അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Wednesday 25 July 2012

സങ്കീര്‍ത്തനങ്ങള്‍


37-ാം സങ്കീര്‍ത്തനം 

 37-ാം സങ്കീര്‍ത്തനത്തില്‍ അവരില്‍ ഞാന്‍ പ്രസാദിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. നമുക്കു തമ്മില്‍ത്തമ്മിലുള്ള സ്‌നേഹം വഴിയാണ് എല്ലാ മനുഷ്യരും നാം യേശുവിന്റെ ശിഷ്യന്മാരാണെന്ന് അറിയുന്നത്. 8-ാം വാക്യത്തില്‍ ''ഞാന്‍ യഹോവയെ എപ്പോഴും എന്റെ മുമ്പില്‍ വെച്ചിരിക്കുന്നു. അവന്‍ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാന്‍ കുലുങ്ങിപ്പോകയില്ല''. ഈ വാക്യമാണ് പത്രോസ് യേശുക്രിസ്തുവിനെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ എടുത്തുപറഞ്ഞത്(അ.പ്ര.2: 25). നാം എന്തു പറയുമ്പോഴും ചെയ്യുമ്പോഴും യേശുവിനെ ഒരു മാതൃകയാക്കി മുമ്പില്‍ വയ്ക്കണം. അപ്പോള്‍ അവിടുന്ന് നമ്മുടെ വലത്തുഭാഗത്തിരുന്ന് നമുക്കു വേണ്ടുന്ന സഹായമെല്ലാം ചെയ്യും. ദൈവത്തിന്റെ സന്നിധിയില്‍ സന്തോഷപരിപൂര്‍ണ്ണതയും അവിടുത്തെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്(സങ്കീ. 16:11)സന്തോഷവും പ്രമോദവും അതിന്റെ എല്ലാ ശുദ്ധിയോടും കൂടെ കാണുന്നതു ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമാണ്. അതു നിത്യമായിട്ടുള്ളതുമാണ്. ലോകപ്രകാരമുള്ള സന്തോഷവും പ്രമോദവും ആഴം കുറഞ്ഞതും അല്പായുസ്സുള്ളതുമാണ്.

23 -ാം സങ്കീര്‍ത്തനം 


23-ാം സങ്കീര്‍ത്തനം ഒരു ഇടയന്റെ സങ്കീര്‍ത്തനം ആണ്. യഹോവ നമ്മുടെ ഇടയനായിരിക്കുമ്പോള്‍ നമുക്കൊന്നിനും ഒരു കുറവുണ്ടാകയില്ല( 1-ാം വാക്യം). അവിടുന്നു നമ്മെ കിടത്തുന്നു, അവിടുന്നു നമ്മെ നടത്തുന്നു, അവിടുന്നു നമ്മെ ആശ്വസിപ്പിക്കുന്നു, അവിടുന്നു നമ്മെ നയിക്കുന്നു. പലപ്പോഴും നാം വിചാരിക്കുന്നതു ദൈവത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമല്ലോ എന്നാണ്. എന്നാല്‍ നമ്മില്‍ ഒരു പണി ചെയ്യുവാന്‍ ദൈവത്തെ അനുവദിക്കുമ്പോള്‍ മാത്രമേ നമ്മെ ദൈവത്തിനു ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയുകയുള്ളു. ദൈവം നമ്മുടെ കൂടെയുള്ളതുകൊണ്ട് ഒരനര്‍ത്ഥവും ഭയപ്പെടുകയില്ല. അവിടുന്നു നമുക്കൊരു മേശയൊരുക്കി നമ്മുടെ തലയെ എണ്ണകൊണ്ടഭിഷേകം ചെയ്യുന്നു. അപ്പോള്‍ നമ്മുടെ പാനപാത്രം നിറഞ്ഞുകവിയുകയും നാം നിത്യഭവനത്തിലെത്തുവോളം നന്മയും കരുണയും നമ്മെ പിന്തുടരുകയും ചെയ്യും.

66 -ാം സങ്കീര്‍ത്തനം 

തന്നെ ഒരു അനുഗ്രഹിക്കപ്പെട്ട അവസ്ഥയില്‍ എത്തിച്ച ദൈവത്തെ ദാവീദു സ്തുതിക്കുന്നതാണ് 66-ാം സങ്കീര്‍ത്തനം. ആ അനുഗ്രഹിക്കപ്പെട്ട അവസ്ഥയില്‍ എത്തിയത് പലവിധ ശോധനകളില്‍ കൂടെ ആയിരുന്നു. ആത്മീയസമൃദ്ധിയുടെ മദ്ധ്യത്തില്‍എത്തുന്നതിനു മുമ്പ് ദൈവം ദാവീദിനെ രോഗത്തിലൂടെയും തീയിലൂടെയും വെള്ളത്തിലൂടെയും മാനുഷികപീഡനങ്ങളിലൂടെയുമെല്ലാം കൊണ്ടുപോകുന്നതായി 10 മുതല്‍ 12 വരെയുള്ളവാക്യങ്ങളില്‍ നാം വായിക്കുന്നു. സമൃദ്ധിയിലേക്ക് എന്ന് ഇവിടെ കാണുന്നതിനു സമാനമായ ഒരു വാക്കാണ് 23-ാം സങ്കീര്‍ത്തനത്തിന്റെ 5-ാം വാക്യത്തില്‍ നാം കാണുന്നത്. അവിടെ ''നിറഞ്ഞു കവിയുന്നു'' എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ശോധനയിലൂടെയുമാണ് അനുഗ്രഹം നമ്മില്‍ നിറഞ്ഞുകവിയുന്നത്.

91 -ാം സങ്കീര്‍ത്തനം 

'അത്യുന്നതന്റെ മറവില്‍ വസിക്കുന്നതിന്റെ അനുഗ്രഹത്തെ പ്രഘോഷിക്കുന്നതാണ് 91-ാം സങ്കീര്‍ത്തനം. നമ്മുടെ മറവിടം യേശുവിന്റെ മുറിവേറ്റ മാര്‍വിടമാണ്. അത്യുന്നതന്റെ മറവില്‍ വസിക്കയെന്നാല്‍ ദൈവം മുമ്പേ പോകുകയും നാം അവിടുത്തെ നിഴലിന്‍കീഴില്‍ നടക്കുകയും ചെയ്യുന്നു എന്നാണ്. എല്ലാം തികഞ്ഞ ദൈവഹിതത്തിന്റെ മദ്ധ്യത്തിലാണ് ഈ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥാനം. സാത്താന്‍(വേട്ടക്കാരന്‍), പാപം(മഹാമാരി) എന്നിങ്ങനെ രണ്ടു ശത്രുക്കളില്‍നിന്നും നമ്മെ രക്ഷിക്കുമെന്നാണ് ദൈവത്തിന്റെ വാഗ്ദാനം(3-ാം വാക്യം). പ്രകടമായ പാപത്തില്‍നിന്നും(പകലുള്ള അപകടം) മറഞ്ഞുകിടക്കുന്ന പാപങ്ങളില്‍നിന്നും (രാത്രിയിലെ അപകടം) അവിടുന്നു നമ്മെ രക്ഷിക്കും (5,6 വാക്യങ്ങള്‍.) നമുക്കു ചുറ്റുമുള്ള 11000 ക്രിസ്ത്യാനികളും ജയകരമായ ഒരു ജീവിതത്തെക്കുറിച്ചു വിശ്വസിക്കുന്നില്ലെങ്കിലും അവിടുന്നു നമ്മെ പാപത്തില്‍ വീഴാതെ കാത്തുകൊള്ളും(7-ാം വാക്യം). പലവിധ കഷ്ടതകളെ നമുക്കു നേരിടേണ്ടിവന്നാലും ഒരനര്‍ത്ഥവും നമുക്കു ഭവിക്കുകയില്ല.(വാക്യം 10). നാം അവിടുത്തെ ഹിതത്തിന്‍കീഴില്‍ ആയിരിക്കുന്നിടത്തോളം അവിടുന്നു നമ്മെ കാക്കേണ്ടതിനു തന്റെ ദൂതന്മാരോടു കല്‍പിക്കും. സാത്താന്‍(സിംഹവും അണലിയും) എപ്പോഴും നമ്മുടെ കാല്‍ക്കീഴില്‍ തകര്‍ക്കപ്പെട്ടവനായിരിക്കും.(വാക്യം 13) ദൈവം നമ്മുടെ പ്രാര്‍ത്ഥന കേട്ട് നമ്മെ ഉന്നതങ്ങളില്‍ ആക്കും. നമ്മുടെ ആയുസ്സിനെ ദീര്‍ഘിപ്പിച്ച് നമ്മെ ഏല്‍പിച്ച വേല പൂര്‍ത്തിയാകുവോളം നമ്മെ ജീവിപ്പിക്കും.

112 -ാം സങ്കീര്‍ത്തനം 

യഹോവയെ ഭയപ്പെടുന്നവന്റെ അഭിവൃദ്ധിയെക്കുറിച്ചു വിശദീകരിക്കുന്നതാണ് 112-ാം സങ്കീര്‍ത്തനം. അങ്ങനെയുള്ള ഒരു മനുഷ്യന്റെ സന്തതി അനുഗ്രഹിക്കപ്പെടുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യും. അവന്‍ ഇരുട്ടില്‍ ആയിരുന്നാല്‍ ദൈവത്തില്‍ നിന്നു വെളിച്ചം ലഭിക്കും. അവന്‍ കരുണയും നീതിയുമുള്ളവനായി ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നവനാകും. അവന്റെ ഹൃദയം യഹോവയില്‍ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് ദുര്‍വര്‍ത്തമാനം കേട്ട് അവന്‍ ഭയപ്പെടുകയില്ല. യഹോവ അവനെ മാനിക്കുന്നതുകണ്ട് ദുഷ്ടന്മാര്‍ക്ക് അസൂയ തോന്നും. യഹോവയില്‍നിന്നും അവനു ലഭിക്കുന്ന നിരന്തരമായ സംരക്ഷണം കാണുന്നവര്‍ അതു ശ്രദ്ധിക്കും. നമ്മുടെ ജീവിതത്തിലും അങ്ങനെയായിരുന്നു. നമ്മെ ദൈവം അനുഗ്രഹിക്കുന്നതു നമുക്കു ചുറ്റുമുള്ളവരെ സ്വാധീനിക്കണം.

139 -ാം സങ്കീര്‍ത്തനം 

ദൈവത്തിന്റെ സര്‍വ്വവ്യാപിത്വവും സര്‍വ്വജ്ഞാനവും വിശദീകരിക്കുന്നതാണ് 139-ാം സങ്കീര്‍ത്തനം. നാം എവിടെ പോയാലും ദൈവസാന്നിധ്യം കൂടെയുണ്ട്.(7മുതല്‍ 12 വരെയുള്ള വാക്യങ്ങള്‍). അതാണ് നമ്മുടെ ജീവിതത്തെ സുരക്ഷിതമാക്കുന്നത്. ദൈവത്തിന്റെ സര്‍വ്വജ്ഞാനം നാം ജനിച്ചനാള്‍ മുതലുള്ള ഓരോ ദിവസവും കൃത്യമായി ആസൂത്രണം ചെയ്ത് പുസ്തകത്തില്‍ എഴുതിയിരിക്കുന്നു(വാക്യം 16). ദൈവം ആസൂത്രണം ചെയ്തുവച്ചിരിക്കുന്നത് ഓരോ പേജുവീതം ഓരോ ദിവസവും കാണിച്ചുകൊണ്ടിരിക്കും. നാം അതനുസരിച്ച് ഓരോദിവസവും ജീവിച്ചാല്‍ ജീവിതാവസാനം ഒന്നിനെക്കുറിച്ചും ദുഃഖിക്കേണ്ടിവരികയില്ല. തീര്‍ച്ച.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22