അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Saturday 26 May 2012

പന്തക്കുസ്താത്തിരുനാള്‍



യോഹ 16:5-15


എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്റെ അടുക്കലേക്കു പോവുകയാണ്.എന്നിട്ടും നീ എവിടെപ്പോകുന്നുവെന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല,ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയം ദു:ഖപൂരിതമായിരിക്കുന്നു.എങ്കിലും സത്യം ഞാന്‍ നിങ്ങളോടു പറയുന്നു നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത് ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല.ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയക്കും.അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും.അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും ഞാന്‍ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേല്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും,ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.ഇനിയും വളരെക്കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്,എന്നാല്‍ അവ ഉള്‍ക്കൊല്ലന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിവില്ല.സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്ക് നയിക്കും,അവന്‍ സ്വമേധയാ ആയിരിക്കില്ല സംസാരിക്കുന്നത് അവന്‍ കേള്‍ക്കുന്നതുമാത്രം സംസാരിക്കും.വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും.അവന്‍ എനിക്കുള്ളവയില്‍നിന്ന് സ്വീകരിച്ചു നിങ്ങളോടു പ്രഖ്യാപിക്കും.അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും,പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്.അതുകൊണ്ടാണ് എനിക്കുള്ളവയില്‍നിന്ന് സ്വീകരിച്ചു അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്.





രക്ഷാചരിത്രവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ഒരു തിരുനാളാണ് പന്തക്കുസ്ത. ഇസ്രായേല്‍ജനം വിളവെടുപ്പിനോടു ബന്ധപ്പെടുത്തി 'പന്തക്കുസ്താ' ത്തിരുനാള്‍ ആഘോഷിച്ചിരുന്നതായി നാം പഴയ നിയമത്തില്‍ വായിക്കുന്നുണ്ട്. 'പന്തക്കുസ്ത' എന്ന പദത്തിന്റെ അര്‍ത്ഥം അമ്പത് എന്നാണ്- അമ്പതാം ദിവസത്തെ തിരുനാള്‍. വിളവെടുപ്പിനോടനുബന്ധിച്ചുള്ള ആദ്യഫലസമര്‍പ്പണത്തിന്റെ തിരുനാളായിരുന്നു അത്. പിന്നീടാണ് ഇസ്രായേല്‍ ജനം ദൈവത്തിന്റെ ഉടമ്പടിപ്രകാരമുള്ള ദൈവജനമായിത്തീര്‍ന്നതിന്റെ ഓര്‍മ്മയാചരണമായി ഈ തിരുനാള്‍ രൂപാന്തരപ്പെട്ടത്.



പുതിയ നിയമത്തില്‍ ഈ തിരുനാളിനു 'പുതിയ' അര്‍ത്ഥം നല്കപ്പെട്ടു. ഉയിര്‍പ്പിനുശേഷം അമ്പതാം ദിവസമാണല്ലോ പരിശുദ്ധാത്മാവ് ശ്ളീഹന്‍മാരുടെമേല്‍ എഴുന്നള്ളിയത്. അന്നാണ് സഭ ഔദ്യാഗികമായി 'ഉദ്ഘാടനം' ചെയ്യപ്പെട്ടത്. പുതിയ ദൈവജനത്തിന്റെ ജന്മദിനമാണത്. അന്നു പിതാവായ ദൈവം, ദൈവസ്നേഹം വ്യക്തിത്വം ധരിച്ച പരിശുദ്ധാത്മാവില്‍ പുതിയ ഉടമ്പടിക്കു മുദ്രവച്ചു. ഈ ഉടമ്പടി കല്പലകകളിലല്ല, മനുഷ്യഹൃദയങ്ങളിലാണ് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. പന്തക്കുസ്തായ്ക്കുശേഷമാണ് പരിശുദ്ധാത്മാവിനാല്‍ പൂരിതരായ ശ്ളീഹന്‍മാര്‍ പുതിയ ഉടമ്പടിയുടെ സന്ദേശവുമായി ലോകമെങ്ങും പോവുകയും സഭാസമൂഹങ്ങള്‍ക്ക് അടിസ്ഥാനമിടുകയും ചെയ്തത്. 'ശ്ളീഹാ' എന്ന പദത്തിന്റെ അര്‍ത്ഥംതന്നെ "അയയ്ക്കപ്പെട്ടവന്‍'' എന്നാണ്. മാമ്മോദീസായും തൈലാഭിഷേകവും സ്വീകരിച്ച എല്ലാവരും "അയയ്ക്കപ്പെട്ടവര്‍'' ആണെന്ന വസ്തുത ഈ കാലം നമ്മെ അനുസ്മരിപ്പിക്കുന്നു.




പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍, ശ്ളീഹന്‍മാരും ദൈവജനവുമാകുന്ന സഭയും തമ്മിലുള്ള സുദൃഢമായ ബന്ധം, ആദിമസഭയുടെ ചൈതന്യവും കൂട്ടായ്മയും, സഭയുടെ പ്രേഷിതസ്വഭാവവും ദൌത്യവും എന്നിവയാണ് ഈ കാലത്തിലെ പ്രധാന ചിന്തകള്‍. തങ്ങളുടെ ഗുരുവിന്റെ സന്ദേശവുമായി ലോകം മുഴുവനും ചുറ്റിസഞ്ചരിച്ച്, പുതിയ സഭാസമൂഹങ്ങള്‍ക്കു രൂപംകൊടുത്ത ശ്ളീഹന്മാരുടെ കൂട്ടായ്മയിലും ഐക്യത്തിലും നമുക്കും പങ്കുചേരാം. നമ്മള്‍ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണെന്ന സത്യം മുറുകെപിടിച്ചുകൊണ്ട്, അവിടുത്തെ നിരന്തരസഹായത്താല്‍, നമുക്കും ശ്ളീഹന്‍മാരെപ്പോലെ മിശിഹായെ പ്രഘോഷിക്കാം.
......................................................

പരിശുദ്ധാത്മാവ് ഏകദൈവമായപരിശുദ്ധ ത്രിത്വത്തിലെ ഒരു ആളത്വമാണ്‌; അതായത് പുത്രനായ ദൈവത്തോടും സംസർഗം പുലർത്തിക്കൊണ്ട് ദൈവത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്‌ പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവിന് മനസ്സും, ഇച്ഛാശക്തിയും,വികാരങ്ങളും ഉള്ള ഒരു പൂർണ വ്യക്തിയായി ആണ്‌ കരുതുനത്. പരിശുദ്ധാത്മാവ് , പിതാവിനോടും പുത്രനോടും എല്ലാറ്റിലും സമത്വമുള്ള ദൈവമാകുന്നു.പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും വത്യസ്തമായി, പിതാവിൽ നിന്നും പുത്രനിൽ നിന്നും ആണ് പുറപെടുനത്.ക്രിസ്തുമത വിശ്വാസ പ്രകാരം പരിശുദ്ധാത്മാവ്‌ വിശ്വാസികൾക്ക്‌ സകലവും ഉപദേശിച്ചു കൊടുക്കുകയും,സത്യത്തിൽ നടത്തുകയും,യേശു പറഞ്ഞതു ഒക്കെയും ഔർമ്മപ്പെടുത്തുകയും ചെയ്യും.

പരിശുദ്ധാത്മാവുമായുള്ള ആഴമായ ബന്ധം സ്ഥാപിക്കുവാന്‍ ഏത്‌ വ്യക്തിക്ക്‌ സാധിക്കുന്നുവോ അയാളാണ്‌ ആത്മീയയാത്രയില്‍ വിജയം നേടുന്നത്‌. ഇതിന്‌ ദൈവാത്മാവിനെക്കുറിച്ചുള്ള ശരിയായ കാഴ്‌ചപ്പാട്‌ അത്യാവശ്യമാണ്‌. പലരും പരിശുദ്ധാത്മാവിനെ ഒരു ശക്തിയായിട്ടാണ്‌ കാണുന്നത്‌. കാരണം, പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുവാന്‍ ജലം, കാറ്റ്‌, അഗ്നി, പ്രാവ്‌ തുടങ്ങിയ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു. ഒരു ശക്തിയുമായി വ്യക്തിബന്ധം സ്ഥാപിക്കുവാന്‍ ഒരാള്‍ക്കും സാ ധിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവ്‌ വ്യക്തിയാണ്‌. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പറയുമ്പോള്‍ യേശു ഉപയോഗിക്കുന്ന വാക്ക്‌ `അത്‌' എന്നല്ല. പ്രത്യുത `അവന്‍' എന്നാണ്‌. അതിനാല്‍ ദൈവാത്മാവ്‌ യേശുവിനെപ്പോലെതന്നെ എന്റെകൂടെ നടക്കുന്ന വ്യക്തിയാണ്‌ എന്ന ബോധ്യം നാം ആദ്യം മനസില്‍ ഉറപ്പിക്കണം.
സുഹൃത്തിനോടെന്നതുപോലെ പരിശുദ്ധാത്മാവിനോട്‌ സംസാരിക്കുവാന്‍ പരിശീലിക്കണം. പ്രയാസകരമായ സാഹചര്യത്തില്‍പ്പെടുമ്പോള്‍ `പരിശുദ്ധാത്മാവേ എന്നെ സഹായിക്കണമേ' എന്ന്‌ പറയണം. നിശ്ചയമായും പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കും.

പരിശുദ്ധാത്മാവ്‌ സര്‍വവ്യാപി ആണെന്ന്‌ സങ്കീ.139:7-8 വാക്യങ്ങളില്‍ നിന്ന്‌ നമുക്കു മനസ്സിലാക്കാം. "നിന്റെ ആത്മാവിനെ ഒളിച്ച്‌ ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ട്‌ ഞാന്‍ എവിടേക്കു ഓടും? ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട്‌; പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ട്‌". 1കൊരി. 2:10-11 ല്‍ നിന്ന്‌ പരിശുദ്ധാത്മാവ്‌ സര്‍വജ്ഞാനിയാണ്‌ എന്ന്‌ മനസ്സിലാക്കവുന്നതാണ്‌. "ആത്മാവ്‌ സകലത്തേയും ദൈവത്തിന്റെ ആഴങ്ങളേയും ആരായുന്നു. മനുഷനിലുള്ളത്‌ അവനിലെ മനുഷാത്മാവല്ലാതെ മനുഷരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നെ ദൈവത്തിലുള്ളത്‌ ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല".

ദൈവത്തിന്റെ പരിശുദ്ധാത്മാവിന്‌ മനസ്സും, വികാരങ്ങളും, ഇച്ഛാശക്തിയും ഉള്ളതിനാല്‍ പരിശുദ്ധാത്മാവ്‌ ഒരു വ്യക്തിയാണ്‌ എന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. പരിശുദ്ധാത്മാവ്‌ ചിന്തിക്കുകയും അറിയുകയും ചെയ്യുന്നു (1കൊരി.2:10). പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുവാന്‍ സാധിക്കും (എഫേ.4:30). പരിശുദ്ധാത്മാവ്‌ നമുക്കായി പക്ഷവാദം ചെയ്യുന്നു (റോമ.8:26-27). പരിശുദ്ധാത്മാവ്‌ തന്റെ ഇഷ്ടാനുസരണം തീരുമാനങ്ങള്‍ എടുക്കുന്നു (1കൊരി.12:7-11). ത്രിത്വത്തിലെ മൂന്നാമനായ വ്യക്തിയാണ്‌ പരിശുദ്ധാത്മാവ്‌. പരിശുദ്ധാത്മാവ്‌ ദൈവം ആയതുകൊണ്ട്‌ യേശുകര്‍ത്താവു പറഞ്ഞതുപോലെ മറ്റൊരു കാര്യസ്ഥനായി പ്രവര്‍ത്തിക്കുവാന്‍ പരിശുദ്ധാത്മാവിനു സാധിക്കും (യോഹ.14:16,26; 15:26).

ശാരീരിക, മാനസിക വേദനകളുടെ ആധിക്യത്താല്‍ ആശ്വാസമില്ലാതെ കരയുന്ന നാളുകള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ട്‌. എന്റെ വേദന മാറ്റുവാന്‍ ഒരു വഴിയും കാണുന്നില്ല. ആര്‍ക്കും അതിന്‌ സാധിക്കുന്നുമില്ല. ഇവിടെ ചെയ്യേണ്ട ഒരു കാര്യമുണ്ട്‌. അത്‌ ശാന്തമായിരിക്കുക എന്നതാണ്‌. ഇവിടെ ദൈവത്തോട്‌ ഗുസ്‌തി പിടിച്ചിട്ട്‌ കാര്യവുമില്ല. പരാതിയും പിറുപിറുപ്പും ഉപേക്ഷിക്കുക. അവിടുന്ന്‌ ഇപ്പോഴും പ്രവര്‍ത്തനനിരതനാണെന്ന്‌ ഓര്‍ക്കുക. അവിടുത്തേക്ക്‌ രൂപപ്പെടുത്തുവാന്‍ പറ്റുന്ന രീതിയില്‍ വഴങ്ങിക്കൊടുക്കുക. തന്നെ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ദൈവം എല്ലാം നന്മയ്‌ക്കായി രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന ബോധ്യം വന്നുനിറയുന്ന അവസ്ഥയാണ്‌ ശാന്തത. ഈ ബോധ്യവും ശാന്തതയും സ്വന്തം കഴിവിനാല്‍ നേടിയെടുക്കുവാന്‍ സാധിക്കുകയില്ല. കാരണം, കാര്യങ്ങള്‍ നാം പ്രതീക്ഷിച്ച വഴിക്ക്‌ പോകാതിരിക്കുമ്പോള്‍ വേവലാതിപ്പെടുക എന്നത്‌ മനുഷ്യസഹജമാണ്‌. ഇവിടെയും ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കും. `ദൈവാത്മാവേ, അങ്ങയുടെ ചിന്തകള്‍ എനിക്ക്‌ തരണമേ' എന്നുമാത്രം പ്രാര്‍ത്ഥിക്കുക. അവിടുന്ന്‌ നമ്മെ ഏറ്റെടുക്കും. നമ്മുടെ മനസ്‌ ശാന്തമായി, ദൈവതിരുമനസിന്‌ വിട്ടുകൊടുക്കുമ്പോള്‍ ദൈവം ജീവിതത്തില്‍ ഇടപെടുന്ന അനുഭവം നമുക്കുണ്ടാകും.

ഇപ്രകാരം ചെയ്യുന്ന ദൈവപൈതലിന്‌ മരുഭൂമിയാത്ര ഒരിക്കലും ദുഷ്‌കരമാവുകയില്ല. പകല്‍ മേഘസ്‌തംഭമായും രാത്രി അഗ്നിത്തൂണായും അവിടുന്ന്‌ കൂടെയുണ്ടാവും. നീ തളര്‍ന്നുവീഴാന്‍ അവിടുന്ന്‌ അനുവദിക്കുകയില്ല. അഥവാ തളര്‍ന്നു വീണാല്‍ ത്തന്നെ അവിടുത്തെ കൈകളിലേക്കാണ്‌ വീഴുക. അവിടുന്ന്‌ താങ്ങും. വീണ്ടും എഴുന്നേല്‌ക്കുവാനും നടക്കുവാനും ഓടുവാനുമുള്ള ശക്തി നല്‌കുകയും ചെയ്യും. തന്റെ പ്രവാചകനിലൂടെ അവിടുന്ന്‌ ഇത്‌ വെളിപ്പെടുത്തിയിരിക്കുന്നുത്‌ ഓര്‍ക്കുക (ഏശയ്യാ 40:29-31). വീണ്ടും സങ്കീര്‍ത്തകനിലൂടെ അവിടുന്ന്‌ ഇപ്രകാരം അരുള്‍ച്ചെയ്യുന്നു: ``അവിടുന്ന്‌ എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി; അവിടുന്ന്‌ എന്നെ ചാക്കുവസ്‌ത്രമഴിച്ച്‌ ആനന്ദമണിയിച്ചു'' (സങ്കീ.30:11). നമുക്ക്‌ പ്രാര്‍ത്ഥിക്കാം:

ഓ, പ്രിയ പരിശുദ്ധാത്മാവേ, അങ്ങ്‌ എന്റെ സ്‌നേഹിതനായി എന്റെ ജീവിതത്തിലേക്ക്‌ ഇപ്പോള്‍ത്തന്നെ കടന്നുവരണമേ. അങ്ങയോട്‌ സംസാരിക്കുവാന്‍ എന്നെ പഠിപ്പിച്ചാലും. അങ്ങയുടെ മൃദുവായ ശബ്‌ദം കേള്‍ക്കുവാന്‍ എന്നെ പരിശീലിപ്പിക്കണമേയെന്ന്‌ അങ്ങയോട്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സ്‌നേഹസാന്നിധ്യത്തിനായി ഞാന്‍ ദാഹിക്കുന്നു. ഞാന്‍ അങ്ങയെ ആരാധിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ ആരാധന. 






പരിശുദ്ധാരൂപിക്ക്‌ എതിരായ പാപങ്ങള്‍ ആറ്‌


സ്വര്‍ഗ്ഗം കിട്ടുകയില്ല എന്നുള്ള വിചാരം ( നിരാശ).

സത്പ്രവൃത്തി കൂടാതെ സ്വര്‍ഗ്ഗം പ്രാപിക്കണമെന്ന മിഥ്യാ ധാരണ.

ഒരു കാര്യം സത്യമാണെന്ന്‌ അറിഞ്ഞാലും അതിനെ നിഷേധിക്കുന്നത്‌.

അന്യരുടെ നന്‍മയിലുള്ള അസൂയ.

പാപം ചെയ്തതിനുശേഷം അനുതപിക്കാതെ പാപത്തില്‍ തന്നെ‍ ജീവിക്കുന്നത്‌.

അന്ത്യസമയത്തുപോലും അനുതപിക്കാതെ പാപത്തോടു കൂടെ മരിക്കുന്നത്‌.


പരിശുദ്ധാരൂപിയുടെ ഫലങ്ങള്‍ പന്ത്രണ്ട്‌


1 ഉപവി

2 ആനന്ദം

3 സമാധാനം

4 ക്ഷമ

5 സഹനശക്തി

6 നന്‍മ

7 കനിവ്‌

8 സൗമ്യത

9 വിശ്വാസം

10 അടക്കം

11 ആത്മസംയമനം

12 കന്യാവ്രതം


(ഗലാത്യര്‍ 5:22-23)

പരിശുദ്ധാരൂപിയുടെ ദാനങ്ങള്‍ ഏഴ്‌

പരിശുദ്ധാത്മാവ് വിശ്വാസികൾക്ക് പല "ദാനങ്ങൾ" നൽകും.ഇ ദാനങ്ങൾ ചില പ്രത്യേക കഴിവുകൾ ആ വ്യക്തിക്ക് പ്രധാനം ചെയും.പുതിയ നിയമത്തിൽ 3 അതിമാനുഷ കൃപാവരങ്ങളെ പറ്റി പറയുന്നുണ്ട് അവ ഭാഷാ വരം,പ്രവചന വരം, രോഗ ശാന്തി വരം എന്നിവ ആകുന്നു.


1 ജ്ഞാനം 2. ബുദ്ധി 3. ആലോചന 4. ആത്മശക്തി 5. അറിവ്‌ 6. ഭക്തി 7. ദൈവഭയം (1കൊറി.12:1-11)

പന്തക്കുസ്ത തിരുനാള്‍ നൊവേന

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22