അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Friday, 22 June 2012

ഭര്‍ത്താക്കന്മാരും പിതാക്കന്മാരും

പ്രായമായ അദ്ദേഹത്തെ ഞാന്‍ `കുട്ടേട്ടന്‍' എന്നു വിളിക്കുന്നു. പല കുറവുകള്‍ക്കുമപ്പുറത്തേക്കു നന്മ കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം. ആ കുടുംബം ദാരിദ്ര്യത്തിന്റെ മുന്നില്‍ പകച്ചു നിന്നിട്ടുണ്ടെന്നു ഞാന്‍ കേട്ടിട്ടുണ്ട്‌. അറുതിയില്ലാത്ത കഷ്‌ടപ്പാടുകളിലൂടെയാണദ്ദേഹം കുടുംബത്തെ തീറ്റിപ്പോറ്റിയിരുന്നത്‌.

അര്‍ദ്ധനഗ്നനായി തോളിലൊരു തൂമ്പയും കൈയില്‍ ഭക്ഷണപ്പൊതിയുമായി നടന്നുനീങ്ങുന്ന കുട്ടേട്ടന്റെ രൂപമാണ്‌ എനിക്ക്‌ ഓര്‍മ വരുന്നത്‌. കള്ളപ്പണികൊണ്ട്‌ ആരെയും വഞ്ചിച്ചിരുന്നില്ല; പണംകൊടുത്തു പണിയിപ്പിക്കുന്നവരോടു നീതി പുലര്‍ത്തിയിരുന്നു.

അന്നൊക്കെ പ്രാതലും ഉച്ചഭക്ഷണവും പണിക്കാര്‍ക്കു കൊടുക്കുന്ന പതിവുണ്ടായിരുന്നു. പണിക്കുപോകുന്ന വഴി ഏതെങ്കിലും പറമ്പില്‍ നിന്നു കിട്ടുന്ന കമുകിന്റെ പാളയിലൊന്നെടുത്തു പുറംതൊലി പൊളിച്ചുകളഞ്ഞ്‌ വൃത്തിയാക്കി കൂടെ കൊണ്ടുപോകും.

രാവിലെ പത്തുമണിക്കു കിട്ടുന്ന പുഴുക്കും കറിയും അദ്ദേഹം വയറുനിറയെ കഴിക്കും. അല്‌പം പോലും വെള്ളം കുടിക്കില്ല; വെള്ളം കുടിച്ചാല്‍ ഭക്ഷണം കഴിക്കാന്‍ പറ്റില്ലല്ലോ?! നാട്ടുകാര്‍ക്കു കുട്ടേട്ടന്റെ ഭക്ഷണശൈലി അറിയാമായിരുന്നു. അതിനാല്‍ അദ്ദേഹത്തിനു കൂടുതല്‍ ഭക്ഷണം കൊടുത്തിരുന്നു.

എന്നാല്‍ ഉച്ചഭക്ഷണം അദ്ദേഹം കഴിക്കില്ല. കിട്ടുന്ന ചോറും കറികളും ചെത്തിയൊരുക്കിയ പാളയില്‍ പൊതിഞ്ഞു കൈയിലിരിക്കുന്ന തുവര്‍ത്തുകൊണ്ട്‌ ഒരിക്കല്‍ക്കൂടി പൊതിഞ്ഞുകെട്ടും. പിന്നെ വീട്ടിലേക്ക്‌ ഒരോട്ടമാണ്‌... ആ ഭക്ഷണത്തിനായി കാത്തിരിക്കുന്ന ഭാര്യയും മക്കളുമുണ്ടാ വീട്ടില്‍. പിന്നെ പത്തുമിനിറ്റുകൊണ്ട്‌ പണിസ്ഥലത്തെത്തി ഉച്ചവിശ്രമം പോലുമില്ലാതെ അഞ്ചുമണിവരെ പണിയും. അങ്ങനെയാണ്‌ അദ്ദേഹം തന്റെ കുടുംബത്തെ വളര്‍ത്തിയത്‌.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു രാത്രിയില്‍ വഴിയിലൂടെ ഒരാള്‍ കരഞ്ഞുകൊണ്ട്‌ ഓടുന്നതിന്റെ ശബ്‌ദം കുട്ടിയായിരുന്നു ഞാന്‍ കേട്ടു. ആ കരച്ചില്‍ എന്റെ വീട്ടില്‍വന്ന്‌ അവസാനിച്ചു. വരാന്തയുടെ ഒരു മൂലയില്‍ അദ്ദേഹം പതുങ്ങിയിരുന്നു... അത്‌ കുട്ടേട്ടനായിരുന്നു. മകന്‍ എന്തിനോ വഴക്കുണ്ടാക്കി അപ്പനെ കൊല്ലാന്‍ വെട്ടുകത്തിയുമായി ഓടിച്ചതാണ്‌. കുട്ടേട്ടനെ രക്ഷിക്കാന്‍ ഞങ്ങള്‍ വിളക്കൂതിക്കെടുത്തി. മൂലയില്‍ കുത്തിയിരിക്കുന്ന കുട്ടേട്ടന്റെ മുഖമെനിക്കു കാണാന്‍ കഴിഞ്ഞില്ലെങ്കിലും, കഠിനമായ ശ്വാസതടസത്തിന്റെ ചിലമ്പിച്ച ശബ്‌ദം എന്റെ മുറിയിലേക്കു തുളച്ചുകയറി. ഓരോ ഏങ്ങലടിയിലും ആഴമായ ദുഃഖത്തിന്റെ ഒച്ച ഞാന്‍ കേട്ടു. പിന്നെ വളരെനേരം അദ്ദേഹമവിടെയിരുന്നു. രാത്രിയുടെ ഏതോ ഒരു നിമിഷത്തില്‍ കുട്ടേട്ടന്‍ പോയി. അപ്പോള്‍ ചാച്ചനോട്‌ പറഞ്ഞത്‌ ഞാന്‍ കേട്ടു: ``മക്കളെ ഊട്ടാനും വളര്‍ത്താനും മാത്രമേ എനിക്കു യോഗമുള്ളൂ; മരിക്കാനും അവര്‍തന്നെ വേണമായിരിക്കും... പോട്ടെ അപ്പച്ചാ, പോട്ടെ. മരിച്ചില്ലെങ്കില്‍ പിന്നെക്കാണാം.''

മക്കളെ ഊട്ടിയൂട്ടി സ്വയം കത്തിയെരിയുന്ന പിതാക്കന്മാരുടെയെല്ലാം ഛായ കുട്ടേട്ടന്റേതുപോലെയായിരിക്കാം... കഠിനമായ ദുഃഖം പേറുന്ന ആ മുഖം... പിതാക്കന്മാരുടെയും ഭര്‍ത്താക്കന്മാരുടെയും നിസ്വാര്‍ത്ഥ ജീവിതത്തിന്റെ പ്രതീകമായി ഞാന്‍ കുട്ടേട്ടനെ കാണുന്നു. കുടുംബത്തെ മറന്നു നിരുത്തരവാദിത്വത്തോടെ ജീവിതം നയിക്കുന്ന ആയിരങ്ങളിലൊരാളായിത്തീരാമായിരുന്നിട്ടും, ജീവന്റെ തുടിപ്പത്രയും ഭാര്യയ്‌ക്കും മക്കള്‍ക്കും നല്‍കി, അവസാനം അവരാല്‍ തഴയപ്പെടുന്ന കുറെ ഭര്‍ത്താക്കന്മാരും പിതാക്കന്മാരും ചില വീടുകളിലെ വരാന്തകളില്‍ കുട്ടേട്ടനെപ്പോലെ `ജീവന്റെ നീതിക്കിരക്കന്നുണ്ട്‌.' അവരുടെ വേദനിക്കുന്ന ഓര്‍മയ്‌ക്കു മുന്നില്‍ ഞാനീ അനുഭവം സമര്‍പ്പിക്കുന്നു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22