്ചു. എന്തൊരു സൗഭാഗ്യം. ആദ്യവായന ഞാന്‍ നടത്തി, ബലിക്കിടയില്‍. തുടര്‍ന്ന്‌ ഒരു ജപമാലയും ചൊല്ലി. പരിശുദ്ധ അമ്മയുടെ മുഖം ക്ഷീണിതമായിരിക്കുന്നതുപോലെ എനിക്ക്‌ തോന്നി. എന്റെ വേദനയില്‍ അവളും പങ്കുചേരുന്നതായി എനിക്ക്‌ അനുഭവപ്പെട്ടു. പാദ്രെ പിയോ പഞ്ചക്ഷതങ്ങള്‍ സ്വീകരിച്ച കുരിശിന്‌ കീഴെയിരുന്ന്‌ ഞാനും പ്രാര്‍ത്ഥിച്ചു. ഇനി ഒരല്‌പം വിശ്രമം. കുരിശിന്റെ അര്‍ത്ഥം നാം ഗ്രഹിച്ചില്ലെങ്കില്‍ ക്രിസ്‌തുവിനെ നമുക്കു മനസ്സിലാക്കാനാകില്ല. നമ്മുടെ സഹനങ്ങളുടെ അര്‍ത്ഥവും പിടികിട്ടില്ല. പാദ്രെ പിയോ സഹനത്തെ മാനിച്ചു. ഇന്നിതാ അദ്ദേഹത്തിന്റെ സഹനം ഒരുപാട്‌ പേര്‍ക്ക്‌ ക്രിസ്‌തുവിന്റെ സനഹത്തിലെ പങ്കുപറ്റലാകുന്നു. പാദ്രെ പിയോയുടെ മധ്യസ്ഥത്താല്‍ ഞാന്‍ സൗഖ്യപ്പെട്ടാല്‍ ക്രിസ്‌തുവിനെ മഹത്വപ്പെടുത്തും. ഇനി സൗഖ്യപ്പെട്ടില്ലെങ്കിലും മഹത്വപ്പെടുത്തും. കാരണം ദൈവത്തിന്റെ ഇഷ്‌ടം എന്നില്‍ നിറവേറ്റുക മാത്രമാണ്‌ എന്റെ ഇഷ്‌ടം. എനിക്ക്‌ മറ്റൊന്നും വേണ്ട. ഈ ദിവസത്തിന്റെ ക്ലൈമാക്‌സ്‌ മനോഹരമായിരുന്നു. ഫാ. എമിലിന്റോ ഞങ്ങളെ ആശീര്‍വദിക്കാനെത്തി. ഒരു വലിയ അലമാരയുടെ വലിപ്പ്‌ തുറന്ന്‌ അതില്‍ നിന്നും കൊച്ചു ചെപ്പെടുത്തു. പാദ്രെ പിയോയുടെ പഞ്ചക്ഷതങ്ങള്‍ പതിഞ്ഞ കൈയുറയാണിത്‌. അദ്ദേഹം അതെടുത്ത്‌ ഞങ്ങളെ ആശീര്‍വദിച്ചു. സ്വര്‍ഗ്ഗീയ ആനന്ദത്താല്‍ ഞാന്‍ നിറഞ്ഞു.

പാദ്രെ പിയോയുടെ ശവകുടീരത്തിനടുത്ത്‌ ഇരുന്ന്‌ പ്രാര്‍ത്ഥിച്ചപ്പോള്‍ ശാരീരികസൗഖ്യം ലഭിച്ചതുപോലെ തോന്നി. ശരീരത്തില്‍ വേദനയുള്ളിടത്ത്‌ ശക്തിയില്‍ അമര്‍ത്തി. എന്റെ കാന്‍സര്‍ മാറിയോ? ഇല്ല കാന്‍സര്‍ ഇപ്പോഴുമുണ്ട്‌. പക്ഷേ, ഈ രോഗത്തിന്റെ ദൈവനിയോഗം ഞാനിന്ന്‌ അറിയുന്നു.

(17 മാര്‍ച്ച്‌) 

എന്റെ അവസാന കുമ്പസാരത്തിനൊരുങ്ങി. എന്റെ വിശുദ്ധി എനിക്ക്‌ കൈമോശം വന്നിട്ടുണ്ട്‌. ഒരു വൈദിക വിദ്യാര്‍ത്ഥിക്കടുത്ത ദൈവസ്‌നേഹം എനിക്കില്ലാതെപോയി. എന്റെ മനോവികാരങ്ങളെ നിയന്ത്രിക്കാന്‍ പലപ്പോഴും എനിക്കായിട്ടില്ല. എന്റെ ആത്മീയ ഗുരുവിന്റെ മുമ്പില്‍ തലകുനിച്ചു. ദൈവത്തിന്‌ പൊറുക്കാനാവാത്ത പാപങ്ങളില്ല. ഇനി ഒന്നുണ്ടെങ്കില്‍ തന്നെ ദൈവത്തിന്റെ ക്ഷമ സ്വീകരിക്കാത്തത്‌ എന്ന പാപമാകും അത്‌. ദൈവത്തിന്റെ കരുണയില്‍ ഞാന്‍ എല്ലാം അര്‍പ്പിച്ചു. ഞാന്‍ കരഞ്ഞു. പാപത്തിന്റെ നോവ്‌ അറിയാവുന്നവര്‍ ശാരീരിക നോവിനെക്കുറിച്ചാകില്ല കൂടുതല്‍ കരയുന്നത്‌. എനിക്കെന്റെ ദൈവത്തെ ഇനിയും സ്‌നേഹിക്കണം.

(31 മാര്‍ച്ച്‌) 

നിങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക എളുപ്പമല്ല. ഞാന്‍ കണക്കുകൂട്ടിയതിനെക്കാള്‍ മരണമെന്റെ സമീപത്തുണ്ട്‌. സ്വാഭാവികമായി മലമൂത്രവിസര്‍ജ്ജനം നടത്താനാകുന്നില്ല. അവര്‍ പ്രത്യേകം പൈപ്പുകളിട്ടു. പലപ്രാവശ്യം ശ്രമിച്ചിട്ടും പൈപ്പുകള്‍ ശരിയാകുന്നില്ല. നല്ല വേദന. കരയാന്‍ തോന്നി. പെട്ടെന്ന്‌ ഒരു ഓപ്പറേഷന്‍ വേണമെന്ന്‌ പറഞ്ഞു. എന്റെ മനസ്സ്‌ അതിന്‌ ഒരുങ്ങിയിരുന്നില്ല. ഒരുങ്ങാന്‍ എല്ലാത്തിനും സമയം നല്‌കപ്പെട്ടു എന്ന്‌ വരില്ല. പ്രത്യേകിച്ചും കാന്‍സര്‍ രോഗിയായ എനിക്ക്‌. ഞാനാകെ തളര്‍ന്നു വീഴുന്നതുപോലെ. മമ്മി മാറിയിരുന്ന്‌ ഏങ്ങിയേങ്ങി കരയുന്നത്‌ കാണാമായിരുന്നു. ഇനി പ്രതീക്ഷയുടെ വാക്കുകള്‍ക്കൊണ്ട്‌ ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാനാകില്ല. സാഹചര്യങ്ങള്‍ പൊടുന്നനെ കൂടുതല്‍ വഷളാകുന്നതായി എനിക്ക്‌ തോന്നി. നിരാശ എന്നെയും കീഴ്‌പ്പെടുത്തുന്നതുപോലെ. ഒന്നും കഴിക്കാന്‍ തോന്നുന്നില്ല. കഴിക്കുന്നതൊക്കെ ഛര്‍ദ്ദിക്കും. വിസര്‍ജനം നടത്താന്‍ സുഖമായ വഴിയുമില്ല. എന്റെ ദൈവമേ എന്നെ തളര്‍ത്തരുതേ.. എന്റെ വേദന മറച്ചുവയ്‌ക്കാന്‍ ഞാന്‍ ഏറെ കഷ്‌ടപ്പെട്ടു, ഈ ദിവസം. ഇക്കഴിഞ്ഞ ദിവസം ബഹുമാന്യനായ ആര്‍ച്ച്‌ ബിഷപ്‌ വിന്‍സെന്റ്‌ നിക്കോളാസ്‌ എന്നെ കണ്ടപ്പോള്‍ തിരുപ്പട്ടത്തിന്റെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. എങ്ങനെ എവിടെ വച്ച്‌ എന്ന്‌ എന്നൊക്കെ ഞങ്ങള്‍ സംസാരിച്ചു. ഞാന്‍ പെട്ടെന്നുതന്നെ തിരുപ്പട്ടം സ്വീകരിക്കുമെന്നവര്‍ കരുതി. എന്റെ സ്വപ്‌നം മുഴുവന്‍ അതിലായിരുന്നു. ഏതൊരു വൈദികവിദ്യാര്‍ത്ഥിയുടെ പോലെ തന്നെ. എന്റെ മരണത്തിന്റെ കാലൊച്ച ഇന്നെന്റെ സ്വപ്‌നങ്ങള്‍ക്ക്‌ മുകളിലാണ്‌. എങ്ങനെ ശാന്തമായി മരിക്കാം എന്നായി പിന്നെ എന്റെ ചിന്ത. മമ്മിയുടെയും ഡാഡിയുടെയും കരച്ചില്‍ ഏറെ വിഷമിപ്പിച്ചു ഇന്നെന്നെ. ഞാന്‍ എങ്ങനെ ആശ്വസിപ്പിക്കും. മകന്റെ തിരുപ്പട്ടം കാത്തിരിക്കുകയായിരുന്നല്ലോ അവര്‍. ഒരാള്‍ക്കും മറ്റൊരാളെ പൂര്‍ണ്ണമായും ആശ്വസിപ്പിക്കാനാകില്ല. കുരിശുയാത്രയിലെ നാലാം സ്ഥലം ഓര്‍മ്മ വന്നു. അമ്മയും മകനും കണ്ടുമുട്ടുന്നത്‌. ആര്‌ ആരെ ആശ്വസിപ്പിക്കും. ഞാന്‍ ഏതാണ്ട്‌ മരിച്ചു കഴിഞ്ഞുവോ. എനിക്കെന്റെ ചിന്തകളെ ക്രമപ്പെടുത്തുവാന്‍ കഴിയുന്നില്ല. ഞാന്‍ ദൈവപരിപാലനയില്‍ തന്നെ ആശ്രയിച്ചു. ദൈവമാണെന്നെ പുരോഹിതവേലയ്‌ക്ക്‌ വിളിച്ചത്‌. അവിടുന്നെന്നെ കുറെക്കൂടി സ്‌നേഹത്തോടെ വളരെ നേരത്തെ തന്നെ അവിടുത്തെ സ്‌നേഹത്തിലേക്ക്‌ ക്ഷണിക്കുന്നു. സ്‌നേഹിക്കാനാണ്‌ പുരോഹിതനാകുന്നതെങ്കില്‍ കൂടുതല്‍ സ്‌നേഹിക്കാനാണ്‌ ദൈവമെന്നെ നേരത്തെ വിളിക്കുന്നത്‌. ഞാന്‍ തിരുപ്പട്ടം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്‌തേക്കാം. പക്ഷേ എന്റെ മനസ്സ്‌ ദൈവത്തിലുണ്ട്‌. ഇന്നിപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കട്ടെ ദൈവമേ, നീയെന്നെ രക്ഷിച്ചു. നിന്നെ ഞാന്‍ മഹത്വപ്പെടുത്തട്ടെ. എന്റെ ആത്മാവ്‌ നിന്നില്‍ ആഹ്ലാദിക്കട്ടെ.

25,26 ഏപ്രില്‍

 ദിവസങ്ങളിലെ ഡയറി എഴുതുന്നത്‌ ബ്രദര്‍ ആന്‍ഡ്രൂസിന്റെ അമ്മ സ്റ്റെല്ലയാണ്‌. ആന്‍ഡ്രൂസ്‌ അന്ത്യനിമിഷങ്ങളിലേക്ക്‌ കടന്നു കഴിഞ്ഞു. കുറേശ്ശേ നനവുള്ള തുണിയില്‍ കൊടുക്കുന്ന വെള്ളം കുടിക്കാനേ ഇന്ന്‌ പറ്റുന്നുള്ളൂ. രോഗീിലേപനത്തിന്‌ വൈദികനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. ഫാ. മെര്‍വിന്‍ ഓടിയെത്തി. നമസ്‌കാരത്തിന്റെ പുസ്‌തകം കൊണ്ടുവരാന്‍ ആംഗ്യം കാട്ടി. വിശ്വാസപ്രഘോഷണത്തിന്റെ ആ ഇഷ്‌ടസങ്കീര്‍ത്തനം പാടാന്‍ മനസ്‌ കൊതിക്കുന്നു. മോര്‍ഫിന്‍ കഴിച്ച്‌ ശരീരമാകെ തളര്‍ന്നു പോയതുകൊണ്ട്‌ വാക്കുകള്‍ ഉച്ചരിക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും അവശേഷിച്ച ശക്തിയാര്‍ജ്ജിച്ച്‌ സങ്കീര്‍ത്തനം വായിക്കാന്‍ തുടങ്ങി. ചിലപ്പോള്‍ ഒരു വാചകം തന്നെ പല പ്രാവശ്യം ആവര്‍ത്തിച്ചു. സഹോദരി മരിയ സമീപത്തിരുന്ന്‌ വാവിട്ട്‌ കരഞ്ഞു. എന്റെ കാവല്‍മാലാഖേ എന്ന്‌ ആന്‍ഡ്രൂസ.്‌ അല്ല, നീയാണ്‌ ഞങ്ങളുടെ മാലാഖയെന്ന്‌ മരിയ. ആന്‍ഡ്രൂസിന്റെ ഇഷ്‌ടസങ്കീര്‍ത്തനം മരിയ ഏറ്റു പാടി.

കര്‍ത്താവേ ഞാനങ്ങയെ പാടിപ്പുകഴത്തും. അവിടുന്ന്‌ എന്നെ രക്ഷിച്ചു. എന്റെ ദൈവമായ കര്‍ത്താവേ, ഞാനങ്ങയോട്‌ നിലവിളിച്ച്‌ അപേക്ഷിച്ചു. അവിടുന്ന്‌ എന്നെ സുഖപ്പെടുത്തുകയും ചെയ്‌തു. മരണഗര്‍ത്തത്തില്‍ പതിച്ചവരുടെ ഇടയില്‍ നിന്ന്‌ എന്നെ ജീവനിലേക്ക്‌ ആനയിച്ചു. രാത്രിയില്‍ വിലാപമുണ്ടായേക്കാം; എന്നാല്‍ പ്രഭാതത്തില്‍ സന്തോഷത്തിന്റെ വരവായി.

ആന്‍ഡ്രൂസിന്റെ അവസാനത്തെ ദിവസം: ശരീരം അനക്കാന്‍ കഴിയാത്ത അവസ്ഥയിലായി. അവന്‍ എന്നോടു പറഞ്ഞു. വസ്‌ത്രം ഉരിഞ്ഞുമാറ്റിയ ഈശോയെ ഞാന്‍ കാണുന്നു. അവിടുത്തെ കുരിശിന്റെ വേദന ഞാനിപ്പോള്‍ അറിയുന്നു. വീട്ടിലേക്കു കൊണ്ടുപോകാമെന്നു അധികാരികളും ആശുപത്രി അധികൃതരും അറിയിച്ചു. ആന്‍ഡ്രൂസിനെ സ്വീകരിക്കാന്‍ കൊടിയും ബാനറുകളുമായി യൂത്ത്‌ സുഹൃത്തുക്കള്‍ അണിനിരന്നിരുന്നു. അതൊന്നും ആസ്വദിക്കാന്‍ അവന്‌ കഴിയുമായിരുന്നില്ല. രാത്രി പത്ത്‌ മണി ആയപ്പോള്‍ കുര്‍ബാന വേണമെന്ന്‌ അവന്‍ പറഞ്ഞു. ഫാ. മാര്‍ക്ക്‌ ഓടിയെത്തി. ആന്‍ഡ്രൂസിന്റെ ശ്വസനം ക്രമംതെറ്റിക്കഴിഞ്ഞിരിക്കുന്നു. മൂന്നു വൈദികര്‍ ചേര്‍ന്ന്‌ ബലിയര്‍പ്പിച്ചു. ബലിയര്‍പ്പകനാകാന്‍ കഴിഞ്ഞില്ലെങ്കിലും ആന്‍ഡ്രൂസ്‌ അവിടെ ബലി വസ്‌തുവായി. `ആമേന്‍' എന്ന്‌ ആ ചുണ്ടുകള്‍ അപ്പോഴും പറയുന്നുണ്ടായിരുന്നു. ഒരു കുടുംബം മുഴുവന്‍ മരണത്തിനായി കാത്തുകിടക്കുന്ന മകനായി പ്രാര്‍ത്ഥിക്കുന്നത്‌ ആദ്യമായി കാണുന്നതാണെന്ന്‌ അവിടെയെത്തിയ ഹിന്ദുവായ ആ ഡോക്‌ടര്‍ പറഞ്ഞു. ആന്‍ഡ്രൂ പുഞ്ചിരിച്ചു. ഭൂമിയിലെ അള്‍ത്താരയില്‍ ബലിയര്‍പ്പിക്കാനായില്ലെങ്കിലും നന്നേ ചെറുപ്പത്തിലേ സ്വര്‍ഗീയ അള്‍ത്താരയിലെ ബലിയര്‍പ്പകനായ ആനന്ദത്തില്‍. ജീവിതം കൈയിലെടുത്തു വാഴ്‌ത്തി അതിന്റെ അവസാന തുള്ളിയും സഹിച്ച്‌ സ്വീകരിച്ച ആന്‍ഡ്രൂവിനെ കാത്തുനില്‍ക്കുകയാകണം മാലാഖവൃന്ദം മുഴുവന്‍. ഈ മരണം കണ്ടവരൊക്കെ ദൈവത്തിന്‌ മഹത്വം പാടി. ആന്‍ഡ്രൂസിന്റെ ഇഷ്‌ടസങ്കീര്‍ത്തനം ആ ചുണ്ടുകളിലെ വിലാപഗാനത്തിനു കൂടുതല്‍ ഈണം പകര്‍ന്നു. കാന്‍സറിന്റെ ഇരുട്ടില്‍ അവനൊരുക്കിയ കണ്ണീര്‍ സ്വര്‍ഗ്ഗത്തിന്റെ വെളിച്ചത്തില്‍ അവന്‍ നേടിയ ആനന്ദമായി.

വിശുദ്ധ മേരി മസാറെല്ലോ


ഇറ്റലിയിലെ മൊണേസിലെ ഒരു വയലില്‍ തദ്ദേശീയരായ കുറച്ചുപേര്‍ ജോലി ചെയ്യുകയാണ്. കഠിനമായ വെയിലില്‍ എല്ലാവരും തളര്‍ന്നു. കുറെനേരം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി തണല്‍തേടി നീങ്ങാന്‍ തുടങ്ങി, ഒടുവില്‍ ഒരു പെണ്‍കുട്ടി മാത്രം ബാക്കിയായി, മേരിയായിരുന്നു അത്. പ്രഥമദിവ്യകാരുണ്യസ്വീകരണത്തിനുശേഷം അവള്‍ക്ക് ആത്മീയനിയന്താവായി ലഭിച്ച വൈദികന്‍ പെസ്താറിനോയു ടെ വാക്കുകളാണ് ആ ത്യാഗത്തിന് അവളെ പ്രേരിപ്പിച്ചത്. അവളുടെ പ്രായത്തിലുള്ള അനേകം പെണ്‍ കുട്ടികള്‍ തെറ്റായ സന്തോഷങ്ങളില്‍ മുഴുകി ജീവിക്കുന്നുണ്ട്, അവരുടെ ആത്മരക്ഷക്കുവേണ്ടി മേരി യുടെ ത്യാഗങ്ങള്‍ കര്‍ത്താവിന് വേണം എന്ന് ഫാദര്‍ പെസ്താറിനോ ഒരിക്കല്‍ പറഞ്ഞിരുന്നു. ആത്മാര്‍ത്ഥമായ അധ്വാനവും ഒപ്പം ആത്മാക്കളുടെ രക്ഷയ്ക്കാ യുള്ള ഒരു ത്യാഗവും, രണ്ടും ആ പെണ്‍കുട്ടി ഭംഗിയായി ചെയ്തു. പ്രാര്‍ത്ഥനയും ധ്യാനവും വഴി ലഭിക്കുന്ന വെളിപാടുകള്‍ക്കനുസരിച്ച് അവളെക്കുറിച്ചുള്ള ദൈവഹിതം ഫാ. പെസ്താറിനോ അവളെ അറിയിക്കുമായിരുന്നു. അവളാകട്ടെ അതനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

അപ്പന്റെയും അമ്മയുടെയും പ്രിയമകളായിരുന്നു അവള്‍. ഒരു വീട്ടമ്മയാവുക എന്നതിനെക്കാള്‍ കൂടുതലായി മറ്റൊരു വിളി മേരിക്കുണ്ടെന്ന് ആ അമ്മ മനസിലാക്കിയിരുന്നെന്ന് തോന്നുന്നു. കാരണം, മറ്റുള്ള വരോട് ഇടപെടാനും അവരില്‍നിന്ന് പഠിക്കാനും അമ്മ അവളെ അനുവദിച്ചിരുന്നു. പക്ഷേ, വലിയ വിദ്യാഭ്യാസമൊന്നും നേടാന്‍ മേരിക്കായില്ല. പതിനെട്ടാം വയസിലെത്തിയിട്ടും മേരി വിവാഹത്തോട് താത്പര്യം പ്രകടിപ്പിച്ചില്ല. ദൈവത്തിന് അവളെക്കുറിച്ചുളള പദ്ധതി മറ്റൊന്നാണെന്നതായിരുന്നിരിക്കാം അതിനു കാരണം. വേറൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു മേരിക്ക്. അവള്‍ എവിടെപ്പോയാലും കഥകള്‍ കേള്‍ക്കാനും സംശയങ്ങള്‍ ചോദിക്കാനും കുട്ടികള്‍ ചുറ്റും കൂടുമായിരുന്നു. അവള്‍ക്ക് 23 വയസുള്ളപ്പോള്‍ ഗ്രാമത്തില്‍ ടൈഫോയ്ഡ് പടര്‍ന്നുപിടിച്ചു. ആ സമയത്ത്, കഴിയാവുന്നവരെയെല്ലാം സഹായിക്കാന്‍ അവള്‍ ശ്രമിച്ചു. പ്രത്യേകിച്ച്, രോഗം പിടിപെട്ട അമ്മാവനെയും അമ്മായിയെയും അവരുടെ മക്കളെയും ശുശ്രൂഷിക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചു. കുറച്ചു ദിവസങ്ങള്‍ക്കകം അവര്‍ സുഖം പ്രാപിച്ചെങ്കിലും അപ്പോഴേക്കും മേരിക്ക് ടൈഫോയ്ഡ് പക ര്‍ന്നിരുന്നു. രോഗം കലശലായി. അന്ത്യകൂദാശകളൊക്കെ സ്വീകരിച്ച് അവള്‍ മരണത്തിനായി ഒരുങ്ങിയെങ്കിലും പിന്നീട് സുഖം പ്രാപിക്കുകയാണുണ്ടായത്. പക്ഷേ, ആ രോഗം അവളെ ശാരീരികമായി ദുര്‍ബലയാക്കിത്തീര്‍ത്തു.

അതിനുശേഷമുള്ള ഒരു ഒക്‌ടോബര്‍മാസം. മേരി ഗ്രാമത്തിലൂടെ നടക്കുകയായിരുന്നു, തന്റെ മുന്നില്‍ ഒരു മുറ്റവും അവിടെ കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളും ദൃശ്യമായി. ഒരു സ്വരം ഇങ്ങനെ പറയുന്നതായും അവള്‍ കേട്ടു, ''ഞാനവരെ നിന്റെ കരങ്ങളില്‍ ഭരമേല്പിക്കുന്നു'' ആദ്യം അവള്‍ക്കൊന്നും മനസിലായില്ല. ആശ്ചര്യകരമായൊരു സംഭവം കൂടിയുണ്ടായി, ഏതാണ്ട് ഇതേ സമയത്തുതന്നെ ഒരു മുറ്റത്ത് അവഗണിക്കപ്പെട്ടതായി തോ ന്നുന്ന പെണ്‍കുട്ടികളുടെ ഒരു സമൂഹത്തിന്റെ ദര്‍ശനം വിശുദ്ധ ജോണ്‍ ബോസ്‌കോക്ക് ലഭിച്ചു. ഒരു സ്വരം അദ്ദേഹത്തോട് ഇങ്ങനെ സംസാരിച്ചു, ''ഇവരെന്റെ പെണ്‍മക്കളാണ്, ഇവരെ സംരക്ഷിക്കുക.''

എന്തായാലും മേരി സന്യാസിനികളെപ്പോലെ ജീ വിക്കുന്ന, 15 പേരടങ്ങുന്ന ഒരു സമൂഹത്തിന് രൂപം കൊടുത്തു. ഫാ. പെസ്താറിനോ അവര്‍ക്ക് ആവശ്യമായ പരിശീലനം നല്കി. പിന്നീട് വിശുദ്ധ ജോണ്‍ ബോസ്‌കോയില്‍നിന്ന് ഒരു സലേഷ്യനാകാനുള്ള പരിശീലനം നേടിക്കൊണ്ടിരുന്ന ഫാ. പെസ്താറിനോ വഴി മേരിയുടെ ഈ സമൂഹത്തെക്കുറിച്ചറിഞ്ഞ വിശുദ്ധന്‍ അവരെ കാണാന്‍ തീരുമാനിച്ചു. അതൊരു നിര്‍ണായകമായ കണ്ടുമുട്ടലായിരുന്നു. സലേഷ്യന്‍ സന്യാസിനി സമൂഹത്തിന്റെ രൂപംകൊള്ളലിന് അത് കാരണമായി. ആ സമൂഹത്തിന്റെ സുപ്പീരിയറാകാന്‍ ഏറ്റവും യോഗ്യതയുള്ള വ്യക്തി മേരി മസാറെല്ലോ ആണെന്നുകണ്ട വിശുദ്ധ ജോണ്‍ ബോസ്‌കോ ആ സ്ഥാനം ഏറ്റെടുക്കാന്‍ മേരിയെ ക്ഷണിച്ചെങ്കിലും അവള്‍ക്ക് അതിനു താല്പര്യമില്ലായിരുന്നു. ഒടുവില്‍ അനുസരണത്തിന്റെ പേരില്‍മാത്രം അവള്‍ സ്ഥാനം ഏറ്റെടുത്തു. പിന്നീട് നാളുകള്‍ കഴിഞ്ഞ് 1872 ഏപ്രിലില്‍ ഡോ ട്ടേഴ്‌സ് ഓഫ് അവര്‍ ലേഡി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ് എന്ന പേരില്‍ സലേഷ്യന്‍ സന്യാസിനികളുടെ സമൂഹം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. അങ്ങനെ മേരി സിസ്റ്റര്‍ മേരി മസാറെല്ലോ ആയി അറിയപ്പെടാന്‍ തുടങ്ങി.
മദര്‍ സുപ്പീരിയര്‍ എന്ന സ്ഥാനത്തിനുമപ്പുറം എല്ലാവര്‍ ക്കും അവള്‍ ഒരു അമ്മയായി. ആയിടയ്ക്ക് മേരിക്ക് കടുത്ത പനി തുടങ്ങി. രോഗം വകവയ്ക്കാതെ മറ്റ് സന്യാസിനികള്‍ക്കൊപ്പം സെയ്ന്റ് സിറിലുള്ള അനാഥമന്ദിരത്തിലേക്കു പോയി. അവിടെവച്ച് വീണ്ടും അവള്‍ രോഗബാധിതയായി. കടുത്ത ശ്വാസകോശരോഗമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. തന്റെ സമൂഹത്തിന്റെകൂടെയായിരിക്കുമ്പോള്‍ മരിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതനുസരിച്ച് സ്വന്തം സ്ഥലത്തേക്ക് യത്രയായി. യാത്ര ക്കിടയ്ക്ക് അവസാനമായി അവള്‍ക്ക് വിശുദ്ധ ജോണ്‍ ബോസ്‌കോയെ കാണാന്‍ സാധിച്ചു.

തിരികെ മൊണേസിലെത്തിയ അവള്‍ക്ക് ആരോഗ്യം വീണ്ടുകിട്ടി. സമൂഹത്തിന്റെ സമയനിഷ്ഠകള്‍ക്കനുസരിച്ച് ജീവിക്കാനും തന്റെ പതിവുജോലികള്‍ ചെയ്യാനും തുടങ്ങി. എന്നാല്‍, അതുതന്നെ അവള്‍ക്ക് അധികമായിരുന്നു. ആരോഗ്യം തീര്‍ത്തും ക്ഷയിച്ചുവന്നു. അന്ത്യകൂദാശകള്‍ സ്വീകരിച്ച് ഒരുക്കത്തോടെ അവള്‍ കാത്തിരുന്നു. 1881 ഏപ്രില്‍ മെയ് 14 ന് സന്ധ്യാസമയത്ത് മരണം അടുത്തെ ത്തിയപ്പോള്‍, ''ഗുഡ് ബൈ, ഞാനിപ്പോള്‍ പോവുകയാണ്. നിങ്ങളെ ഞാന്‍ വീണ്ടും സ്വര്‍ഗത്തില്‍വച്ച് കാണും'' ഇങ്ങനെ പറഞ്ഞുകൊണ്ട് നിത്യസൗഭാഗ്യത്തിലേക്ക് പോ കാനായി അവള്‍ കണ്ണുകളടച്ചു. 44 വര്‍ഷംകൊണ്ട് നേടാവുന്ന പുണ്യങ്ങളെല്ലാം സ്വന്തമാക്കിക്കൊണ്ടായിരുന്നു ആ യാത്ര എന്ന് പിന്നീട് കാലം തെളിയിച്ചു. അവളുടെ മാധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ട് സഭ 1951-ല്‍ അവളെ പുണ്യവതിയായി അംഗീകരിച്ചു. ഇറ്റലിയിലെ ടൂറിനിലുള്ള, ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ ബസിലിക്കയില്‍ അഴുകാത്ത ആ ശരീരം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

Thursday, 1 November 2012

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണോ രണ്ടാം ഭാഗം





കത്തോലിക്കാസഭ മരിച്ചവരെ അനുസ്‌മരിച്ച്‌ നവംബര്‍ മാസം പ്രത്യേകം പ്രാര്‍ത്ഥിക്കാറുണ്ട്‌. ഈ അനുസ്‌മരണ പ്രാര്‍ത്ഥനയ്‌ക്കുള്ള പ്രസക്തിയെന്ത്‌? 

മരിച്ചവരെ ഓര്‍മ്മിക്കുന്നതിനും അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും സഭയില്‍ വളരെ പ്രസക്തിയുണ്ട്‌. അവര്‍ ജീവിച്ചിരുന്നപ്പോള്‍ നമുക്ക്‌ നല്‍കിയ നന്മകള്‍ക്ക്‌ പ്രതിസ്‌നേഹം കാണിക്കാന്‍ കടപ്പെട്ടവരാണ്‌ നാം. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും ദൈവമക്കളാണ്‌. ഈ ലോകത്തിന്റെ കാഴ്‌ചപ്പാടില്‍ മരിച്ചവര്‍ എന്നന്നേക്കുമായി വേര്‍പിരിഞ്ഞവരാണല്ലോ. എന്നാല്‍ ദൈവത്തിന്റെ കാഴ്‌ചപ്പാടില്‍ അവരും നമ്മളും ജീവിച്ചിരിക്കുന്നവരാണ്‌. എന്നാലും വിശുദ്ധീകരണം കൂടാതെ ഈ ലോകത്തില്‍ നിന്നും വിടവാങ്ങിയവര്‍ ശുദ്ധീകരണ സ്ഥലത്താണെന്ന്‌ സഭ വ്യക്തമായി പഠിപ്പിക്കുന്നു. അങ്ങനെയുള്ളവര്‍ക്ക്‌ സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയില്ല. നാമും അവരുമായി ആത്മബന്ധമുള്ളതി നാല്‍ നമ്മുടെ പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗപ്രവൃത്തിയിലൂടെയും ദാനധര്‍മത്തിലൂടെയും മാത്രമേ സ്വര്‍ഗപ്രാപ്‌തിക്കര്‍ഹരാകാന്‍ കഴിയൂ. മാതാപിതാക്കള്‍ കഠിനമായി അധ്വാനിച്ച്‌ രക്തം വിയര്‍പ്പാക്കിയാണ്‌ മക്കളുടെ നന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്‌. ഇത്‌ ഒരു തരത്തില്‍ സ്‌നേഹത്തിന്റെ പ്രകടനമാണെന്ന്‌ പറയാം. ഇതിന്‌ പ്രതിസ്‌നേഹം കാണിക്കേണ്ടത്‌ ദൈവമക്കളായ നമ്മുടെ കടമയാണ്‌. നമ്മുടെ പ്രാര്‍ത്ഥന ആത്മാര്‍ത്ഥതയുള്ളതായിരിക്കണം. ഏശയ്യ 58:9-11 വരെയുള്ള വചനഭാഗത്തുനിന്ന്‌ നാം മനസ്സിലാക്കുന്നത്‌, സഹായം അര്‍ഹിക്കുന്നവര്‍ക്ക്‌ അതുചെയ്‌തുകൊണ്ടുള്ള പ്രാര്‍ത്ഥന ഫലവത്താണെന്നും അപ്പോള്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥന സ്വീകരിക്കുമെന്നുമാണ്‌. അപ്പോള്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും ആ പ്രാ ര്‍ത്ഥന ദൈവം കേള്‍ക്കുമെന്ന്‌ നമുക്ക്‌ വിശ്വസിക്കാം.

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ദൈവം സഹായിക്കുമെന്നതിന്‌ എന്താണ്‌ തെളിവ്‌.? 


ശുദ്ധീകരണാത്മാക്കളുടെ വണക്കമാസപുസ്‌തകത്തില്‍ നാം വായിക്കുന്നു- മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ട്‌ അവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്ക്‌ അവരുടെ മാധ്യസ്ഥം വഴിയും സഹായം ലഭിക്കുമെന്ന്‌. സുഭാഷിതം 19:17 പറയുന്നു, `ദരിദ്രരോട്‌ ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ്‌ കടം കൊടുക്കുന്നത്‌. അവിടുന്ന്‌ ആ കടം വീട്ടും'. ദരിദ്രര്‍ നിസഹായവസ്ഥയിലുള്ളവരാണ്‌. അങ്ങനെയുള്ളവരെ പ്രാര്‍ത്ഥനകൊണ്ടും നന്മപ്രവൃത്തി കൊണ്ടും സഹായിച്ചാല്‍ ദൈവം ആ പ്രാര്‍ത്ഥനയ്‌ക്ക്‌ ഉത്തരം നല്‍കുമെന്ന്‌ വചനം ഓര്‍മ്മിപ്പിക്കുന്നു. യോഹന്നാന്റെ സുവിശേഷം 11-ാം അധ്യായത്തില്‍ 38 മുതലുള്ള വചനത്തില്‍ ലാസറിനെ ഈശോ ഉയിര്‍പ്പിക്കുന്നതായി നാം വായിക്കുന്നു. ആദ്യം ഈശോ പിതാവിന്റെ സന്നിധിയിലേക്ക്‌ കണ്ണുയര്‍ത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ്‌ `ലാസറേ, പുറത്തുവരിക' എന്ന്‌ പറയുന്നത്‌. `അപ്പോള്‍ മരിച്ചവന്‍ പുറത്തുവന്നു'. (11:44). ഇതിന്‌ മുമ്പ്‌ ഈശോ ആത്മാവില്‍ നെടുവീര്‍പ്പെടുന്നുമുണ്ട്‌. ആത്മാവില്‍ കരഞ്ഞുകൊണ്ട്‌ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ തീര്‍ച്ചയായും ദൈവം ഉത്തരം നല്‍കും. അവരെ സ്വര്‍ഗപ്രാപ്‌തിയുള്ളവരാക്കുകയും ചെയ്യും. 


പെന്തക്കോസ്‌തു സമൂഹം മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറില്ലല്ലോ. അവരില്‍ പലരുടെയും വാക്കുകള്‍ കേട്ട്‌ ചിലര്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും മടിക്കുന്നു. ?


ചില പ്രത്യേക ആശയങ്ങളുടെയും കാഴ്‌ചപ്പാടിന്റെയും പേരില്‍ സഭയില്‍ നിന്ന്‌ പിരിഞ്ഞുപോയവരാണ്‌ പെന്തക്കോസ്‌തു സഭാസമൂഹങ്ങളെന്ന്‌ നമ്മുക്കറിയാം. ബൈബിളും പരിശുദ്ധാത്മാഭിഷേകവും മാത്രം മതി അതിലൂടെ ദൈവത്തെ പ്രാപിക്കാമെന്നാണ്‌ അവരുടെ നിലപാട്‌. കത്തോലിക്കാ സഭയില്‍ നിന്നും വേര്‍പെട്ടു പോയ ഈ സമൂഹം പിന്നീട്‌ നൂറുകണക്കിന്‌ സഭകളായി പിരിഞ്ഞ്‌ പോയതായി നാം ചരിത്രത്തില്‍ വായിക്കുന്നു.
വിശുദ്ധ കുര്‍ബാനയോ കുമ്പസാരമോ മറ്റ്‌ കൂദാശകളോ ആവശ്യമില്ലെന്നാണ്‌ അവരുടെ കണ്ടെത്ത ല്‍. പരിശുദ്ധാത്മാവിനെ പ്രാപിച്ച വിശ്വാസികള്‍ രക്ഷിക്കപ്പെട്ടുവെന്ന്‌ അവര്‍ കരുതുകയും ചെയ്യുന്നു. അങ്ങനെയുള്ള ധാരണയുടെ വെളിച്ചത്തില്‍ മരിച്ചാലും അവര്‍ സ്വര്‍ഗപ്രാപ്‌തിക്ക്‌ അര്‍ഹരാണെന്ന്‌ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു, അവര്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നില്ല.
കത്തോലിക്കാ സഭയുടെ പാരമ്പര്യവിശ്വാസമായ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചും തെറ്റാ യ പഠനവും ബോധ്യവുമാണ്‌ അവര്‍ക്കുള്ളത്‌. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ ദൈവനിഷേധമാണെന്ന രീതിയിലുള്ള പഠനത്തെക്കുറിച്ചും പറഞ്ഞുകേട്ടിട്ടുണ്ട്‌. സഭ കാനോനികമായി അംഗീകരിച്ച പഴയനിയമപുസ്‌തകളില്‍ പല തും അവര്‍ അംഗീകരിക്കുന്നില്ലല്ലോ. സഭയുടെ പഠനമനുസരിച്ചല്ല, അവരുടെ കാഴ്‌ചപ്പാടിലാണ്‌ ബൈബി ള്‍ വ്യാഖ്യാനം. ഇതൊക്കെയാണ്‌ അവര്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാത്തതിന്റെ കാരണമായി ഞാന്‍ കരുതുന്നത്‌.


മരണമടഞ്ഞവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലൂടെ ഫലസിദ്ധിയുണ്ടായ അനുഭവം. ?

വ്യക്തിപരമായി ലഭിച്ച അനുഭവമോ സംഭവമോ പെട്ടെന്ന്‌ എനിക്ക്‌ ഉദാഹരിക്കാന്‍ കഴിയില്ല. പക്ഷേ, മരണമടഞ്ഞ്‌ വിശുദ്ധിയുടെ മാര്‍ഗങ്ങളില്‍ കഴിയുന്ന അനേകരുടെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കപ്പെട്ട ധാരാളം സംഭവങ്ങള്‍ വചനഭാഗങ്ങളില്‍ കാണാന്‍ കഴിയും. വിശുദ്ധ ബൈബിളില്‍ മക്കബായരുടെ രണ്ടാം പുസ്‌തകം 12-ാം അധ്യായം 38 മുതലുള്ള വചനഭാഗങ്ങളില്‍ പാപം ചെയ്‌ത്‌ മരിച്ച യഹൂദരുടെ പാപങ്ങള്‍ തുടച്ചുമാറ്റണമെ ന്ന്‌ പ്രാര്‍ത്ഥിക്കുന്ന യൂദാസിനെയും അനുയായികളെയും നാം കാണുന്നുണ്ട്‌.

കൂടാതെ രണ്ടായിരം ദ്രാക്‌മ വെള്ളി പിരിച്ചെടുത്ത്‌ പാപപരിഹാരബലിക്കായി ജറുസലേമിലേക്ക്‌ അയച്ചുകൊടുക്കുകയും ചെയ്യുന്നു. വചനം 44, 45 ഇങ്ങനെയാണ്‌. `മരിച്ചവര്‍ ഉയിര്‍ക്കുമെന്ന്‌ പ്രതീക്ഷയില്ലായിരുന്നുവെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ നിഷ്‌പ്രയോജനവും ഭോഷത്തവുമാകുമായിരുന്നു... അതിനാല്‍ മരിച്ചവര്‍ക്ക്‌ പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്‌ഠിച്ചു.'

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെന്ന വിശ്വാസമായിരുന്നു യൂദാസിന്റെ പ്രേരണ. നടപടിപുസ്‌തകം ഒമ്പതാം അധ്യായത്തില്‍ നാം വായിക്കുന്നു മരണമടഞ്ഞ തബീത്ത എന്ന പെണ്‍കുട്ടിക്കുവേണ്ടി പത്രോസ്‌ ശ്ലീഹ മുട്ടുകുത്തിനിന്ന്‌ പ്രാര്‍ത്ഥിക്കുന്ന സംഭവം.

പ്രാര്‍ത്ഥനയ്‌ക്കുശേഷം മൃതശരീരത്തിന്റെ നേരെ തിരിഞ്ഞു ശ്ലീഹ പറയുന്നു. `തബീത്ത എഴുന്നേല്‍ക്കുക'. അവള്‍ കണ്ണുതുറന്നു. ഇത്‌ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഫലം ലഭിക്കുമെന്നുള്ള വചനമല്ലേ?. അപ്പോള്‍, മരിച്ചുപോയവര്‍ക്കുവേണ്ടി ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും. നമ്മില്‍ നിന്നും വേര്‍പിരിയപ്പെട്ടവര്‍ക്ക്‌ വേണ്ടി നാം എന്നും പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്‌.
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22