അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday, 8 May 2012

ഒളിഞ്ഞിരിക്കുന്ന നിധി

തന്റെ ശിഷ്യന്‍മാരുടെ മനോഭാവമെന്തായിരിക്കണമെന്ന്‌ പഠിപ്പിക്കാന്‍ ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയതിനുശേഷം (യോഹ 13) കര്‍ത്താവ്‌ ശിഷ്യരോട്‌ പറഞ്ഞ വചനങ്ങളാണ്‌ ഇന്നത്തെ സുവിശേഷഭാഗം. അവന്‍ പറഞ്ഞു `എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്‌ട്‌.... ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം` (യോഹ: 14:1-4) കര്‍ത്താവ്‌ പിതാവിന്റെ ഒരു കൊട്ടാരത്തിന്റെ കാര്യം പറഞ്ഞു. എന്നാല്‍ അതെവിടെയാണെന്നോ എങ്ങനെയാണ്‌ അവിടെ എത്തുന്നതെന്നോ പറഞ്ഞില്ല. അതുകൊണ്‌ട്‌ തോമസ്‌ അവനോട്‌ `കര്‍ത്താവേ നീ എവിടേക്ക്‌ പോകുന്നുവെന്ന്‌ ഞങ്ങള്‍ക്കറിഞ്ഞുകൂടാ പിന്നെ വഴി ഞങ്ങളെങ്ങനെ അറിയും` എന്ന്‌ ചോദിക്കുന്നു (14:5). കര്‍ത്താവ്‌ പറയുന്നു 'വഴിയും സത്യവും ജീവനും എല്ലാം ഞാന്‍ തന്നെയാണ്‌.' ഇത്‌ തോമസിന്റെ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമല്ല. പിതാവിന്റെ കൊട്ടാരത്തിലേക്കുള്ള വഴി അവര്‍ക്കിപ്പോഴും വ്യക്തമല്ല. എന്നാല്‍ പിതാവിനെ നിങ്ങക്കറിയാമെന്ന്‌ കര്‍ത്താവ്‌ ആവര്‍ത്തിച്ച്‌ പറയുന്നുണ്‌ട്‌ (യോഹ: 14:6-7). തങ്ങളുടെ അവ്യക്തത തീര്‍ത്തു തരാനാണ്‌ അപ്പോള്‍ പീലിപ്പോസ്‌ ആവശ്യപ്പെടുന്നത്‌. `കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്ക്‌ കാണിച്ചു തരിക...` 'ദൈവത്തെ ഞങ്ങള്‍ക്ക്‌ കാണിച്ച്‌ തരിക.' കര്‍ത്താവിന്റെ ഉത്തരം ശിഷ്യരെ അത്ഭുതപ്പെടുത്തി, `എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു` (14:9); അതായത്‌ എന്നെ കാണുന്നവന്‍ ദൈവത്തെ കാണുന്നു. കര്‍ത്താവിനെ അവര്‍ക്കറിയാമായിരുന്നു. അവന്‍ അവരിലൊരുവനായിരുന്നു. അവന്‍ തന്റെ സുഹൃത്തായ ലാസറിന്റെ മരണത്തില്‍ കരഞ്ഞ്‌ വിലപിക്കുന്നത്‌ അവര്‍ കണ്‌ടതാണ്‌. അവന്‍ തങ്ങളോടൊപ്പം ഉറങ്ങിയവനാണ്‌, ജോലി ചെയ്‌തവനാണ്‌, അന്ന്‌ പ്രഭാതഭക്ഷണം കഴിച്ചവനാണ്‌, അവന്റെ ശരീരത്തില്‍ കൊണ്‌ട മുള്ളുകള്‍ മറ്റേതൊരുവനേയുംപോലെ അവനെയും വേദനിപ്പിച്ചിട്ടുണ്‌ട്‌. അവന്‍ തങ്ങളെ പഠിപ്പിക്കുകയും ശകാരിക്കുകയും ചെയ്‌തിട്ടുണ്‌ട്‌, പത്രോസിനെ സാത്താനേ എന്ന്‌ വിളിച്ചിട്ടുണ്‌ട്‌. ഇത്‌ പ്രപഞ്ചസൃഷ്ടാവായ ദൈവമോ? അങ്ങനെയാകാന്‍ സാധ്യതയില്ല. ഇതായിരുന്നു യഹൂദരരെ സംബന്ധിച്ചിടത്തോളം ക്രിസ്‌തുവില്‍ വിശ്വസിക്കാന്‍ തടസ്സമായി നിന്ന ഏറ്റവും പ്രധാന കാര്യം. വാസ്‌തവത്തില്‍ മുന്‍പ്‌ തോമസ്‌ ചോദിച്ച ചോദ്യത്തിന്റെ കാതല്‍ ഇതുതന്നെയാണ്‌.


മാംസമായ വചനത്തില്‍ ദൈവത്തെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ഈ ശിഷ്യര്‍ ഏതു കാലഘട്ടത്തിലേയും അവിശ്വാസികളായ ശിഷ്യരുടെ പ്രതിനിധികള്‍ മാത്രം. ദൈവത്തെ അവനായിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കാന്‍ പലര്‍ക്കും കഴിയാറില്ലെന്നുള്ളതാണ്‌ വസ്‌തുത.
ഞാനൊരിക്കല്‍ അടുത്തുള്ള പള്ളിയില്‍ ഒരു തിരുന്നാളിന്‌ പോയപ്പോള്‍ തിരുന്നാള്‍ക്കച്ചവടങ്ങളിലൊന്ന്‌ പാവകളുടേതായിരുന്നു. പലവിധത്തിലുള്ള മനോഹരമായ പാവകള്‍. അതിലൊരെണ്ണം കര്‍ത്താവിന്റെ രൂപമായിരുന്നു. എന്നാല്‍ ഈ രൂപത്തിന്‌ ഒരു പ്രത്യേകതയുണ്‌ടായിരുന്നു. അത്‌ നാം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌‌ (ശബ്ദം കേള്‍പ്പിച്ചാല്‍) ഒന്നുകില്‍ 'ശരി' എന്നോ അല്ലെങ്കില്‍ 'വേണ്ട' എന്നോ മറുപടു പറയുമായിരുന്നു. 250/- രൂപ വില പറഞ്ഞു. അത്രയും തുക കൂടുതലായതിനാല്‍ ഞാന്‍ വാങ്ങിയില്ല. എന്നാല്‍ പിന്നീടത്‌ വാങ്ങാതിരുന്നതിനെക്കുറിച്ച്‌ ഞാന്‍ മനസ്‌തപിച്ചു. അത്‌ എന്റെ മേശപ്പുറത്തുണ്‌ടായിരുന്നെങ്കില്‍ എനിക്ക്‌ യേശുവിനോട്‌ ചോദ്യങ്ങള്‍ ചോദിക്കുകയും വ്യക്തമായ മറുപടി ലഭിക്കുകയും ചെയ്യുമായിരുന്നെന്ന്‌ ഞാന്‍ ചിന്തിച്ചുപോയി.

പലപ്പോഴും നമ്മുടെ ചിന്താഗതികള്‍ ഇത്തരത്തിലുള്ളതാണ്‌. നമുക്കാവശ്യമുള്ളപ്പോള്‍ ദൈവം നമുക്ക്‌ സ്വീകാര്യമായ വിധത്തില്‍ സംസാരിക്കുന്നവനും പെരുമാറുന്നവനുമാണെന്നാണ്‌ നമ്മുടെ വിശ്വാസം. ദൈവം യഥാര്‍ത്ഥത്തില്‍ ആരാണെന്നോ, അവന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്തന്നോ നാം അധികം ചിന്തിക്കാറില്ല. നമുക്കാവശ്യം നമ്മുടെ ചിന്താഗതികള്‍ക്കനുസൃതമായ ഒരു ദൈവത്തെയാണ്‌. ശിഷ്യന്‍മാരായ തോമസിനും ഫിലിപ്പിനും കര്‍ത്താവില്‍ സൃഷ്ടാവിനെ തിരിച്ചറിയാന്‍ കഴിയാതിരുന്നതും ഇതുകൊണ്‌ടുതന്നെയാണ്‌. 


പഴയനിയമ ജനതയുടെ സീനായ്‌ അനുഭവം മനുഷ്യന്റെ ഈ ബലഹീനതയിലേക്ക്‌ തന്നെയാണ്‌ വിരല്‍ ചൂണ്‌ടുന്നത്‌. ദൈവത്തിന്റെ ജനമായി തീരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്റെ പ്രമാണം സ്വീകരിച്ച്‌ പാലിക്കണമെന്ന്‌ ദൈവം ഇസ്രായേല്‍ ജനത്തോട്‌ പറഞ്ഞു. അതനുസരിച്ച്‌ പ്രമാണം വാങ്ങാന്‍ മോശ മലയിലേക്ക്‌ കയറുകയും 40 ദിവസം അവിടെ ഉപവാസത്തില്‍ ചിലവഴിക്കുകയും ചെയ്‌തു. ജനം അസ്വസ്ഥമായി. അവര്‍ക്ക്‌ കാര്യങ്ങള്‍ വ്യക്തമല്ല. രൂപരഹിതനായ ദൈവത്തില്‍ അവര്‍ അസ്വസ്ഥരായിത്തീര്‍ന്നു. അവര്‍ക്ക്‌ കാണാനും കേള്‍ക്കാനും സ്‌പര്‍ശിക്കാനും കഴിയുന്ന, അവരുടെ ഇന്നുവരെയുള്ള പാരമ്പര്യത്തിന്‌ നിരക്കുന്ന ഒരു ദൈവത്തെ വേണമെന്ന്‌ അവര്‍ അഹറോനോട്‌ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ അവരുടെ സമ്പത്ത്‌ ഉപയോഗിച്ചു തന്നെ അഹറോന്‍ അവര്‍ക്ക്‌ കാളകുട്ടിയെ ഉണ്‌ടാക്കി കൊടുത്തു. അഗ്രാഹ്യനായ ഒരു ദൈവത്തിനേക്കാളധികം ജനം (വേണമെന്ന്‌) ആഗ്രഹിക്കുന്നത്‌ തങ്ങളുടെ ഇച്ഛക്കനുസരിച്ച്‌ എവിടെയും പ്രതിഷ്‌ഠിക്കാവുന്ന ഒരു ദൈവത്തെയാണ്‌. 

ക്രിസ്‌തുവില്‍ ദൈവം തന്നെത്തന്നെ പൂര്‍ണ്ണമായി വെളിപ്പെടുത്തിയിരിക്കുന്നു. ക്രിസ്‌തു ജീവിക്കുന്ന ദൈവമാണ്‌. അവനുമാത്രമേ ദൈവമാരെന്നറിയൂ (യോഹ 1:18). ആ പുത്രനിലൂടെയാണ്‌ പിതാവ്‌ ലോകത്തവതരിച്ചത്‌. കര്‍ത്താവിന്റെ മരണോത്ഥാനങ്ങള്‍ക്ക്‌ ശേഷം പിതാവായ ദൈവം ഇന്ന്‌ ജീവിക്കുന്നത്‌ കര്‍ത്താവിന്റെ ശിഷ്യരിലൂടെയാണ്‌. വി.യോഹന്നാന്റെ സുവിശേഷമനുസരിച്ച്‌ കര്‍ത്താവ്‌ കുരിശില്‍വച്ച്‌ തന്റെ ആത്മാവിനെ പിതാവിന്‌ സമര്‍പ്പിക്കുകയും പിന്നീട്‌ ശിഷ്യര്‍ക്ക്‌ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവരുടെമേല്‍ ഊതിക്കൊണ്‌ട്‌ അവര്‍ക്ക്‌ ദൈവാത്മാവിനെ നല്‍കുകയും ചെയ്‌തു. അവിടുന്ന്‌ തന്റെ ജീവിതകാലത്ത്‌ ഇപ്രകാരം വാഗ്‌ദാനം ചെയ്‌തിരുന്നു: `എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്ത്‌ വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും` (യോഹ 14:23). അതുകൊണ്‌ടാണ്‌ എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്യും എന്ന്‌ കര്‍ത്താവരുള്‍ ചെയ്‌തത്‌. താന്‍ പിതാവിന്റെ അടുത്തേക്ക്‌ പോകുന്നതുകൊണ്‌ട്‌ തന്റേതിനേക്കാള്‍ വലിയ പ്രവര്‍ത്തികള്‍ ശിഷ്യര്‍ ചെയ്യുമെന്നാണ്‌ കര്‍ത്താവ്‌ പറയുന്നത്‌. കാരണം ക്രിസ്‌തു ശിഷ്യര്‍ പ്രവര്‍ത്തിക്കുന്നത്‌ കര്‍ത്താവിന്റെ രക്ഷാകരപ്രവൃത്തികള്‍ പൂര്‍ത്തിയാക്കപ്പെട്ട സാഹചര്യത്തിലാണ്‌. 


എന്താണ്‌ കര്‍ത്താവിന്റെ പുനരുത്ഥാനം? നാമതിന്‌ സാക്ഷികളായിരുന്നുവെന്ന്‌ കരുതുക. അവന്‍ കുരിശില്‍ തറയ്‌ക്കപ്പെട്ടു. മരിച്ചു. ക്രമപ്രകാരം കല്ലറയില്‍ സംസ്‌കരിക്കപ്പെട്ടു. ആ കല്ലറയില്‍ നിന്ന്‌ ഏതോ നിമിഷത്തില്‍ അവന്‍ നീരാവിപോലെ അപ്രത്യക്ഷനാവുകയായിരുന്നു. അവനു ജീവന്‍ വീണ്‌ടും നല്‍കപ്പെടുകയല്ല. അവന്‍ ഉയിര്‍ക്കുകയും രൂപാന്തരപ്പെടുകയുമാണ്‌ ചെയ്‌തത്‌. ഉത്ഥിതനായ ക്രിസ്‌തു ഇന്ന്‌ ജീവിക്കന്നത്‌ തന്റെ ശിഷ്യരിലൂടെയാണ്‌. ശിഷ്യത്വം എന്നത്‌ എന്നില്‍ ഉത്ഥിതന്‍ ജീവിക്കുന്നു എന്ന പ്രയോഗിക തിരിച്ചറിവാണ്‌. ക്രിസ്‌തുശിഷ്യനെ സംബന്ധിച്ചിടത്തോളം എല്ലാം ഈ ക്രിസ്‌തു തന്നെയാണ്‌. അവന്റെ ദേവാലയവും, അവന്റെ പാപപരിഹാരത്തിനുള്ള ബലിയും, അതര്‍പ്പിക്കുന്ന പുരോഹിതനും, അവനെ രക്ഷിക്കുന്ന രക്ഷകനും എല്ലാം ക്രിസ്‌തു മാത്രം. 


കര്‍ത്താവ്‌ ചെയ്‌തുകൊണ്‌ടിരുന്നത്‌ പിതാവിന്റെ പ്രവര്‍ത്തികളാണ്‌ (യോഹ 5:20, 36, 10:37-38, 14:10, 4:34, 17:4). തന്റെ ജീവിതത്തില്‍ ഉത്ഥിതന്റെ വാസം തിരിച്ചറിയുന്ന ശിഷ്യന്‍ അവന്റെ പ്രവര്‍ത്തികള്‍ ചെയ്‌തു തുടങ്ങും. അവന്‍ പിതാവിന്റെ പ്രവര്‍ത്തികള്‍ ചെയ്യുമെന്നര്‍ത്ഥം.
തന്നിലുള്ള ക്രിസ്‌തുവിനെ കണ്‌ടെത്തുകയും തിരിച്ചറിയുകയുമാണ്‌ ശിഷ്യന്റെ ഉത്തരവാദിത്വം. അതാണ്‌ അവന്റെ സമ്പത്ത്‌. പണ്‌ടൊരിക്കല്‍ ഒരു മനുഷ്യന്‍ ഒരു തടാകത്തിന്റെ കരയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന്‌ തിരകള്‍ ഒരു കുപ്പി കരക്കടുപ്പിച്ചത്‌ അവന്‍ കണ്‌ടു. അയാള്‍ അത്‌ തുറന്നു നോക്കിയപ്പോള്‍ അതില്‍ ഒരു ചെറിയ കടലാസില്‍ തടാകത്തിലെവിടെയോ ഒരു നിധി ഒളിപ്പിച്ചിട്ടുണ്‌ടെന്നും അതിലേക്കുള്ള വഴിയുടെ മാപ്പും രേഖപ്പെടുത്തിയിരിക്കുന്നു. ഇതൊരു നുണയാണെന്ന ഭാവത്തില്‍ അയാള്‍ അത്‌ കുപ്പിയിലാക്കി തടാകത്തിലേക്ക്‌ വലിച്ചെറിഞ്ഞു. ആ വഴിയെ വന്ന മറ്റൊരുവന്‍ ഈ കുപ്പിയും അതിലെ രഹസ്യവും അറിഞ്ഞു. ഇത്‌ സത്യമാണെന്ന്‌ തോന്നി. അയാള്‍ ആ നിര്‍ദ്ദേശമനുസരിച്ച്‌ വെള്ളത്തിലേക്കിറങ്ങി. കുറേ മുമ്പോട്ടു പോയപ്പോള്‍ ദേഹവും വസ്‌ത്രവും നനഞ്ഞു തുടങ്ങി. അയാള്‍ കുപ്പി പഴയ പടി മുദ്ര വച്ച്‌ വെള്ളത്തിലുപേക്ഷിച്ച്‌ തിരിച്ചുപോയി. മൂന്നാമതൊരാള്‍ വീണ്‌ടും കരക്കടുത്ത കുപ്പിയും മാപ്പും കണ്‌ടെത്തി അത്‌ സത്യമാണെന്ന്‌ ഗ്രഹിച്ച്‌ അത്‌ സമ്പാദിക്കാന്‍ തീരുമാനിച്ചു. അയാള്‍ ഒരു ചെറിയ വള്ളം സംഘടിപ്പിച്ച്‌ മാപ്പിലുള്ള നിര്‍ദ്ദേശമനുസരിച്ച്‌ കടലിലേക്ക്‌ നീങ്ങി. നിധിയുടെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്ന X ചിഹ്നം കാണിക്കുന്നുവെന്നു കരുതുന്ന സ്ഥലത്തിന്‌ മുകളില്‍ എത്തി. താഴെ നിധിയുടെ പേടകം സൂര്യപ്രകാശത്തില്‍ തിളങ്ങുന്നുണ്‌ടായിരുന്നു. അയാള്‍ വെള്ളത്തിലേക്ക്‌ ചാടി നിധിയെ ലക്ഷ്യമാക്കി ഊളിയിട്ട്‌ നീന്തി. എന്നാല്‍ അതികഠിനമായ തണുപ്പും ജലത്തിന്റെ ആഴവും കണ്‌ട്‌ അയാള്‍ ഭയന്നു. ശ്വാസം നിലയ്‌ക്കുമെന്നായപ്പോള്‍ നിധിയുപേക്ഷിച്ച്‌ തിര്‌ിച്ച്‌ നീന്തി രക്ഷപ്പെട്ടു. നാലാമതൊരാള്‍ വന്നപ്പോള്‍ എല്ലാം ആവര്‍ത്തിക്കപ്പെട്ടു. അവിടെ കിടന്ന വഞ്ചി അയാള്‍ക്ക്‌ സഹായകമായി. അയാള്‍ നിധിയെ ലക്ഷ്യമാക്കി നീന്തി. പ്രയാസങ്ങള്‍ അതിജീവിച്ച്‌ വെള്ളത്തിനടിയില്‍ നിധി സൂക്ഷിച്ചിരുന്ന പെട്ടിയുടെ കൊളുത്തുകളില്‍ പിടിച്ചു. അതു വഞ്ചിയിലേക്കു കൊണ്‌ടു വന്നു. അന്നുമുതല്‍ അവന്റെ ജീവിതം മറ്റൊന്നായി.


നമ്മില്‍ ഒളിഞ്ഞിരിക്കുന്ന നിധിയാണ്‌ ദൈവരാജ്യം. അത്‌ ഉത്ഥിതന്റെ സാന്നിദ്ധ്യമാണ്‌. അതിനെ തിരിച്ചറിയാന്‍ അത്ര എളുപ്പമല്ല. എന്നാല്‍ കര്‍ത്താവാകുന്ന വഴിയിലൂടെ അതിലടയാളപ്പെടുത്തിയ 'X' ചിഹ്നത്തെ (കുരിശ്‌) പിന്‍തുടര്‍ന്നുകൊണ്‌ട്‌ നമുക്ക്‌ ഈ വലിയ നിധി കണ്‌ടെത്താനാകും. ആ നിധിക്കു മാത്രമേ നമ്മുടെ ജീവിതം ധന്യമാക്കാനാവുകയുള്ളൂ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22